Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികളുടെ പ്രതികരണം

അല്ലാഹുവിന്റെ ഇഷ്ട ദാസരും സംപ്രീതരും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരുമാണ് പ്രവാചകന്മാര്‍. അവന്റെ ഇഷ്ടവും പ്രീതിയും നേടാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അവരെ പോലെ തന്നെ പെരുമാറേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.’ (33: 21)

പ്രവാചകന്മാരും സച്ചരിതരായ പൂര്‍വ വിശ്വാസികളും പ്രകടിപ്പിച്ച ക്ഷമയില്‍ നിന്നും ദൈവാര്‍പ്പണത്തില്‍ നിന്നും ഗുണപാഠമുള്‍ക്കൊള്ളാന്‍ സമകാലീന മുസ്‌ലിംകള്‍ തയ്യാറാകേണ്ടതുണ്ട്.

നിര്‍മതവാദികളെയും ദുര്‍ബ്ബല വിശ്വാസികളെയും സംബന്ധിച്ചിടത്തോളം, അപവാദം ഒരു നശീകരണമാണ്. പ്രവാചകന്മാരില്‍ ആരോപിക്കപ്പെട്ടിരുന്നത് പോലെ, വ്യഭിചാരമോ, മോഷണമൊ മറ്റോ അവരില്‍ ആരോപിക്കപ്പെടുന്ന പക്ഷം, അവര്‍ തകര്‍ന്നു പോകും. ജീവിക്കാനുള്ള താല്പര്യം തന്നെ, നശിച്ചു പോകും. ദുഖവും നൈരാശ്യവും വിഷമവും അവരെ പിടികൂടും. കൊച്ചു ആരോപണം പൊലും അവരെ നിരാശരാക്കുന്നുവെങ്കില്‍, വലിയ ആരോപണങ്ങള്‍ അവരെ തകര്‍ക്കുക തന്നെ ചെയ്യും. അവര്‍ ആലോചിക്കും: ഈ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ തനിക്കെങ്ങനെ സാധിക്കും? മില്യണ്‍ കണക്കിലാളുകള്‍ ഇതിന്റെ പേരില്‍ എന്നെ അറിയാനിടവന്നിരിക്കുന്നല്ലോ? എന്റെ രേഖ നന്നാക്കാന്‍ എനിക്കെങ്ങനെ കഴിയും?’ സ്വന്തം സാമ്പത്തിക ഭാവിയെ കുറിച്ച് അവര്‍ ഉത്കണ്ഠപ്പെടും. എത്ര കഴുകിയാലും അല്പ മാലിന്യം ഒട്ടിപ്പിടിക്കുമല്ലോ എന്നവര്‍ ഭയപ്പെടും. ഈ അപവാദത്തിന്റെ പേരില്‍, തങ്ങള്‍ എന്നെന്നുമോര്‍മിക്കപ്പെടുമല്ലോ എന്നവര്‍ വിശ്വസിക്കും.
എന്നാല്‍, വിശ്വാസികളുടെ സ്ഥിതി അതല്ല. ദൈവ വിശ്വാസത്തില്‍ സുരക്ഷ കണ്ടെത്തുന്ന അവര്‍, മുകളില്‍ പറഞ്ഞവരെ പോലെ, ചിന്താശൂന്യരായി പെരുമാറുകയോ, ഉത്കണ്ഠപ്പെടുകയോ ചെയ്യുകയില്ല. അവരുടെ സുദൃഡവിശ്വാസവും, ദൈവിക നിയതിക്കു വഴങ്ങാനുള്ള കഴിവും, ഇത്തരം അവസരങ്ങളില്‍, മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തരാക്കുന്നു.

അപവാദം ഒരു ദൈവിക പരീക്ഷണമാണെന്നും, അതില്‍ വിജയിക്കുക വഴി ദൈവിക പ്രീതി നേടാമെന്നും, ക്ഷമയും വിശ്വാസവും പ്രകടിപ്പിക്കുക വഴി തങ്ങളുടെ പേര്‍ വിശുദ്ധീകരിക്കപ്പെടുമെന്നും വിശ്വാസികള്‍ക്കറിയാം. ഇത്തരം ആരോപണങ്ങള്‍, യഥാര്‍ത്ഥത്തില്‍, തങ്ങള്‍ക്ക് ഗുണകരമായേ ഭവിക്കുകയുള്ളുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ‘തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്.’ (24: 11)

ദൈവത്തിന്റെ അറിവോടും നിയന്ത്രണത്തൊടും കൂടിയാണ് എന്തും സംഭവിക്കുന്നതെന്നും ഏറ്റവും നല്ല രീതിയിലാണ് എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നുമാണ്, മതമൂല്യങ്ങളനുസരിച്ച് ജീവിക്കുന്നവരുടെ കാഴ്ചപ്പാട്. അതിനാല്‍ തന്നെ, വളരെ വഷളായ ആരോപണങ്ങള്‍ക്ക് വിധേയരായാല്‍ പോലും, ഗുണപരമായ എന്തോ അതില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നും അവര്‍ മനസ്സിലാക്കുന്നു. എന്നാലും, ദുഷ്‌പേരില്‍ നിന്നും അപവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍, തങ്ങളുടെ പരമാവധി അവര്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല.

അപവാദങ്ങളുടെ അനന്തരഫലമായുള്ള വിഷമങ്ങളാല്‍ പലപ്പോഴും വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടേക്കും. ഗുരുതരമായ രോഗം,  ദാരിദ്ര്യം, സാമ്പ്ത്തിക പ്രശ്‌നങ്ങള്‍ എന്നിവ ഒരേ സമയത്ത് സംഭവിച്ചേക്കാം. പക്ഷെ, ഇതെല്ലാം ദൈവിക പരീക്ഷണമാണെന്നും, ഓരോ പ്രശ്‌നത്തിന്നും പരിഹാരമുണ്ടെന്നും, ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണെന്നും വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍, സുനിര്‍ണ്ണിതവും സുനിശ്ചിതവും സധീരവും ഉര്‍ജ്ജസ്വലവുമായ രീതിയിലായിരിക്കും അയാളുടെ പ്രതികരണം. ദുഖത്തിന്നോ നൈരാശ്യത്തിന്നോ അയാള്‍ കീഴ്‌പ്പെടുകയില്ല.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles