Current Date

Search
Close this search box.
Search
Close this search box.

സമാധാന കരാറുകളിലൂടെ നിര്‍ഭയത്വം; പ്രവാചക മാതൃക

peace2.jpg

മനുഷ്യസമൂഹങ്ങളില്‍ സമാധാനവും നിര്‍ഭയത്വവും ഉറപ്പാക്കിയതിന്റെ ഏറ്റവും വലിയ നിദര്‍ശനമാണ് മദീനയില്‍ എത്തിയ ഉടന്‍ (ഹിജ്‌റ: 1/ AD 523) പ്രവാചകന്‍(സ) മുന്നോട്ട് വെച്ച മദീന കരാര്‍. 52 വ്യവസ്ഥകളായിരുന്നു പ്രസ്തുത കരാറിലുണ്ടായിരുന്നത്. അതില്‍ 25 എണ്ണം മുസ്‌ലിംകളുമായി മാത്രം ബന്ധപ്പെട്ടതും 27 എണ്ണം മുസ്‌ലിംകള്‍ക്കും ഇതര മതവിശ്വാസികള്‍ക്കും ഇടയിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ളതായിരുന്നു. ഇതര വിശ്വാസികളെന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ജൂതന്‍മാരും വിഗ്രഹാരാധകരുമാണ്. മുസ്‌ലിം സമൂഹം ഗോത്രവ്യവസ്ഥക്ക് അതീതമാണെന്ന് വ്യക്തമാക്കുന്ന ആ ഭരണഘടന ജനതക്കിടയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സാമൂഹ്യ സഹകരണത്തിനും ആഹ്വാനം ചെയ്യുന്നു. കരാറുകളില്‍ വഞ്ചന കാണിക്കുന്നവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. വിശ്വാസിക്കത് നിര്‍ഭയത്വവും ദിമ്മികള്‍ക്കും മുസ്‌ലിംകള്‍ക്കൊപ്പം ജീവിക്കുന്ന മുസ്‌ലിമേതര ന്യൂനപക്ഷങ്ങള്‍ക്കും അത് സംരക്ഷണവും ഉറപ്പാക്കുന്നു. അവര്‍ക്കതില്‍ സ്വാതന്ത്ര്യം അനുവദിക്കുകയും അവരുദ്ദേശിക്കുന്ന പോലെ ആരാധനകള്‍ നിര്‍വഹിക്കാനുള്ള അനുവാദവും നല്‍കി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തണലില്‍ അവര്‍ക്കതിന് യാതൊരു പ്രയാസവുമുണ്ടാകില്ല. സാമൂഹിക സുരക്ഷിതത്വവും നഷ്ടപരിഹാരങ്ങളും അത് ഉറപ്പാക്കി. ഇസ്‌ലാമിക ശരീഅത്തായിരുന്നു നിയമങ്ങളുടെയും വിധികളുടെയും അടിസ്ഥാനം. ജനങ്ങളിലെ എല്ലാ വിഭാഗങ്ങള്‍ക്കുമത് അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പാക്കി. രാഷ്ട്രത്തിന്റെ പ്രതിരോധ ചിലവ് എല്ലാവരുടെയും ബാധ്യതയായിരുന്നു. എല്ലാ വിഭാഗത്തിനും സാമ്പത്തിക സ്വാതന്ത്ര്യവും അത് അനുവദിച്ചു. ഏത് ആക്രമണത്തെയും ഒരുമിച്ച് നേരിടുക, മുസ്‌ലിംകള്‍ക്കും വേദക്കാര്‍ക്കുമിടയില്‍ ഗുണകാംക്ഷയോടെ വര്‍ത്തിക്കല്‍, രാഷ്ട്രത്തിന് ദ്രോഹകരമാവാത്ത വിധത്തില്‍ ഏത് വിഭാഗത്തിനും സഖ്യങ്ങളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം, മര്‍ദിതനെ നിര്‍ബന്ധമായും സഹായിക്കുക, ഓരോ പൗരനും നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. (സീറത്തു ഇബ്‌നു ഹിശാം)

ഇപ്രകാരമായിരുന്നു പ്രസ്തുത കരാര്‍: ‘കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ഖുറൈശി അഭയാര്‍ഥികളും യസ്‌രിബുകാരും ആയ വിശ്വാസികള്‍ക്കും അവരെ തുടര്‍ന്ന്, അവരോടൊപ്പം ചേര്‍ന്ന്, അധിവാസമുറപ്പിക്കുകയും ഒന്നിച്ചു പ്രതിരോധം നടത്തുകയും ചെയ്യുന്ന ഇതര വിഭാഗങ്ങള്‍ക്കുമിടയില്‍ നടപ്പില്‍ വരേണ്ടതിനായി, ദൈവദൂതനും പ്രവാചകനുമായ മുഹമ്മദിനാല്‍ ക്രോഡീകൃതമായ പ്രമാണ രേഖയാണിത്. മേല്‍പ്പറഞ്ഞ മതവിഭാഗങ്ങളെല്ലാം തന്നെ ഒരൊറ്റ ‘ഉമ്മത്ത്’ (രാഷ്ട്രം) ആയിരിക്കും  ഇതര ജനതകളെ കൂടാതെ.
ഖുറൈശി കുടിയേറ്റക്കാര്‍ തങ്ങളുടെ കീഴ്‌വഴക്കമനുസരിച്ചു കൊലപാതകത്തിനുള്ള പിഴ കൂട്ടായി സഹകരിച്ചു നല്‍കുന്നതായിരിക്കും. അവര്‍ തങ്ങളുടെ ബന്ധനസ്ഥനെ, വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ന്യായത്തിനും നീതിക്കും അനുയോജ്യമാംവിധം പിഴകൊടുത്തു മോചിപ്പിക്കുന്നതാണ്.
ബനൂഔഫ് വംശക്കാര്‍ തങ്ങളുടെ കീഴ്‌വഴക്ക പ്രകാരം നിലകൊള്ളുന്നതാണ്. അവരുടെ പ്രായശ്ചിത്തങ്ങള്‍ കൂട്ടായി സഹകരിച്ചു ഒടുക്കുന്നതായിരിക്കും.
പ്രസ്തുത വംശത്തിലെ ഓരോ വിഭാഗവും, താന്താങ്ങളുടെ ബന്ധനസ്ഥനെ, വിശ്വാസികള്‍ക്കിടയില്‍ ന്യായയുക്തവും നീതിപൂര്‍വകവുമാം വിധം പിഴയടച്ചു മോചിപ്പിക്കുന്നതായിരിക്കും.
ബനൂഹാരിസുബ്‌നു ഖസ്‌റജ് വംശം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതാണ്. കൊലപാതകപ്പിഴ കൂട്ടായി ഒടുക്കുന്നതായിരിക്കും.
പ്രസ്തുത വംശത്തിലെ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായയുക്തവും നീതിപൂര്‍വകവുമാംവിധം പിഴ ഒടുക്കി മോചിപ്പിക്കുന്നതായിരിക്കും.
ബനൂസാഇദ ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് കൊലപാതകപ്പിഴ കൂട്ടായി ഒടുക്കുന്നതാണ്. അവരില്‍ ഓരോ വിഭാഗവും തങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിയുക്തവുമാം വിധം പിഴ ഒടുക്കി മോചിപ്പിക്കുന്നതായിരിക്കും.
ബനൂജുശം ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി അടക്കുന്നതുമാണ്. അവരില്‍ ഓരോ വിഭാഗവും തങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിപൂര്‍വകവുമായ വിധത്തില്‍ പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
ബനുന്നജ്ജാര്‍ ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പിഴ സംഖ്യ കൂട്ടായി ഒടുക്കുന്നതുമാണ്. അവരില്‍ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ വിശ്വാസികള്‍ക്കിടയില്‍ ന്യായയുക്തവും നീതിപൂര്‍വകവുമായ വിധം പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
ബനൂഅംറുബ്‌നു ഔഫ് അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി ഒടുക്കുന്നതുമായിരിക്കും. പ്രസ്തുത വംശത്തിലെ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിയുക്തവുമായ പിഴയൊടുക്കി മോചിപ്പിക്കുന്നതായിരിക്കും.
ബനൂനബീത് ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി സഹകരിച്ചു നല്‍കുന്നതുമാണ്. പ്രസ്തുത ഗോത്രത്തിലെ ഓരോ വിഭാഗവും താന്താങ്ങളുടെ തടവുകാരെ, വിശ്വാസികള്‍ക്കിടയില്‍ ന്യായാനുസൃതവും നീതിയിലധിഷ്ഠിതവുമായ പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
ബനുല്‍ഔസ് ഗോത്രം അവരുടെ കീഴ്‌വഴക്കമനുസരിച്ച് നിലകൊള്ളുന്നതും പ്രായശ്ചിത്തം കൂട്ടായി സഹകരിച്ചു നല്‍കുന്നതുമാണ്. അവരില്‍ ഓരോ വിഭാഗവും താന്താങ്ങളുടെ ബന്ധനസ്ഥരെ, വിശ്വാസികള്‍ക്കിടയില്‍ നീതിപൂര്‍വകവും ന്യായാനുസൃതവുമായ മാര്‍ഗത്തില്‍ പിഴ നല്‍കി മോചിപ്പിക്കുന്നതായിരിക്കും.
മുസ്‌ലിം സമൂഹം അവരില്‍പ്പെട്ട, മോചനപ്പിഴ ഒടുക്കാനോ നഷ്ടപരിഹാരത്തുക നല്‍കാനോ കഴിവില്ലാത്ത ഋണബാധിതരെ സഹായിക്കുന്നതില്‍ ഉപേക്ഷ വരുത്താവതല്ല.
ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിം മോചിപ്പിച്ച അടിമയുമായി (മൗല) കരാറിലേര്‍പ്പെടുകയില്ല. (മോചിപ്പിക്കപ്പെട അടിമ മറ്റൊരാളോട് കൂറ് പുലര്‍ത്തരുത്)
മുസ്‌ലിം സമൂഹം, അവരില്‍ രാജ്യദ്രോഹം പ്രവര്‍ത്തിക്കുകയോ വിശ്വാസികള്‍ക്കിടയില്‍ കലാപം, ശത്രുത, കുറ്റകൃത്യം, അക്രമം എന്നിത്യാദി മാര്‍ഗങ്ങളിലൂടെ ആഭ്യന്തരഛിദ്രത സൃഷ്ടിക്കുകയോ ചെയ്യുന്ന ഏതൊരുവന് എതിരിലും ഒരുമിച്ച് നിലകൊള്ളുന്നതാണ്  അവന്‍ സ്വന്തം പുത്രനാണെങ്കിലും ശരി.
ശത്രുവിനെച്ചൊല്ലി വിശ്വാസിയെ വിശ്വാസിക്ക് വധിക്കാവതല്ല; വിശ്വാസിക്കെതിരില്‍ ശത്രുവെ സഹായിക്കാവതുമല്ല. വിശ്വാസികള്‍ പരസ്പരം അവകാശ ബന്ധുക്കളും സഹകാരികളുമാണ്  ഇതര ജനവിഭാഗങ്ങളെക്കൂടാതെ.
നമ്മോടൊപ്പം താമസിക്കുന്ന യഹൂദവിഭാഗം നമ്മുടെ ഉത്തമ സഹവര്‍ത്തനത്തിനും സദ്‌പെരുമാറ്റത്തിനും അവകാശികളാണ്. അവര്‍ അക്രമത്തിനു വിധേയരാകാവതല്ല. അവര്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാവതുമല്ല.
വിശ്വാസികളുടെ സമാധാനസന്ധി ഒറ്റക്കെട്ടായുള്ളതായിരിക്കണം. ദൈവമാര്‍ഗത്തിലുള്ള യുദ്ധത്തില്‍ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെക്കൂടാതെ തനിച്ചു സമാധാനസന്ധി ചെയ്യാവതല്ല. വിശ്വാസികള്‍ക്കിടയില്‍ സമവും നീതിപൂര്‍വകവുമായ വിധത്തിലല്ലാതെ സന്ധി ഉണ്ടാകാവതല്ല.
നമ്മോടൊപ്പം യുദ്ധം ചെയ്യുന്ന ഓരോ സേനാവ്യൂഹവത്തിനും ഊഴമനുസരിച്ച് ഒഴിവ് നല്‍കപ്പെടുന്നതാണ്.
ഈ വിഷയത്തില്‍ വിശ്വാസികളുടെ ഭക്തസമൂഹത്തിന്റെ നിലപാട് ഏറ്റവും ആര്‍ജവമാര്‍ന്നതും ഉത്തമസ്വഭാവത്തോടു കൂടിയതുമായിരിക്കും.
ഒരു ബഹുദൈവവിശ്വാസിയും (ശത്രുപക്ഷത്തുള്ള) ഖുറൈശികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാവതല്ല. വിശ്വാസികള്‍ക്കെതിരില്‍ അവരെ സഹായിക്കാവതുമല്ല.
നിരപരാധിയായ വിശ്വാസിയെ ആരെങ്കിലും അക്രമപരമായി വധിച്ചാല്‍ അവര്‍ പ്രതിക്രിയ (വധശിക്ഷ)ക്ക് വിധേയനായിരിക്കും; വധിക്കപ്പെട്ടവന്റെ അവകാശികള്‍ നഷ്ടപരിഹാരംകൊണ്ട് തൃപ്തിപ്പെട്ടാലൊഴികെ. സത്യവിശ്വാസികള്‍ ഒന്നൊടങ്കം ഈ വ്യവസ്ഥ പാലിക്കുന്നതാണ്.
ഈ പ്രമാണപത്രം അംഗീകരിക്കുകയോ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയോ ചെയ്യുന്ന ഒരു വിശ്വാസിക്കും ദൈവിക സീമകള്‍ ലംഘിക്കുന്നവനെ തുണക്കുവാനും അവന്ന് അഭയം നല്‍കാനും പാടുള്ളതല്ല. അങ്ങനെ അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്കയാണെങ്കില്‍ അന്ത്യനാള്‍ വരെ അവന്റെ മേല്‍ ദൈവശാപവും കോപവും ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാരില്‍നിന്ന് യാതൊരു പശ്ചാത്താപവും പ്രായശ്ചിത്തവും സ്വീകരിക്കുന്നതല്ല.
നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുത്ഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വിധി പറയാനുള്ള അവകാശം ദൈവത്തിനും ദൈവത്തിന്റെ പ്രവാചകന്നുമായിരിക്കും.
യഹൂദന്മാര്‍ വിശ്വാസികളോടൊപ്പം ശത്രുക്കളോട് യുദ്ധം ചെയ്യുന്ന പക്ഷം തദാവശ്യാര്‍ഥമുള്ള ധനവ്യയം അവര്‍ സ്വയം നിര്‍വഹിക്കുന്നതാണ്.
ബനൂ ഔഫിലെ ജൂതന്മാരും അവരുടെ കീഴാളരും പ്രസ്തുത ഗോത്രം തന്നെയും വിശ്വാസികളോടൊപ്പം ഒറ്റ ‘ഉമ്മത്താ’ (ജനത)ണ്. എന്നാല്‍ യഹൂദന്മാര്‍ക്ക് അവരുടെ മതവും വിശ്വാസികള്‍ക്ക് അവരുടെ മതവും  പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. അക്രമവും കുറ്റകൃത്യങ്ങളും പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍നിന്ന് ഒഴിവാണ്. അങ്ങനെ വല്ലവരും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ശിക്ഷ അത് പ്രവര്‍ത്തിച്ച വ്യക്തിക്കും കുടുംബത്തിനും മാത്രമായിരിക്കും.
ബനുന്നജ്ജാര്‍ വംശത്തിലെ യഹൂദന്മാര്‍ക്കും, ബനൂഹാരിസ് വംശത്തിലെ യഹൂദന്മാര്‍ക്കും, ബനൂസാഇദ വംശത്തിലെ യഹൂദന്മാര്‍ക്കും, ബനൂ ജുശം ഗോത്രത്തിലെ ജൂതര്‍ക്കും ബനൂ ഔഫ് ഗോത്രങ്ങളിലെ ജൂതര്‍ക്കും ഇതേ അവകാശം ഉണ്ടായിരിക്കും.
ഔസ് വംശത്തിലെ യഹൂദന്മാര്‍ക്കും ബനൂ ഔഫ് വംശത്തിലെ യഹൂദന്മാര്‍ക്കുള്ള അവകാശങ്ങളുണ്ട്.
ബനൂ ഥഅ്‌ലബ ഗോത്രത്തിലെ ജൂതന്മാര്‍ക്കും ഔഫ് ഗോത്രത്തിലെ ജൂതന്മാരുടെ അവകാശങ്ങള്‍ ഉണ്ടായിരിക്കും.
അതിക്രമം പ്രവര്‍ത്തിച്ചവര്‍ ഇതില്‍നിന്നൊഴിവാണ്. അത്തരം വ്യക്തികള്‍ തങ്ങളെയും തങ്ങളുടെ കുടുംബക്കാരെയുമാണ് നാശത്തിലകപ്പെടുത്തുന്നത്.
ജഫ്‌ന(കുടുംബം) ശഅ്‌ലബ(ഗോത്രത്തിന്റെ) ഒരു ശാഖയായതിനാല്‍ അവര്‍ ശഅ്‌ലബ ഗോത്രക്കാരായി പരിഗണിക്കപ്പെടും.
ബനൂ ശുബൈക്കാര്‍ക്ക് ബനൂഔഫിനുള്ള അവകാശങ്ങള്‍ ഉണ്ടായിരിക്കും. നിയമം പൂര്‍ണമായും അനുസരിക്കപ്പെടേണ്ടതാണ്. ആരും അത് ലംഘിക്കാവതല്ല.
ഥഅ്‌ലബ ഗോത്രത്തിന്റെ ‘മൗല’കള്‍ ഥഅ്‌ലബ ഗോത്രക്കാരായി പരിഗണിക്കപ്പെടും.
ജൂതന്മാരുടെ അടുക്കല്‍ അഭയം പ്രാപിച്ചവര്‍ ജൂതന്മാരായി പരിഗണിക്കപ്പെടും.
പ്രസ്തുത വിഭാഗങ്ങളില്‍ പെട്ട ആരുംതന്നെ മുഹമ്മദിന്റെ അനുമതി കൂടാതെ പുറത്തുപോകരുതാത്തതാകുന്നു.
മുറിവിന് പ്രതികാരം ചെയ്യുന്നത് വിലക്കപ്പെടുകയില്ല ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തുകയാണെങ്കില്‍ അയാളും അയാളുടെ കുടുംബവും ഉത്തരാദികളായി ഗണിക്കപ്പെട്ടു. അല്ലാത്ത പക്ഷം അനീതി ഉണ്ടാവും. (അതായത്, ഈ നിയമം പാലിക്കാത്തവര്‍ അന്യായം ചെയ്തവരാണ്). ദൈവം ഈ പ്രമാണം അംഗീകരിക്കുന്നവരുടെ കൂടെയായിരിക്കും.
ഈ പ്രമാണപത്രം അംഗീകരിച്ചവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ പരസ്പരം സഹായിക്കേണ്ടതുണ്ട്. അവര്‍ പരസ്പരം ഗുണകാംക്ഷ പുലര്‍ത്തേണ്ടതും മര്‍ദ്ദിതന്നെതിരില്‍ സഹായിക്കേണ്ടതുമാകുന്നു. സഖ്യത്തിലേര്‍പ്പെട്ടവരോട് ആരും കുറ്റം ചെയ്യരുത്. തീര്‍ച്ചയായും മര്‍ദിതര്‍ക്ക് സഹായം ലഭിക്കുന്നതാണ്.
ഒരുമിച്ച് ചെയ്യുന്ന യുദ്ധങ്ങളില്‍ മുസ്‌ലിംകളോടൊപ്പം ജൂതരും ചെലവുകള്‍ വഹിക്കുന്നതാണ്.
ഈ കരാര്‍ പത്രം അംഗീകരിച്ചവരെ സംബന്ധിച്ചിടത്തോളം മദീനയുടെ അതിര്‍ത്തിക്കകം സൂരക്ഷിത പ്രദേശം(ഹറം) ആയിരിക്കുന്നതാണ്.
സംരക്ഷണത്തിലുള്ള ഏതൊരാളും സംരക്ഷകന് തുല്യമായിരിക്കും. അയാള്‍ അക്രമിക്കപ്പെടാവതല്ല. അക്രമിക്കാവതുമല്ല.
സംരക്ഷണം നല്‍കാന്‍ അനുമതി നല്‍കപ്പെട്ടവര്‍ക്ക് മാത്രമേ സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടായിരിക്കൂ.
ഈ കരാര്‍ പത്രം അംഗീകരിച്ചവര്‍ക്കിടയില്‍ കുഴപ്പം ആശങ്കിക്കുന്ന വല്ല സംഭവവുമുണ്ടായാല്‍ അതിന്റെ അന്തിമതീര്‍പ്പ് അല്ലാഹുവിലും പ്രവാചകനായ മുഹമ്മദിലും അര്‍പ്പിതമായിരിക്കുന്നതാണ്.
ഖുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ സംരംക്ഷണം ലഭിക്കുന്നതല്ല.
യസ്‌രിബിനെ വല്ലവരും ആക്രമിക്കുകയാണെങ്കില്‍ കരാര്‍ പത്രം അംഗീകരിച്ച എല്ലാ വിഭാഗവും ആക്രമണകാരിയെ ചെറുക്കുന്നതില്‍ പരസ്പരം സഹായിക്കേണ്ടതാണ്.
യഹൂദന്മാര്‍ വിശ്വാസികളുടെ സഖ്യകക്ഷികളുമായി സന്ധിക്ക് ക്ഷണിക്കപ്പെട്ടാല്‍ അവര്‍ സന്ധിയിലേര്‍പ്പെടേണ്ടതാണ്.
അത്തരം സന്ധിക്ക് അവര്‍ നമ്മെ ക്ഷണിക്കുകയാണെങ്കില്‍ വിശ്വാസികളുടെ മേലും അത് ബാധകമാവുന്നതാണ്.
എന്നാല്‍ മതത്തിന്റെ പേരില്‍ യുദ്ധം ചെയ്യുന്നവന് ഇത് ബാധകമായിരിക്കുന്നതല്ല. (കൂട്ടായ യുദ്ധത്തില്‍) യുദ്ധച്ചെലവില്‍, ഓരോ വിഭാഗവും താന്താങ്ങളുടെ പങ്ക് വഹിക്കുന്നതാണ്.
ഔസ് വംശത്തിലെ യഹൂദന്മാരും അവരുടെ മൗലാകളും ഈ പ്രമാണപത്രത്തിന്റെ ആള്‍ക്കാരില്‍ പുണ്യവാനും സുകൃതവാനുമായവന്റെ കൂടെ സ്ഥിതിചെയ്യുന്നതാകുന്നു.
ബനൂശത്വബ ജഫന ഗോത്രത്തിന്റെ അവാന്തര വിഭാഗമാകുന്നു.
പുണ്യമെന്നാല്‍ പാപമല്ലാത്തതാകുന്നു.
അതിനാല്‍ പാപകൃത്യം ചെയ്യുന്നവന്‍ അവന്റെ ദോഷം സമ്പാദിച്ചുകൂട്ടുന്നത് തനിക്കെതിരില്‍ തന്നെ.
ഈ പ്രമാണരേഖയിലെ ഏറ്റവും സത്യനിഷ്ഠവും പുണ്യകരവുമായ സംഗതിക്ക് ദൈവമാണ് സാക്ഷി.
അക്രമിയെയും കുറ്റവാളിയെയും ശിക്ഷിക്കുന്നതിനു ഈ പ്രമാണപത്രം തടസ്സമായിരിക്കുന്നതല്ല.
പുറത്തിറങ്ങുന്നവനും അകത്തിരിക്കുന്നവനും നിര്‍ഭയനായിരിക്കും. എന്നാല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ക്രമലംഘനം നടത്തുകയും ചെയ്തവന്റെ കാര്യം ഇതിന്നപവാദമാണ്.
ഈ പ്രമാണം പാലിയ്ക്കാന്‍ ഏറ്റവുമധികം കടപ്പെട്ടവന്‍ നല്ലവനും സുകൃതവാനുമായ വിശ്വാസിയാകുന്നു. – അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് (സീറത്തു ഇബ്‌നു ഹിശാം)
(തുടരും)

സുരക്ഷയും സമാധാനവും വ്യാപിക്കുന്നതില്‍ പ്രവാചകന്റെ പങ്ക് – 1
സുരക്ഷയും സമാധാനവും വ്യാപിക്കുന്നതില്‍ പ്രവാചകന്റെ പങ്ക്‌ – 3

 

Related Articles