Studies

ഫീ ദിലാലും സയ്യിദ് ഖുത്വുബും..

ഫീ ദിലാലിനെ കുറിച്ച് എതിരാളികൾ -മുഖ്യമായും സലഫികൾ- പ്രചരിപ്പിക്കുന്ന ആരോപണങ്ങളെ മൂന്നായി ചുരിക്കിപ്പറയാം… 1- മുഫസ്സിറിനു വേണ്ട യോഗ്യതകൾ സയ്യിദ് ഖുത്ബിന് പൂർണമായും ഇല്ല. 2- അഹ്’ലു സുന്നയുടെ മൻഹജി -രിതിശാസ്ത്രം-നോട് ഇണങ്ങുന്നതല്ല ഫീ ദിലാലിൽ ഉടനീളം ഖുത്ബ് സ്വീകരിക്കുന്ന നിലപാടുകൾ. 3- ഫീ ദിലാലിൽ ഖുർആൻ ഒരു വൈജ്ഞാനിക ഗ്രന്ഥമായിട്ടില്ല.

ഇവ ഓരോന്നും പരിശോധിക്കാം. ഒന്നാമത്തേത് ഒരു വൈജ്ഞാനിക അടിത്തറയുമില്ലാത്ത ആരോപണമാണ്. ശത്രുക്കളും തന്റെ ഇസ്‌ലാമിക ചിന്തയുടെയും പ്രസ്ഥാനത്തിന്റെയും പ്രതിയോഗികളുമാണ് അടിസ്ഥാന രഹിതമായ ഈ ആരോപണത്തിന്റെ പ്രചാരകർ. ഇസ്‌ലാമിന്റെ സാംസ്കാരിക പൈതൃകത്തിലെ മഹത്തായ ഈടുവെപ്പായി ഫീ ദിലാലിൽ ഖുർആൻ മാറിയതിലുള്ള അസൂയയാണ് ഇവരെ ഇത്രമാത്രം അസഹിഷ്ണുക്കളാക്കിയതെന്ന് പറയാതിരിക്കാനാവില്ല. ഈ രചന കാലങ്ങൾക്കു ശേഷവും തലമുറകളോളം ഇന്നും അതിന്റെ സ്വാധീനം ചെലുത്തുന്നു എന്നതും വൈജ്ഞാനികവും സാഹിത്യപരവുമായ വലിയ സ്ഥാനം പണ്ഡിതന്മാർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും നേടിയെടുത്തു കൊണ്ടിരിക്കുന്നു എന്ന ഒറ്റ കാര്യം ഈ ആരോപണത്തിന്റെ മുനയൊടിക്കാൻ ശേഷിയുള്ളതാണ്.

സയ്യിദ് ഖുത്ബിന്റെ ജീവിതം പഠിച്ചാൽ നമുക്ക് ഈ ആരോപണത്തിന്റെ പൊള്ളത്തരം മനസിലാക്കാം. തന്റെ പത്താമത്തെ വയസിൽ സയ്യിദ് ഖുർആൻ ഹൃദിസ്ഥമാക്കി. തന്റെ കുടുംബ പശ്ചാതലം ഖുത്വ് ബിനെ ഇതിന് ചെറുതല്ലാത്ത നിലയിൽ സഹായിച്ചു. കൂടാതെ കൈറോവിലെ ദാറുൽ ഉലൂം കോളേജിൽ നിന്നും ബിരുദം നേടുകയും ചെയ്തു. ദാറുൽ ഉലൂം അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ഇസ് ലാമിക വിജ്ഞാനിയങ്ങളുടെയും കേന്ദ്രമായിരുന്നു. പിന്നെ എങ്ങനെയാണ് സയ്യിദ് ഖുത്ബിന് തഫ്സീർ രചിക്കാനുള്ള അടിസ്ഥാന യോഗ്യതയില്ല എന്ന് പറയാനാകുക!?

സയ്യിദ് ഖുത്ബിന്റെ വൈജ്ഞാനിക വ്യക്തിത്വത്തെ സംബന്ധിച്ച് സൂക്ഷ്മമായി പഠിച്ചാൽ ഒരു ഖുർആൻ വ്യാഖ്യാതാവിനുണ്ടാകേണ്ട വൈജ്ഞാനികവും ഭാഷാപരവും സാംസ്കാരികവും ആയ എല്ലാ ഉപാധിയും സയ്യിദിൽ നമുക്ക് ദർശിക്കാൻ സാധിക്കും.. അവ നമുക്ക് ഇപ്രകാരം സംക്ഷേപിക്കാം…

സയ്യിദ് ഖുത്ബിന്റെ അറബി ഭാഷയിലെ ജ്ഞാനം സമഗ്രമായിരുന്നു. സാഹിത്യത്തിൽ സവിശേഷമായ ഒരു ശൈലി തന്നെ അദ്ദേഹത്തിനുണ്ട്. ഭാഷ സാഹിത്യത്തിന്റെ ആഴങ്ങൾ അദ്ദേഹം പഠിക്കുകയും ഗ്രഹിക്കുകയും ചെയ്തു. ഇതിന്റെ അടയാളങ്ങൾ അദ്ദേഹത്തിന്റെ രചനകളിലുടനീളം നമുക്ക് കണ്ടെത്താനാകും. സാഹിത്യത്തിലെ തന്റെ പ്രതിഭ അത്യസാധാരണമായിരുന്നു. ചിന്താശേഷി അത്ഭുതകരവും. സാഹിത്യത്തിന്റെ വ്യത്യസ്ഥങ്ങളായ ശാഖകളി രചന നിരവഹിക്കാൻ കഴിയുംവിധം പ്രതിഭ അദ്ദേഹം ആർജ്ജിച്ചിരുന്നു. കഥയും കവിതയും നിരൂപണവും എല്ലാം ആ വിരൽ തുമ്പുകൾ അനായാസം കീഴടക്കി. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ചിന്താപരമായ സംഭാവന നൽകുന്നിടത്തേക്കത് വികസിച്ചു. ആധുനിക ഇസ്‌ലാമിക നവോഥാന ചിന്തയുടെ മുന്നണി പോരാളിയായി സയ്യിദ് മാറുകയായിരുന്നു. വായനക്കാരെ ഇത് അത്ഭുതപരതന്ത്രരാക്കി.

പാശ്ചാത്യ ചിന്തകളെ ഗഹനമായി വായിച്ചു സയ്യിദ് ഖുത്ബ്. തന്റെ കാലം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്തിന് ബാധിച്ച രോഗത്തിനുള്ള ഔഷധം നിർണ്ണയിക്കാൻ അദ്ദേഹത്തെ ഇത് പര്യാപ്തനാക്കി. ഇസ്‌ലാമിന്റെ പരിശുദ്ധമായ വീക്ഷണത്തിലൂടെ ഈ പ്രശ്നളെ അദ്ദേഹം സമീപിച്ചു. ഖുർആന്റെയും സുന്നത്തിന്റെയും അടിത്തറയിൽ ഒരു ഇസ്‌ലാമിക ചിന്ത അദ്ദേഹം മുന്നോട്ട് വെച്ചു. ഇസ്‌ലാമിക ആദർശത്തേയും വ്യക്തിത്വത്തേയും അക്രമിക്കുന്ന കൾചറൽ വാറിനെതിരായി ചിന്താപരവും പ്രായോഗികവുമായ പ്രതിരോധം തീർക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആത്മാർത്ഥതയും സത്യസന്ധതയും അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാം. താൻ അഭിമുഖികരിച്ച പരീക്ഷണങ്ങൾ ഇവ രണ്ടിനെയും കൂടുതൽ ശ്രുഭ്രമാക്കി. അല്ലാഹു വിന്റെ രിദ മാത്രമായി അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത് ദുനിയാവിനോട് ഖുത്ബിൽ വിരക്തി സൃഷ്ടിച്ചു. ഒരു മുഫസ്സിറിന് വേണ്ട ഒന്നാമത്തെ യോഗ്യത സയ്യിദ് ഖുത്ബിൽ വേണ്ടുവോളം ഉണ്ട്. ഭരണകൂടത്തിന്റെ അരമനകളിൽ കൊട്ടാര പുരോഹിതന്മാരായിരുന്ന് രാജശാസനകൾക്കനുസരിച്ച് മതവിധികൾ പുറപ്പെടുവിക്കുന്നവർക്ക് മഹാനായ സയ്യിദ് ഖുത്ബിന്റെ യോഗ്യത അളക്കാൻ ഒരർഹതയും ഇല്ല. ഇനി നമുക്ക് രണ്ടും മൂന്നും ആരോപണങ്ങൾ പരിശോധിക്കാം…

മൻഹജു അഹ്‍ലി സുന്നയും ഫീ ദിലാലിൽ ഖുർആനും

ഫീ ദിലാലിൽ ഖുർആൻ അഹ്‍ലു സുന്നയുടെ മൻഹജ്പാലിക്കുന്നില്ല എന്നതാണ് രണ്ടാമത്തെ ആരോപണം. തഫ്സീറി-ഖുർആൻ വ്യാഖ്യാനം-ലെ അഹ്‍ലു സുന്നയുടെ മൻഹജ് ഏതാണ്? അഞ്ച് കാര്യങ്ങളായി ഇതിനെ നമുക്ക് മനസിലാക്കാം.

1. تفسير القرآن بالقرآن.
ഖുർആനെ ഖുർആൻ കൊണ്ട് വ്യാഖ്യാനിക്കൽ.

2. تفسير القرآن بالسنة النبوية الشريفة.
ഖുർആനെ സുന്നത്ത് കൊണ്ട് വ്യാഖ്യാനിക്കൽ.

3. تفسير القرآن بقول الصحابة.
ഖുർആനെ സഹാബാക്കളുടെ വാക്കുകൾ കൊണ്ട് വ്യാഖ്യാനിക്കൽ.

4. تفسير القرآن بقول التابعين.
താബിഉകളുടെ വാക്കുകൾ കൊണ്ടു വ്യാഖ്യാനിക്കൽ.

‌5. تفسير القرآن بمطلق اللغة.
ഭാഷാപരമായ സങ്കേതളിലൂടെ ഖുർആനെ വ്യാഖ്യാനം.

ഈ മൻഹജിൽ നിന്നും ഫീ ദിലാലിൽ ഖുർആൻ തെറ്റിയിരിക്കുന്നു എന്ന ആരോപണം ഉടലെടുത്തിരിക്കുന്നത് ദിലാലിനെ കുറിച്ച ഉപരിതല വായനയിൽ നിന്നും പഠനത്തിൽ നിന്നുമാണ്. ഫീ ദിലാലിന്റെ ഒരു ചെറിയ ഭാഗം പഠിച്ചതിലൂടെ ലഭിച്ച കാര്യങ്ങളെ മുഴുവൻ ഗ്രന്ഥത്തിലേക്കും സാമാന്യവൽക്കരിക്കുന്നതിലൂടെയും ഇത് സംഭവിച്ചിട്ടുണ്ട്.
വളരെ ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഫലവുമാണ് ഈ ആരോപണമെന്ന് പറയാതെ വയ്യ.

ഇവരെന്താണ് പറയുന്നത്? ഒരു തഫ്സീർ അഹ്’ലുസുന്നയുടെ മൻഹജിലുള്ള തഫ്സീറാകാൻ പൂർവ്വകാലത്ത് എഴുതിയത് അക്ഷരത്തിനക്ഷരമെന്ന കണക്കെ പകർത്തി വെച്ചാലെ സാധിക്കൂ എന്നാണോ?! അത്തരം ഒരു തഫ്സീറിന് ഇന്ന് ഒരു ആവശ്യവും പ്രസക്തിയുമില്ല. എന്നാൽ പുതുതായി എഴുതുന്ന തഫ്സീർ അഹ്’ലു സുന്നയുടെ അടിസ്ഥാന തത്വങ്ങൾക്കും മൻഹജു തഫ്സീറിനും വിരുദ്ധമാകാതിരുന്നാൽ മാത്രം മതി. ആദർശത്തിന്റെ കാര്യത്തിലും നിയമത്തിന്റെ വിഷയത്തിലും ഇത് ശ്രദ്ധിക്കണമെന്ന് മാത്രം. സയ്യിദ് ഖുത്ബ് നടത്തിയ വ്യാഖ്യാനത്തിൽ ഈ തത്വങ്ങൾ ലംഘിക്കപ്പെടുന്നതോ അഹ്’ലു സുന്നയുമായി കലഹിക്കുന്നതൊ ആയ യാതൊന്നും ചൂണ്ടിക്കാട്ടാനാവില്ല.

എന്നാൽ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. അത് ഒരുപാട് സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കാൻ പര്യാപ്തമായതുമാണ്. അത് ഈ തഫ്സീറിന്റെ സ്ഥാനമാണ്. ഇത് ഒരു സാഹിതീയവും സാമൂഹികവുമായ വ്യാഖ്യാനമാണെങ്കിലും ഇതൊന്നുമല്ല ഈ തഫ്സീറിന്റെ സ്ഥാനവും പദവിയും. ഫീ ദിലീൽ പഠിക്കുകയും മറ്റു തഫ്സീറുകളുമായി ഇതിനെ താരതമ്യം ചെയ്യുമ്പോഴുമാണ് ഈ കാര്യം ബോധ്യമാകൂ.. ഈ തലത്തിൽ നിന്നുള്ള പഠനം ഫീ ദിലാൽ മറ്റു സാഹിത്യപരവും സാമൂഹ്യപരവുമായ തഫ്സീറുകളിൽ നിന്നും വേർതിരിയുന്ന പോയിന്റ് ബോധ്യമാക്കി തരും. അപ്പോൾ വേറിട്ട ഒരു രീതിശാസ്ത്രവും സമീപനരീതിയും സയ്യിദ് ഖുത്ബ് സ്വീകരിച്ചത് നമുക്ക് മനസിലാകും. ജീവിതത്തിന്റെ യുദ്ധക്കളത്തിൽ മുസ്‌ലിമിന് അണിയാൻ കഴിയുന്ന ആയുധങ്ങളും പടക്കോപ്പുകളും ഒരുക്കിക്കൊടുക്കുകയാണ് ഈ രചനയിലുടനീളം സയ്യിദ് ഖുത്ബ്. തൽഫലമായി അവൻ മുസ്‌ലിമായി ജീവിക്കണം. അവൻ സ്വയം ഈ അടർക്കളത്തിലേക്ക് തന്നെ തള്ളിയിടണം. ഒരു ഇസ്‌ലാമിക സമൂഹത്തിന്റെ രൂപീകരണത്തിനും സ്ഥാപനത്തിനും വേണ്ട പ്രസ്ഥാനത്തിൽ അവൻ തന്നെ കുടിയിരുത്തണം. അതിനു വേണ്ട പ്രവൃത്തികളിൽ സമരങ്ങളിൽ അവൻ ഏർപ്പെടണം. ഈ ലക്ഷ്യമാണ് ഖുത്ബിന്റെ തഫ്സീറിന്റെത്. അതിനാൽ നമുക്ക് ഈ തഫ്സീറിനെ തഫ്സീർ ഹറകി-പ്രാസ്ഥാനിക തഫ്സീർ-, തഫ്സീർ ദാഇയ:-പ്രബോക തഫ്സീർ- എന്നൊ വിളിക്കാം.

ഒരു പ്രസ്ഥാനിക, പ്രബോധക തഫ്സീർ എന്ന വീക്ഷണകോണിലൂടെ ഫീ ദിലാലിനെ നോക്കുമ്പോൾ അതിനെ ആ രൂപത്തിലാക്കിയ കാരണങ്ങളെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. അഹ്’ലു സുന്നത്തിന്റെ സമീപനങ്ങളെ ഇത് അക്ഷരംപ്രതി പിന്തുടരുന്നതിൽ പ്രതിബന്ധത പുലർത്തുന്നില്ല എന്ന് വാദിക്കാനല്ല ഇത് സൂചിപ്പിക്കുന്നത്. അതിൽ എന്തെങ്കിലും വീഴ്ച ഖുത്ബിന് സംഭവിച്ചു എന്നതിനാലുമല്ല. സമകാലീകവും പൗരാണികവുമായ തഫ്സീറുകളിൽ പറയപ്പെട്ടതെല്ലാം അദ്ദേതന്റെ ഗ്രന്ഥത്തിൽ ആവർത്തിച്ചില്ലാ എന്നതാണ് ശരി. ഖുർആൻ വ്യാഖ്യത്തിന്റെ കനപ്പെട്ട പൈതൃകത്തിൽ ഇതിനോടകം പതിഞ്ഞ ശബ്ങ്ങളുടേയും അക്ഷരങ്ങളുടെയും തനിപകർപ്പാകണം തന്റെ വ്യഖ്യാനം എന്ന് ഖുത്ബ് ആഗ്രഹിച്ചിരുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. കൂടാതെ തന്റെ കാലം അഭിമുഖീകരിക്കുന്ന എല്ലാ തരം പ്രശ്നങ്ങളെയും നേരിടുന്നതിന് ചിന്താപരവും രാഷ്ടീയവും സാംസ്കാരികവും നാഗരികവും സാമ്പത്തികവുമായ സന്നാഹങ്ങൾ ഒരുക്കി നേരിടുന്നതിന് തന്റെ കഴിവുകൾ മുഴുവൻ വിനിയോഗിക്കാനും ഖുത്ബ് മുതിർന്നില്ല.
മറിച്ച് ഖുർആന്റെ ആദർശത്തെയും ചിന്തകളെയും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാണ് ഖുത്ബ് ആഗ്രഹിച്ചത്. അത് അവരുടെ ഹൃദയങ്ങളെ ഉണർത്തുകയും ചിന്തയെ ആശയങ്ങളാർ നിറക്കുകയും അവരെ കർമ്മ സജ്ജരാക്കുകയും ചെയ്യുന്നതാണ്.
അതുവഴി മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തിന്റെ യാഥാർത്ഥ്യവും നഷ്ടപ്രതാപവും വീണ്ടെടുക്കാനാകും എന്ന് ഖുത്ബ് വിശ്വസിച്ചു. ഗൂഢാലോചകൾ പൊളിക്കാനും അകത്തുനിന്നും പുറത്തുനിന്നും ഉള്ള ഈ സമൂഹത്തിന്റെ ശത്രുക്കളെ അങ്ങനെ തുരത്തുവാൻ കഴിയുമെന്ന് അദ്ദേഹം സമർത്ഥിച്ചു. വീണ്ടും ലോക നായക പദവിയിലേക്ക് ഇസ്‌ലാം തിരികെ വരും. വിശ്വാസപരവും സാംസ്കാരികവുമായ മുസ്‌ലിം ആവശ്യങ്ങളെ ഫീ ദിലാൽ പ്രതിബിംബിപ്പിച്ചു.

ഈ കാരണത്താൽ ഫൽസഫയും ഇൽമുൽ കലാമും അവയുണ്ടാക്കിയ സംശയങ്ങളും ചർച്ച ചെയ്യാൻ ശ്രമിച്ചതായി സയ്യിദ് ഖുത്ബിനെ അദ്ദേഹത്തിന്റെ തഫ്സീറിൽ നമുക്ക് കാണാൻ സാധിക്കില്ല. എല്ലാ കെട്ടുകുടുക്കുകളിൽ നിന്നും ഇസ്‌ലാമിക ചിന്തയെ മോചിപ്പിച്ച് അതിന്റെ സൗന്ദര്യവും സമഗ്രതയും ചോർന്ന് പോകാതെ ജനങ്ങൾക്കു മുന്നിൽ തന്റെ തഫ്സീർ പുനരവതരിപ്പിച്ചു. അൽഭുതകരമായ സ്വാധീനമാണ് മുസ്‌ലിം ധിഷണയിൽ അത് ചെലുത്തിയത്. നൂറ്റാണ്ട് കളായി അതിനെ ബാധിച്ച മയക്കത്തിൽ നിന്ന് ഉണരാനും ഇസ്‌ലാമിനെ ഒരു ആദർശവും പദ്ധതിയുമായി നെഞ്ചേറ്റാന്നും അദ്ദേഹത്തിന്റെ രചന മുസ്‌ലിംകളെ കഴിവുള്ളവരാക്കി.

ഫീ ദിലാലിൽ ഖുർആന്റെ വൈജ്ഞാനിക സംഭാവന

ഫീ ദിലാലിൽ ഖുർആൻ ഒരു വൈജ്ഞാനിക ഗ്രന്ഥമല്ല എന്നതാണ് മൂന്നാമത്തെ പ്രചാരണം! എന്താണിതിന്റെ വസ്തുത എന്നന്വേഷിക്കുന്നതും ഈ ആരോപണത്തിന് മറുപടി പറയുന്നതും കടന്ന കൈയാണ്. മറുപടി അർഹിക്കുന്നു പോലുമില്ല ഇത്. എന്നാൽ ഇത്തരം പരാമർശങ്ങൾ ഫീ ദിലാലിനെ കുറിച്ച് പ്രചരിക്കുന്നതായി കാണാം. എന്നാൽ ഫീ ദിലാൽ ഒരു വൈജ്ഞാനിക ഗ്രന്ഥമല്ല എന്ന ആരോപണമുന്നയിച്ചവരിൽ ഡോ. സുബ്ഹി സ്വാലിഹിനെ പോലുളള പ്രകൽഭരായ പലരും ഉണ്ടെന്നത് ഏറെ ആശ്ചര്യ കരമായ കാര്യമാണ്.
തന്റെ “മബാഹിസുൻ ഫീ ഉലൂമിൽ ഖുർആൻ” എന്ന കൃതിയിൽ ഡോ.സുബ്ഹി എഴുതുന്നു: “ഖുർആനിന്റെ തണലിൽ” എന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ, ഖുർആനിന്റെ ആവിഷ്‌കാര ശൈലിയും ആഖ്യാനരീതിയും മനസ്സിലാക്കുന്നതിനുള്ള വിജയകരമായ ശ്രമം ഖുത്ബ് നടത്തിയിട്ടുണ്ട്.എന്നിരുന്നാലും, അതിന്റെ പ്രഥമ ലക്ഷ്യം, യുവാക്കൾക്ക് ഖുറാൻ തത്ത്വങ്ങൾ ലളിതമാക്കുക, അവരെ ഇസ്‌ലാമിക ശിക്ഷണത്തിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതുമാണ്
“ഖുർആനിന്റെ തണലിൽ” എന്ന വ്യാഖ്യാനം വൈജ്ഞാനികമായ ഫലം പ്രധാനം ചെയ്യുന്ന കൃതിയല്ല. ഒരു തർബിയ ഗ്രന്ഥവും ഇസ് ലാമിക തത്ത്വങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കൃതിയുമാണ് ദിലാൽ എന്നതാണ് ഇതിന്റെ സ്ഥാനം. ഒരു വൈജ്ഞാനിക കൃതിയേക്കാൾ മാർഗനിർദ്ദേശക ഗ്രന്ഥം ആണ് ഫീ ദിലാൽ എന്നതാകും ശരി.”

ഡോ.സുബ്ഹിയുടെ വിലയിരുത്തലിൽ നിന്നും ഫീ ദിലാൽ ഒരു വൈജ്ഞാനിക കൃതിയല്ല ഒരു തർബിയ്യ ഗ്രന്ഥമാണെന്ന് മനസിലാക്കണം. യുവാക്കളിൽ ഇസ്‌ലാമിക ബോധം ഉണ്ടാക്കുകയും അവരെ സൽപ്രവർത്തികളിലേക്ക് പ്രേരിപ്പിക്കുകയും ദുഷ്പ്രവർത്തികളിൽ നിന്ന് തടയുകയും ചെയ്യുന്ന ഒരു പുസ്തകമാണ് ഫീ ദിലാൽ എന്നും മനസിലാക്കണം! അതിലപ്പുറം മറ്റൊരു ദൗത്യവും നിർവ്വഹിക്കാനുള്ള കരുത്ത് സയ്യിദ് ഖുത്ബിന്റെ ഫീ ദിലാലിന് ഇല്ല എന്ന് പറയാനാകുമോ?

Facebook Comments
Related Articles

എസ്.എം സൈനുദ്ദീന്‍

1979 ൽ ഇടുക്കി ജില്ലയിൽ അടിമാലി വെളളത്തൂവലിൽ ജനനം. പിതാവ് പരേതനായ എസ്.ഇ മക്കാർ മൗലവി. മാതാവ് അമിന. ഹൈസ്കൂൾ പഠനത്തിന് ശേഷം ആലുവ അസ്ഹറുൽ ഉലൂമിൽ നിന്ന് ബിരുദവും ശാന്തപുരം ദഅ്‍വ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് മന്നം ഇസ് ലാമിയ കോളേജിൽ അധ്യാപകനായി ചേർന്നു. എസ്.ഐ.ഒ സംസ്ഥാന സമിതിയിലും സോളിഡാരിറ്റി സംസ്ഥാന വർക്കിങ് കമ്മറ്റിയിലും അംഗമായിട്ടുണ്ട്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായും വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. അനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. നിരവധി ലേഖനങ്ങൾ അറബിയിൽ നിന്നും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇപ്പോൾ ജമാഅത്തെ ഇസ് ലാമി എറണാകുളം ജില്ല വൈസ് പ്രസിഡന്റാണ്.
Close
Close