Current Date

Search
Close this search box.
Search
Close this search box.

ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 1

പ്രബലമായ വീക്ഷണമനുസരിച്ച് അബൂബക്റി(റ)ന്റെ പുത്രി ആഇശ(റ) അവരുടെ ഒമ്പതാമത്തെ വയസ്സിലാണ് നബിതിരുമേനിയുമായുള്ള വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ലിബറലിസ്റ്റുകളും യുക്തിവാദികളുമായ ആളുകൾ മുഹമ്മദ് നബി(സ)യെ അടിക്കാൻ ഉപയോഗിക്കുന്ന വലിയൊരു വടിയാണിത്. പെണ്ണിന്റെ ആത്മാവിഷ്‌കാരത്തിനും അവളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും വ്യക്തിത്വ രൂപീകരണത്തിനും അത് തടസ്സമാണ് എന്നും, ശൈശവ വിവാഹത്തിനുള്ള ഇസ്ലാമിന്റെ പ്രോത്സാഹനമായി പരിഗണിക്കാവുന്നതാണ് മുഹമ്മദിന്റെ ഈ ചെയ്തി എന്നും, അദ്ദേഹമൊരു ബാലപീഢകനായിരുന്നു എന്നും അവർ വാദിക്കുന്നു. മുഹമ്മദ് മാതൃകാപുരുഷനാണെങ്കിൽ ഇത്തരം വിവാഹങ്ങളിലൂടെ എന്ത് സന്ദേശമാണ് അദ്ദേഹം അനുയായികൾക്ക് നൽകുന്നത്?, വൃദ്ധനായിരുന്ന അദ്ദേഹം ഒരു പീഢോഫീലിയായിരുന്നതുകൊണ്ടല്ലേ ഇങ്ങനെയൊരു ശൈശവ വിവാഹത്തിന് മുതിർന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളും അവരുന്നയിക്കാറുണ്ട്.

പ്രവാചകന്റെയോ സ്വഹാബത്തിന്റെയോ കാലത്ത് ഒരാളും വിമർശനമായി ഉന്നയിച്ചിട്ടില്ലാത്തതും, ഈയടുത്ത കാലത്ത് മാത്രം കാര്യമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതുമായ ഒരു വിഷയമാണിത്. മുഹമ്മദ് നബി(സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ച് കൂടുതൽ വൈകാതെത്തന്നെ ഇസ്ലാം വിരോധികളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. നബിതിരുമേനിയുമായും അവിടുത്തെ ഭാര്യമാരുമായും ബന്ധപ്പെട്ട പല വിഷയങ്ങളും അവർ വിവാദമാക്കിയപ്പോഴും ആഇശ(റ)യുടെ വിവാഹ പ്രായം അവരൊരു പ്രശ്നമായി കണ്ടിട്ടേയില്ലായിരുന്നു. എന്നിട്ടും ഇക്കാലത്ത് ചിലർ അതൊരു വിവാദമാക്കുന്നെങ്കിൽ അവരുടെ ഉദ്ദേശ്യം മറ്റുചിലതാകാനേ തരമുള്ളൂ!

നബി(സ) വിവാഹം ചെയ്യുമ്പോൾ ആഇശ(റ)ക്ക് ആറു വയസ്സ് ആയിരുന്നെന്നും ദാമ്പത്യം ആരംഭിക്കുന്നത് ഒമ്പതാം വയസ്സിലാണ് എന്നും ആഇശ(റ) തന്നെ പറഞ്ഞത് സ്വഹീഹ് ബുഖാരിയിലും (ഹദീസ് നമ്പർ 4840) മുസ്‌ലിമിലും (ഹദീസ് നമ്പർ 1422) കാണാം. അത് കേവലം ഒരാളുടെ അനുമാനമോ മറ്റു സംഭവങ്ങൾ വെച്ചുകൊണ്ടുള്ള കണക്കുകൂട്ടലോ പണ്ഡിതാഭിപ്രായമോ അല്ലെന്ന് വ്യക്തം. അതിനാൽതന്നെ പ്രസ്തുത അഭിപ്രായത്തെ നാമും മുഖവിലക്കെടുക്കുന്നു. മുസ്‌ലിം ലോകത്ത് ഇന്നേവരെ ഈ വിഷയത്തിൽ കാര്യമായ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. അഥവാ അവർ ഇജ്മാഓടുകൂടി അത് സ്വീകരിച്ചിരുന്നു. ഇമാം ഇബ്നു കസീർ പറയുന്നു: “ആഇശയെ ആറാം വയസ്സിൽ വിവാഹം ചെയ്തുവെന്നും ഒമ്പതാം വയസ്സിൽ വീട്ടിൽ കൂടിയെന്നുമുള്ള കാര്യത്തിൽ ജനങ്ങൾക്കിടയിൽ യാതൊരു തർക്കവുമില്ല. നിശ്ചയം അത് സ്വഹീഹുകളിലും അല്ലാത്തതിലും സ്ഥിരപ്പെട്ടിരിക്കുന്നു. (അൽബിദായ വന്നിഹായ 3/161)

Also read: അമേരിക്ക- ബൈഡനെ അനുമോദിക്കാൻ ചിലർക്ക് മടി..

ഇമാം ഇബ്നു അബ്ദുൽ ബർറ് തൻറെ അൽ ഇസ്തിദ്കാർ, അൽ ഇസ്തീആബ് എന്നീ കിതാബുകളിലും ഇതേ ഇജ്മാഅ് ഉദ്ധരിക്കുന്നുണ്ട്. ഇതിനെതിരെ ഒരു ദുർബലമായ റിപ്പോർട്ട്‌ പോലും ആർക്കും വാദിക്കാൻ വേണ്ടി പോലും ഉദ്ധരിക്കാൻ കഴിയില്ല. അങ്ങനെയൊരു വാദം പോലും മുസ്‌ലിം ലോകത്ത് പരിഗണനീയമായ ആരും ഇന്നുവരെ പറഞ്ഞിട്ടുമില്ല. മുസ്‌ലിം ലോകം ഒന്നടങ്കം ഒരു തെറ്റിൽ ഒരിക്കലും ഒന്നിക്കുകയില്ല എന്നത് പ്രവാചകൻ തന്നെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. ആഇശ ജനിച്ചത്‌ നുബുവ്വത്തിന് ശേഷമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. (സിയറു അഅലാമിന്നുബലാഅ് 2/139) ഇമാം ഇബ്നു ഹജർ പറയുന്നു: “അവരുടെ ജനനം ഹിജ്റക്ക് എട്ട് വർഷം മുമ്പോ ഏതാണ്ട് അതിനോടടുത്ത കാലത്തോ ആയിരുന്നു. അവർക്ക് 18 വയസ്സുള്ളപ്പോൾ നബി(സ) വഫാത്തായി.” (ഫത്ഹുൽബാരി 7/107)

നുബുവ്വത്തിൻറെ നാല് അല്ലെങ്കിൽ അഞ്ച് വർഷം കഴിഞ്ഞാണ് ആഇശ ജനിക്കുന്നത്. റസൂൽ(സ) വഫത്താകുമ്പോൾ 18 വയസ്സായിരുന്നു അവരുടെ പ്രായം. അപ്പോൾ 63-18 = 45 വയസ്സിൻറെ വ്യത്യാസമാണ് നബിയും ആയിഷ ബീവിയും തമ്മിൽ ഉള്ളത്. അഥവാ അവർ ജനിച്ചത്‌ നുബുവ്വത്തിൻറെ അഞ്ചാം വർഷത്തിന് ശേഷമാണ്‌. ഇതൊക്കെയും അവർ തമ്മിൽ വിവാഹം ചെയ്തത് ആറു വയസ്സിൽ (അഥവാ എഴിനോടടുത്ത പ്രായത്തിൽ ആണെന്ന് വ്യക്തമാക്കുന്നു.)

അതേസമയം, വൈജ്ഞാനികമായ ഒരു ചരിത്ര ഗവേഷണം എന്ന നിലക്ക്, ഈയടുത്ത കാലത്ത് സജീവ ചർച്ചയായ മറ്റൊരു നിരീക്ഷണം കൂടിയുണ്ട്. അതുപ്രകാരം നബി(സ) ആഇശ(റ)യെ വിവാഹം കഴിക്കുമ്പോൾ അവരുടെ പ്രായം പതിനെട്ടായിരുന്നു എന്നാണ് വന്നുചേരുക. (അതാണ് ശരിയെങ്കിൽ, ഈ വിഷയത്തിൽ ക മ എന്നൊരക്ഷം ഉരിയാടാനുള്ള അവകാശം പോലും ഇസ്‌ലാം വിമർശകർക്ക് ഉണ്ടായിരിക്കില്ലെന്ന് മാത്രമല്ല, ഇത്തരം ചർച്ചകൾ തന്നെ അസ്ഥാനത്താവുകയും ചെയ്യും.) താരിഖ് സുവൈദാനെപ്പോലുള്ള ആധുനിക കാലത്തെ ചില ചിന്തകരും ചരിത്ര ഗവേഷകരുമാണ് ഇത്തരത്തിലുള്ള ചർച്ച മുന്നോട്ടുവെച്ചിട്ടുള്ളത്‌. പ്രബലമായ ഹദീസുകളെയും മുസ്‌ലിം ലോകം ഇത്രയും കാലം അംഗീകരിച്ചുവന്ന വസ്തുതകളെയും വിട്ട് ചില ചരിത്ര റിപ്പോർട്ടുകളെയും ഊഹങ്ങളെയും അപക്വമോ അപൂർണമോ ആയ വായനയേയും അവലംബിക്കുന്നു എന്ന വിമർശനം അതിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവർ മുന്നോട്ടുവെക്കുന്ന ചില ന്യായങ്ങളും ചരിത്രപരവും കാലഗണനാപരവുമായ ചോദ്യങ്ങളും പ്രസക്തവും ചിന്തോദ്ദീപകവുമാണ് എന്നാണ് ഈ ലേഖകൻ മനസ്സിലാക്കുന്നത്. അതുസംബന്ധമായ വിശകലനത്തിലേക്ക് കടന്നാൽ ഈ കുറിപ്പ് വല്ലാതെ ദീർഘിച്ചുപോകുമെന്നതിനാൽ ആഇശ(റ)യുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യവേ സയ്യിദ് സുലൈമാൻ നദ് വി പറഞ്ഞുവെച്ച ചില കാര്യങ്ങൾ എടുത്തുചേർത്തുകൊണ്ട് തദ്സംബന്ധമായ ചർച്ച ഇവിടെ ചുരുക്കുന്നു:

Also read: ട്രംപും ബൈഡനും നല്‍കുന്ന സന്ദേശം

“ആഇശയുടെ ജനനത്തിയ്യതിയെ സംബന്ധിച്ച് ചരിത്രഗ്രന്ഥങ്ങൾ പൊതുവേ മൌനം ദീക്ഷിച്ചതായാണ് കാണുന്നത്. പ്രവാചകത്വലബ്ധിയുടെ നാലാം വർഷത്തിൻറെ ആരംഭത്തിൽ ആഇശയുടെ ജനനവും 10-ം വർഷത്തിൽ- ആറാം വയസ്സിൽ- വിവാഹവും നടന്നുവെന്ന് ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാൻ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാൽ നുബുവ്വത്തിൻറെ നാലാം വർഷത്തിൻറെ ആരംഭത്തിൽ ജനിച്ചുവെന്ന് അംഗീകരിച്ചാൽ നുബുവ്വത്തിൻറെ 10-ം വർഷത്തിൽ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വർഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വർഷം ശവ്വാലിൽ മധുവിധുവും നടന്നു. 18-ം വയസ്സിൽ, അതായത് ഹിജ്റ 11റബീ ഉൽ അവ്വലിൽ വിധവയുമായി. സർവ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിൻറെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തിൽ നുബ്ബുവത്തിൻറെ അഞ്ചാം വർഷത്തിൻറെ അന്ത്യം, അതായത് ഹിജ്റയുടെ ഒമ്പത് വർഷം മുമ്പ് ശവ്വാൽ (ക്രി.വ. 614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം.”

 

“ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വർഷം മുമ്പാണെന്നും മൂന്നു വർഷം മുമ്പാണെന്നും രണ്ടര വർഷം മുമ്പാണെന്നും ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വർഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വർഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോർട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ. ഖദീജ നുബുവ്വത്തിൻറെ പത്താം വർഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വർഷം മുമ്പ്‌ റമദാനിൽ അന്തരിച്ചു. അതേ വർഷം ഒരു മാസം കഴിഞ്ഞ് ശവ്വാലിൽ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വർഷം മുമ്പ് ശവ്വാലിൽ- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വർഷത്തിനു ശേഷം ഒൻപതാം വയസ്സിലാണ് ഭാര്യാഭർതൃബന്ധങ്ങൾ ഉണ്ടായത്.” (‘ഉമ്മുൽ മുഅ്മിനീൻ ആഇശ’ പുറം 28,33,34)

ഈ പുസ്തകത്തിൻറെ 32-മത്തെ പേജിൽ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നൽകിയിട്ടുമുണ്ട്: “ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേർന്നതല്ലെന്ന് ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകൾ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാൻ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിൻബലം നൽകുന്ന ഒരക്ഷരം പോലും ലഭ്യമല്ല.”

നബി(സ) ആയിശ(റ)യെ വിവാഹം ചെയ്തതിന് പിന്നിൽ ദൈവികമായ ഇടപെടലും മതപരവും രാഷ്ട്രീയവുമായ പല താൽപര്യങ്ങളും ഉണ്ടായിരുന്നു. ആഇശയുമായുള്ള വിവാഹത്തിന് മുമ്പ് നബി(സ) കണ്ട ഒരു സ്വപ്നത്തെ സംബന്ധിച്ച് ഹദീസുകളിൽ പരാമർശമുണ്ട്. പട്ടുവസ്ത്രത്തിൽ പൊതിഞ്ഞ ഒരു വസ്തു ഒരു മലക്ക് പ്രവാചകന്റെ മുമ്പാകെ കൊണ്ടുവെച്ചു. അതെന്താണെന്ന് നബി(സ) മലക്കിനോട് ചോദിച്ചു. ‘താങ്കളുടെ പത്നി’ എന്നായിരുന്നു മലാക്കിന്റെ മറുപടി. അവിടന്ൻ അത് തുറന്നുനോക്കിയപ്പോൾ കണ്ടത് ആഇശയെയായിരുന്നു. (ബുഖാരി, മനാഖിബു ആഇശ)

ആഇശയുടെ നന്നേ ചെറുപ്പത്തിൽ നടന്ന ഈ വിവാഹത്തിന്റെ പല ഉദ്ദേശ്യങ്ങളിലൊന്ന് നുബുവ്വത്തിന്റെയും ഖിലാഫത്തിന്റെയും ഇടയിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു. പ്രവാചകനോടൊപ്പം അവർ ദാമ്പത്യജീവിതമാരംഭിച്ചതോടെ പ്രവാചകനും(സ) അബൂബക്കറും(റ) തമ്മിലുള്ള ആത്മബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുകയും, ആത്മസുഹൃത്തുക്കൾ കുടുംബ ബന്ധുക്കൾ കൂടിയാവുകയും ചെയ്തു. ഇരുവരും ആഗ്രഹിച്ചതും അതുതന്നെ.

പ്രവാചക ജീവിതത്തെ, വിശിഷ്യാ ദാമ്പത്യപരവും കുടുംബപരവും ഗാർഹികപരവുമായ വശങ്ങളെ കുറിച്ച പ്രവാചക പാഠങ്ങൾ ഒപ്പിയെടുത്ത് സമൂഹത്തിന് പൊതുവായും സ്ത്രീകൾക്ക് പ്രത്യേകമായും പകർന്നുനൽകാൻ ബുദ്ധിയും തൻറേടവുമുള്ള ഒരു സ്ത്രീയെ തന്റെ ഭാര്യയായി വളർത്തിക്കൊണ്ടുവരിക എന്നതായിരുന്നു മറ്റൊരു ഉദ്ദേശ്യം. അല്ലാഹുവിന്റെ തന്നെ തീരുമാനമായിരുന്നു അത് എന്ൻ മുകളിലൂദ്ധരിച്ച ഹദീസിൽനിന്ൻ മനസ്സിലാക്കാവുന്നതാണ്. ആഇശ(റ)യുടെ കിടയറ്റതും മാതൃകാപരവുമായ ജീവിതത്തിലൂടെ അത് യാഥാർഥ്യവുകയും ചെയ്തു. പ്രവാചക ജീവിതത്തെ പച്ചയായി ഒപ്പിയെടുത്ത് ഇസ്‌ലാമിക സമൂഹത്തിന് വിശദീകരിച്ചുകൊടുക്കുന്നതിൽ മിടുക്കിയായിരുന്നു അവർ. പ്രവാചകന്റെ ഭാര്യ എന്നതോടൊപ്പം വരും തലമുറകളുടെ അധ്യാപിക എന്ന നിലക്കും അവർ പരിഗണിക്കപ്പെട്ടത് അങ്ങനെയാണ്. ചെറുപ്പകാലം മുതലേ പ്രവാചകർക്കൊപ്പമുണ്ടായിരുന്നതിനാൽ സ്ത്രീകളുമായി ബന്ധപ്പെട്ട മതവിധികളധികവും രേഖപ്പെടുത്തപ്പെട്ടത് ആഇശ(റ)യിലൂടെയാണ്.

Also read: കൊടും ക്രൂരതയുടെ പര്യായമായ വംശവെറി

ചരിത്രത്തിൽ ഏതൊരു നേതാവിന്റെ ഭാര്യമാരെക്കുറിച്ച് പഠിച്ചു നോക്കിയാലും ആഇശ(റ)യുടെ അത്ര പാണ്ഡിത്യവും കഴിവും ഉള്ളവരെ വേറെ കണ്ടെത്തുക പ്രയാസമായിരിക്കും. ഖുർആനിലും ഫിഖ്ഹിലും ഇതര ഇസ്ലാമിക വിജ്ഞാനീയങ്ങളിലും വളരെയധികം അവഗാഹമുള്ള സ്ത്രീയായിരുന്നു അവർ. പ്രമുഖരായ പല സ്വഹാബികളും മതവിജ്ഞാന വിഷയത്തിൽ മഹതിയുടെ ശിഷ്യന്മാരായിരുന്നു. ‘ആ ആയതിന്റെ ഉദ്ദേശ്യം അതല്ല, ഈ ഹദീസ് പ്രവാചകൻ പറയാനുണ്ടായ സാഹചര്യമിതാണ്’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് പ്രഗൽഭരായ പല സ്വഹാബികളെയും അവർ തിരുത്തിയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അബൂഹുറൈറ(റ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹദീസുകൾ -2210- റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും അവരിൽ നിന്നാണ്. മഹതിക്ക്‌ പതിനെട്ട് വയസ്സ് പ്രായമായിരിക്കുമ്പോഴാണ് പ്രവാചകൻ ഇഹലോകവാസം വെടിഞ്ഞത്. അത്രയും ചെറുപ്പത്തിലാണ് അവർ തലമുറകളുടെ ഗുരുനാഥയാകാനുള്ള അറിവ് ആർജിച്ചത്.

ചെറുപ്രായത്തിലേ നടന്ന വിവാഹം ആഇശ(റ)യുടെ വളർച്ച മുരടിപ്പിക്കുകയോ, അവളുടെ ആത്മാവിഷ്‌കാരത്തിനും വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും വ്യക്തിത്വ രൂപീകരണത്തിനും തടയിടുകയോ അല്ല, അവയെ പരിപോഷിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്ൻ ഇത്രയും വിശദീകരിച്ചതിൽനിന്ൻ വ്യക്തം. വിവാഹാനന്തരം അവരും പ്രവാചകനും തമ്മിലുണ്ടായിരുന്ന പ്രണയാനുരാഗം കണ്ടാൽ തനിക്കും അതുപോലൊരു ദാമ്പത്യജീവിതം ലഭിച്ചിരുന്നെങ്കിൽ എന്നേ ഏതൊരു സ്ത്രീയും കൊതിക്കൂ! ആഇശ(റ)യുടെ വിവാഹപ്രായവുമായി ബന്ധപ്പെടുത്തി പ്രവാചകനെതിരെ തികച്ചും അമാന്യവും അശ്ലീലം നിറഞ്ഞതുമായ ശൈലിയിൽ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന നാസ്തികരുടെ മുഴുവൻ ആരോപണങ്ങളും ഇവിടെ ധൂളിയാകുന്നു!

നാസ്തികരിൽ പലരുടെയും മതവിമർശനത്തിന്റെ ജീവവായു ആഇശ(റ)യുടെ വിവാഹപ്രായമായിരിക്കെത്തന്നെ യുക്തിവാദി നേതാവായ സി രവിചന്ദ്രന് പ്രസ്തുത വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണുള്ളതെന്ൻ കാണാം. പ്രവാചകൻ മുഹമ്മദി(സ)നെതിരെ ഇത്തരം വിമർശനങ്ങളുമായി നടക്കുന്നവർക്കാണ് കുഴപ്പം എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്! ഈ വിഷയത്തിൽ ഒരു പ്രഭാഷണ മധ്യേ അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെ: ‘അന്ന് മുഹമ്മദ് ചെയ്ത ഈ കാര്യങ്ങളൊക്കെ തന്നെ ഒരിക്കലും അന്നത്തെ കാലഘട്ടത്തിൽ മോശമല്ല. ഇപ്പോൾ ആഇശയുടെ കഥയൊക്കെ ചിലർ എടുത്തുപറയാറുണ്ട്. ആഇശയെ ആറു വയസ്സിൽ കല്യാണം കഴിച്ചു, ഒമ്പത് വയസ്സിൽ വിവാഹ ജീവിതം ആരംഭിച്ചു എന്നൊക്കെ. അതൊന്നും അന്നത്തെ കാലത്ത് ഒരു വിഷയമേയല്ല… ഒരു കാലഘട്ടത്തിൽ അത് പ്രശ്നമല്ല. ഇപ്പോൾ മഹാത്മാ ഗാന്ധിയെ കുറിച്ച്, നിങ്ങൾ ചൈൽഡ് മാരേജ് നടത്തിയ ആളാണ്‌ പ്ഹൂ എന്ന് പറയുന്നവരുണ്ടെങ്കിൽ അവർക്കാണ് കുഴപ്പം! കാരണം അന്ന് അതൊരു മായിരുന്നില്ല. ഓരോ കാലഘട്ടത്തിലും അങ്ങനെയുള്ള ആളുകൾ ചെയ്തിട്ടുണ്ടാവും. അതുവെച്ച് ഇന്നത് വലിച്ചിഴച്ച് കൊണ്ടുവന്ന് ചർച്ച നടത്തുന്നതിൽ ഒരു കാര്യവുമില്ല.’’

ഇത്രയേ നാമും പറയുന്നുള്ളൂ. ആയിശ(റ)യുടെ വിവാഹ പ്രായം വിവാദമാക്കുന്ന ഇഎ ജബ്ബാറും ജാമിദ ടീച്ചറും നാസർ മാവൂരാനും സയ്ദ് മുഹമ്മദ് ആനക്കയവും ഉൾപ്പെടെയുള്ള യുക്തിവാദികളാണ് കുഴപ്പക്കാർ. ഇനിയും നേരംവെളുക്കാത്തവരാണവർ. എന്തെന്നാൽ, പ്രവാചകൻ മുഹമ്മദ്‌ നബി(സ) ജീവിച്ചിരുന്ന കാലത്ത്‌ പെൺകുട്ടികളെ, അവരുടെ വളർച്ചയനുസരിച്ച് ചെറുപ്പത്തിലേ വിവാഹം കഴിച്ചയക്കാറുണ്ടായിരുന്നു. ആയിശ(റ)ക്ക് തന്നെ മുഹമ്മദ്‌ നബി(സ) അവരെ വിവാഹം കഴിക്കുന്നതിനു മുമ്പ് വേറെയും വിവാഹാലോചനകൾ വന്നിരുന്നു. അതെ, മുഹമ്മദ്‌ നബി(സ), തന്റെ കാലത്ത് നിലവിലിരുന്ന രീതി പ്രകാരം ആയിശ(റ)യെ ആറാം വയസ്സിൽ നികാഹ് ചെയ്തു. ഒമ്പതാം വയസ്സിലെത്തിയപ്പോൾ അവരുമൊത്തുള്ള കുടുംബ ജീവിതം ആരംഭിക്കുകയും ചെയ്തു. അതും ആയിശ(റ)യുടെ പിതാവും തന്റെ ഉറ്റ ചങ്ങാതിയുമായ അബൂബക്റി(റ)ൻറെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും താൽപര്യ പ്രകാരം. അന്നോ പിന്നീടെപ്പോഴെങ്കിലുമോ ആഇശ(റ) അതിൽ യാതൊരു വിമ്മിഷ്ടവും പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇഹലോകവും അതിലുള്ള സകലതും തനിക്ക് ലഭിച്ചതുപോലെയായിരുന്നു അവരുടെ അനുഭവം. അത്രമാത്രം സന്തോഷപ്രദവും മാതൃകാപരവുമായിരുന്നു ആ ദാമ്പത്യം.

വസ്തുത ഇതായിരിക്കെ, പെൺകുട്ടിക്കോ അവളുടെ മാതാപിതാക്കൾക്കോ ഒരു പ്രശ്നവുമില്ലാത്ത, അവർക്ക് സന്തോഷവും ആഹ്ലാദവും മാത്രം പ്രദാനം ചെയ്ത ഒരു വിവാഹത്തെ ഇന്നിപ്പോൾ ചിലർ വിവാദമാക്കുന്നെങ്കിൽ അത് അവരുടെ മനസ്സിൽ അടിഞ്ഞുകൂടിയ ഇസ്ലാം വിരുദ്ധതയുടെ ബഹിർസ്ഫുരണമല്ലാതെ മറ്റെന്ത്? ആഇശ(റ)യെ പ്രവാചകൻ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലെ പരസ്പര വിരുദ്ധമായ യുക്തിവാദി നിലപാടുകളിൽനിന്ൻ മറ്റൊരു കാര്യംകൂടി വ്യക്തം: ഇസ്‌ലാം വിമർശനത്തിൽ യുക്തിവാദികൾ ഒരിക്കലും ഏകാഭിപ്രായക്കാരല്ല, ഓരോരുത്തരും അവരവരുടെ അൽപ യുക്തിക്ക് തോന്നുന്നതുവെച്ച് ഇസ്‌ലാമിനെതിരെ എഴുന്നള്ളും. അതിലെ ന്യായാന്യായതകളെ കുറിച്ചൊക്കെ പിന്നെയാണ് ചിന്തിക്കുക. അന്നേരം, തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അബദ്ധമാണ് എന്ന് ബോധ്യപ്പെട്ടാലും തിരുത്താതെ പറഞ്ഞുപോയതിൽ കടിച്ചുതൂങ്ങും അവർ!

Also read: പരീക്ഷണങ്ങളിലെ ആത്മീയതയും ഇസ്‌ലാമും

മുഹമ്മദ് നബി(സ) ആഇശ(റ)യെ നികാഹ് ചെയ്തത് ആറാം വയസ്സിലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഒമ്പതാം വയസ്സിലും ആയതുകൊണ്ട് മുസ്ലിംകളെല്ലാം അതനുസരിച്ച് ആ പ്രായത്തിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നോ, അതിൽ പ്രത്യേക പുണ്യമുണ്ടെന്നോ ഉള്ള നിയമം ഇസ്‌ലാമിലില്ല. പ്രവാചകൻറെ ഈ വിവാഹത്തിൽനിന്ന് ഒരു സ്വഹാബിയും അങ്ങനെ മനസ്സിലാക്കിയിട്ടില്ല. അന്നോ ഇന്നോ ഒരു മുസ്‌ലിമും അങ്ങനെ വാദിക്കുന്നുമില്ല. വിധവകളെയും നിരാലംബരേയും പ്രായാധിക്യം ബാധിച്ച സ്ത്രീകളെയും മുഹമ്മദ്‌ നബി(സ) വിവാഹം ചെയ്തിട്ടുണ്ടല്ലോ. അതിന്റെ കാര്യവും ഇങ്ങനെത്തന്നെ. അഥവാ, പ്രവാചകൻ അങ്ങനെ ചെയ്തതുകൊണ്ട് എല്ലാ മുസ്‌ലിംകളും വിധവകളെ, നിരാലംബരെ, തന്നേക്കാൾ പ്രായമുള്ള സ്ത്രീകളെ വിവാഹം ചെയ്യണം, അതാണ്‌ വിവാഹത്തിൻറെ കാര്യത്തിൽ അനുധാവനം ചെയ്യേണ്ട പ്രവാചക ചര്യ എന്നൊരു നിയമം ഇസ്‌ലാമിലില്ല. വിധവകളെയും അനാഥരെയും അഗതികളെയും സംരക്ഷിക്കേണ്ടത് അനിവാര്യം തന്നെ. അതിനുള്ള പല വഴികളും പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നു. മുസ്ലിംകൾ അത് അനുധാവനം ചെയ്യുന്നുണ്ട്. സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരാൾ വിവാഹത്തെയും അതിനുള്ള വഴിയായി കാണുന്നെങ്കിൽ അത് നല്ലതുതന്നെ. അതേസമയം അനാഥ / അഗതി കുഞ്ഞുങ്ങളെ അവരുടെ ശൈശവത്തിൽ വിവാഹം ചെയ്ത് സംരക്ഷിക്കുക എന്നൊരു നിർദേശം ഇസ്ലാമിൽ ഉള്ളതായി കാണുക സാധ്യമല്ല.

ഇസ്ലാമിൽ വിവാഹബന്ധം തുടങ്ങാനുള്ള ഔദ്യോഗിക പ്രായം ഇത്ര വയസ്സ് തികയുക എന്നതല്ല, പ്രായപൂർത്തി അഥവാ റുശ്ദ് (വിവേകം, പക്വത) എത്തുക എന്നതാണ്. (ഖുർആൻ: 4:6) ലൈംഗികതയുടെ പ്രായം ബയോളജിയാണ് നിശ്ചയിക്കുന്നത്, ഇസ്ലാം അക്കാര്യത്തിൽ ഇടപ്പെട്ടിട്ടില്ല, അതിന്റെ ആവശ്യവുമില്ല. ചിലർക്ക് ശാരീരികമായി പ്രായപൂർത്തിയായാലും ബുദ്ധിപരമായും പക്വതയിലും പാകതയിലും പ്രായപൂർത്തിയായിക്കൊള്ളണമെന്നില്ല. ബുദ്ധിപരമായി പ്രായപൂർത്തിയായാലും ശാരീരികമായി അതിലേക്ക് എത്താത്തവരുമുണ്ടാകും. ഇസ്ലാമിലെ വിവാഹം ലൈംഗിക ചോദനക്ക് പരിധി നിശ്ചയിക്കുകയല്ല, മറിച്ച് ആ ചോദനക്ക് ധാർമ്മികവും ആരോഗ്യകരവുമായ കുടുംബ സാമൂഹിക സംവിധാനത്തിന്റെ ചട്ടക്കൂട് നിർണ്ണയിക്കുകയാണ് ചെയ്യുന്നത്. വൈവാഹിക ബന്ധത്തിന്റെ പകുതി സാമൂഹികവും ധാർമ്മികവും മറ്റേ പാതി ലൈംഗികതയുമാണ്. വൈവാഹിക ലൈംഗികത പ്രായപൂർത്തിയായതിന് ശേഷമേ പാടുള്ളൂ. വിവാഹ പ്രായത്തിന് ഇസ്‌ലാമിൽ പരിധി നിർണയിച്ചിട്ടില്ലാത്തതിനാൽ, ആത്യന്തികമായി അത് വധുവിന്റെ പിതാവും സമൂഹവും ആ സമൂഹത്തിന്റെ നാട്ടുനടപ്പും അനുസരിച്ച് മാറാവുന്നതും അത്യാവശ്യമെങ്കിൽ ഭരണാധികാരിക്ക് പരിധി നിർണയിക്കാവുന്നതുമാണ്. പതിനെട്ട് വയസ്സ് എന്ന നമ്മുടെ രാജ്യത്തെ നിയമത്തെ മുസ്‌ലിംകൾ ചോദ്യം ചെയ്യാത്തതും അതുകൊണ്ടു തന്നെ. അതേസമയം ചിലരുടെ ലൈംഗിക ചോദനകൾ അതിനെ മറികടക്കാം എന്നതുകൊണ്ടുതന്നെ അത് പ്രകടിപ്പിച്ച് തുടങ്ങിയാൽ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ശാരീരികമായോ സാമ്പത്തികമായോ അതിന് കഴിയില്ലെങ്കിൽ നോമ്പെടുക്കണം. വിശപ്പ്, ലൈംഗിക ചോദനയേക്കാൾ ശക്തമായത് കൊണ്ട് എതിർ ലിംഗത്തോട് തോന്നുന്ന ആകർഷണം ഇല്ലാതാവുന്നത് കൊണ്ടാണിത്.

പ്രവാചകൻ പീഡോഫീലിയാണെന്നതാണല്ലോ മറ്റൊരാരോപണം. എല്ലാവിധ ലൈംഗിക അരാജകത്വങ്ങൾക്കുമെതിരെ ശബ്ദിച്ച മഹാനായ പ്രവാചകനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു ചിന്ത പോലും തീർത്തും അസംബന്ധവും അചിന്ത്യവുമാണ്. കൂടാതെ വസ്തുതാപരമായ അബദ്ധവും അതിലടങ്ങിയിരിക്കുന്നു. കുട്ടികളോട് മാത്രം ലൈംഗിക വികാരം തോന്നുന്ന ഒരു ലൈംഗിക വൈകൃതമാണ് പീഡോഫീലിയ. അവർക്ക് ബാല്യം വിട്ട മനുഷ്യരോട് ഒരു വികാരവും തോന്നില്ല. ആദ്യമേ മറ്റു വിവാഹങ്ങൾ കഴിക്കുകയോ, വിവാഹ മോചിതനോ ആയ ഒരാൾ ഒരു ചെറിയ പെൺകുട്ടിയെ, അവളുടെയും വീട്ടുകാരുടെയും സമ്മതത്തോടെയും തൽപര്യത്തോടെയും ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിത സഖിയാക്കുന്നത് ഒരിക്കലും പീഡോഫീലിയ അല്ല. കാരണം പീഡോഫീലുകൾ വിവാഹം കഴിക്കാറില്ല, മാത്രമല്ല അവർക്ക് നിത്യേന പുതിയ കുട്ടികളെ ലൈംഗിക വേഴ്ചക്കായി കിട്ടിക്കൊണ്ടിരിക്കുകയും വേണം. ഇത്തരമൊരവസ്ഥ മുഹമ്മദ് നബി(സ)ക്ക് ഉണ്ടായിരുന്നില്ലെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽതന്നെ പ്രവാചകനെതിരായ ഇത്തരം ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്.

Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം

എല്ലാ കാര്യത്തിലും പ്രവാചകൻ മാതൃകയായത് പോലെ വിവാഹത്തിലും മാതൃകയാണ്. ആ രംഗത്തും പ്രവാചക അധ്യാപനങ്ങൾ അനുസരിക്കൽ നിർബന്ധമാണ്. വൈവാഹിക ജീവിതം നയിക്കുക, വധുവും വരനും അടുത്ത രക്തബന്ധമുള്ളവർ അല്ലാതിരിക്കുക, വിവാഹം മനുഷ്യ സ്ത്രീയും മനുഷ്യ പുരുഷനും തമ്മിലായിരിക്കുക, ഇണ ബഹുദൈവവിശ്വാസിയാകാതിരിക്കുക, സ്വന്തം പിതാവോ മാതാവോ മക്കളോ വിവാഹം കഴിച്ചവരെ വിവാഹം കഴിക്കാതിരിക്കുക, ദീനീ ബോധമുള്ളവരെ ഇണയായി തെരഞ്ഞെടുക്കുക, ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുക, അവരുടെ പ്രായവും താൽപര്യവും പരിഗണിക്കുക, വീട്ടുജോലികളിൽ അവരെ സഹായിക്കുക, ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ അവർക്കിടയിൽ നീതി പാലിക്കുക… എന്നതൊക്കെയാണ് പ്രവാചകന്റെ വൈവാഹിക ജീവിതത്തിൽ സമൂഹത്തിനുള്ള മാതൃക. ആഇശ(റ)യുമായുള്ള വിവാഹത്തിലും അത് തെളിഞ്ഞുകാണാം. അല്ലാതെ ശൈശവ വിവാഹമോ വിധവാ വിവാഹമോ, തന്നേക്കാൾ പ്രായമുള്ള സ്ത്രീയെ ഇണയാക്കലോ, പതിനൊന്ന് വിവാഹം കഴിക്കലോ മറ്റോ അല്ല പ്രവാചകൻറെ വിവാഹങ്ങളിൽ നമുക്കുള്ള മാതൃക.

ആഇശ(റ)യെ നബി(സ) വിവാഹം കഴിച്ചത് ശൈശവ വിവാഹത്തിനുള്ള പ്രോത്സാഹനമാണെന്ൻ വാദിക്കുന്ന പക്ഷം, നബി(സ)യുടെ ഭാര്യമാരിൽ മിക്കവരും വിധവകളായിരുന്നതിനാൽ വിധവാവിവാഹമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്, മുസ്ലിംകൾ എല്ലാവരും പിന്തുടരേണ്ടത് അതാണ് എന്നും വാദിക്കേണ്ടിവരും! തന്റെ ആത്മമിത്രമായ അബൂബക്റി(റ)ൻറെ മകൾ ആഇശ(റ)യെ ചെറിയ പ്രായത്തിൽ നബി(സ) വിവാഹം ചെയ്തത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. സ്വഹാബികളാരും അതിന്റെ അടിസ്ഥാനത്തിൽ ശൈശവ വിവാഹത്തെ നബിചര്യയായി ഗണിക്കുകയോ ആ മാർഗം പിന്തുടരാൻ താൽപര്യം കാണിക്കുകയോ ചെയ്തിട്ടില്ല. ശാരീരികമായ പ്രായപൂർത്തിക്ക് മുമ്പ് സ്ത്രീകളെയോ പുരുഷന്മാരെയോ വിവാഹ ബന്ധത്തിൽ ഏർപ്പെടുത്തുന്നത് ഇസ്ലാമിക മാതൃകയായി പ്രമാണികരായ മുസ്ലിം പണ്ഡിതന്മാരാരും ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഇതിൽനിന്ന് വ്യത്യസ്തമായി എവിടെയെങ്കിലും പ്രാദേശികമായ വല്ല നാട്ടുനടപ്പുമുണ്ടെങ്കിൽ അത് ഇസ്ലാമിന്റെ കണക്കിൽ ചേർക്കേണ്ടതല്ല. വിമർശകരിൽ ചിലർ അങ്ങനെ ചെയ്യുന്നത് ആശയപരമായി ഇസ്ലാമിനെ വിമർശിക്കാൻ കഴിയാത്ത അവരുടെ നിസ്സഹായതകൊണ്ടാണ്.

വസ്തുത ഇതായിരിക്കെ, ഇനിയും ‘എല്ലാ വിഷയത്തിലും പ്രവാചകനെ മാതൃകയാക്കേണ്ടതുണ്ട് എന്നാണല്ലോ ഇസ്ലാമിക നിയമം, എന്നിട്ടും ശൈശവ വിവാഹത്തെ അതിൽനിന്ൻ മാറ്റിനിറുത്തുന്നത് എന്തുകൊണ്ട്’ എന്ൻ ചോദിക്കുന്നവരോട് പറയാനുള്ളതിതാണ്: നിങ്ങൾ ആദ്യം ഒരു മരുഭൂമിയിൽ പോവുക. അവിടെ ഒട്ടകം, കുതിര എന്നിവ വാഹനമാക്കുക. 25 വയസ്സുവരെ കാത്തിരിക്കുക. എന്നിട്ട് 40 വയസ്സുള്ള വിധവയായ സ്വന്തം മുതലാളി ഇങ്ങോട്ട് വിവാഹാഭ്യർത്ഥന നടത്തുന്നത് വരെ വിവാഹം കഴിക്കാതിരിക്കുക. ആ ഭാര്യയുടെ മരണ ശേഷം വൃദ്ധയായ മറ്റൊരു വിധവയെ വിവാഹം കഴിക്കുക. ശേഷം തന്നെ നന്നായി അറിയുന്ന കൂട്ടുകാരൻ തന്റെ മകളെ വിവാഹം കഴിക്കണം എന്ന് പ്രൊപ്പോസ് ചെയ്താൽ പ്രായമൊന്നും നോക്കാതെ വിവാഹം കഴിക്കുക, പിന്നീട് മരണം വരെ വിധവകളെ മാത്രം വിവാഹം കഴിക്കുക. ചുരുക്കിപ്പറഞ്ഞാൽ 10 വിധവകളെ വിവാഹം കഴിച്ചാൽ മാത്രമേ ഒരു കന്യകയെ വിവാഹം കഴിക്കാവൂ! ഇങ്ങനെയൊരു വിചിത്രമായ പ്രവാചക ചര്യ ദീനുൽ ഇസ്ലാം പഠിപ്പിച്ചിട്ടില്ലെന്ന് മനസ്സിലാക്കാൻ അതേകുറിച്ച പ്രാഥമിക അറിവ് മാത്രം മതിയാകും; ശരിയായ ചിന്തയും.

Also read: വ്യക്തിത്വവും വിശാലമനസ്കതയും

ചുരുക്കത്തിൽ, ഇസ്‌ലാമിക നിയമങ്ങൾ കാലാതിവർത്തിയാണ് എന്ന് തെളിയിക്കുന്ന കാര്യം മാത്രമാണ് വിവാഹത്തിന് ഇസ്ലാമിൽ ഒരു നിശ്ചിത പ്രായം നിർണയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലും സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് എന്താണോ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ഫോളോ ചെയ്യാൻ മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്. അതിൽ ഏറ്റവും ഉചിതമായ വഴി സ്വീകരിക്കാനും വേണമെങ്കിൽ മാറ്റംവരുത്താനും കഴിയും. അതുകൊണ്ടുതന്നെ ഏഴാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമെല്ലാം ഇസ്ലാമിൻറെ ഈ കാഴ്ചപ്പാട് വളരെ പ്രായോഗികമായ ഒന്നാണെന്ന് മനസ്സിലാക്കാം. (തീർന്നില്ല.)

Related Articles