Current Date

Search
Close this search box.
Search
Close this search box.

ബദീഉസ്സമാന്‍ സഈദ് നൂര്‍സി നേരിട്ട അപവാദം

ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാന പണ്ഡിതന്മാരിലൊരാളാണ് ബദീഉസ്സമാന്‍ സഈദ് നൂര്‍സി. ആയുഷ്‌കാലമത്രയും ഭൗതികവാദികളോടൂം മതവിരോധികളോടും പൊരുതി ഇസ്‌ലാമിനെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. 6000 ത്തോളം പേജുകളുള്ള അദ്ദേഹത്തിന്റെ Risale – I Nur Collection, ആഴമുള്ള ഒരു ഖുര്‍ആന്‍ വ്യാഖ്യാനവും, ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഏറ്റവും നല്ല നിലയില്‍ വിവരിച്ചു കൊണ്ട്, ഭൗതിക തത്വ ശാസ്ത്രങ്ങളെ വിമര്‍ശിക്കുന്ന ഒരു ഗ്രന്ഥവുമത്രെ. പരലോകം, വിധി പോലുള്ള കാര്യങ്ങള്‍ അതിനൂതനമായ രീതിയിലാണതില്‍ വിശകലനം നടത്തപ്പെടുന്നത്.

ഖുര്‍ആനിക മൂല്യങ്ങളിലേക്കും സത്യമതത്തിലേക്കുമായിരുന്നു ബദീഉസ്സമാന്‍ സഈദ് നൂര്‍സി ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഭൗതിക വാദികളും നിര്‍മ്മത വാദികളുമായിരുന്നു ശത്രുക്കള്‍. ഖുര്‍ആനിക മൂല്യങ്ങളില്‍ നിന്നും തികച്ചും മുക്തമായൊരു സമൂഹം കെട്ടിപ്പടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മതം പുരോഗതിക്ക് തടസ്സമായ അന്ധവിശ്വാസമാണെന്നും അത് മനുഷ്യനെ പിന്നോക്കാവസ്ഥയിലേക്കാണ് നയിക്കുന്നതെന്നുമായിരുന്നു അവരുടെ പ്രചാരണം. ഈ പ്രചാരണവും സമ്മര്‍ദ്ദവും വഴി, മതം ദുര്‍ബ്ബലമാക്കപ്പെടേണ്ട ഒന്നാണെന്ന് ജനങ്ങള്‍ക്ക് തോന്നുക സ്വാഭാവികം.

എന്നാല്‍, മതവും ശാസ്ത്രവും പരസ്പരം എതിരല്ലെന്നും, പ്രത്യുത, ഒരേ കാര്യത്തില്‍ സന്ധിക്കുന്നവയാണെന്നും വിശദീകരിച്ചു കൊണ്ട്, ഇത്തരം തറ്റായ തത്വ ശാസ്ത്രങ്ങളെ നേരിട്ട ബദീഉസ്സമാന്‍ സഈദ് നൂര്‍സി, സമൂഹത്തില്‍ മഹത്തായൊരു ആത്മീയ ഉണര്‍വ് സംജാതമാക്കുകയായിരുന്നു. തദ്ഫലമായി, അദ്ദേഹത്തെ തടയിടുന്നതിന്നായി, മുന്‍ ചൊന്ന പ്രചാരണങ്ങള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.

