Current Date

Search
Close this search box.
Search
Close this search box.

സമാധാന കമ്മീഷനുകളുടെ കൊളോണിയല്‍ താല്‍പര്യങ്ങള്‍

Gilad-Shalit.jpg

ഫലസ്തീന്‍ പ്രശ്‌നം തുടങ്ങിയത് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാധാനക്കരാറുകളുമായി ഒരുപാട് രാഷ്ട്രങ്ങള്‍ മുന്നോട്ട് വരുകയുണ്ടായി. ഈ സമാധാനക്കരാറുകളുടെ രാഷ്ട്രീയത്തെയാണ് ഞാന്‍ ഇനി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ വാദിക്കുന്നത് എല്ലാ സമാധാനക്കരാറുകളും അടിസ്ഥാനപരമായി ഇസ്രയേല്‍ എന്ന കൊളോണിയല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ മുന്‍നിര്‍ത്തിയാണ് നിലനില്‍ക്കുന്നത് എന്നാണ്. അതുപോലെത്തന്നെ ലോകത്തുടനീളം വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നിന്ന് സാമ്പത്തികമായ നേട്ടങ്ങള്‍ ഈ ‘സമാധാന’ രാഷ്ട്രങ്ങള്‍ കൈവരിക്കുന്നുണ്ടെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫലസ്തീനെ പിന്തുണക്കുന്നു എന്ന് പറയപ്പെടുന്ന രാഷ്ട്രങ്ങള്‍ പോലും ഹമാസ്, ഇസ്‌ലാമിക ജിഹാദ് തുടങ്ങിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അംഗീകരിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2006-ല്‍ അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയനിലെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഗസ്സയില്‍ വെച്ച് ഹമാസ് തടവിലാക്കിയ ഒരു ഇസ്രയേല്‍ പട്ടാളക്കാരനെ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ അധികൃതരെ സമീപിക്കുകയുണ്ടായി. ഏറ്റവും വലിയ തമാശയെന്താണെന്ന് വെച്ചാല്‍ ഗസ്സയില്‍ നടന്ന ഇസ്രയേല്‍ കൂട്ടക്കുരുതിക്ക് തിരിച്ചടിയെന്നോളമാണ് ഹമാസ് അയാളെ തടവിലാക്കിയത്. ഇസ്രയേല്‍ തടവിലാക്കിയ പതിനായിരക്കണക്കിന് ഫലസ്തീനികളെ വിട്ടുതരണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാല്‍ ഈ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രയേല്‍ തടവിലാക്കിയവരുടെ വിമോചനത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്.

ഞാനിവിടെ മനപൂര്‍വമാണ് ഇസ്രയേല്‍ പട്ടാളക്കാരന്റെ പേരൊഴിവാക്കിയത്. കാരണം അയാളെ നമുക്കെല്ലാവര്‍ക്കും അറിയാം. ലോകമുടനീളം അയാളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയും ചെയ്തതാണ്. അതേസമയം ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് ഫലസ്തീനികളുടെ പേരുകള്‍ ആര്‍ക്കൊക്കെ അറിയാം? ആരാണ് അവര്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നത്? അവര്‍ക്ക് വേണ്ടി ആരെങ്കിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടോ? അവരുടെ ജയില്‍ വിമോചനത്തിന് വേണ്ടി ഏതെങ്കിലും രാഷ്ട്ര പ്രതിനിധികളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇസ്രയേല്‍ അധികൃതരെ സമീപിച്ചിട്ടുണ്ടോ? ഇത്തരം മൗലികമായ ചോദ്യങ്ങള്‍ സമാധാന വാദികളോട് നിരന്തരം ചോദിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇരുപത്തിരണ്ടോളം അന്വേഷണ കമ്മീഷനുകള്‍ ഇസ്രയേലികളുടെ സുരക്ഷയും സമാധാനവും ലക്ഷ്യം വെച്ച് ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇനിയും എത്ര കമ്മീഷനുകളെ ഫലസ്തീനികള്‍ നേരിടേണ്ടി വരും? ഇപ്പോള്‍ സയണിസ്റ്റുകള്‍ ആവശ്യപ്പെടുന്നത് തങ്ങളുടെ കോളനീകരണം ഉന്നതമായ ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് ഫലസ്തീനികള്‍ സമ്മതിക്കണം എന്നാണ്. അതിന് വേണ്ടി ഫലസ്തീനി അധികൃതരെക്കൊണ്ട് ഒപ്പിടുവിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രയേല്‍ ഭരണകൂടം നടത്തുന്നത്. അതോട് കൂടി ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അംഗീകരിക്കപ്പെടുകയും കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ കോളനീകരണ പദ്ധതികള്‍ വികസിക്കപ്പെടുകയും ചെയ്യും.

1936-39 കാലത്ത് നടന്ന കലാപത്തിന്റെ സന്ദര്‍ഭങ്ങളില്‍ ബ്രിട്ടീഷ് ഭരണകൂടം ഫലസ്തീനികളുടെ മേല്‍ നടപ്പിലാക്കിയത് ചരിത്രത്തില്‍ തുല്യതയില്ലാത്ത വംശീയതയാണ്. തുടര്‍ന്ന് ബ്രിട്ടന്‍ തന്നെയാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി കമ്മീഷനെ നിയോഗിച്ചത്. പീല്‍ കമ്മീഷന്‍ എന്നായിരുന്നു അതിന്റെ അതിന്റെ പേര്. 1937 ല്‍ ആണ് ആ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എങ്ങനെയാണ് കൊളോണിയലിസ്റ്റുകള്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും അവര്‍ തന്നെ അതിന് ‘പരിഹാരങ്ങള്‍’ നിര്‍ദേശിക്കുന്നതും എന്നത് ഈ സംഭവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാല്‍ അതിശയകരമായ വസ്തുത എന്നത് കലാപം നടത്തിയവര്‍ തന്നെ കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നു എന്നത് ആരും ഒരു പ്രശ്‌നമായി എടുക്കുന്നില്ല എന്നതാണ്.

ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ച ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് നോക്കിയാല്‍ സയണിസ്റ്റ് ജ്ഞാനശാസ്ത്രം എത്രത്തോളം അതിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നമുക്ക് വ്യക്തമാകും. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ഭാഷയാണ് അതിനുള്ളത്. അവിടെ ഫലസ്തീന്‍ ചരിത്രം പൂര്‍ണ്ണമായും മറക്കപ്പെട്ടത് നാം കണ്ടതാണ്. അറബ് അധിനിവേശം എന്ന് പോലും ഈ റിപ്പോര്‍ട്ടില്‍ ഫലസ്തീനിനെ ഉദ്ദേശിച്ച് ഒരിടത്ത് സൂചിപ്പിക്കുകയുണ്ടായി. ചുരുക്കത്തില്‍ സമാധാന പ്രക്രിയകളും അതിനായി നിയോഗിക്കപ്പെടുന്ന കമ്മീഷനുകളും ഇരകളുടെ പക്ഷത്ത് നില്‍ക്കുന്നതിന് പകരം വേട്ടക്കാരന്റെ കൊളോണിയല്‍ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. (തുടരും)

വിവ: സഅദ് സല്‍മി

രാഷ്ട്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ നഖ്ബ

ഫലസ്തീന്‍ അഭയാര്‍ഥി പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളും

Related Articles