Current Date

Search
Close this search box.
Search
Close this search box.

ഫീളിലാലുല്‍ ഖുര്‍ആന്റെ അവലംബ കൃതികള്‍

old-books.jpg

തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി സയ്യിദ് ഖുതുബ് പ്രധാനമായും ആശ്രയിക്കുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തന്നെയാണ്. അത്കൂടാതെ വിവിധങ്ങളായ മാനവിക വിഷയങ്ങളെയും അദ്ദേഹം ആശ്രയിക്കുന്നുണ്ട്. ഇനി നമുക്ക് അദ്ദേഹം പ്രധാനമായും ആശ്രയിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ ഒന്ന് പരിചയപ്പെടാം.
1) തഫ്‌സീര്‍ ഇബ്‌നു കഥീര്‍ എന്നറിയപ്പെടുന്ന തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം. ഇസ്മാഈല്‍ ഇബ്‌നു അംറുബ്‌നു കഥീര്‍ ആണ് അതിന്റെ ഗ്രന്ഥകര്‍ത്താവ്. ഇമാം ഇബ്‌നുതൈമിയ്യയയുടെ ശിഷ്യനാണ് അദ്ദേഹം.
2) ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍.  അബൂജാഫര്‍ മുഹമ്മദ് ബിന്‍ ജരീര്‍ ബിന്‍ യസീദ് ബിന്‍ കഥീര്‍ ബിന്‍ ഗാലിബ് അത്ത്വബ്‌രിയാണ് ഇതിന്റെ ഗ്രന്ഥകര്‍ത്താവ്.
3) അല്‍കശ്ഫ് വല്‍ ബയാന്‍ അന്‍ തഫ്‌സീറില്‍ ഖുര്‍ആന്‍. അബൂ ഇസ്ഹാഖ് അഹ്മദ് ഇബ്‌നു ഇബ്രാഹീം ആണ് ഈ ഗ്രന്ഥത്തിന്റെ ഗ്രന്ഥകര്‍ത്താവ്.
4) മആലമുത്തന്‍സീല്‍. അബൂ മുഹമ്മദ് അല്‍ഹുസൈന്‍ ബിന്‍ മസ്ഊദ് ബിന്‍ മുഹമ്മദ് അല്‍ബഗവിയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.

തഫ്‌സീറുല്‍ ഖുര്‍തുബി, മുഹമ്മദ് റശീദ് രിദയുടെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ കരീം, മുഹമ്മദ് അബ്ദുവിന്റെ തഫ്‌സീര്‍ ജൂസ്ഉ അമ്മ, അല്‍ജസ്സാസിന്റെ അഹ്കാമുല്‍ ഖുര്‍ആന്‍, ഇബ്‌നു അറബിയുടെ അഹ്കാമുല്‍ ഖുര്‍ആന്‍ തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളും സയ്യിദ് ഖുതുബ് പ്രധാനമായും ആശ്രയിച്ചിട്ടുള്ളവയാണ്. കൂടാതെ തഫ്‌സീര്‍ അല്‍കശ്ശാഫിനെയും ഖുതുബ് ധാരാളമായി അവലംബിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അറബി സാഹിത്യം, ഹദീസ്, നഹ്‌വ് (അറബി വ്യാകരണ നിയമങ്ങള്‍) തഫ്‌സീര്‍ എന്നീ വിജ്ഞാന ശാഖകളില്‍ അപാരമായ പാണ്ഡിത്യമുള്ള ജാറുല്ല മഹ്മൂദ് ബ്‌നു ഉമര്‍ ബ്‌നു മുഹമ്മദ് ബ്‌നു ഉമര്‍ അല്‍ ഖവാരിസ്മി അല്‍ സമഖ്ശരിയുടെ  പ്രസിദ്ധ രചനയാണ് അല്‍കശ്ശാഫ്. പണ്ഡിത ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഖുര്‍ആന്‍ വ്യാഖ്യാനമാണിത്. അത് പൂര്‍ണ്ണമായും സയ്യിദ് ഖുതുബ് വായിക്കുകയും തന്റെ സമകാലീനരായിരുന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

സയ്യിദ് ഖുതുബിന്റെ സമകാലികരായിരുന്ന വേറെയും ഒരുപാട് പണ്ഡിതരുടെ രചനകള്‍ അദ്ദേഹം വായിക്കുകയും തന്റെ വ്യാഖ്യാന രചനക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വന്തം സഹോദരനായ മുഹമ്മദ് ഖുതുബിന്റെ രചനകള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചതായി കാണാം. കൂടാതെ അബുല്‍ അഅ്‌ലാ മൗദൂദി, അബ്ദുല്‍ ഖാദിര്‍ ഔദ, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാക്കന്‍മാരായ മുഹമ്മദ് അബൂ സുഹ്‌റ, മഹ്മൂദ് അബ്ബാസ് അല്‍അക്കാദ് തുടങ്ങിയവരുടെ രചനകളും ഫീളിലാലിന്റെ രചനക്കായി അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എത്രത്തോളം സമ്പന്നമാണ് ഫീളിലാല്‍ എന്നതിന് ഇതെല്ലാം സാക്ഷിയാണ്. അത് തന്നെയാണ് ഇതര ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ നിന്നും ഫീളിലാലിനെ വേറിട്ട് നിര്‍ത്തുന്നത്. സ്വന്തമായ ഒരു വ്യാഖ്യാനശാസ്ത്രം നിര്‍മ്മിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച്, തന്റെ സമകാലികരും അല്ലാത്തവരുമായ മുഴുവന്‍ പണ്ഡിതന്‍മാരുടെയും രചനകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനം സയ്യിദ് ഖുതുബ് തയ്യാറാക്കിയിട്ടുള്ളത്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മാത്രമല്ല സയ്യിദ് ഖുതുബ് ആശ്രയിച്ചിട്ടുള്ളത്. പ്രവാചക വചനങ്ങളെയും അദ്ദേഹം ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 583 ഓളം ഹദീസുകള്‍ സയ്യിദ് ഖുതുബ് ഉദ്ധരിക്കുന്നതായി കാണാം. ബുഖാരി, മുസ്‌ലിം, അബൂ അബ്ദുല്ല അഹ്മദ് ബ്‌നു ഹമ്പലീ അല്‍-ശയ്ബാനി, അബൂ അബ്ദുല്ല മാലിക് ബ്‌നു അനസ് ഇമാം ദാറുല്‍ ഹിജ്‌റ, അബൂ അബ്ദുറഹ്മാന്‍ അഹ്മദ് ബ്‌നു ശുഐബ് അല്‍ ഖുറാസാനി തുടങ്ങിയ ഹദീസ് പണ്ഡിതരുടെ രചനകളാണ് ഖുതുബ് പ്രധാനമായും ആശ്രയിക്കുന്നത്. ഇമാം ബുഖാരിയുടെ ജാമിഉല്‍ സഹീഹില്‍ നിന്ന് 49 ഹദീസുകളും ഇമാം മുസ്‌ലിമിന്റെ ജാമിഉല്‍ സഹീഹില്‍ നിന്ന് 44 ഹദീസുകളും ഖുതുബ് ഉദ്ധരിക്കുന്നുണ്ട്. സുനനു അബീ ദാവൂദില്‍ നിന്നും ജാമിഉ തിര്‍മ്മിദിയില്‍ നിന്നും യഥാക്രമം 33ഉം 24ഉം ഹദീസുകളാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. വേറെയും ഒരുപാട് ഹദീസ് ഗ്രന്ഥങ്ങളെ തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി ഖുതുബ് ആശ്രയിച്ചിട്ടുണ്ട്.

ഇബ്‌നു ഹിശാം, ഇബ്‌നു ഹസം, ഇബ്‌നു ഖയ്യിം അല്‍ജൗസിയ്യ, മുഹമ്മദ് ഇസ്സ തുടങ്ങിയ പണ്ഡിതരുടെ പ്രവാചക ചരിത്രങ്ങളെയും ഖുതുബ് അവലംബിക്കുന്നതായി കാണാന്‍ സാധിക്കും. കൂടാതെ ഇബ്‌നു കഥീറിന്റെ അല്‍ബിദായ വന്നിഹായ, തബരിയുടെ താരീഖുര്‍റസൂല്‍ വല്‍ മുലൂക്ക് എന്നീ ചരിത്രഗ്രന്ഥങ്ങളും അദ്ദേഹം അവലംബിക്കുന്നുണ്ട്. ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള എല്ലാ പണ്ഡിതരുടെയും രചനകള്‍ പഠിക്കാനും തന്റെ സമകാലീനരുമായി ചര്‍ച്ച ചെയ്യാനും ഖുതുബ് സമയം കണ്ടെത്തിയതിനാല്‍ തന്നെയാണ് ഫീളിലാല്‍ പോലെയുള്ള സമ്പന്നമായ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളത് എന്ന കാര്യം തീര്‍ച്ചയാണ്. അതിനാലാണ് മതവിഷയങ്ങളും സാമൂഹ്യവിഷയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്. അതേസമയം, മതവിഷയങ്ങളെക്കാള്‍ കൂടുതല്‍ സാമൂഹ്യ വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

വിവ: സഅദ് സല്‍മി

ഫീളിലാലുല്‍ ഖുര്‍ആന്റെ പിറവി

Related Articles