Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ നഖ്ബ

nakba-48.jpg

ബ്രിട്ടീഷ് അധിനിവേശത്തോടെ തന്നെ ലോകഭൂപടത്തില്‍ നിന്ന് ഫലസ്തീനെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ‘നഖ്ബ’ സംഭവത്തോടെയാണ് അതിന് കുറച്ച് കൂടി മൂര്‍ധന്യം സംഭവിക്കുന്നത്. ഫലസ്തീനിന്റെ സമ്പൂര്‍ണ്ണമായ അധിനിവേശമാണ് നഖ്ബ സംഭവം സാധ്യമാക്കിയത്. ഫലസ്തീനിന്റെ വംശീയ ഉന്‍മൂലനം സാധ്യമായതോടെയാണ് ജൂത ഭൂരിപക്ഷെേത്താടെയുള്ള ഒരു സയണിസ്റ്റ് രാഷ്ട്രത്തിന് രൂപം നല്‍കാന്‍ സാധിച്ചത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫലസ്തീനില്‍ മുമ്പ് തന്നെ സാന്നിധ്യം ഉറപ്പിച്ചിരുന്ന സയണിസ്റ്റ് ഗ്രൂപ്പുകളും ബ്രിട്ടനും ചേര്‍ന്നുള്ള ഒരു അണിയറ നീക്കത്തിന്റെ ഫലമായിരുന്നു അത്.

കൊളോണിയല്‍ പ്രൊജക്ടുകളെല്ലാം തന്നെ വിജയിക്കണമെങ്കില്‍ തദ്ദേശിയരായ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക, മത ഘടനകളെല്ലാം തകര്‍ത്ത് കൊണ്ട് പകരം വേറൊരു അധീശമായ സംസ്‌കാരത്തെയും അധികാരത്തെയും പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഫലസ്തീനില്‍ ബ്രിട്ടനും സയണിസ്റ്റുകളും ചേര്‍ന്ന് സാധ്യമാക്കിയത് അതാണ്. കുടിയേറ്റ അധിനിവേശം എന്ന രീതി തന്നെയാണ് ഇങ്ങനെ പൂര്‍ണ്ണാര്‍ഥത്തിലുള്ള അധിനിവേശം സാധ്യമാക്കാന്‍ വേണ്ടിയാണ് ഫലസ്തീനില്‍ പരീക്ഷിച്ചത്. അത് വന്‍തോതില്‍ വിജയം കാണുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ കൊളംബസും കൂട്ടരും സാധ്യമാക്കിയതിന് സമാനമായ അധിനിവേശമാണിത്.

ആഫ്രിക്കയിലും സമാനമായ അധിനിവേശം ഉണ്ടായിട്ടുണ്ട്. എന്നാലവിടെ കറുത്ത വംശജരെ കൃഷിഭൂമിയില്‍ നിന്ന് ആട്ടിപ്പായിച്ച ശേഷം അധിനിവേശകര്‍ കൃഷിഭൂമിയെല്ലാം പിടിച്ചടക്കുകയാണുണ്ടായത്. എന്നാല്‍ ഫലസ്തീനില്‍ ഇതിന് വിപരീതമാണ് സംഭവിക്കുന്നത്. അവിടെ ഉല്‍പാദന രംഗത്തെല്ലാം ഫലസ്തീനികളെ കൊണ്ട് പണിയെടുപ്പിച്ച് കൊണ്ട് അതിന്റെ ഫലം അനുഭവിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്യുന്നത്. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലും ആഫ്രിക്കയിലും ഫലസ്തീനിലും തദ്ദേശിയരായ ജനസമൂഹങ്ങളെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ അധിനിവേശത്തിന് വിധേയമാക്കിയ രീതി ഏറെക്കുറെ സമാനമാണ്.

ഒന്നാം ലോകമഹായുദ്ധത്തിനും ബാല്‍ഫര്‍ പ്രഖ്യാപനത്തിനും ശേഷമാണ് ഫലസ്തീനിന് മേലുള്ള ബ്രിട്ടന്റെ അധികാരം ശക്തമാകുന്നത്. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബ്രിട്ടന് കുറച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1936-39 വര്‍ഷങ്ങളില്‍ നടന്ന അറബ് കലാപത്തിന് ശേഷമാണ് ബ്രിട്ടന്റെ സ്വാധീനം കൂടുതല്‍ ശക്തമായത്. പത്ത് വര്‍ഷത്തിന് ശേഷം നഖ്ബ ദുരന്തത്തോട് കൂടി വംശീയ ഉന്‍മൂലനം അതിന്റെ പൂര്‍ണ്ണതയിലെത്തുകയായിരുന്നു. ആധിനിക ഫലസ്തീന്‍ ചരിത്രത്തില്‍ നഖ്ബക്കുള്ള സ്ഥാനത്തെ കുറച്ച് കാണുകയല്ല ഞാന്‍ ചെയ്യുന്നത്. എന്നാല്‍ നഖ്ബയെ ഒരു ഏകസംഭവമായി കാണുന്നതിന് പകരം വിശാലാര്‍ത്ഥത്തിലുള്ള കൊളോണിയല്‍ പ്രൊജക്ടിന്റെ ഭാഗമായി കാണുകയാണ് വേണ്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ഫലസ്തീന്‍ അധിനിവേശം എന്നത് ഒരു യാദൃശ്ചിക സംഭവമല്ല. മറിച്ച് ബ്രിട്ടനും സയണിസ്റ്റുകളും ഒരുമിച്ച് ചേര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളോടെ നടപ്പിലാക്കിയ കുടിയേറ്റ അധിനിവേശമാണത്. അത്‌പോലെതന്നെ നഖ്ബ ദുരന്തവും പെട്ടെന്നുണ്ടായ സംഭവമൊന്നുമല്ല. നഖ്ബ ദുരന്തത്തെ പരിശോധിക്കുന്നതിന് മുമ്പ് അറബ് കലാപവും 1948 ലെ വംശീയ ഉന്‍മൂലനവും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ നഖ്ബ ദുരന്തത്തെക്കുറിച്ച് കൃത്യമായ ചിത്രം നമുക്ക് ലഭിക്കുകയുള്ളൂ.

ഞാന്‍ സൂചിപ്പിച്ച് വരുന്നത് നഖ്ബ സംഭവം ഒരു നിരന്തര പ്രക്രിയയുടെ ഫലമായിരുന്നു എന്നാണ്. അഥവാ, വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെയും കൊളോണിയല്‍ ഗുഢാലോചനയുടെയും പരിണിത ഫലമായാണ് നഖ്ബ ദുരന്തം സംഭവിക്കുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനം, ലീഗ് ഓഫ് നേഷന്റെ രൂപീകരണം, സയണിസ്റ്റ് കുടിയേറ്റം എന്നീ ചരിത്ര സംഭവങ്ങളുമായി അത് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതിനാല്‍ തന്നെ നഖ്ബയില്‍ നടന്ന വംശീയ ഉന്‍മൂലനത്തെക്കുറിച്ച് സൂചിപ്പിക്കുന്നതിന് മുമ്പ് തന്നെ 1936-39 വര്‍ഷങ്ങളില്‍ നടന്ന കലാപത്തെക്കുറിച്ചും 1948 ലെ യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും സാമാന്യം വിശദമായി തന്നെ സൂചിപ്പിക്കേണ്ടതുണ്ട്. കാരണം ഫലസ്തീന്‍ അധിനിവേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് അതിന്റെ സവിശേഷ സ്വഭാവമാണ്. അഥവാ, ഇതര അധിനിവേശ പ്രകിയകളില്‍ നിന്നെല്ലാം ഫലസ്തീന്‍ വ്യത്യസ്തമാകുന്നത് അത്‌കൊണ്ടാണ്. അതിനാലാണ് അധിനിവേശത്തിന് മുമ്പും ശേഷവും എന്ന വിഭജനം ഫലസ്തീനിന്റെ കാര്യത്തില്‍ സാധ്യമല്ലാത്തത്. രണ്ട് കാലവും തമ്മില്‍ അഭേദ്യമായ ബന്ധം നിലനില്‍ക്കുന്നുണ്ട്.

1936-39 വര്‍ഷങ്ങളില്‍ നടന്ന കലാപത്തില്‍ അയ്യായിരത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അതുപോലെ 15,000 ത്തോളം ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ആറായിരത്തോളം പേര്‍ ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഒരുപാട് ഫലസ്തീനികളെ ബ്രിട്ടന്‍ നാടുകടത്തുകയുണ്ടായി. തദ്ദേശീയ നേതാക്കന്‍മാരെ നാട് കടത്തുക എന്നത് എല്ലാ കൊളോണിയല്‍ പ്രൊജക്ടുകളുടെയും പ്രത്യേകതയാണ്. ഫലസ്തീനും അതില്‍ നിന്ന് ഭിന്നമായിരുന്നില്ല. അങ്ങനെ ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ ചരിത്രത്തിന്റെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ തന്നെ ആ രാഷ്ട്രത്തിന്റെ സംസ്‌കാരത്തെയും നാഗരികതയെയും ചരിത്രത്തെയും മായ്ച്ചു കളയാന്‍ കൊളോണിയലിസ്റ്റുകള്‍ക്ക് സാധിക്കുകയുണ്ടായി. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ തന്നെ നഖ്ബയില്‍ വംശീയ ഉന്‍മൂലനം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. അതോട് കൂടി അധിനിവേശം കുറച്ച് കൂടി പോപ്പുലറാക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിച്ചു. (തുടരും)

വിവ: സഅദ് സല്‍മി

സയണിസത്തിനെതിരെ നിലകൊള്ളുന്ന ജൂതപ്രസ്ഥാനങ്ങള്‍

സമാധാന കമ്മീഷനുകളുടെ കൊളോണിയല്‍ താല്‍പര്യങ്ങള്‍

Related Articles