Current Date

Search
Close this search box.
Search
Close this search box.

മര്‍യമിന്നെതിരായ അപവാദങ്ങള്‍

ഖുര്‍ആന്‍ പരിശോധിച്ചാല്‍, വിശ്വാസികള്‍ക്കെതിരെ, പലപ്പോഴും, ലൈംഗികാരോപണങ്ങള്‍ നടത്തിയിരുന്നതായി കാണാം. യൂസുഫിന്നെതിരായ ആരോപണം നാം കണ്ടു. ഇത്തരം ആരോപണത്തിന്നു വിധേയയായ മറ്റൊരു വിശ്വാസിയായിരുന്നു മര്‍യം(റ). വിശ്വാസം, ആത്മാര്‍ത്ഥത, വിശുദ്ധി, ചാരിത്ര്യം, മികച്ച സ്വഭാവം എന്നിവയില്‍,ഒരു മാതൃകാ വനിതയായി അല്ലാഹു തെരഞ്ഞെടുത്ത ഒരു ഭക്തയായിരുന്നു അവര്‍. തനിക്കൊരു കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം മലക്കുകള്‍ അവരെ അറിയിക്കുന്നതിങ്ങനെ: ‘മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.’ (3: 42)

കുടുംബം വിട്ടു കിഴക്ക് ദേശത്തേക്ക് പൊയ അവര്‍, തനിക്ക് ദിവ്യ സന്ദേശമെത്തിക്കാന്‍ നിയുക്തനായ ജിബ്‌രീലിനെ കണ്ടു മുട്ടിയത് അതി സുന്ദരനായൊരു പുരുഷന്റെ രൂപത്തിലായിരുന്നു. ഖുര്‍ആന്‍  പറയുന്നു: ‘വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.)  അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.  അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (19: 16 – 21)
അങ്ങനെ, ദൈവേച്ഛയാല്‍, മര്‍യം പിതാവില്ലാതെ, ഒരു കുഞ്ഞിന്നു ജന്മം നല്‍കി. പക്ഷെ, സ്വന്തം ആളുകളുടെ അടുത്തേക്ക് തിരിച്ചു ചെന്ന അവരെ സ്വീകരിച്ചത്, നീരസവും വ്യഭിചാരാരോപണവുമായിരുന്നു. ഖുര്‍ആന്‍  അതിങ്ങനെ വിവരിക്കുന്നു: ‘അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.  ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. (9: 27 – 28)
എന്നാല്‍, സ്വന്തം ആളുകളുടെ ആരോപണങ്ങളും നീരസവും അവഗണിച്ചു കൊണ്ട്, അല്ലാഹു സദാ തന്നൊടൊപ്പമുണ്ടെന്ന ബോധ്യത്തോടെ വിശ്വാസത്തില്‍ അടിയുറച്ചു നിലകൊള്ളുകയായിരുന്നു അവര്‍. അവരോട് സംസാരിക്കരുതെന്ന ദൈവിക നിര്‍ദ്ദേശം അവര്‍ പാലിച്ചു. തദ്സ്ഥാനത്ത്, തൊട്ടിലില്‍ കിടന്നിരുന്ന പിഞ്ചു കുഞ്ഞായിരുന്നു, അത്ഭുതകരമായ രൂ!പത്തില്‍, അവര്‍ക്കു മറുപടി കൊടുത്തത്.
സത്യത്തില്‍, മര്‍യം ഒരു ചാരിത്ര്യ വനിതയാണെന്ന് അവര്‍ക്കറിയാം. പക്ഷെ, തങ്ങളുടെ അബദ്ധവിശ്വാസങ്ങളുടെ അനുധാവകയല്ല. അതിനാല്‍, അവര്‍ അവരെ വെറുക്കുകയായിരുന്നു. താനൊരു പ്രവാചകനാണെന്ന് ശിശുവായ ഈസ തൊട്ടിലില്‍ വെച്ചു അവരോടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ മാതാവെന്ന നിലയില്‍, മര്‍യം, ആളുകളുടെ പരിഹാസങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനാവുകയായിരുന്നു. തദ്ഫലമായി, ആ ആളുകള്‍ക്ക് ലഭിച്ചതാകട്ടെ, ഐഹികവും പാരത്രികവുമായ ശിക്ഷയും. അങ്ങനെ, മര്‍യമിനെയും കുട്ടിയെയും അവര്‍ക്കു ഉപദ്രവിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഇരുവരുടെയും വിശുദ്ധി, ജനത്തിന്നു മുമ്പില്‍, അല്ലാഹു വെളിപ്പെടുത്തുകയും, തദ്വാരാ, അവരുടെ ആരോപണങ്ങളും അപവാ!ങ്ങളും വിഫലമാവുകയുമാണുണ്ടായത്. ഇന്ന് സകല മതസ്ഥരും, മര്‍യമിനെ അത്യുന്നത പദവിയിലാണ് കാണുന്നത്. ഉദാഹരണം: തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു (66: 12)
എന്നാല്‍, അവരുടെ അപവാദകരുടെ പരിണതി എന്തായിരുന്നു? ഖുര്‍ആന്‍  തന്നെ പറയട്ടെ: ‘എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ ചുരുക്കത്തിലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല..അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും’ (4: 155 – 157)

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles