Studies

ഡൽഹിയിലെ മുസ്ലിം നിർമ്മിതികളെ സ്വാധീനിച്ച അറബിക് കലിഗ്രഫി

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അറബി കലിഗ്രഫിയുടെ നിരവധി സംഭാവനകൾ കൊണ്ട് സമ്പന്നമായ പ്രദേശമാണ് പഴയ ദില്ലി നഗരം. ഡൽഹി സൽത്തനത്ത് മുതൽ ഡൽഹിയെക്കുറിച്ച് പഠിച്ചാൽ ഘട്ടം ഘട്ടമായുള്ള അറബി കലിഗ്രഫിയുടെ വളർച്ചയെ നമ്മുക്ക് മനസ്സിലാക്കാം. കലിഗ്രഫി എന്ന കല ഡൽഹി നഗരത്തെ ഇത്രയേറെ സ്വാധീനിക്കുന്നതിന് കാരണമായത് ഇന്ന് ഡൽഹി നഗരത്തിൽ തലയുയർത്തി നിൽകുന്ന പൗരാണിക മുസ്ലിം നിർമ്മിതികളാണെന്ന് നിസ്സംശയം പറയാം.

ചില കലകൾ അങ്ങനെയാണ് അത് സ്വായത്തമാക്കേണ്ടതും പഠിക്കേണ്ടതും കേവല ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് മാത്രമല്ല, മറിച്ച് അത്തരം കലാവിഷ്കാരങ്ങൾ കൊത്തിവെക്കപ്പെട്ട നിർമ്മിതികളെ അടുത്തറിഞ്ഞ് കൊണ്ടുമാണ്. അതിൽ പെട്ട പ്രധാന കലാ മേഖലയാണ് കലിഗ്രഫി. അറബി ഭാഷക്ക് പ്രത്യേക സ്ഥാനം തന്നെ പ്രസ്തുത കലയെ പരിഭേഷിപ്പിക്കുന്നതിൽ അവകാശപ്പെടാം. ചരിത്ര നിർമ്മിതികളിലൂടെ കലിഗ്രഫിയെ അടുത്തറിയാൻ ശ്രമിക്കുമ്പോഴാണ് തനത് സ്വഭാവത്തോടെ, അവയെ അടുത്തറിയാൻ സാധിക്കുകയുള്ളൂ. കലിഗ്രഫിയിലെ പുസ്തകങ്ങൾ എഴുതപ്പെട്ടത് പോലും ഇത്തരം ചരിത്ര സ്മാരകങ്ങളെ അവലംബമാക്കിയാണ് എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. അത് കൊണ്ട് തന്നെ എഴുത്ത് കലാ മേഖലക്ക് എക്കാലവും പുരാവസ്തു ശാസ്ത്രവുമായി മറ്റേതൊരു കലാവിഷ്കാരത്തേക്കാളും അഭേദ്യമായ ബന്ധമുണ്ട്.

ഇസ്ലാമിക കലയുടെ യഥാർത്ഥ ഈടുവെപ്പുകൾ നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് ഇന്നത്തെ ഡൽഹി പ്രദേശം. മുസ്ലിം കാലഘട്ടങ്ങളിൽ ഡൽഹിയിൽ പണിതുയർത്തിയ നിർമ്മിതികൾ കേവലം വലിപ്പം കൊണ്ട് മാത്രം പ്രസിദ്ധിയാർജിച്ചവയല്ല , മറിച്ച് അതിൻ്റെ നിർമ്മാണ വൈവിധ്യം, അവയിൽ ഉൾചേർന്ന തനത് ഇസ്ലാമിക കലാ പാരമ്പര്യം എന്നിവ കൂടി ചേർത്ത് അവയെ വായിക്കേണ്ടത് അത്യാവശ്യമാണ്. ഡൽഹി സുൽത്താന്മാരുടെ കാലത്തെ പ്രധാന സംഭാവനയായ മെഹറോലിയിലെ കുത്ത് ബ് മിനാറിൻറെ ചുവരുകളിൽ അറബി കലിഗ്രഫിയുടെ മനോഹരമായ ഏടുകൾ നമ്മുക്ക് വായിച്ചെടുക്കാം.

Also read: വൈജ്ഞാനിക ഫലവും കായികബലവും

പലപ്പോഴും ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ നിർമ്മിതികളുടെ ബാഹുല്യത്തെയും, വലിപ്പത്തെയും മാത്രം വിലയിരുത്തി തൃപ്തിയടയുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് അതിൻറെ പൗരാണിക കലാമൂല്യങ്ങളെ അടുത്തറിയാൻ ശ്രമിക്കാറുള്ളൂ. ഉദാഹരണമായ അറബി, പേർഷ്യൻ കലിഗ്രഫിയുടെ ഈറ്റില്ലമായി ലോകത്ത് അറിയപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി. അറബി കലിഗ്രഫിയെ വിശാലമായ സ്വഭാവത്തോടെ അടുത്തറിയണമെങ്കിൽ ഒരു വിദ്യാർത്ഥി/ ഗവേഷകൻ നിർബന്ധമായും തുർക്കിയിലെ പൗരാണിക നിർമ്മിതികൾ സന്ദർശിക്കേണ്ടത് അത്യാവശ്യമായി വരും. ‘മുസ്ലീം ഡൽഹി ‘യും മുന്നോട്ടു വെക്കുന്ന അറബി കലിഗ്രഫിയുടെ നേർ ചിത്രങ്ങൾ അവ നില നിൽക്കുന്ന ഇടങ്ങളിൽ പോയി വേണം കണ്ടാസ്വധിക്കുവാനും പഠിക്കുവാനും. 1192 മുതൽ 1316 വരെയുള്ള ഡൽഹിയിലെ മുസ്ലിം കാലത്ത്, കുതുമ്പ് കോംപ്ലക്സിനകത്ത് വ്യത്യസ്ത സുൽത്താന്മാരുടെ കാലത്ത് നിരവധി നിർമ്മിതികൾ ഉയർത്തിപ്പട്ടിട്ടുണ്ട്. അടിമ വംശ സ്ഥാപകനായ ഖുതുബുദ്ധീൻ ഐബക് , ഇൽതുമിഷ്, അലാവുദ്ധീൻ ഖിൽജി തുടങ്ങിയവർ പണിതുയർത്തിയ ചരിത്ര സ്മാരകങ്ങൾ ഒരൊറ്റ ഫ്രെയിമിൽ സന്ദർശകന് ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് മെഹ് റോലിയിലെ കുത്ബ് കോംപ്ലക്സിൻറെ ഏറ്റവും വലിയ പ്രത്യേകത. പൗരാണിക നിർമ്മിതികളിൽ ഖുർആൻ ആയത്തുകൾക്ക് പുറമെ സുൽത്താന് വേണ്ടി പാടുന്ന സ്തുതി ഗീതങ്ങളും ചരിത്ര സംഭവങ്ങളും കലിഗ്രഫി രീതിയിൽ തന്നെ കൊത്തിവെക്കപ്പെട്ടതായി ഡൽഹിയിലെ തന്നെ മുസ്ലിം കാലഘട്ടത്തെ വിലയിരുത്തിയാൽ മനസ്സിലാക്കാം. ഹിന്ദു ധർമ്മത്തിലെ പല പദപ്രയോഗങ്ങൾ പോലും കുഫി കലിഗ്രഫിയിൽ ചേർത്ത് അതി മനോഹര കലാവിഷ്കാരങ്ങളാക്കി മാറ്റാൻ കൂടി പരിശ്രമിച്ചവരാണ് ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികൾ.

കലിഗ്രഫിയെ നിർമ്മിതികളിൽ സന്നിവേശിക്കുമ്പോൾ തന്നെ വ്യത്യസ്ത പൂക്കളുടെ ആകൃതിയെ എഴുത്ത് ശൈലിയോട് ചേർത്ത് പ്രത്യേക ആസ്വാദന ശൈലി കൂടി വളർത്തിയെടുക്കാൻ മുസ്ലിം ചിത്രകാരന്മാർ ശ്രമിച്ചിരുന്നു. പരിശുദ്ധ വേദഗ്രന്ഥം സൂക്ഷിക്കുന്ന മുറികൾ ജാസ്മിൻ, മുല്ല തുടങ്ങിയ അത്തറുകളുടെ വാസന കൊണ്ട് നിറഞ്ഞിരിക്കണം എന്നത് വേദഗ്രന്ഥത്തോട് കാണിക്കുന്ന ആദരവിൻറെ ഭാഗമായി മനസ്സിലാക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളമാണ്. പ്രസ്തുത ചിട്ടാവട്ടങ്ങളെ കൂടി കലാപരമായി ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഡൽഹിയിലെ പല മുസ്ലിം നിർമ്മിതികളിലും എഴുതപ്പെട്ട ഖുർആനിക ആയത്തുകൾകൊപ്പം മേൽ പരാമർശിച്ചത് പോലെയുള്ള പൂക്കളുടെ ചിത്രങ്ങളും പടർന്നു കയറുന്ന തരത്തിലുള്ള, മുന്തിരിവാളികൾക്ക് സമാനമായ മറ്റു പല കലാ വൈവിധ്യങ്ങളും സന്ദർശകർക്ക് പുതുമകളായി അനുഭവപ്പെടുന്നത്. കലിഗ്രഫിയെ ‘honeycomb’ (തേൻ കൂട്) രീതിയിൽ ക്രമീകരിക്കുന്ന ശൈലികൾ ഇന്ത്യയിൽ കൊണ്ട് വന്നത് ഡൽഹി സുൽത്താന്മാരുടെ കാലഘട്ടത്തിലാണ്. പിന്നീട് അതിൻറെ വ്യത്യസ്ത ഭാവങ്ങളെ ഇന്ത്യാ ഉപഭൂഖണ്ഡം അടുത്തറിയാൻ തുടങ്ങിയതും മുസ്ലിം നിർമ്മിതികളിലൂടെ തന്നെയാണ്.

അറബി എഴുത്ത് ശൈലിയിലെ ഏറ്റവും പൗരാണിക എഴുത്ത് ശ്രേണിയിൽ വരുന്ന വിഭാഗമാണ് ‘കൂഫി ‘ എഴുത്ത് രീതി (ഖത്തു കൂഫി). ഡൽഹിയിലെ കുതുബ് കോംപ്ലക്സിൽ നിർമ്മിക്കപ്പെട്ട ചരിത്രസ്മാരകങ്ങളിൽ പ്രസ്തുത എഴുത്ത് ശൈലി സന്ദർശകർക്ക് ദർശിക്കാൻ സാധിക്കും. മൃഗങ്ങളുടെ രൂപങ്ങളിലും മറ്റു വസ്തുക്കളുടെ രൂപങ്ങളിലും ഖുർആനിക ആയത്തുകൾ സന്നിവേശിപ്പിക്കുന്ന രീതിയെ പല തലങ്ങളിൽ നിന്ന് വ്യവഹരിക്കപ്പെടുന്നവരുണ്ട്. ആയത്തുകളെ ജീവനുള്ള സൃഷ്ടിജാലങ്ങളിൽ ചേർത്ത് വരക്കാൻ പാടില്ല എന്ന് പറയുന്ന ഒരു തലം കലിഗ്രഫിക്ക് ഉണ്ടെങ്കിൽ കൂടിയും പൗരാണിക ഡൽഹിയുടെയും മറ്റു ഇസ്ലാമിക പാരമ്പര്യം നിലനിന്ന പ്രദേശങ്ങളെയും പഠിച്ചാൽ മേൽ വിവരിച്ച കലിഗ്രഫി മാതൃകകൾ അറബി കലിഗ്രഫിയുടെ ഭാഗമായി തന്നെ ചരിത്രത്തിൽ ചേർക്കപ്പെട്ടിരുന്നു എന്ന് കൂടി പറയേണ്ടി വരും. ഇത്തരത്തിൽ ജീവികളിൽ പരിശുദ്ധ ആയത്തുകൾ സന്നിവേശിപ്പിച്ച കലിഗ്രഫി രൂപങ്ങൾ ‘തുഗ്റ’ എന്ന എഴുത്ത് ശൈലിയിൽ പെടുന്നവയാണ്. തുർക്കിയുടെ കലിഗ്രഫിയിലെ സംഭാവനയായി ‘തുഗ്റ’ എഴുത്ത് രീതിയെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. ഈ മാതൃകകളെ കൂടുതൽ പരിഭോഷിപ്പിച്ച വ്യക്തിയാണ് ഷാജഹാൻറെ മൂത്ത മകനായിരുന്ന ദാരാ ഷികോ. അറബി കലിഗ്രഫിയിലെ അദ്ദേഹത്തിൻറെ പ്രാവിണ്യം ചരിത്ര പ്രസിദ്ധമാണ്. ഒരു ആനയുടെ ചിത്രത്തെ ‘തുഗ്റ’ രീതിയിൽ ദാരാ ഷികോ ചിത്രീകരിച്ച അത്യപൂർവ്വ ഗ്രന്ഥം ഡൽഹിയിലെ ഹംദർദ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ലഭ്യമാണ്. മുഹമ്മദ് ബിൻ തുഗ്ലക്കും ഔറംഗസേബും കലിഗ്രഫിയിലെ പ്രഗത്ഭരായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പേരെടുത്തവരാണ്.

Also read: തസ്‌നീം നസീര്‍; സ്‌കോട്ട്‌ലാന്റിലെ ഹിജാബ് ധരിച്ച ആദ്യത്തെ ടി.വി അവതാരക!

പേർഷ്യയിൽ നിന്ന് അറബി, പേർഷ്യൻ കലിഗ്രഫിയിൽ നിപുണരായ വ്യക്തികളെ ഡൽഹിയിലേക്ക് ക്ഷണിച്ച് തങ്ങളുടെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട നിർമ്മിതികൾക്ക് മാറ്റ് കൂട്ടാൻ ഓരോ ഭരണാധികാരിയും മത്സരിച്ചതിൻറെ ഫലമായിട്ടാണ് ഡൽഹി ലോകത്ത് തന്നെ അറിയപ്പെട്ട പൗരാണിക മാതൃകകളുടെ സംഗമ ഭൂമിയായി മാറിയത്. ഡൽഹി സുൽത്താന്മാരിലെയും മുഗൾ രാജാക്കന്മാരിലെയും ഏതാനും ചിലരുടെ കാലഘട്ടത്തെ വിശകലന വിധേയമാക്കിയപ്പോൾ ലഭ്യമായ അറബി കലിഗ്രഫിയുടെ വളർച്ചയുടെ ഘട്ടങ്ങളെ അടുത്തറിയുക വഴി കൂടുതൽ ഈ മേഖലയിലെ വരും പഠനങ്ങളിലേക്ക് വെളിച്ചം പകരാൻ ഉപകരിക്കുന്നതു കൂടിയാവട്ടെ ഈ ചെറു വിവരണം.

Facebook Comments

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker