Current Date

Search
Close this search box.
Search
Close this search box.

കലിഗ്രഫിയിലൂടെ കവിത രചിക്കുന്ന ഖമര്‍ ദഗര്‍

ഇന്ത്യയില്‍ അറിയപ്പെടുന്ന പിക്ടോറിയല്‍ കലിഗ്രഫറാണ് (കലിഗ്രാഫിയില്‍ വാക്കുകളെ ഒരു പ്രത്യേക ചിത്ര രൂപത്തില്‍ ആവിഷ്‌ക്കരിക്കുന്ന രീതി) ഖമര്‍ ദഗര്‍. പേര് പോലെ തന്നെ അതീവ സവിശേഷതകളും തന്റെ കലിഗ്രഫി രൂപങ്ങളില്‍ ഒളിപ്പിച്ച കലാകാരിയാണ് ഖമര്‍. ഖമറിനെ കാണാന്‍ ഡല്‍ഹിയിലെ അവരുടെ വസതിയില്‍ പോയ അനുഭവം എക്കാലത്തെയും എന്റെ ഡല്‍ഹി ഓര്‍മ്മകളിലെ സുന്ദര നിമിഷങ്ങളാണ്.

ഖമര്‍ ദഗറുമൊത്ത് ലേഖകന്‍.

ഡല്‍ഹിയില്‍ അവരുടെ താമസ സ്ഥലം കണ്ടെത്താന്‍ കുറച്ചധികം പ്രയാസപ്പെട്ടു. എന്നിരുന്നാലും പലരുടെയും സഹായത്തോടെ ഒടുവില്‍ ഡല്‍ഹിയിലെ ഖിര്‍ഖി എക്സ്റ്റന്‍ഷനടുത്തുള്ള അവരുടെ വസതിയിലേക്ക് ഞാന്‍ എത്തിപ്പെട്ടു. വീട്ടിലേക്കു പ്രവേശിച്ചതോടെ, എത്തിപ്പെട്ടത് ഏതെങ്കിലും ഒരു ആര്‍ട് ഗാലറിയിലാണെന്നു ഒരു നിമിഷം എനിക്ക് തോന്നിപ്പോയി. മനോഹരങ്ങളായ വരകളുടെ ഒരപൂര്‍വ സംഗമമായിരുന്നു അവിടെയെങ്ങും. എല്ലാം വ്യത്യസ്തമായ കലാവിഷ്‌കാരങ്ങള്‍. കലിഗ്രഫിയെ അടുത്തറിയാന്‍ ശ്രമിച്ചപ്പോഴെല്ലാം എന്നെ തേടിയെത്തിയ അനുഭവങ്ങള്‍ കാലിഗ്രഫി എന്ന കലാരൂപത്തെപോലെ തന്നെ വ്യത്യസ്തങ്ങളായിരുന്നു.

ഇന്ത്യയിലെ പ്രശസ്തനായ സൂഫി വര്യന്‍ മുഹമ്മദ് അബ്ദുല്ല ഖാന്‍ സാഹിബില്‍ നിന്നാണ് ഖമര്‍ കലിഗ്രഫിയുടെ ആദ്യ പാഠങ്ങള്‍ നേടുന്നത്. മൈസൂരില്‍ ജനിച്ച അബ്ദുല്ല ഖാന്‍ രാജസ്ഥാനാണ് പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത്. ഒരു സൂഫി ജീവിതം നയിച്ച വ്യക്തിയാണ് ഇദ്ദേഹം. ഖമറിന്റെ കലിഗ്രഫി ഉറുദു ഹിന്ദി ഭാഷകളുടെ സംഗമമാണ്. ഇന്ത്യയിലെ കാവ്യഭാഷ ഗണത്തില്‍ പെട്ട ഉറുദു ഭാഷ, കലിഗ്രഫി എഴുത്തു രീതികളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അറബി ഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്നതായി കാണാം. ഉറുദു ഭാഷയിലുള്ള പേര്‍ഷ്യന്‍ ഭാഷയുടെ വലിയ തോതിലുള്ള സ്വാധീനം ഉറുദു കലിഗ്രഫിയെയും നല്ല രീതിയില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ ഉറുദു-പേര്‍ഷ്യന്‍-ഹിന്ദി വാക്കുകളുടെ കലിഗ്രഫി ആശയ സമ്പുഷ്ടമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ തന്നെ ഒരു പക്ഷെ അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരിക്കും ഖമര്‍ ദഗര്‍.