പൂര്‍വ പ്രവാചകന്മാരുടെയും ഭക്തരുടെയും അനുഭവങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും വഴിവെളിച്ചമാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. അതിനാല്‍ തന്നെ, ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ അനുഭവങ്ങള്‍ അറിയുന്നത് ആധുനിക വിശ്വാസികളെ സംബന്ധിച്ചിടത്തൊളം വളരെ പ്രയോജനകരമായിരിക്കും. ‘അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും  വന്നെത്താതെ നിങ്ങള്‍ക്ക്  സ്വര്‍ഗരത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? (2: 214) എന്നു ചോദിച്ചു കൊണ്ട്, ഇത്തരം അനുഭവങ്ങള്‍ക്ക് സ്വയം സന്നദ്ധരാകണമെന്ന് അല്ലാഹു ആഹ്വാനം ചെയ്യുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ അനുഭവങ്ങള്‍ ഖുര്‍ആനിക വീക്ഷണത്തില്‍ പരിശോധിക്കുമ്പോള്‍, ദൈവിക നിയമത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വെണ്ടി പ്രവര്‍ത്തിക്കുന്നു
ബദീഉസ്സമാന്‍ സഈദ് നൂര്‍സി, ദൈവാസ്ത്യക്യ വൃത്താന്തവും ആത്മീയ മൂല്യങ്ങളുടെ ചൈതന്യവും ആളുകളില്‍ പകര്‍ന്നു കൊടുക്കുന്നുവെന്നത് ചിലയാളുകളില്‍ അസ്വസ്ഥതയുണ്ടാക്കി. അതിനാല്‍, തങ്ങളുടെ അപവാദ പ്രചാരണത്തിന്നു മാധ്യമങ്ങളെ ഉപയൊഗപ്പെടുത്തുകയായിരുന്നു അവര്‍. അന്നത്തെ ഒരു ദിനപത്രത്തില്‍ ഇങ്ങനെ വായിക്കാം:
‘സഈദെ കുര്‍ദി, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതം ദുരുപയോഗപ്പെടുത്തുകയും പിന്തിരിപ്പന്‍ പ്രചാരണത്തിലേര്‍പ്പെടുകയും ചിലരെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു….. മുപ്പത് വര്‍ഷം പിന്നോട്ട് നയിക്കുന്ന അദ്ദേഹം, പച്ച പാവങ്ങളെ വഴിതെറ്റിക്കുന്നുവെന്നതിന്റെ പേരില്‍ നോട്ടപ്പുള്ളിയാണ്. ..  പണം വാങ്ങി, ചില പച്ചപ്പാവങ്ങളെ വഴി പിഴപ്പിക്കുകയാണ് ശൈഖിന്റെ(ബദീഉസ്സമാന്‍ സഈദ് നൂര്‍സി) പ്രവൃത്തിയെന്നു കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.[Cumhuriyet (Republic, -a Turkish daily) may 10, 1935)
ഈ പത്രത്തിന്റെ പല ലക്കങ്ങളിലായി വന്ന വാര്‍ത്തകള്‍ ഇങ്ങനെ:
‘സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മതം ദുരുപയോഗം ചെയ്തതിന്റെ പേരില്‍, സഈദ് നൂര്‍സിയെ കുറിച്ച് ഒരു അന്വേഷണം നടന്നു.’
‘സഈദ് നൂര്‍സിയെ കാര്യമാക്കേണ്ടതില്ല. ആത്മീയ നേട്ടങ്ങളെന്ന പൊലെ, ഭൗതിക നേട്ടങ്ങളും കൊതിക്കുന്നവനാണ് അയാള്‍’.
ഭൗതിക താല്പര്യങ്ങളോ, സമ്പത്തോ, ധനമോ ഇല്ലാതെ, തികച്ചും ലളിത ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു ബദീഉസ്സമാന്‍ സഈദ് നൂര്‍സി. എന്നിട്ടും, തന്റെ ശിഷ്യന്മാരെയും അനുയായികളെയും പണം നല്‍കി പറ്റിച്ചതായും മേധാവിത്തത്തില്‍ സംതൃപ്തനായും, അദ്ദേഹം അപവദിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ അവമാനിക്കുക, ഫലശൂന്യനും വിശ്വസിക്കാന്‍ കൊള്ളരുതാത്തവനുമായി ചിത്രീകരിക്കുക എന്നൊക്കെയായിരുന്നു, യുക്തിശൂന്യവും അടിസ്ഥാന രഹിതവുമായ ഈ അപവാദങ്ങളുടെ ലക്ഷ്യം. ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി മതം ദുരുപയൊഗം ചെയ്തുവെന്ന കുറ്റം, മുന്‍ പ്രവാചകന്മാരില്‍ ആരോപിക്കട്ടിരുന്നുവെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:

നൂഹിന്റെ കാര്യത്തില്‍ ഇങ്ങനെ കാണാം;
‘അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല.’ (23: 24)
മൂസയെയും ഹാറൂനിനെയും കുറിച്ച ഈജിപ്തുകാരുടെ ആരോപണവും ഇത് തന്നെയായിരുന്നു:
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്‍മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും, ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു
പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല. (10: 78)

ഈ ആരോപണം കാരണം, ബദീഉസ്സമാന്‍ സഈദ് നൂര്‍സി, ആദ്യം എസ്‌കിശഹീര്‍ ജയിലിലടക്കപ്പെടുകയും പിന്നീട്, കുസ്താമൊനു പോലീസ് സ്‌റ്റേഷനടുത്ത ഒരു മുറിയില്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം, ഡെനിസ്ലി കോടതി, അദ്ദേഹത്തിന്നു 20 മാസത്തെ കാരാഗ്രഹം കൂടി വിധിച്ചു. പിന്നീട് എമിര്‍ദാഗിലേക്ക് നാടു കടത്തുകയായിരുന്നു.

ഈ കാലയളവില്‍, ഇടക്കിടെ ക്രൂരതകല്‍ക്കും പീഡനങ്ങള്‍ക്കും അദ്ദേഹം വിധേയനാക്കപ്പെട്ടിരുന്നു. പലപ്പോഴും വിഷം നല്‍കുക കൂടി ചെയ്തിട്ടുണ്ട്. പടുവൃദ്ധനും ബലഹീനനുമായ അദ്ദേഹത്തെ, തണുപ്പും ഈര്‍പ്പവും വായുസഞ്ചാരവുമില്ലാത്ത സെല്ലുകളിലായിരുന്നു താമസിപ്പിച്ചിരുന്നത്. പക്ഷെ, ഇതെല്ലാം, തികഞ്ഞ ദൈവ വിശ്വാസത്തോടും സഹനത്തൊടും സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

ഭ്രാന്തന്‍
വിശ്വാസികളില്‍ ഏറ്റവുമധികം ആരോപിക്കപ്പെട്ടിരുന്ന ഒരപവാദമായിരുന്നുവല്ലൊ ഭ്രാന്ത്. കൃത്രിമമായി ചമക്കപ്പെട്ട ഒരു നിമിത്തത്തിന്റെ പേരില്‍, 1908-ല്‍, ബദീഉസ്സമാന്‍ സഈദ് നൂര്‍സി ജയിലിലടക്കപ്പെട്ടു. മാനസികമായ ശല്യമനുഭവിക്കുന്ന ഒരു വ്യക്തിയെന്നാണ് കോടതി നിശ്ചയിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കുറിച്ച് വിധിയെഴുതിയത്. പക്ഷെ, അദ്ദേഹത്തെ പരിശോധിച്ച മാനസിക രോഗ കേന്ദ്രത്തിലെ ഡൊക്ടര്‍, അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു:
‘ഇദ്ദേഹത്തിന്നു ഭ്രാന്താണെങ്കില്‍, സ്ഥിരബുദ്ധിയുള്ള ഒരാളും ഈ ഭൂമുഖത്ത് ഉണ്ടായിരിക്കുകയില്ല’.
അതിന്നു ശേഷം, ശത്രു പക്ഷ മീഡിയ ഔട്ട്‌ലെറ്റുകള്‍, ഇടക്കിടെ അദ്ദേഹത്തില്‍ ഭ്രാന്ത് ആരോപിച്ചു പോന്നു. ‘ബദീഉസ്സമാന്‍ സഈദ് നൂര്‍സി ഭ്രാന്താലയത്തിലെ പറ്റുകാരന്‍’ എന്നു തുടങ്ങിയ തെറ്റിദ്ധാരണാ ജനകമായ ആരോപണങ്ങളാണ്, നിര്‍മത പ്രസിദ്ധീകരണങ്ങള്‍, ഈ മഹാനായ ഇസ്‌ലാമിക പ്രവര്‍ത്തകനില്‍ ആരോപിച്ചു പോന്നത്.

ഭൃംശകന്‍
‘മതചൂഷകര്‍’ എന്ന തലക്കെട്ടില്‍, ഒരു ദിനപത്രം, ബദീഉസ്സമാന്‍ സഈദ് നൂര്‍സിക്കും ശിഷ്യര്‍ക്കുമെതിരില്‍, ഒരു പരമ്പര തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ മാരണം ബാധിച്ചവരാണ്; അദ്ദേഹത്തോടുള്ള അവരുടെ വിശ്വസ്തതക്ക് അടിസ്ഥാനം മതഭ്രാന്താണ്; അവരുടെ കണ്ണുകള്‍ക്കും മനസ്സിന്നും മറ്റൊന്നും മനസ്സിലാക്കാനും കാണാനും സാധ്യമല്ല എന്നിങ്ങനെ പോകുന്നു അതിലെ ആരോപണങ്ങള്‍. താഴെ ഖുര്‍ആനിക സൂക്തങ്ങള്‍ ഉദ്ദരിച്ച ആരോപണങ്ങളോട് തികച്ചും സദൃശമായ വാദഗതികള്‍:
അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ ( ശരിയായി ചിന്തിക്കാതെ ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു. (11: 27)

നൂര്‍സിയുടെ മസ്തിഷ്‌ക പ്രക്ഷാളന ഇരകളെന്നും വിഡ്ഡീകളും കൊള്ളരുതാത്തവരുമെന്നും ആക്ഷേപിച്ചു കൊണ്ട്, ഇളം പ്രായക്കാരായ ശിഷ്യരെ ജനദൃഷ്ടിയില്‍ താറടിച്ചു കാണിക്കാനായിരുന്നു അവരുടെ ശ്രമം. യഥാര്‍ത്ഥത്തില്‍, ബദീഉസ്സമാന്‍ സഈദ് നൂര്‍സിയും അനുയായികളും, വിശ്വാസികളും ബുദ്ധിമാന്മാരുമായിരുന്നു. യുക്തിയുടെയും മനസാക്ഷിയുടെയും ഖുര്‍ആനിന്റെയും വെളിച്ചത്തിലായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ വസ്തുത ആരോപകര്‍ അറിയുകയും ചെയ്തിരുന്നു. എന്നാല്‍, നൂര്‍സിയിലും അനുയായികളിലും ഈ വക ആരോപണങ്ങളൊന്നും യാതൊരു സ്വാധീനവും ചെലുത്തിയില്ലെന്നു മാത്രമല്ല, സഹനവും വിവേകവും കൈകൊള്ളുക വഴി, അവര്‍ വിവേകമതികളും പാരത്രിക പ്രഫലാര്‍ഹരുമായി തീരുകയായിരുന്നു.

മതം വളച്ചൊടിക്കുന്നു
‘ഇസ്‌ലാമിനെ വികൃതമാക്കുന്നു; തന്റെ വൈയക്തിക വിശ്വാസങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു; ഈ വൈകൃതമതം അനുയായികളില്‍ അടിച്ചേല്പിക്കുന്നു’. ഇതായിരുന്നു ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ പേരിലുള്ള മറ്റൊരു അപവാദം. അദ്ദേഹം നബി ചര്യ സ്വീകരിക്കുന്നില്ലെന്നും, തന്റേതായ ഒരു മതം കണ്ടു പിടിച്ചിരിക്കുകയാണെന്നും പ്രതിയോഗികള്‍ വാദിച്ചു. അദ്ദേഹത്തെ തെറ്റായ രൂപത്തില്‍ അവതരിപ്പിച്ചു. പാമരന്മാരായ മതവിശ്വാസികളെ തനിക്കെതിരെ ഇളക്കിവിടുകയായിരുന്നു, പ്രകോപനപരമായ ഈ ആരോപണത്തിന്റെ ലക്ഷ്യം. പക്ഷെ, ‘നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു (7: 60) എന്ന് നൂഹ് നബിക്കെതിരെ ആരോപിച്ചത് പോലെയാണിതെന്ന്, ബുദ്ധിയും മനസാക്ഷിയുമുള്ള മുസ്‌ലിംകള്‍ മനസ്സിലാക്കിയതിനാല്‍, ഈ ആരോപണങ്ങളെല്ലാം നിഷ്ഫലമാവുകയായിരുന്നു.
                                                               (തുടരും)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles