Current Date

Search
Close this search box.
Search
Close this search box.

യൂസുഫ് നേരിട്ട മോഷണാരോപണം

യൂസുഫിനോട് കൊടിയ ശത്രുത പുലര്‍ത്തിയിരുന്ന സ്വന്തം സഹോദരങ്ങള്‍, അദ്ദേഹം കൊച്ചു കുട്ടിയായിരിക്കെ, കിണറ്റിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതും, അത് വഴി കുടുംബത്തില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞു. യൂസുഫ് ജയില്‍ മോചിതനാവുകയും ഈജിപ്തിന്റെ ഭണ്ഡാരമേധാവിയായി നിയമിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഒരു ദിവസം അവര്‍ യൂസുഫിന്റെയടുത്തെത്തുന്നു. തങ്ങളുടെ സഹോദരന്റെയടുത്താണ് തങ്ങളെത്തിയതെന്നു അവര്‍ക്കറിയില്ലായിരുന്നു. ഭണ്ഡാരത്തില്‍ നിന്നും തങ്ങള്‍ക്കാവശ്യമായ ഭക്ഷണ കോപ്പുകള്‍ നേടുകയായിരുന്നു അവരുടെ ആഗമനോദ്ദേശ്യം. പക്ഷെ, സഹോദരങ്ങളെ തിരിച്ചറിഞ്ഞ യൂസുഫ്, കൂട്ടത്തിലെത്തിയ കൊച്ചനുജന്ന് താനാരാണെന്നു വെളിപ്പെടുത്തിക്കൊടുത്തു. തന്റെ ഉടപ്പിറന്ന സഹോദരന്‍ തന്റെ കൂടെ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. പക്ഷെ, രാജനിയമം അതിനനുകൂലമായിരുന്നില്ല. അതിനാല്‍, അദ്ദേഹം ഒരു സൂത്രം കണ്ടെത്തുകയായിരുന്നു.

സംഭവം ഖുര്‍ആന്‍ തന്നെ വിവരിക്കട്ടെ: ‘അവര്‍ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്റെ സഹോദരന്‍. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്‍മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല. അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം (യൂസുഫ്) പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്.  അവരുടെ നേരെ തിരിഞ്ഞ് കൊണ്ട് (യാത്രാസംഘം) പറഞ്ഞു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ട് വന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് (ധാന്യം) നല്‍കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു. അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ,ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല. അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത് ശിക്ഷയാണ് നല്‍കേണ്ടത് ? അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.  എന്നിട്ട് അദ്ദേഹം (യൂസുഫ്) തന്റെ സഹോദരന്റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു.അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്. (12: 69 – 76)
ഇത് വഴി, വര്‍ഷങ്ങളോളം തനിക്ക് കാണാന്‍ കഴിയാത്ത സഹോദരനെ കൂടെ നിറുത്താന്‍ യൂസുഫിന്നു കഴിഞ്ഞു. പക്ഷെ, ക്രൂരരും അസൂയാലുക്കളുമായ സഹോദരങ്ങള്‍, തന്റെ അസാന്നിധ്യത്തില്‍, അദ്ദേഹത്തെ കുറിച്ചു അപവാദവും ആരോപണവും ഉന്നയിക്കുകയായിരുന്നു: ‘അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്. (12: 77)
അതെ, അവിശ്വാസികളും കപടവിശ്വാസികളും വിശ്വാസികളെ അങ്ങേയറ്റം വെറുക്കുകയും, അവരെ ഉപദ്രവിക്കാനും അപമാനിക്കാനും കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ശരിക്കും വിനിയോഗിക്കുകയും ചെയ്യും. പക്ഷെ, യാഥാര്‍ത്ഥ്യ ബോധമുള്ള വിശ്വാസികള്‍ ദൈവേച്ഛയുടെ അടിസ്ഥാനത്തിലായിരിക്കും എപ്പോഴും കാര്യങ്ങള്‍ വിചിന്തനം ചെയ്യുക. തദ്വാരാ, ഇച്ഛാ ശക്തിയോടും സഹനത്തോടും കൂടിയായിരിക്കും അവര്‍ പ്രതികരിക്കുക. അല്ലാഹു തങ്ങളോടൊപ്പമുണ്ടെന്ന വിശ്വാസത്തോടെ, സദാ അവനെ വഴങ്ങുകയും ആത്മ വിശ്വാസത്തോടെ ജീവിക്കുകയും ചെയ്യുന്നു. ഇത്തരം വഴക്കത്തിന്റെയും വിശ്വാസത്തിന്റെയും സദാചാര ശുദ്ധിയുടെയും മകുടോദാഹരണമായിരുന്നു യൂസുഫിന്റെ ജീവിതം.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles