Current Date

Search
Close this search box.
Search
Close this search box.

സയണിസം ഒരു ജൂതവിരുദ്ധ പ്രത്യയശാസ്ത്രം

jews-vs-zionsm.jpg

നാം ഇത് വരെ പറഞ്ഞത് എങ്ങനെയാണ് ബ്രിട്ടനും സയണിസ്റ്റുകളും ഒരുമിച്ച് ചേര്‍ന്ന് ഇസ്രയേല്‍ എന്ന ദേശരാഷ്ട്രം നിര്‍മ്മിച്ചത് എന്നതിനെക്കുറിച്ചാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ബ്രിട്ടീഷുകാരുടെ ആഗമനത്തോട് കൂടിയാണ് ഫലസ്തീന്‍ അധിനിവേശം ആരംഭിക്കുന്നത്. കുടിയേറ്റം, ഭൂമി പിടിച്ചെടുക്കല്‍, തുടര്‍ച്ചയായ മനുഷ്യാവകാശ നിഷേധങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അതിപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് ഞാന്‍ ഇതുവരെ പറയാന്‍ ശ്രമിച്ചത്. ഇനി ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് സയണിസം എങ്ങനെയാണ് പൊതുവ്യവഹാരങ്ങളില്‍ ജ്ഞാനശാസ്ത്രപരമായ മേധാവിത്വം സാധ്യമാക്കുന്നത് എന്നാണ്.

പലപ്പോഴും പൊതുവ്യവഹാരങ്ങളില്‍ ഫലസ്തീന്‍ അധിനിവേശത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നത് 1947/1948 കാലത്തെയാണ്. ഈ വ്യവഹാര നിര്‍മ്മിതി തീര്‍ച്ചയായും ബ്രിട്ടീഷ് അധിനിവേശത്തെയും തിയോഡര്‍ ഹെസലില്‍ നിന്ന് തുടങ്ങുന്ന സയണിസ്റ്റ് ചിന്താപദ്ധതിയുടെ സങ്കീര്‍ണ്ണതകളെയും ബോധപൂര്‍വ്വം ചരിത്ര പുസ്തകങ്ങളില്‍ നിന്നും മറച്ച് പിടിക്കാന്‍ വേണ്ടി നിര്‍മ്മിച്ചെടുത്തതാണ്. ജൂതരാഷ്ട്രം എന്ന ആശയം ഹെര്‍സല്‍ നിര്‍മ്മിക്കുന്നത് ഒരു ജൂത ഫ്രഞ്ച് സൈനിക മേധാവിയെ ജര്‍മനിക്ക് വേണ്ടി ചാരപ്പണിയെടുത്തതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച സംഭവത്തിന് ശേഷമാണ്. അതിന് ശേഷമാണ് സെമിറ്റിക് വിരുദ്ധതയെക്കുറിച്ച വ്യവഹാരങ്ങള്‍ ഹെര്‍സല്‍ വികസിപ്പിക്കുന്നത്.

എന്നാല്‍ ഈ ജൂതന്റെ വധശിക്ഷ പിന്‍വലിക്കുകയും വീണ്ടും സൈനികമേധാവിയായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും സെമിറ്റിക് വിരുദ്ധതയെക്കുറിച്ച തന്റെ സാര്‍വ്വലൗകികമായ സിദ്ധാന്തത്തില്‍ നിന്നും ഹെര്‍സല്‍ ഒരിക്കലും പിന്‍മാറിയില്ല. കാരണം ഫലസ്തീന്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അയാള്‍ സെമിറ്റിക് വിരുദ്ധതയെക്കുറിച്ച തന്റെ വാദങ്ങള്‍ വികസിപ്പിച്ചത്. അതേസമയം ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം നിര്‍മ്മിക്കുന്നതോട് കൂടി ഇല്ലാതാക്കപ്പെടുന്നതാണോ സെമിറ്റിക് വിരുദ്ധത എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എന്നാല്‍, ദൈവശാസ്ത്രപരവും വംശീയവും രാഷ്ട്രീയപരവുമായ അടിത്തറകളുള്ള യൂറോപ്പിന്റെ സെമിറ്റിക് വിരുദ്ധതയെ ഫലപ്രദമായി നേരിടാന്‍ ഒരുകാലത്തും ജൂതര്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യൂറോപ്യന്‍ ദേശീയതയാലും ആധുനികതയാലും സ്വാധീനിക്കപ്പെട്ട സയണിസ്റ്റുകള്‍ സെമിറ്റിക്ക് വിരുദ്ധത ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനവ്യവഹാരങ്ങളെ ചെറുക്കുന്നതിന് പകരം അവയുടെ വാഹകരായി മാറുകയാണുണ്ടായത്. അഥവാ, സെമിറ്റിക് വിരുദ്ധത ഉല്‍പ്പാദിപ്പിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തുന്നതിന് പകരം മാറോടണച്ച് പിടിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. അവര്‍ക്ക് ഫലസ്തീനെ കൂടെനിര്‍ത്തി തീര്‍ച്ചയായും ഒരു സെമിറ്റിക്ക് വിരുദ്ധ കൂട്ടുമുന്നണി രൂപപ്പെടുത്താമായിരുന്നു. എന്നാല്‍ ഫലസ്തീനെതിരെ സെമിറ്റിക് വിരുദ്ധ വ്യവഹാരങ്ങളെ കൂട്ടുപിടിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്.

ഇന്ന് സമാധാന പ്രക്രിയ (peace process) യെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അതേസമയം സമാധാനത്തോടും സുരക്ഷിതത്വത്തോടും ജീവിക്കുകയായിരുന്ന യൂറോപ്യന്‍ ജൂതരെ ഇസ്രയേലിലേക്ക് ആനയിച്ച സയണിസ്റ്റ് പദ്ധതിയെക്കുറിച്ച് ആരും ഒന്നും പറയാറില്ല. ലോകചരിത്രത്തില്‍ എവിടെയും കേട്ടുകേള്‍വിയില്ലാത്ത അധിനിവേശ മാതൃകയാണത്. മാത്രവുമല്ല, യൂറോപ്പ് ഉല്‍പ്പാദിപ്പിച്ച ജ്ഞാനശാസ്ത്രപരതയില്‍ നിന്ന്‌കൊണ്ട് തന്നെയാണ് പുതിയ ഭരണമേഖലയെ സയണിസ്റ്റുകള്‍ വികസിപ്പിക്കുന്നത്. അതുകൊണ്ടാണ് ആധുനിക ദേശരാഷ്ട്രം എന്ന യൂറോപ്യന്‍ ആശയം തന്നെ ഭരണനിര്‍വ്വഹണത്തിനായി സയണിസ്റ്റുകള്‍ തെരെഞ്ഞെടുത്തത്. യൂറോപ്പ് എത്രത്തോളം സയണിസ്റ്റ് ചിന്താപദ്ധതിക്കകത്ത് ഒരു ജ്ഞാനാധികാരമായി നിലനില്‍ക്കുന്നു എന്നതിന്റെ ചെറിയൊരുദാഹരണം മാത്രമാണിത്.

വ്യത്യസ്ത സമുദായങ്ങളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് നിര്‍മ്മിക്കപ്പെടുന്ന ദേശരാഷ്ട്രം എന്ന ആശയം നടപ്പിലാക്കുന്നതിലൂടെ സെമിറ്റിക്ക് വിരുദ്ധതയെ നേരിടാം എന്നായിരുന്നു സയണിസ്റ്റുകളുടെ ധാരണ. അങ്ങനെ ദേശീയതയുടെയും പൊതുവായ ഒരു ചരിത്രപാരമ്പര്യത്തെയും രക്തത്തെയും അടിസ്ഥാനപ്പെടുത്തിയ ഒരു മതസ്വത്വം രൂപപ്പെടുകയായിരുന്നു. അതിലൂടെ ഒരു പ്രത്യേക ദേശാതിര്‍ത്തിക്കത്ത് പരിമിതപ്പെടുത്താനാവാത്ത ജൂത പാരമ്പര്യത്തെ കൈയൊഴിയുകയാണ് സയണിസം ചെയ്തത്. അഥവാ, മതത്തെ ഒരു പ്രത്യേത ദേശത്തിലേക്കോ സ്ഥല-കാല ഭാവനയിലേക്കോ പരിമിതപ്പെടുത്തുന്ന യൂറോപ്യന്‍ ആധുനികതയുടെ ഭാഗമാവുകയാണ് സയണിസം ചെയ്തത്. (തുടരും)

വിവ: സഅദ് സല്‍മി

അധിനിവേശം; ഒരു ബ്രിട്ടീഷ് മാതൃക

സയണിസത്തിനെതിരെ നിലകൊള്ളുന്ന ജൂതപ്രസ്ഥാനങ്ങള്‍

Related Articles