Current Date

Search
Close this search box.
Search
Close this search box.

സുരക്ഷയും സമാധാനവും വ്യാപിക്കുന്നതില്‍ പ്രവാചകന്റെ പങ്ക്

മുഴുലോകത്തിനും കാരുണ്യമായിട്ടാണ് മുഹമ്മദ് നബി(സ) നിയോഗിതനായിട്ടുള്ളത്. അന്ധകാരത്തിലും ആശങ്കകളിലും അതിക്രമങ്ങളിലും പെട്ട് പരിഭ്രാന്തരായ മുഴുവന്‍ സൃഷ്ടികള്‍ക്കും സമാധാനത്തോടെ സഹകരിച്ച് ജീവിക്കാനുള്ള സന്തുലിതത്വത്തിന്റെ വ്യവസ്ഥയാണ് അദ്ദേഹം കാണിച്ചു തന്നത്. ആ വ്യവസ്ഥയുടെ അടിസ്ഥാന ഗുണമാണ് നീതിയും സമത്വവും. പ്രവാചകന്‍(സ) കാണിച്ചു തന്ന ആ മാതൃക യഥാവിധി നടപ്പാക്കുകയാണെങ്കില്‍ മനുഷ്യകുലത്തില്‍ നിലനില്‍ക്കുന്ന എല്ലാ അക്രമങ്ങളും അരാജകത്വവും അവസാനിക്കും. ഉത്കണ്ഠകളോ മാനസിക അസ്വസ്ഥതകളോ പിന്നെ അവിടെ അവശേഷിക്കുകയില്ല. അന്ധമായ പക്ഷപാതിത്വങ്ങളുടെ കഥകഴിക്കപ്പെടും. മനുഷ്യര്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ശാന്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള ഒരു സാഹചര്യം അതിലൂടെ ഒരുക്കപ്പെടും.

പ്രവാചക മാതൃക
‘പ്രവാചകാ, ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.’ (21:107) എന്നാണ് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പ്രവാചകനെ പരിചയപ്പെടുത്തുന്നത്. അതായത് മുഴുവന്‍ സൃഷ്ടികള്‍ക്കും കാരുണ്യവും മാര്‍ഗദര്‍ശിയുമാണ് അദ്ദേഹം. അദ്ദേഹത്തിന് ഇക്കാര്യത്തെ കുറിച്ച് പൂര്‍ണ ബോധ്യവുമുണ്ടായിരുന്നു. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, ഞാന്‍ കാരുണ്യം മാത്രമാണ്.’ അദ്ദേഹത്തിന്റെ സന്ദേശം തുടക്കം മുതല്‍ തന്നെ ജനങ്ങളുടെ സൗഖ്യത്തിന്റെ പാതയിലായിരുന്നു. മാനവ സമൂഹത്തില്‍ സുരക്ഷിതത്വവും സമാധാനവും ഉണ്ടാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നിഷേധികള്‍ അദ്ദേഹത്തിനെതിരെ ഉറഞ്ഞു തുള്ളി, പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു, അദ്ദേഹത്തിന്റ വഴികളില്‍ പ്രതിബദ്ധങ്ങള്‍ തീര്‍ത്തു, ഏതൊക്കെ തരത്തില്‍ അദ്ദേഹത്തെ അപകടപ്പെടുത്താന്‍ കഴിയുമോ അതെല്ലാം അവര്‍ ചെയ്തു നോക്കി. എന്നിട്ടും സഹനത്തോടെ ഉറച്ചു നിന്ന് പ്രയാസങ്ങളെ പുഞ്ചിരിച്ചു കൊണ്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് വേറിട്ട രീതിയാണ് പ്രവാചകന്‍(സ) സ്വീകരിച്ചിരുന്നത്. അതിന്റെ ചില അടിസ്ഥാനങ്ങളാണ് ചുവടെ വിവരിക്കുന്നത്:

1) വിശ്വാസ സ്വാതന്ത്ര്യം: ഓരോരുത്തര്‍ക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട മതം തെരെഞ്ഞെടുക്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കി. ഇത്തരത്തില്‍ തെരെഞ്ഞെടുത്ത വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. ആരുടെ മേലും നിര്‍ബന്ധം ചെലുത്താതെ അത് പ്രചരിപ്പിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അല്ലാഹു പറയുന്നത് കാണുക:
‘നീ പ്രഖ്യാപിക്കുക: അല്ലയോ നിഷേധികളേ, നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിന് ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്തു ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിന് ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍.’ (109:1-6)
‘പ്രവാചകന്‍, അവരോടു പറയുക: നിങ്ങള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ ഞങ്ങളോടു തര്‍ക്കിക്കയോ; ഞങ്ങളുടെ നാഥനും നിങ്ങളുടെ നാഥനും അവന്‍ തന്നെയായിരിക്കെ? ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കര്‍മങ്ങളുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടേതായ കര്‍മങ്ങളും. ഞങ്ങള്‍ അല്ലാഹുവിന്നു മാത്രം അടിമത്തമര്‍പ്പിച്ചവരാകുന്നു.’ (2:139)
‘അവര്‍ പറയുന്നു: ഭഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് സലാം. ഞങ്ങള്‍ അവിവേകികളെ പിന്തുടരാനാഗ്രഹിക്കുന്നില്ല.’ (28:55)
‘അതിനാല്‍ പ്രവാചകന്‍ ഈ ദീനിലേക്ക് പ്രബോധനം ചെയ്യുക. നീ അനുശാസിക്കപ്പെട്ടിട്ടുള്ളതുപോലെ, ഇതില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ഈ ജനത്തിന്റെ ഇച്ഛകളെ പിന്തുടരാതിരിക്കുക. ഇവരോട് പ്രഖ്യാപിക്കുക: അല്ലാഹു അവതരിപ്പിച്ച ഏതു വേദത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപാലിക്കേണമെന്ന് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും റബ്ബ് അല്ലാഹുവാകുന്നു. ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങളുടെ കര്‍മങ്ങള്‍ നിങ്ങള്‍ക്കും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു വഴക്കുമില്ല. അല്ലാഹു നമ്മെയെല്ലാവരെയും ഒരുനാള്‍ ഒരുമിച്ചുകൂട്ടുന്നതാകുന്നു. എല്ലാവരും ചെന്നണയേണ്ടത് അവനിലേക്കല്ലോ.’ (42:15)
‘ചിലര്‍ വിശ്വസിക്കുന്നില്ല. നിന്റെ നാഥന്‍ ആ നാശകാരികളെ നന്നായറിയുന്നു. അവര്‍ നിന്നെ തള്ളിക്കളയുന്നുവെങ്കില്‍, പറഞ്ഞേക്കുക: എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കശേഷമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്കുമില്ല.’ (10:41)
എന്നാല്‍ ഇതെല്ലാം പറയുന്നതോടൊപ്പം തന്നെ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ ദീന്‍ ഇസ്‌ലാം മാത്രമാണെന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വാസത്തെയും ബഹുദൈവാരാധനയെയും കൂട്ടികലര്‍ത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാല്‍ അത് അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം വകവെച്ചു കൊടുത്ത് സമാധാന പൂര്‍വമായ സഹവര്‍ത്തിത്വത്തിന്റെ ഉന്നത മാതൃക കാണിക്കുന്നു.

ഇത്തരത്തില്‍ ഏറ്റവും ഉത്തമായ ഒരു മാതൃകയാണ് പ്രവാചകന്‍ സമര്‍പ്പിച്ചതെങ്കിലും നിഷേധികളായ ശത്രുക്കള്‍ അദ്ദേഹത്തോട് കടുത്ത നിലപാടാണ് സ്വീകരിച്ചത്. എത്രത്തോളമെന്നാല്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകാന്‍ വരെ അദ്ദേഹവും അനുയായികളും നിര്‍ബന്ധിതരായി. അതുകൊണ്ടും അവരുടെ ശത്രുത അവസാനിച്ചില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. (തുടരും)

വിവ: നസീഫ്‌

സുരക്ഷയും സമാധാനവും വ്യാപിക്കുന്നതില്‍ പ്രവാചകന്റെ പങ്ക്‌ – 2

Related Articles