Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടീഷ് കൊളോണിയലിസവും സയണിണിസ്റ്റ് ചിന്താപദ്ധതിയും

war-crusades.jpg

ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ പിന്തുണ ഇല്ലാതെ ഒരിക്കലും സയണിസ്റ്റുകള്‍ക്ക് ഫലസ്തീന്‍ അധിനിവേശം സാധ്യമാകുമായിരുന്നില്ല. ഇസ്രയേല്‍ എന്ന ആധുനിക ദേശരാഷ്ട്രത്തിന്റെ നിലനില്‍പ്പ്  തന്നെ ഈ മൂന്ന് രാഷ്ട്രങ്ങളുടെ നിലനില്‍പ്പുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഫലസ്തീനെക്കുറിച്ച പുസ്തകങ്ങളും പഠനങ്ങളുമെല്ലാം 1948 ലെ നഖബ ദുരന്തത്തിന് മുമ്പും ശേഷവും എന്ന രീതിയിലാണ് ഫലസ്തീന്‍ അധിനിവേശ ചരിത്രത്തെ അടയാളപ്പെടുത്തുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് രാഷ്ട്രങ്ങളുടെ പങ്കിനെക്കുറിച്ചോ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ അവ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചോ എവിടെയും പരാമര്‍ശമുണ്ടാകാറില്ല.

ഞാന്‍ പറഞ്ഞ് വരുന്നത് ബ്രിട്ടീഷ് കൊളോണിയലിസത്തെയും സയണിസത്തെയും രണ്ടായി മനസ്സിലാക്കുന്നതിന് പകരം അവ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെ തിരിച്ചറിയേണ്ടതുണ്ട് എന്നാണ്. രണ്ടും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും വേറിട്ട് നില്‍ക്കുമ്പോള്‍ തന്നെയും അവ തമ്മില്‍ പരസ്പരം പങ്ക് വെക്കുകയും സത്താപരമായി തന്നെ യോജിച്ച് പോകുകയും ചെയ്യുന്ന ഒരുപാട് മേഖലകള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. അതിനാല്‍ തന്നെ ഫലസ്തീന്‍ അധിനിവേശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബ്രിട്ടീഷ്-സയണിസ്റ്റ് കൊളോണിയല്‍ പ്രൊജക്ട് എന്ന് വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

എങ്ങനെയാണ് ഈ പ്രൊജക്ട് രൂപം പ്രാപിച്ചത്? ഫലസ്തീനിലുള്ള ബ്രിട്ടീഷ് താല്‍പ്പര്യങ്ങളെന്തൊക്കെയായിരുന്നു? എങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം സാധ്യമായത്?  എങ്ങനെയാണ് ഒരു കുടിയേറ്റ സമുദായത്തെ നിര്‍മ്മിക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിച്ചത്? ഒരു കൊളോണിയല്‍ പ്രൊജക്ടായി ഫലസ്തീന്‍ അധിനിവേശത്തെ വികസിപ്പിക്കാന്‍ സയണിസ്റ്റുകള്‍ക്ക് എങ്ങനെയാണ് സാധിച്ചത്? എന്ത്‌കൊണ്ടാണ് സുരക്ഷിതമായ ഒരു രാഷ്ട്രം നിര്‍മ്മിക്കുന്നതില്‍ ഫലസ്തീനികള്‍ പരാജയപ്പെട്ട് പോയത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടുക എന്നത് ഫലസ്തീനെക്കുറിച്ചെഴുതുന്ന ആരെ സംബന്ധിച്ചിടത്തോളവും മര്‍മ്മപ്രധാനമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ഇനി നമുക്ക് ഈ ചോദ്യങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഫലസ്തീന്‍ പ്രശ്‌നത്തെ സമീപിച്ച് നോക്കാം.

ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ് ഫലസ്തീന്‍ അധിനിവേശം ആരംഭിക്കുന്നത്. 1917 നാണ് ഒട്ടോമന്‍ സൈന്യം തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയും ജറൂസലം ബ്രിട്ടന് കൈമാറുകയും ചെയ്യുന്നത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ജനറല്‍ എഡ്മണ്ട് ജറൂസലമില്‍ പ്രവേശിച്ച് കൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചത്: കുരിശ് യുദ്ധം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത് ബ്രിട്ടനും സയണിസ്റ്റുകളും ഫലസ്തീന്‍ അധിനിവേശത്തെ കുരിശ് യുദ്ധങ്ങളുടെ ഒരു തുടര്‍ച്ചയോ ഭാഗമോ ആയാണ് മനസ്സിലാക്കിയത് എന്നാണ്. അത്‌കൊണ്ടാണ് കുരിശ് യുദ്ധവുമായി ബന്ധപ്പെടുത്തി കൊണ്ട് ജനറല്‍ ഫലസ്തീന്‍ അധിനിവേശത്തെക്കുറിച്ച് സംസാരിച്ചത്.

കുരിശ് യുദ്ധങ്ങള്‍ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും തിരുത്തേണ്ട ഒരു അബന്ധമായിരുന്നില്ല. മറിച്ച് അധിനിവേശങ്ങള്‍ക്ക് എക്കാലത്തും പ്രചോദനമായിരുന്നത് കുരിശ് യുദ്ധങ്ങളെക്കുറിച്ച ഓര്‍മ്മകളായിരുന്നു. അഥവാ, കൊളോണിയല്‍ രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിച്ചത് കുരിശ് യുദ്ധം സൃഷ്ടിച്ച ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവുമായ അധീശത്വമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന  ഡേവിഡ് ലിയോഡ് ജോര്‍ജ്ജ് ജറുസലം അധിനിവേശത്തെ വിശേഷിപ്പിച്ചത് ബ്രിട്ടീഷ് ജനതക്കുള്ള ക്രിസ്ത്മസ് സമ്മാനം എന്നായിരുന്നു. അദ്ദേഹമാണ് ജറൂസലം കീഴടക്കാന്‍ ജനറല്‍ എഡ്മണ്ടിനെ അയച്ചത്.

ഞാന്‍ പറഞ്ഞ് വരുന്നത് കൊളോണിയല്‍ രാഷ്ട്രങ്ങളുടെ, പ്രത്യേകിച്ച് ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സയണിസ്റ്റ് പദ്ധതിയുമായി കൈകോര്‍ത്തു പോയത് എന്നതാണ്. കുരിശ് യുദ്ധത്തെക്കുറിച്ച ഓര്‍മ്മകള്‍ ഉല്‍പ്പാദിപ്പിച്ച് കൊണ്ട് തന്നെയാണ് ജറൂസലം അധിനിവേശവും നടന്നത്. അഥവാ, ബ്രിട്ടീഷ് കൊളോണിയലിസം മാത്രമല്ല, സയണിസ്റ്റ് ചിന്താപദ്ധതിയും വിജയിച്ചത് കുരിശ് യുദ്ധങ്ങള്‍ എന്നത് ഒരു വികാരമായി വികസിപ്പിച്ച് കൊണ്ടാണ്. അത് കൊണ്ടാണ് ഞാന്‍ പറയുന്നത്, ഫലസ്തീന്‍ അധിനിവേശത്തെ സവിശേഷമായ ഒരു പ്രതിഭാസമായി കാണാന്‍ കഴിയില്ല എന്ന്. അഥവാ, ലോകത്തുടനീളം നടന്ന ബ്രിട്ടീഷ് കൊളോണിയലിസത്തോട് ചേര്‍ത്ത് തന്നെയാണ് സയണിസ്റ്റ് അധിനിവേശത്തെയും മനസ്സിലാക്കുകയും ചെറുത്ത് നില്‍പ്പിന്റെ പുതിയ ഭാഷകള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടത്. (തുടരും)

ഇസ്രയേല്‍ അധിനിവേശവും ബൈബിളും

യൂറോപ്പിന്റെ സെമിറ്റിക്ക് വിരുദ്ധതയും സയണിസ്റ്റ് ഇരട്ടത്താപ്പും

Related Articles