Studies

മുഗള്‍ രാജാക്കന്മാരുടെ കരവിരുതില്‍ വിരിഞ്ഞ ദില്ലി-2

30 കൊല്ലം ഭരണം നടത്തിയ ഷാജഹാന്റെ കാലത്തെ ഡല്‍ഹി മുഗള്‍ വാസ്തുവിദ്യയുടെ എക്കാലത്തെയും മനോഹര സൗധങ്ങളെ ഇന്ത്യക്ക് സമ്മാനിച്ചു. പൊതുമുതല്‍ ചിലവഴിച്ചു കൊട്ടാരങ്ങളും ആഡംബര കോട്ടകളും പണിതുയര്‍ത്തിയ ധൂര്‍ത്തനായ ഷാജഹാനെ പരിചയപ്പെട്ടവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ജനങ്ങളുടെ ക്ഷേമ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചക്കും അദ്ദേഹം തയ്യാറായിട്ടില്ല എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെട്ടു പോകാറുണ്ട്. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഡല്‍ഹി സന്ദര്‍ശിച്ച പല വിദേശ സഞ്ചാരികളും ഷാജഹാന്റെ ഭരണത്തെ വിശേഷിപ്പിച്ചത് ‘വല്‍സലനായ ഒരു പിതാവിന്റെ ഭരണം’ എന്നാണ്.

ചക്രവര്‍ത്തിയെ മുഖം കാണിക്കുമ്പോള്‍ സലാം പറയുന്നതിന് പകരം സാഷ്ടാംഗം ചെയ്യണമെന്ന പതിവ് രീതികള്‍ പിതാവ് ജഹാംഗീറിനെ പോലെ ഷാജഹാനും നിര്‍ത്തലാക്കി. തന്റെ പൂര്‍വ പിതാക്കളെ പോലെ അദ്ദേഹം ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല. അക്കാലത്ത് വാസ്തു വിദ്യയോടൊപ്പം സാഹിത്യവും വിജ്ഞാനവും പുരോഗതിയുടെ അത്യുന്നതിയിലെത്തി. മനോഹര ശില്പ മാതൃകകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സമ്മാനിച്ച ഷാജഹാന്റെ കാലത്തോട് കിടപിടിക്കുന്ന മറ്റൊരു കാലഘട്ടവും ഇന്ത്യന്‍ ചരിത്രം നമുക്ക് പറഞ്ഞു തരുന്നില്ല. പഴയ മുഗളന്മാരുടെ പിന്‍തലമുറക്കാരെ ആരും ഇവിടെ ഇന്ന് അന്വേഷിക്കാറില്ല. ആ പഴമയുടെ പ്രൗഢി ഇന്ന് നിലനില്‍ക്കുന്നത് കേവലം കല്ലില്‍ തീര്‍ത്ത ഈ അതിഭയാനകങ്ങളായ ശില്‍പ മാതൃകകളില്‍ മാത്രമാണെന്നത് തീര്‍ച്ച.

ഒരു രാജ്യം അതിന്റെ വികസന പാതയിലേക്ക് മുന്നേറുമ്പോള്‍ മുന്നില്‍ നിന്ന് വെളിച്ചം നല്‍കുന്ന ഘടകങ്ങളാണ് ആ രാജ്യത്ത് പഴമയുടെ ഓര്‍മകളായി നില നില്‍ക്കുന്ന പൈതൃക സമ്പത്തുകള്‍. ഇന്ത്യയില്‍ ഇന്ന് നില നില്‍ക്കുന്ന നിര്‍മ്മിതികള്‍ ഒരു പ്രത്യേക മത സമൂഹം നിര്‍മ്മിച്ചത് കൊണ്ട് മാത്രം അത് ആ രാജ്യത്തിന്റെതല്ലാതാകുന്നില്ല. ഓരോ നിര്‍മ്മിതിയും മുന്നോട്ടു വെക്കുന്ന ആശയങ്ങളും കാഴ്ച്ചപ്പാടുകളും വരും തലമുറയ്ക്ക് ആസ്വാദനത്തിനപ്പുറം പ്രയോജനപ്രദവും കാലികവുമായിരിക്കണം. അതല്ലാത്ത ശില്പ മാതൃകകള്‍ ആര് നിര്‍മ്മിച്ചാലും ഒരു രാജ്യത്തിനകത്തെ വെച്ച് കെട്ടിയ കേവല കോലമായെ നമുക്കവയെ അനുഭവിക്കാന്‍ സാധിക്കൂ.

ഡല്‍ഹിയിലെ മുഗള്‍ രാജാക്കന്മാരുടെ നിര്‍മ്മിതികളെ ഇന്തോ-പേര്‍ഷ്യന്‍, ഇന്തോ-ഇസ്‌ലാമിക് വാസ്തു വിദ്യയെന്ന് ചരിത്രം പേരിട്ടു വിളിക്കുമ്പോള്‍ തന്നെ അതില്‍ ഉള്‍ചേര്‍ന്നു പോയ ഇന്ത്യന്‍ (ഇന്തോ) സംസ്‌കാരത്തെ ബഹുമാനിക്കാനും ഒരു വേള തങ്ങളുടെ നിര്‍മ്മിതികളിലൂടെ അതിനെ പുതുമയോടെ അവതരിപ്പിക്കാനും ശ്രമം നടത്തിയവരാണ് ഇവിടം ഭരിച്ച മുസ്‌ലിം രാജവംശങ്ങള്‍ എന്ന് നിസ്സംശയം പറയാം. ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട അക്കാലത്തെ കെട്ടിട സമുച്ചയങ്ങള്‍ പള്ളികള്‍, കുംഭഗോപുര മാതൃകകള്‍, എന്നിവയില്‍ ഇന്ത്യയിലെ ഹിന്ദു മത വിശ്വാസങ്ങള്‍ ഉള്‍കൊള്ളുന്ന ശില്‍പമാതൃകകള്‍, മുദ്രകള്‍, ചിഹ്നങ്ങള്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തിയതായി ചരിത്ര ബോധമുള്ള ഏതൊരു വ്യക്തിക്കും തിരിച്ചറിയാന്‍ എളുപ്പത്തില്‍ സാധിക്കും.

തുഗ്ലക്കാബാദിലെ ഗിയാസുദ്ദീന്റെ ശവകുടീരത്തിലെ ‘കലശ്’ മേല്‍ വിവരിച്ചവയ്ക്ക് ഉത്തമോദാഹരണമാണ്. വേറെയും പല നിര്‍മ്മിതികളും ഇന്ത്യയില്‍ അങ്ങിങ്ങായി കാണാം. അതിനര്‍ത്ഥം ഇന്ത്യ ഭരിച്ച മുസ്‌ലിം വര്‍ഗങ്ങള്‍ നിലവിലുള്ള അമ്പലം തകര്‍ത്ത് പള്ളിയോ ശവകുടീരമോ നിര്‍മ്മിച്ചുവെന്നല്ലല്ലോ? എന്നിട്ടും പില്‍ക്കാല ചരിത്ര വായനയില്‍ ഔറംഗസീബും ടിപ്പുവുമെല്ലാം ക്ഷേത്ര ദ്വംസകരും ഒറ്റുകാരുമായി മാറി.

ചില ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം ലഭിച്ചേ തീരൂ…മൂവായിരം കോടി മുടക്കി പ്രതിമ നിര്‍മ്മിച്ചവര്‍ രാജ്യത്തിന്റെ ഏത് സാംസ്‌കാരിക സാമൂഹിക ഉന്നമനമാണ് ലക്ഷ്യം വെക്കുന്നത് ? നില നില്‍ക്കുന്ന പൈതൃകങ്ങളുടെ മേല്‍ കണ്ണടച്ച് രാജ്യത്തെ കൂടുതല്‍ അന്തകാരത്തിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്നവര്‍ ഏത് പുതുമയുടെ രഷ്ട്രീയത്തെ കുറിച്ചാണ് വാ തോരാതെ പ്രസംഗിക്കുന്നത് ?. ഇന്ത്യയിലെ നിലവിലുള്ള മുസ്‌ലിം സ്ഥലപ്പേരുകള്‍ മാറ്റിയെഴുതി ഒരു കൊച്ചു രാമ രാജ്യം സൃഷ്ടിക്കാന്‍ വെപ്രാളപ്പെടുന്നവര്‍ സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ ബ്രഹത്തായ നിയമവ്യവസ്ഥയെ തന്നെയല്ലേ ചോദ്യം ചെയ്യുന്നത് !. ഇപ്പോഴിതാ താജ്മഹലില്‍ പണ്ട് മുതല്‍ക്കേ നിലനിന്നിരുന്ന ഇസ്‌ലാമിക ആരാധന കര്‍മ്മങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നു. വാഗണ്‍ ട്രാജഡിയാവട്ടെ കേരളത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള എക്കാലത്തെയും വലിയ ഓര്‍മ്മപ്പെടുത്തലുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കട്ടെഴുത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പേറുന്നവര്‍ ഒരു പാതിരാവില്‍ ഓരിയിടുമ്പോള്‍ മായിച്ചു കളയാനോ മാറ്റിയെഴുതാനോ കഴിയുന്നതല്ല ഇന്ത്യയിലെ മുസ്‌ലിം സംഭാവനകളുടെ ചോരയിലും കണ്ണീരിലും കെട്ടിപ്പടുത്ത ചരിത്ര സ്മാരകങ്ങളും സംഭവങ്ങളുമെന്ന് ഇവിടെ ഓര്‍ത്ത് കൊള്ളട്ടെ. (അവസാനിച്ചു)

Facebook Comments
Show More

Related Articles

Close
Close