Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പ്രശ്‌നവും അപകോളനീകരണ വായനയും

pal-resist.jpg

മുസ്‌ലിംകളെയും ജൂതരെയും വംശീയമായി ഉന്‍മൂലനം ചെയ്ത്‌കൊണ്ടാണ് യൂറോപ്പ് തങ്ങളുടെ സ്വത്വരൂപീകരണം സാധ്യമാക്കിയത്. അങ്ങനെയാണ് യൂറോപ്പിന്  ഇതര പാരമ്പര്യങ്ങളുടെ മേല്‍ ജ്ഞാനശാസ്ത്രപരമായ അധീശത്വം നേടാന്‍ സാധിച്ചത്. മാത്രമല്ല, മുസ്‌ലിംകളില്‍ നിന്നും ജൂതരില്‍ നിന്നും വ്യത്യസ്തമായ ഒരു വംശപാരമ്പര്യം അവകാശപ്പെടാനും അതിലൂടെ യൂറോപ്പിന് സാധിച്ചു. യൂറോപ്പാണ് ക്രൈസ്തവതയെ മതേതരവല്‍ക്കരിക്കുകയും ആധുനിക ദേശരാഷ്ട്രം എന്ന ആശയത്തിന് നൈതികവും ധാര്‍മികവുമായ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് കൊടുക്കുകയും ചെയ്തത്. മുസ്‌ലിം, ജൂത സമൂഹങ്ങളെ അപരരാക്കി നിലനിര്‍ത്തിക്കൊണ്ടാണ് ഇത് സാധ്യമായത് എന്ന വസ്തുത ശ്രദ്ധേയമാണ്.

സയണിസത്തിനുള്ള യൂറോപ്പിന്റെ പിന്തുണ സെമിറ്റിക് വിരുദ്ധത അവസാനിപ്പിക്കാനുള്ള നീക്കമായി കാണുന്നത് മണ്ടത്തരമാണ്. യഥാര്‍ത്ഥത്തില്‍, ആധുനിക സയണിസ്റ്റ് ജൂത വ്യക്തിത്വത്തിന്റെ രൂപീകരണം യൂറോപ്യന്‍ വംശീയതയെ ആന്തരികവല്‍ക്കരിച്ച് കൊണ്ടാണ് സാധ്യമായത്. അതോട് കൂടി സെമിറ്റിക് വിരുദ്ധത അവസാനിക്കുകയല്ല, മറിച്ച് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് ചെയ്തത്. യൂറോപ്യന്‍ കോളനീകരണം, വംശീയത, സാമ്രാജ്യത്വം എന്നീ പ്രധാനപ്പെട്ട മൂന്ന അധികാര രൂപങ്ങളെക്കുറിച്ച് സംസാരിക്കാതെ ഒരാള്‍ക്കും ഫലസ്തീന്‍ പ്രശ്‌നത്തെ മനസ്സിലാക്കാന്‍ കഴിയില്ല. ദിനേനയെന്നോണം ഫലസ്തീനില്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഫലസ്തീന്‍ പ്രശ്‌നത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് അധികാരത്തെയും അധീശത്വത്തെയും കുറിച്ച സൂക്ഷമമായ വിശകലനങ്ങളുടെ അഭാവം മൂലമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

2014 ല്‍ നടന്ന ഗാസയില്‍ നടന്ന ഇസ്രയേല്‍ അധിനിവേശമാണ് ഈ പുസ്തകമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിനായിരക്കണക്കിന് ഫലസ്തീനികളാണ് അന്ന് കൊല്ലപ്പെട്ടത്. സ്വയംപ്രതിരോധത്തിന്റെ പേരിലായിരുന്നു ഇസ്രയേല്‍ അന്ന് ആക്രമണം നടത്തിയത്. ആ സന്ദര്‍ഭത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് ഞാന്‍ കോളങ്ങള്‍ എഴുതാറുണ്ടായിരുന്നു. സ്വയം പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാത്തവരും സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളുമായ ജനങ്ങളെയാണ് സ്വയംപ്രതിരോധത്തിന്റെ പേരില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയത് എന്നതാണ് യാഥാര്‍ത്ഥ്യം. കോളനീകരണത്തെ കേന്ദ്രപ്രമേയമാക്കിക്കൊണ്ടാണ് ഞാന്‍ ഫലസ്തീന്‍ പ്രശ്‌നത്തെ സമീപിച്ചത്. ഫലസ്തീന്‍ അധിനിവേശം ഒരു കൊളോണിയല്‍ പദ്ധതിയാണെന്നാണ് ഞാനന്നെഴുതിയത്.

ഫലസ്തീനെ ഒരു പ്രശ്‌നബാധിത മേഖലയായി കണ്ട് കൊണ്ടുള്ള പോപ്പുലര്‍ ആഖ്യാനങ്ങളെ വെല്ലുവിളിക്കുകയാണ് ഞാന്‍ ചെയ്തത്. ഇസ്രയേലിന്റെ സുരക്ഷാപ്രശ്‌നത്തെയും ‘സമാധാനചര്‍ച്ച’യെയും മുന്‍നിര്‍ത്തിക്കൊണ്ടുള്ള അത്തരം ആഖ്യാനങ്ങള്‍ ഫലസ്തീന്‍ പ്രശ്‌നത്തെ ഉപരിപ്ലവമായാണ് സമീപിക്കുന്നത്. കൊളോണിയല്‍ അധികാരഘടനകളെക്കുറിച്ച സൂക്ഷമവും റാഡിക്കലുമായ വിശകലനങ്ങളുടെ അഭാവം അതില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്. ഇസ്രയേലിന്റെ സുരക്ഷ, ഇസ്രയേലിന്റെ സമാധാനം തുടങ്ങിയ തീര്‍പ്പ് വെക്കലുകളെ മുന്‍നിര്‍ത്തിയുള്ള അത്തരം ആഖ്യാനങ്ങളുടെ കൊളോണിയല്‍ അധികാരത്തെയും അധീശത്വത്തെയും ബോധപൂര്‍വ്വം മറച്ച്പിടിക്കാനുള്ള ശ്രമമാണ് എന്നായിരുന്നു എന്റെ വാദം.

ഫലസ്തീന്‍ പ്രശ്‌നത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കണമെങ്കില്‍ ജേര്‍ണലിസ്റ്റിക്കലായ സമീപനങ്ങള്‍ നാം കൈവെടിയണം എന്നായിരുന്നു ഞാന്‍ തുടര്‍ച്ചയായി എഴുതിയിരുന്നത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ച വിവരണങ്ങളില്‍ നിന്ന് മാറി ഫലസ്തീനെ അപകോളനീകരണ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ വാദിച്ചത്. നിങ്ങള്‍ ഫല്‌സതീന്‍ഇസ്രയേല്‍, ഏകരാഷ്ട്രംദ്വിരാഷ്ട്രം, നീതിഅനീതി തുടങ്ങിയ പതിവ് നിര്‍വ്വചനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫലസ്തീന്‍ പ്രശ്‌നത്തെ എങ്ങനെ മനസ്സിലാക്കാം എന്നാണ് ഞാന്‍ ആലോചിച്ചത്. അധികാരത്തെയും അധീശത്വത്തെയും കുറിച്ച ചോദ്യങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യാനുള്ള ശ്രമമായിരുന്നു ഞാന്‍ നടത്തിയത്.

ഫലസ്തീനെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരു ബുദ്ധിജീവി എന്ന പരിവേഷത്തില്‍ നിന്ന് കുതറിമാറാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം ഫലസ്തീന്‍ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതിനാല്‍ തന്നെ ഒരു സബ്ജക്ട് എന്ന നിലയില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ നോക്കിക്കാണാന്‍ എനിക്ക് സാധ്യമല്ല. മാത്രമല്ല, ബുദ്ധിജീവി സമൂഹം എങ്ങനെയാണ് കൊളോണിയല്‍ അധികാര താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത് എന്ന് എഡ്വേര്‍ഡ് സെയ്ദ് എഴുതുന്നുണ്ട്. അതിനാല്‍ തന്നെ ഫലസ്തീനെക്കുറിച്ച് എഴുതുന്നതിലൂടെ നൈതികവും ധാര്‍മ്മികവുമായ എന്റെ ഉത്തരവാദിത്വമാണ് ഞാന്‍ നിറവേറ്റുന്നതെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്.

ഇന്ന് നമുക്ക് ചുറ്റുമുള്ളത് കൊളോണിയല്‍ അധികാര രൂപങ്ങളെ സംരക്ഷിക്കുന്ന ബുദ്ധിജീവികളാണ്. ഈജിപ്ഷ്യന്‍ അധിനിവേശത്തെ അനുഗമിച്ച് കൊണ്ട് നെപ്പോളിയന്റെ കൂടെ ബുദ്ധിജീവികളും അനുഗമിച്ച ചരിത്രം നമുക്കറിയാം. നെപ്പോളിയന്‍ അധിനിവേശത്തെ ന്യായീകരിച്ച് കൊണ്ട് സൈദ്ധാന്തിക ഇടപെടല്‍ നടത്തുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങളിലും ബുദ്ധിജീവികളുടെ സൈദ്ധാന്തിക പങ്ക് വളരെ പ്രകടമാണ്. സമാനമായ ഇടപെടല്‍ ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിലും നമുക്ക് കാണാന്‍ സാധിക്കും. Embeded intellectualls എന്നാണ് അവരെ ലോകം വിളിക്കുന്നത്.

ഫലസ്തീനെക്കുറിച്ച ഏതൊരു സംസാരങ്ങളിലും സയണിസം ഒരു ചോദ്യം ചെയ്യാനാവാത്ത അധികാരമായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച സംസാരങ്ങളിലൊന്നും സയണിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യങ്ങളൊന്നും കടന്ന് വരാറില്ല. കേവലൊരു ജൂതവിരുദ്ധതയാണ് പകരം മുഴച്ച് നില്‍ക്കുന്നത്. ഇതിനര്‍ത്ഥം ഫലസ്തീനികള്‍ ദിനേനയെന്നോണം അനുഭവിക്കുന്ന ക്രൂരതകള്‍ ചെറുതാണ് എന്നല്ല. അവയുടെ കാഠിന്യത്തെ ലഘൂകരിക്കുക എന്നതല്ല എന്റെ പ്രൊജക്ടിന്റെ ഉദ്ദേശ്യം. എന്നാല്‍ അത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെല്ലാം കാരണമായ സൂക്ഷ്മമായ കൊളോണിയല്‍ അധികാരഘടനകളെ നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

ഈ പുസ്തകത്തില്‍ അധിനിവേശത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും കുറിച്ച പതിവ് വിവരണങ്ങളില്‍ നിന്ന് മാറി കൊളോണിയലിസത്തെയും കൊളോണിയല്‍ വ്യവഹാരങ്ങളെയുമാണ് ഞാന്‍ പരിശോധിക്കുന്നത്. കാരണം 19ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ കുടിയേറ്റ അധിനിവേശത്തെയാണ് ഫലസ്തീന്‍ അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന അധിനിവേശവും കുടിയേറ്റ അധിനിവേശത്തിന്റെ ഭാഗം തന്നെയാണ്. ഞാന്‍ ഈ പുസ്തകത്തിന് നല്‍കിയ തലവാചകം തന്നെ ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നാണ്. കാരണം, സയണിസ്റ്റുകള്‍ ഫലസ്തീനില്‍ പുതിയൊരു ദേശരാഷ്ട്രം സ്ഥാപിക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് ഞാന്‍ ഫലസ്തീന്‍ അധിനിവേശത്തെ കുടിയേറ്റ അധിനിവേശം എന്ന് വിളിക്കുന്നത്.

യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ തന്നെ ഉപോല്‍പ്പന്നമായാണ് യഥാര്‍ത്ഥത്തില്‍ സയണിസത്തെ മനസ്സിലാക്കേണ്ടത്. ഒരു ആധുനിക ജ്ഞാനശാസ്ത്ര പദ്ധതിയാണത്. അതുകൊണ്ടാണ് വംശീയമായ അതിക്രമങ്ങള്‍ ഫലസ്തീനികളുടെ നേരെ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ സയണിസത്തെ ഒരു യൂറോപ്യന്‍ പ്രതിഭാസമായാണ് വിലയിരുത്തേണ്ടത്. കാരണം പടിഞ്ഞാറിന്റെ ഭൂമിശാസ്ത്രപരമായ ഒരുപാട് താല്‍പര്യങ്ങള്‍ ഫലസ്തീന്‍ അധിനിവേശത്തിലൂടെ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അഥവാ, ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച്, സ്പാനിഷ്, ബെല്‍ജിയന്‍, ഇറ്റാലിയന്‍ കൊളോണിയല്‍ അധികാരങ്ങളുടെ ഭാഗം തന്നെയായാണ് സയണിസ്റ്റ് പ്രൊജക്ടിനെ നാം മനസ്സിലാക്കേണ്ടത്. (തുടരും)

വിവ: സഅദ് സല്‍മി

അധിനിവേശവും ക്രൈസ്തവ യൂറോപ്പും

ഒട്ടോമന്‍ ഭരണപാരമ്പര്യവും ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളും

Related Articles