ഖമര്‍ ദഗറിന്റെ വരകള്‍ പൊതുവായും മോഡേണ്‍ കലിഗ്രഫി ശൈലികളില്‍ നിര്‍മ്മിക്കപെട്ടവയാണ്. പരമ്പരാഗത കലിഗ്രഫി രീതികളെ അപ്പാടെ ഒഴിവാക്കാതെ അവയുടെ തനിമ നിലനിര്‍ത്തി ഉറുദു-ഹിന്ദി അക്ഷരങ്ങളെ ഒറ്റ കാന്‍വാസില്‍ മോഡേണ്‍ കലിഗ്രഫിയുടെ ഭാവവും, മുഖവും നല്‍കി അവതരിപ്പിക്കാന്‍ ഖമര്‍ നടത്തിയ ശ്രമങ്ങള്‍ കലിഗ്രഫി മേഖലയില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഉദാഹരണമായി പറഞ്ഞാല്‍ പര്‍വാസ്, ബുസുര്‍ഗ്, ദുആ, തുടങ്ങിയ പേര്‍ഷ്യന്‍-അറബി ഭാഷകളില്‍ നിന്ന് ഉറുദു ഭാഷ കടമെടുത്ത വാക്കുകള്‍ ഒരു കലാകാരന്റെ വര്‍ണ്ണനയില്‍ വ്യത്യസ്ത അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരുന്നു എന്ന് ചുരുക്കം. വിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ കേവലം അറിവ് സമ്പാദനം മാത്രമല്ല ലക്ഷ്യം വെക്കുന്നത്, മറിച്ചു വലിയ ആശയങ്ങളെ ഒരൊറ്റ കാന്‍വാസില്‍ ഉള്‍കൊള്ളുന്ന വാക്കുകളുടെ കലാവിഷ്‌കാരങ്ങളെ കൂടി പ്രഥമ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നു ഖമര്‍ ദാഗര്‍ ഈ സൂക്തങ്ങളെ വിലയിരുത്തി പറയുന്നു. ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകളില്‍ ഇന്ത്യയില്‍ കലിഗ്രഫി ചെയ്യുന്ന വ്യക്തി കൂടിയാണ് ഖമര്‍ ദഗര്‍.

ഇന്ത്യയില്‍ നിലനിന്നിരുന്ന മറ്റേതൊരു ഭാഷയെക്കാളും ഉര്‍ദു-പേര്‍ഷ്യന്‍ വാക്കുകളില്‍ ഒളിപ്പിച്ചുവെച്ച ആത്മീയതയുടെ ചൈതന്യം കലിഗ്രഫി വരകളിലൂടെ ഞാന്‍ തൊട്ടറിഞ്ഞ വസ്തുതയാണെന്നു ഖമര്‍ അടിവരയിടുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിലും ഖമര്‍ ദഗറിന്റേതായ നിരവധി സംഭാവനകള്‍ കാണാന്‍ സാധിക്കും. ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ ഈടുറ്റ മാതൃകകള്‍ ഇവരുടെ വരകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ഖത്തെ-ഗുല്‍സാര്‍, ഖത്തെ- സുമ്പുലി, ഖത്തെ-റൈഹാന്‍, തുടങ്ങി നിരവധിയായ പൗരാണിക പേര്‍ഷ്യന്‍-ഉറുദു എഴുത്തു രീതികളുടെ സാമ്യതകളെ ഖമര്‍ ദാഗര്‍ തന്റെ കലിഗ്രഫിയിലൂടെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നുണ്ട്.

അമേരിക്ക, ഫ്രാന്‍സ്, മൊറോക്കോ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ 12 കലിഗ്രഫി കലാകാരന്‍മാര്‍ മാറ്റുരച്ച ഖലം ആത്മാ എക്‌സിബിഷനില്‍ ഖമര്‍ ദഗറിന്റെ കലിഗ്രഫി പ്രത്യേക പരാമര്‍ശത്തിനര്‍ഹമായിരുന്നു. ഇറാഖില്‍ നിന്നുള്ള ഹസ്സന്‍ മസൂദി, മൊറോക്കോയിലെ മുഹമ്മദ് എല്‍ബാസ് തുടങ്ങിയ പ്രശസ്തര്‍ ഖമറിന്റെ കലിഗ്രഫിയില്‍ ആകൃഷ്ടരായി അവരില്‍ നിന്ന് കൂടുതല്‍ അറിവ് നേടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഖമര്‍ ഇതിനോടകം പ്രദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം കെ വി കലിഗ്രഫി മ്യൂസിയത്തിന്റെ പ്രൊജക്റ്റ് സെഷനിലെ സ്ഥിരം സന്ദര്‍ശക കൂടിയാണ് ഇന്നിവര്‍. 2014ല്‍ ബെല്‍ജിയത്തില്‍ നടന്ന MOSA (Museum of Spiritual Art) എക്സിബിഷനില്‍ ഖമറിന്റെ കലാ പ്രദര്‍ശനം ഉണ്ടായിരുന്നു. അതോടൊപ്പം 2012 ല്‍ കലാ മേഖലയിലെ സ്ത്യുത്യര്‍ഹ സേവനത്തിന് Women’s International Network award ഉം ഇവരെ തേടിയെത്തി. 2011 ല്‍ ഡല്‍ഹിയില്‍ Qalamkaari Creative Calligraphy Trust എന്ന പേരില്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കി. എന്റെ വ്യക്തി ജീവിതത്തില്‍ കലിഗ്രാഫിയുടെ വ്യത്യസ്ത ശൈലികളെ അനുഭവിക്കാന്‍ ഡല്‍ഹി ജീവിതം ഒരുക്കിയ അവസരങ്ങള്‍ നിരവധിയായിരുന്നു. ഇന്ത്യയിലെ പ്രസിദ്ധരായ നിരവധി കലാകാരന്മാരെ അടുത്തറിയാന്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വ്യത്യസ്ത എക്‌സിബിഷനുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാവും എന്ന നിര്‍ദേശവും ഇതോടൊപ്പം നല്‍കട്ടെ. യഥാര്‍ത്ഥത്തില്‍ ഖമര്‍ ദഗറിന്റെ കലിഗ്രാഫി വാക്കുകള്‍ കാന്‍വാസില്‍ കവിത രചിക്കുന്ന അപൂര്‍വ്വ സൃഷ്ടികളാണെന്നു നിസ്സംശയം പറയാന്‍ സാധിക്കും.

Related Articles