Current Date

Search
Close this search box.
Search
Close this search box.

യൂസുഫ് നബി നേരിട്ട അപവാദങ്ങള്‍

ശൈശവത്തില്‍ തന്നെ അപവാദങ്ങളള്‍ക്കും ഗൂഢാലോചനക്കും വിധേയനായ പ്രവാചകനായിരുന്നു യൂസുഫ് നബി. എന്നിട്ടും, പരിശുദ്ധവും നിഷ്‌കളങ്കവുമായ സ്വഭാവമായിരുന്നു അദേഹം പുലര്‍ത്തിയിരുന്നത്. മറ്റാരുമായിരുന്നില്ല, പ്രത്യുത, സ്വന്തം കുടുംബം തന്നെയായിരുന്നു അദ്ദേഹത്തോട് ഇങ്ങനെ ഹീനമായി പെരുമാറിയത്. ശത്രുതയോടെ അദ്ദേഹത്തിന്നെതിരെ തിരിഞ്ഞ സഹോദരങ്ങള്‍, അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. അഗാധഭക്തനും സദാ ദൈവപ്രീതി തേടുകയും ചെയ്തിരുന്ന ഈ വിശുദ്ധനില്‍, മോഷണം, വ്യഭിചാരം പോലുള്ള ജൂഗുപ്‌സാവഹമായ കുറ്റങ്ങളായിരുന്നു ആരോപിക്കപ്പെട്ടത്. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും, വര്‍ഷങ്ങളൊളം, അദ്ദേഹം ജയിലില്‍ കഴിയേണ്ടി വന്നു. അവിശ്വാസികളുടെ അപവാദങ്ങളായിരുന്നു കാരണം.

അപവാദവുമായി ഗവര്‍ണറുടെ പത്‌നി
കുട്ടിക്കാലത്ത് തന്നെ ജ്ഞാനം ലഭിച്ച പ്രവാചകനായിരുന്നു അദ്ദേഹം. ശത്രുക്കളായി മാറിയ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍, കുട്ടിയായിരിക്കെ, വധിക്കാനായി അദ്ദേഹത്തെ കിണറ്റിലെറിയുകയായിരുന്നു. പക്ഷെ, ചില സഞ്ചാരികള്‍ അദ്ദേഹത്തെ കണ്ടെത്തുകയും, അതില്‍ നിന്നെടുത്തു , തുച്ഛ വിലക്ക് ഈജിപ്തിലെ ഗവര്‍ണര്‍ക്ക് വില്പന നടത്തുകയുമാണുണ്ടായത്. അതി സുന്ദരനായ യൂസുഫിന്ന് പ്രായപൂര്‍ത്തിയെത്തിയപ്പോള്‍, അദ്ദേഹത്തില്‍ ആകൃഷ്ടയായ ഗവര്‍ണരുടെ പത്‌നി, അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പക്ഷെ, ദൈവ ധിക്കാരത്തിന്ന് സന്നദ്ധനല്ലാത്ത അദ്ദേഹമാകട്ടെ, ഈ നീക്കം ചെറുത്തു രക്ഷപ്പെടാന്‍ വാതിലിന്നടുത്തേക്കോടി. പക്ഷെ, തിരസ്‌കൃതയായ ആ സ്ത്രീ അവിടെ വെച്ച് അദ്ദേഹത്തെ പിടികൂടുകയായിരുന്നു. പിടിവലി കാരണം യൂസുഫിന്റെ കുപ്പായം കീറിപ്പോയി. ഇതിനിടെയാണ് ഗവര്‍ണര്‍ സ്ഥലത്തെത്തുന്നത്. തന്റെ തെറ്റ് മറച്ചുവെക്കാന്‍ സ്ത്രീ ചെയ്ത തന്ത്രം, അദ്ദേഹത്തെ അപവദിക്കുകയായിരുന്നു. സംഭവം ഖുര്‍ ആന്‍ വിവരിക്കുന്നതിങ്ങനെ: ‘അങ്ങനെ അദ്ദേഹം പൂര്‍ണ്ണ വളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കിത. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു. അവന്‍ ( യൂസുഫ് ) ഏതൊരുവളുടെ വീട്ടിലാണോ, അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. അവള്‍ക്ക്  അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ! പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു. അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്റെ കുപ്പായം കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ ( ഭര്‍ത്താവിനെ ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം. (12: 22-25) ‘അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്’ (12: 26) എന്നു പറഞ്ഞു കൊണ്ട് യൂസുഫ് പ്രതിരോധം നടത്തി നോക്കി. പിന്നെ, സ്ത്രീയുടെ ഒരു സുഹൃത്ത് ഇടപെടുകയായിരുന്നു. ഖുര്‍ആന്‍ തന്നെ വിവരിക്കട്ടെ: ‘യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ് (12: 26, 27)
യൂസുഫിന്റെ കുപ്പായം കീറിയിരുന്നത് പിന്‍ ഭാഗത്തായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ വാദമാണ് സത്യമെന്നും, അദ്ദേഹം നിരപരാധിയാണെന്നും തെളിയുകയായിരുന്നു. പക്ഷെ, എന്നിട്ടും അദ്ദേഹം തുറുങ്കിലടക്കപ്പെടുകയാണുണ്ടായത്.
ഉന്നത പദവിയാഗ്രഹിച്ചിരുന്ന, ഭക്തിയില്ലാത്ത ആളുകളുടെ ഗൂഢാലോചനക്ക് അദ്ദേഹം ഇരയാവുകയാണുണ്ടായത്. അവസാനം, ഒന്നുകില്‍ ജയില്‍ ജീവിതം, അല്ലെങ്കില്‍ സ്ത്രീയുടെ ഇംഗിതം! ഇവയിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. അങ്ങനെ, ജുഗുപസാവഹമായൊരു കുറ്റാരോപിതനായി തീരുകയായിരുന്നു ആ നിരപരാധി. അദ്ദേഹം ഉന്നത സ്വഭാവത്തിന്റെ ഉടമയും വിശുദ്ധനുമായിരുന്നുവെന്നതായിരുന്നു ഇതിന്നു കാരണം. വിശ്വാസികളെ സത്യമാര്‍ഗത്തില്‍ നിന്നകറ്റി വഴികേടിലേക്ക് നയിക്കാനായി, സാധാരണ പ്രയോഗിക്കപ്പെടുന്ന ഒരു രീതിയാണിത്.
ഇവിടെ വളരെ ശ്രദ്ധേയമായൊരു വസ്തുതയുണ്ട്. ആ സ്ത്രീ, വ്യഭിചാരത്തിലേക്കും അത് വഴി വഴികേടിലേക്കും അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു. പക്ഷെ, ഒരു അചഞ്ചല വിശ്വാസിയായി നിലകൊണ്ട് അത് നിരസിക്കുകയായിരുന്നുവല്ലോ അദ്ദേഹം ചെയ്തത്. അതിനാല്‍, വ്യഭിചാരമാരോപിച്ചു കൊണ്ട് അവള്‍ക്കയാളെ ജയിലിലടക്കേണ്ടതുണ്ടായിരുന്നു. അവിശ്വാസികള്‍, തങ്ങളുടെ അധര്‍മ്മങ്ങള്‍ പലപ്പോഴും വിശ്വാസികളില്‍ ആരോപിക്കുന്നുവെന്നാണിത് തെളിയിക്കുന്നത്.
തനിക്കെതിരായ ഗൂഢാലോചന യൂസുഫ് മനസ്സിലാക്കിയിരുന്നു. പക്ഷെ, അവിശ്വാസികളാവശ്യപ്പെടുന്ന അധാര്‍മികത്വത്തെക്കാള്‍ ജയില്‍ ജീവിതമാണ്, സര്‍വോപരി ദൈവിക പ്രീതി കാംക്ഷിച്ചിരുന്ന അദ്ദേഹം ഇഷ്ടപ്പെട്ടത്. തദ്വാരാ, വര്‍ഷങ്ങളൊളം അദ്ദേഅഹത്തിന്നു ജയിലില്‍ കഴിയേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: “അവന്‍ ( യൂസുഫ് ) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും. അപ്പോള്‍ അവന്റെ പ്രാര്‍ത്ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.” (12: 33, 34)
സമൂഹത്തിലെ ശക്തരും പ്രബലരുമായ ആളുകളെ നിരാകരിച്ചു കൊണ്ട്, കാരാഗൃഹ ജീവിതം തെരഞ്ഞെടുക്കുന്നത്, ദൈവിക പ്രീതി മാത്രം കാംക്ഷിക്കുന്ന സുദൃഢ വിശ്വാസികളുടെ ലക്ഷണമത്രെ. അതെ, യൂസുഫ് അപവദിക്കപ്പെടുകയും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയുമാണല്ലോ ഉണ്ടായത്. ചുറ്റുപാടുള്ളവരുടെ അവമാനത്തിന്നും ശത്രുതക്കും വിധേയനായി, അങ്ങനെ കുറേ കാലം അദ്ദേഹം കാരാഗൃഹത്തില്‍ കഴിഞ്ഞു. തന്റെ കളങ്കം കഴുകി കളയാന്‍ ആര്‍ക്കുമാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വ്യക്തമായ നിരപരാധിത്തമുണ്ടായിട്ടും, കാരാഗൃഹത്തിലടച്ചത്, അക്കാലത്തെ അനീതിയെയാണ് സൂചിപ്പിക്കുന്നത്. ധര്‍മം കാത്തു സൂക്ഷിക്കാത്ത സമൂഹം, സ്വന്തം പവിത്രത കാത്തു സൂക്ഷിക്കുന്നവരോട് എങ്ങനെ വര്‍ത്തിക്കുന്നുവെന്നതും ഈ സംഭവം വ്യക്തമാക്കുന്നു. അതെ, നിരപരാധിയാണെന്നു വ്യക്തമായിട്ടും അനീതി നടപ്പാക്കാന്‍ സമൂഹം അനുവദിക്കുകയായിരുന്നുവല്ലൊ. അനീതിക്കെതിരെ, യൂസുഫിന്റെ പക്ഷം നില്‍ക്കാന്‍ അവര്‍ മുതിരാതിരുന്നത് സ്വാര്‍ത്ഥ താല്‍പര്യം പരിഗണിച്ചത് കൊണ്ട് മാത്രമായിരുന്നുവല്ലൊ. അല്ലാഹു പറയുകയാണ്: ‘പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്.’ (12: 35)
അങ്ങനെ, യൂസുഫ് വര്‍ഷങ്ങളോളം, ജയിലില്‍ കഴിഞ്ഞു. പ്രത്യക്ഷത്തില്‍, അപരിഹാര്യമെന്നു തോന്നിയേക്കാവുന്ന പല കാര്യങ്ങളും ആന്തരിക വശമറിയുന്ന, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അങ്ങനെയായിക്കൊള്ളണമെന്നില്ല. എല്ലാ ബുദ്ധിമുട്ടുകളെയും വിഷമങ്ങളെയും തരണം ചെയ്തു കൊണ്ട്, എപ്പോഴും അല്ലാഹുവില്‍ ആശ്രയം കണ്ടെത്തുന്നവരാണ് വിശ്വാസികള്‍. നൈരാശ്യത്തിന്നു കീഴടങ്ങാതെ, അവര്‍ സദാ അല്ലാഹുവിനെ വാഴ്ത്തുകയായിരിക്കും. അല്ലാഹു സൃഷ്ടിച്ച എല്ലാ കാര്യങ്ങളിലും നന്മയും യുക്തിയുമുണ്ടെന്നവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ, ഇതെല്ലാം, അവസാനം, ഇഹത്തിലും പരത്തിലും, അദ്ദേഹത്തിന്നു നന്മയായി ഭവിക്കുകയായിരുന്നു.
ജയില്‍ ജീവിതകാലത്ത് രാജാവിന്നൊരു സ്വപ്നം. യൂസുഫ് സ്വപ്നവ്യാഖ്യാനം അറിയുന്നവനാണെന്ന് ഒരു സഹതടവുകാരനിലൂടെ രാജാവ് അറിഞ്ഞിരുന്നു. അതിനാല്‍, സ്വപ്നം വ്യാഖ്യാനിക്കാന്‍ രജാവ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. അതെ, ജയിലില്‍ കഴിയുന്ന യൂസുഫ്, വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മിക്കപ്പെടണമെന്നത് ഒരു ദൈവിക തീരുമാനമായിരുന്നു. അത് കൊണ്ടാണ്, അദ്ദേഹത്തിന്റെ കഴിവ് രാജാവ് അറിയുകയും രാജസന്നിധിയില്‍ അദ്ദേഹത്തെ ഹാജരാക്കാന്‍ ഉത്തരവിടപ്പെടുകയും ചെയ്തത്. പക്ഷെ, അതിന്നു മുമ്പായി, തന്റെ കേസ്സ് തീര്‍പ്പ് കല്പിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഖുര്‍ആന്‍ പറയുന്നു: “രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം ( യൂസുഫ് ) പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.’ (12: 50)

അവസാനം, ഗവര്‍ണരുടെ പത്‌നിയടക്കം, എല്ലാ സാക്ഷികളും രാജകല്പന പ്രകാരം കൊട്ടരത്തിലെത്തുകയും അങ്ങനെ, യൂസുഫിന്റെ നിരപരാധിത്തം സമ്മതിക്കുകയുമായിരുന്നു. അതോടെ, അദ്ദേഹം നിരപരാധിയായി പ്രഖ്യാപിക്കപ്പെട്ടു. സംഭവം ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: ‘(ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്) അദ്ദേഹം (രാജാവ്) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.’ (12; 51)
നിരപരാധിത്ത പ്രഖ്യാപനം കഴിഞ്ഞു യൂസുഫ് പറയുകയാണ്: ‘അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു.’ (12; 52)
അധര്‍മം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ജയില്‍ ഇഷ്ടപ്പെടുക, വ്യഭിചാരാരോപണത്തിന്നു മുമ്പില്‍, ക്ഷമാശീലനും ദൃഢ ചിത്തനുമായി നില കൊള്ളുക തുടങ്ങിയവ വിശ്വാസിയുടെ മാതൃകാ സ്വഭാവമത്രെ. മോചനത്തിന്നു ശേഷം അദ്ദേഹത്തിന്നു ലഭിച്ചത് ഈജിപ്തിന്റെ അധികാരമായിരുന്നു. അദ്ദേഹം പ്രകടിപ്പിച്ച മികച്ച സ്വഭാവവും വിശ്വാസവും ദൈവത്തിന്നുള്ള കീഴ്‌വഴക്കവുമായിരുന്നു അതിന്നു നിമിത്തമായത്. അതെ, ഇഹലോകത്ത് അദ്ദേഹത്തിന്നു ലഭിച്ച ദൈവിക പ്രതിഫലമായിരുന്നു അത്. ഖുര്‍ആന്‍ തന്നെ പറയട്ടെ: ‘അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം.’ (12: 56, 57)
വിവാസികള്‍ക്കെതിരെ നടത്തപ്പെടുന്ന ഏത് അപവാദവും ആരോപണവും അവസാനം മറനീക്കി പുറത്തു വരുമെന്നാണ് സംഭവം വിളിച്ചോതുന്നത്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles