Current Date

Search
Close this search box.
Search
Close this search box.

പരിശുദ്ധ മക്കയിലേക്കൊരു തീര്‍ത്ഥയാത്ര

പരിശുദ്ധ മക്കയിലേക്കുളള തീര്‍ത്ഥയാത്ര വിശ്വാസികളുടെ വികാരമാണ്. ആരാധനാപരമായ ജീവിതത്തില്‍ വിശ്വാസികള്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി പുണ്യഭൂമിയെ സ്പര്‍ശിക്കുകയാണതിലൂടെ. പരിശുദ്ധ മക്കയെ, ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കുവാന്‍ പണികഴിച്ച ആദ്യത്തെ ഭവനമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്ക(മക്ക)യില്‍ ഉളളതെത്ര. അത് അനുഗ്രഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊളളുന്നു’ (ആലുഇംറാന്‍: 96). ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തെ കുറിച്ച് ഇമാം വാഹിദി പറയുന്നു: ജൂതന്മാരും മുസ്‌ലിംകളും പരസ്പരം പൊങ്ങച്ചം പറയുമായിരുന്നു. കഅ്ബയേക്കാല്‍ ശ്രേഷ്ഠതയും പവിത്രതയുമുളളത് ബൈത്തുല്‍ മഖ്ദിസിനാണെന്ന് ജൂതന്മാര്‍ പറയുന്നു. കാരണം, ഈ പുണ്യ ദേശത്തിലേക്കാണ് പ്രവാചകന്മാര്‍ ഹിജ്‌റ ചെയ്തത്. കഅ്ബയാണ് ബൈതുല്‍ മഖ്ദിസിനേക്കാള്‍ ശ്രേഷ്ഠകരമായതെന്ന് മുസ്‌ലിംകളും പറയുന്നു. അപ്പോഴാണ് ഈ സൂക്തം അവതിരിക്കുന്നത്.

കഅ്ബയുടെ സ്ഥാനം ഉയര്‍ത്തി ഇസ്‌ലാംമതം അതിന്റെ ഏകദൈവ വിശ്വാസ കാഴ്ചപ്പാട് ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തുകയാണ്. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ ഇസ്‌ലാം മതത്തിന്റെ പ്രഖ്യാപനമാണിവടെ നടക്കുന്നത്. ജനങ്ങള്‍ക്ക് അല്ലാഹുവിനെ ആരാധിക്കുവാന്‍ നിര്‍മിതമായ പ്രഥമ ഭവനത്തില്‍നിന്ന് ലോകത്തിന്റെ വിവധങ്ങളായ ദേശങ്ങളിലേക്ക് ഒന്നാമത്തെ വിശ്വാസിയായി തിരച്ചുനടക്കുക എന്നതാണ് ഹജ്ജും ഉംറയും ആവശ്യപ്പെടുന്നത്. നമ്മുടെ പിതാവ് ആദം നബി(അ)യുടെ കാലത്ത് നിര്‍മിതമാവുകയും പില്‍ക്കാലത്ത് മണ്‍മറഞ്ഞുപോവുകയും ചെയ്ത പരിശുദ്ധ ഭവനം, ഇബ്രാഹീം പ്രവാചകന്‍ പുനര്‍നിര്‍മിക്കുകയാണുണ്ടായതെന്ന് മുജാഹിദും ഖതാദയും സുദ്ധിയും അഭിപ്രായപ്പെടുന്നു. ഇബ്രാഹീം പ്രവാചകനില്‍നിന്ന് തുടങ്ങി മുഹമ്മദ് നബി(സ)യുടെ സമൂഹത്തില്‍ എത്തിനില്‍ക്കുന്ന പാവനമായ ഭവനം കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രത്തെയാണ് ഓര്‍മിപ്പിക്കുന്നത്.

ഇബ്രാഹീം നബിയുടെ പിതാവ് ആസറും, അക്കാലത്തെ സ്വേച്ഛാധിപതി നംറൂദും ശിര്‍ക്കിന്റെ കൊടി അണികളുടെ കൈകളിലേക്ക് നല്‍കി ശിര്‍ക്കിന്റെ പ്രചാരകരായി നിലകൊണ്ടു. മുഹമ്മദ് നബിയുടെ കാലത്ത് ഖുറൈശി പ്രമാണിമാരായ അബൂജഹല്‍ അംറ് ബ്‌നു ഹിശാം, വലീദ് ബ്‌നു മുഈറ, ഉത്ബത് ബ്‌നു അബീറബീഅ, ശൈബത് ബ്‌നു റബീഅ, ഉഖ്ബത് ബ്‌നു അബീമുഈത്, അബൂലഹബ് തുടങ്ങിയവര്‍ ശിര്‍ക്കിന്റെ വക്താക്കളായി അവതരിച്ചു. കാലഘട്ടത്തിന്റ തുടര്‍ച്ചയില്‍ മുഹമ്മദ് നബി(സ)യുടെ പിന്മുറക്കാര്‍ ശിര്‍ക്കിന്റെ പുതിയ രൂപങ്ങളെ അഭിമുഖീകരിക്കുകയാണ്. മഹാന്മാരായ പ്രവാചന്മാര്‍ നിര്‍വഹിച്ച ദൗത്യത്തിന്റെ തുടര്‍ച്ചയിലാണ് ഹജ്ജും ഉംറയും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്. പ്രഥമ ഭവനത്തില്‍നിന്ന് പ്രഥമ വിശ്വാസിയായി തിരിക്കുകയാണ് ഈ തീര്‍ഥയാത്രയിലൂടെ സംഭവിക്കേണ്ടത്. ‘നിങ്ങളുടെ പക്കലുളള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി നിഷേധിക്കുന്നവര്‍ നിങ്ങളാവരുത്. തുച്ഛമായ വിലക്ക് പകരം എന്റെ വചനങ്ങള്‍ വിറ്റുകളയുകയും ചെയ്യുരുത്. എന്നോട് മാത്രം ഭയഭക്തി പുലര്‍ത്തുക’ (അല്‍ബഖറ: 41).

വിശ്വാസികളുടെ കേന്ദ്രമായി കഅ്ബയെ പ്രതിഷ്ഠിക്കുകയും തീര്‍ഥയാത്രക്കുളള ആഹ്വാനം ഇബ്രാഹീം പ്രവാചകനിലൂടെ ലോകത്തെ അറിയിക്കുകയുമാണ് വിശുദ്ധ ഖുര്‍ആന്‍. ‘ഇബ്രാഹീമിന് കഅ്ബയുടെ സ്ഥാനം സൗകര്യപ്പെടുത്തിയ സന്ദര്‍ഭം ഓര്‍ക്കുക. യാതൊരു വസ്തുവുമായി എന്നെ നീ പങ്ക് ചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണമെന്നും നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു. നാം ഇബ്രാഹീമിനോട് പറഞ്ഞു: ജനങ്ങള്‍ക്കിടയില്‍ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. കാല്‍നടയായും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെ അടുത്ത് വന്നു കൊള്ളും’ (അല്‍ഹജ്ജ്: 2627). പ്രവാചകന്‍ ഇബ്രാഹീം നബിയുടെ സമൂഹത്തിന് ഹജ്ജ് നിര്‍ബന്ധമായിരുന്നുവെന്ന് ഈ സൂക്തത്തലൂടെ മനസ്സിലാവുന്നു.

എന്നാല്‍, പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സമൂഹത്തിന് ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ട വര്‍ഷത്തെ കുറിച്ച്, ഹിജ്‌റ ആറിലാണെന്നും ഏഴിലാണെന്നും ഒമ്പതിലാണെന്നും പത്തിലാണെന്നുമുളള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇബ്‌നുല്‍ ഖയ്യിം തന്റെ ‘സാദുല്‍ മആദി’ല്‍ ഒമ്പതോ അല്ലെങ്കില്‍ പത്തോ എന്ന അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നു: ‘ഹിജ്‌റക്ക് ശേഷം പ്രവാചകന്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍വഹിച്ചിട്ടുളളത്. അത് ‘ഹജ്ജതുല്‍ വിദാഇ’ലാണ്. ‘ഹജ്ജതുല്‍ വിദാഅ്’ ഹിജ്‌റ പത്തിലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹജ്ജിനുളള കല്‍പന വന്നയുടനെ പ്രവാചകന്‍ അതുമായി മുന്നോട്ടുപോവുകയുണ്ടായി. ആയതിനാല്‍ ഹിജ്‌റ ഒമ്പതിനോ പത്തിനോ ആയിരിക്കാം ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുളളത്’. പ്രവാചകന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. അത് പ്രവാചക ജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തിനു മുമ്പ് ആളുകള്‍ ഹജ്ജും ഉംറയും നിര്‍വഹിച്ചിരുന്നു. ‘ഹജ്ജ്’ എന്ന് പറയുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തീര്‍ഥയാത്രയാണ്. കഅ്ബ സന്ദര്‍ശനമാണ് ഉംറകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതു സമയത്തും ഉംറ നിര്‍വഹിക്കാവുന്നതാണ്. മുഹമ്മദ് നബി(സ) ജീവതത്തില്‍ നാല് പ്രാവിശ്യമാണ് ഉംറ നിര്‍വഹിച്ചിട്ടുളളത്. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘പ്രവാചന്‍ ഹിജ്‌റക്ക് ശേഷം നാല് പ്രാവിശ്യം ഉംറ ചെയ്തിട്ടുണ്ട്. അവയെല്ലാം ദുല്‍ഖഅദ മാസത്തിലായിരുന്നു. ഒന്ന്, ആദ്യമായി ഉംറ നിര്‍വഹിക്കാന് തയാറെടുക്കുന്നത് ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയ്യ സന്ധിയുടെ അവസരത്തിലാണ്.  ഈ വര്‍ഷം മുശ്‌രിക്കുകള്‍ ഉംറ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. അങ്ങനെ പ്രവാചനും അനുയായികളും മുണ്ഡനം ചെയ്ത് മദീനയിലേക്ക് തന്നെ മടങ്ങി. രണ്ട്, അടുത്ത വര്‍ഷം (ഹിജ്‌റ ഏഴ്) മക്കയില്‍ പ്രവേശിച്ച് ഉംറ പൂര്‍ത്തീകരിച്ചു. മൂന്ന്, ഹജ്ജിന്റെ കൂടെ നിര്‍വഹിച്ച ഉംറയാണ്. നാല്, ജുഅ്‌റാനില്‍നിന്ന് ഹുനൈനിലേക്ക് പുറപ്പെട്ടപ്പോള്‍ നിര്‍വഹിച്ച ഉംറയാണ്. നാലില്‍ കൂടുതല്‍ തവണ ഉംറ നിര്‍വഹിച്ചതായി ആരും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല’.

ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍പ്പെട്ട ഹജ്ജ് ശാരീരികവും സാമ്പത്തികവുമായി കഴിവുളളവര്‍  നിര് വഹിക്കല് നിര്ബന്ധമാണ്. ‘കഅ്ബ മന്ദിരത്തില്‍ എത്തിചേരാന്‍ കഴിവുളളവര്‍, അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവിനോടുളള ബാധ്യതയാണ്’ (ആലുഇംറാന്‍: 96). ഹജ്ജ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ ഭിന്നതിയില്ല. ഉംറയുമായി ബുന്ധപ്പെട്ട് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുളളത്. എന്നിരുന്നാലും, ഇസ്‌ലാമിക പ്രമാണങ്ങളുടെ പിമ്പലമുളള ശ്രേഷ്ഠതയുളള കര്‍മമാണ് ഉംറയെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു. നിര്‍ബന്ധമാണെന്നും സുന്നത്താണെന്നുമുളള അഭിപ്രായങ്ങള്‍ പണ്ഡിതര്‍ രേഖപ്പെടുത്തുന്നു.
ഇമാം അബൂഹനീഫയും ഇമാം മാലിക്കും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയും നിര്‍ബന്ധമില്ലാത്ത സുന്നത്തായ പ്രവര്‍ത്തനമായിട്ടാണ് ഉംറയെ കാണുന്നത്. തിര്‍മുദിയില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസ് തെളിവായെടുത്തുകൊണ്ടാണ്  അവര് നിര്ബന്ധമില്ലെന്ന അഭിപ്രായത്തിലെത്തുന്നത്. ജാബിര്‍(റ)വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു; ഉംറ നിര്‍ബന്ധമാണോ അല്ലയോ എന്നതിനെ കുറിച്ച് പ്രവാചകന്‍ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു; നിര്‍ബന്ധമില്ല, പക്ഷേ ഉംറ നിര്‍വഹിക്കല്‍ ശ്രേഷ്ഠകരമായിട്ടുളള കാര്യമാണ്. ഈ ഹദീസിനെ ഇമാം ശാഫഈയും ഇമാം നവവിയും ഇമാം ഇബ്‌നു ഹജറും ഇബ്‌നു അബ്ദില്‍ബര്‍റും ദുര്‍ബല ഹദീസായിട്ടാണ് ഗണിച്ചിട്ടുളളത്. എന്നാല്‍, ഇമാം ശാഫിഈയും ഇമാം അഹമദും ഉംറ നിര്‍ബന്ധമാണെന്ന അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. ഇമാം ബുഖാരിയുടെ അഭിപ്രായവും ഇതുതന്നെയാണ്. ആയിശ(റ)വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു; ഞാന്‍ അല്ലാഹുവിന്റെ ദൂതരെ വിളിച്ച്, സ്ത്രീകളുടെ ജിഹാദിനെ കുറിച്ച് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: അവര്‍ക്ക് യുദ്ധമല്ലാത്ത ജിഹാദാണ് ഉള്ളത്(ഹജ്ജും ഉംറയും).  അറബി ഭാഷയില്‍ ‘അലൈഹിന്ന’ (അവരുടെ മേല്‍ നിര്‍ബന്ധമാണ്) എന്നത് നിര്‍ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ആയതിനാല്‍ ഹദീസില്‍ സൂചിപ്പിച്ച ‘അലൈഹിന്ന’ എന്ന പദം നിര്‍ബന്ധത്തെ കുറിക്കുന്നു. പ്രബലമായ അഭിപ്രായം ഉംറ നിര്‍ബന്ധമാണ് എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി പൂര്‍ത്തീകരിക്കുവിന്‍ (അല്‍ബഖറ :196).

Related Articles