Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍മാരും മുഅ്ജിസത്തുകളും; സയ്യിദ് ഖുതുബിന്റെ വീക്ഷണം

camel-desert.jpg

സയ്യിദ് ഖുതുബ് മുഅ്ജിസത്തുകളെക്കുറിച്ച് ഫീളിലാലില്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. മുമ്പ് കഴിഞ്ഞ് പോയ ഖുര്‍ആന്‍ വ്യാഖ്യാതാങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് അദ്ദേഹത്തിനുള്ളത്. അതിനെക്കുറിച്ച് സൂചിപ്പിക്കുന്നതിന് മുമ്പ് എന്താണ് മുഅ്ജിസത്ത് എന്നും എന്തിനാണ് പ്രവാചകര്‍ക്ക് മുഅ്ജിസത്തുകള്‍ നല്‍കിയത് എന്നും വിശദീകരിക്കേണ്ടതുണ്ട്. പ്രവാചകത്വത്തെ ആളുകള്‍ക്ക് മുമ്പില്‍ തെളിയിച്ച് കൊടുക്കാന്‍ അല്ലാഹു പ്രവാചകര്‍ക്ക് നല്‍കുന്ന അഭൗതിക കഴിവാണ് മുഅ്ജിസത്ത് അല്ലെങ്കില്‍ ആയാത്ത്. ശൈഖ് അല്‍ലഖാനി പറയുന്നത് രണ്ടും ഒരേ അര്‍ത്ഥമാണ് സൂചിപ്പിക്കുന്നത് എന്നാണ്. എട്ടോളം അര്‍ത്ഥങ്ങള്‍ അതിന് നല്‍കപ്പെട്ടിട്ടുണ്ട്. അവയെല്ലാം പൊതുവായി സൂചിപ്പിക്കുന്നത് ഒരേ ആശയം തന്നെയാണ്. അഥവാ, ജനങ്ങളെ ദൈവിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു പ്രവാചകര്‍ക്ക് മുഅ്ജിസത്തുകള്‍ നല്‍കുന്നത്. അതിലൂടെ സംശയലേശമന്യേ ആളുകള്‍ക്ക് ഇസ്‌ലാമിലേക്കുള്ള കടന്ന് വരവ് സാധ്യമാകുന്നു.

പ്രവാചകാധ്യാപനങ്ങളെ എതിര്‍ത്ത് നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം മുഅ്ജിസത്തുകള്‍ എല്ലാ കാലത്തും ഒരു വെല്ലുവിളിയായിരുന്നു. ചില പ്രവാചകരുടെ മുഅ്ജിസത്തുകളക്കുറിച്ച് സൂചിപ്പിക്കവെ സയ്യിദ് ഖുതുബ് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. പ്രവാചക നിയോഗത്തെക്കുറിച്ചാണത്. അഥവാ, ഈ ലോകത്ത് മനുഷ്യര്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെ ഓര്‍മ്മിപ്പിക്കാനാണ് പ്രവാചകര്‍ ആഗതരായത് എന്നാണ് ഖുതുബ് പറയുന്നത്. മനുഷ്യര്‍ക്ക് ഒരിക്കലും സ്വന്തം നിലയില്‍ അവയെന്താണെന്ന് മനസ്സിലാക്കുക അസാധ്യമാണ്. അതിനാലാണ് അത് മനസ്സിലാക്കിക്കൊടുക്കാന്‍ പ്രവാചകര്‍ മുഅ്ജിസത്തുകളുമായി വരുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇവിടെയും മനുഷ്യര്‍ ചെയ്യേണ്ട സാമൂഹ്യധര്‍മ്മത്തെ മുന്‍നിര്‍ത്തിയാണ് പ്രവാചക നിയോഗത്തിന്റെ കാരണത്തെയും ഖുതുബ് മനസ്സിലാക്കുന്നത് എന്നതാണ്. അതിന് വേണ്ടിയാണ് മുഅ്ജിസത്തുകളെക്കുറിച്ച് പോലും അദ്ദേഹം ഫീളിലാലില്‍ ചര്‍ച്ച ചെയ്യുന്നത്.

സ്വാലിഹ് നബിയുടെ മുഅ്ജിസത്തിനെക്കുറിച്ച് സയ്യിദ് ഖുതുബ് വിശദമായി എഴുതുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നത് ഏകദൈവത്തെ ആരാധിക്കാനും ബഹുദൈവങ്ങളെ കൈവെടിയാനുമാണ് സ്വാലിഹ്(അ)തന്റെ ജനതയോട് ആവശ്യപ്പെട്ടത് എന്നാണ്. എന്നാല്‍ ജനങ്ങള്‍ അത് ചെവികൊള്ളാന്‍ തയ്യാറായില്ല. അവര്‍ സ്വാലിഹ് നബിയോട് തര്‍ക്കിച്ച് കൊണ്ടിരുന്നു. അദ്ദേഹം ഒരു വ്യാജ പ്രവാചകനല്ല എന്ന് തെളിയിക്കാന്‍ അവര്‍ തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു. അല്ലാഹു അവരുടെ ആവശ്യത്തെ അംഗീകരിക്കുകയും ഒരു ഒട്ടകത്തെ സ്വാലിഹ് നബിയുടെ മുഅ്ജിസത്തായി ഇറക്കിക്കൊടുക്കുകയും ചെയ്തു. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളെപ്പോലെ എന്തായിരുന്നു ആ ഒട്ടകത്തിന്റെ വലിപ്പം? എവിടെ നിന്നാണത് വന്നത്? തുടങ്ങിയ ചോദ്യങ്ങളെയൊന്നും ഖുതുബ് അഭിമുഖീകരിക്കുന്നില്ല. കാരണം, സാമൂഹ്യ പരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള വ്യാഖ്യാനമാണ് അദ്ദേഹം ഖുര്‍ആനിന് നല്‍കുന്നത്. അദ്ദേഹം പറയുന്നത് ഖുര്‍ആന്‍ പോലും അത്തരം നിസ്സാരമായ വിഷയങ്ങളില്‍ സമയം കളയുന്നില്ല എന്നാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യപരിവര്‍ത്തനമാണ് ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത്.

മൂസാനബിയാണ് മുഅ്ജിസത്ത് നല്‍കപ്പെട്ട മറ്റൊരു പ്രവാചകന്‍. അതേസമയം മൂസാനബിക്കും സ്വാലിഹ് നബിക്കും നല്‍കപ്പെട്ട മുഅ്ജിസത്തുകള്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മൂസാ നബിയുടെ മു്ജിസത്ത് ആരും ആവശ്യപ്പെടാതെ തന്നെ അല്ലാഹു നല്‍കിയതാണ്. മൂസാ നബിക്ക് നല്‍കപ്പെട്ട മുഅ്ജിസത്തുകളെല്ലാം തന്നെ ജനങ്ങളെ സത്യത്തിലേക്ക് നയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മാത്രമല്ല, ഫറോവ എന്ന ഏകാധിപതിയായ ഭരണാധികാരിയില്‍ നിന്ന് മര്‍ദ്ദിതരായ ഇസ്രായേലി സമൂഹത്തെ രക്ഷിക്കുക എന്ന ദൗത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സാമൂഹ്യവശത്തിന് ഖുതുബ് ഏറെ ഊന്നല്‍ നല്‍കുന്നുണ്ട്. അതോടൊപ്പം ഫറോവയെ വെല്ലുവിളിച്ച മാന്ത്രികരുടെ ചരിത്രത്തെ ചൂണ്ടിക്കാട്ടി ഖുതുബ് പറയുന്നത് ഈമാനിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. അഭൗതികമായ കഴിവുകള്‍ നേരിട്ട് കണ്ടിട്ടും സത്യത്തെ മനസ്സിലാക്കാനോ അംഗീകരിക്കാനോ സാധിക്കാതെ വരുന്നത് ഈമാനില്ലാത്തത് കൊണ്ടും തങ്ങളാണ് ദൈവത്തേക്കാള്‍ വലിയവര്‍ എന്ന ബോധം ആളുകളെ നയിക്കുമ്പോഴുമാണ്. എന്നാല്‍ ഈമാനും ഇഹ്‌സാനും ഉള്ളവര്‍ക്ക് സത്യം അംഗീകരിക്കാന്‍ ഒരു അത്ഭുത പ്രവര്‍ത്തനത്തിന്റെയും ആവശ്യമില്ല എന്നാണ് മൂസാ നബിയുടെ കാലത്തെ മാജിക്കുകാരുടെ ചരിത്രത്തെ മുന്‍നിര്‍ത്തി ഖുതുബ് പറയുന്നത്.

മുഅ്ജിസത്ത് നല്‍കപ്പെട്ട മറ്റൊരു പ്രവാചകന്‍ ഇബ്രാഹീം നബിയാണ്. അദ്ദേഹത്തിന് മുഅ്ജിസത്ത് നല്‍കപ്പെട്ടതും ആരും ആവശ്യപ്പെടാതെ തന്നെയാണ്. അതിനെക്കുറിച്ച് സയ്യിദ് ഖുതുബ് വിശദീകരിക്കുന്നുണ്ട്: ‘ദൈവങ്ങളെ തകര്‍ത്തു എന്നാരോപിച്ച് കൊണ്ടാണ് ഇബ്രാഹീം നബിയെ തീയിലിടാന്‍ ആളുകള്‍ തീരുമാനിച്ചത്. കത്തിജ്വലിക്കുന്ന തീയിലാണ് അദ്ദേഹം എറിയപ്പെട്ടത്. എന്നാല്‍ അല്ലാഹു തീയിന്റെ ചൂടിന്റെ ഇബ്രാഹീം നബിക്ക് തണുപ്പാക്കിക്കൊടുക്കുകയായിരുന്നു. ഇവിടെ അല്ലാഹുവിന്റെ പരമാധികാരത്തെക്കുറിച്ച് മാത്രം നാം ചിന്തിച്ചാല്‍ മതി. അതിനപ്പുറം മനുഷ്യയുക്തിക്ക് കടക്കാന്‍ സാധ്യമല്ല.’ ഇവിടെ അല്ലാഹുവിന്റെ പരമാധികാരത്തെക്കുറിച്ചും ആ പരമാധികാരത്തിന് കീഴില്‍ മനുഷ്യര്‍ ജീവിക്കേണ്ടതിനെക്കുറിച്ചുമാണ് സയ്യിദ് ഖുതുബ് സംസാരിക്കുന്നത്. അല്ലാഹു അല്ലാത്ത വേറൊരു ശക്തിയും നമ്മുടെ മുമ്പില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ അല്ലാഹുവല്ലാത്ത അധികാരങ്ങളോട് വിധേയത്വമുണ്ടാകുമ്പോഴാണ് മനുഷ്യര്‍ ധിക്കാരികളാകുന്നതും ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാകുന്നതും. ഇവിടെയും സയ്യിദ് ഖുതുബ് ഊന്നല്‍ നല്‍കുന്നത് മുഅ്ജിസത്തിന്റെ സാമൂഹ്യവശത്തെയാണ് എന്ന കാര്യം ശ്രദ്ധേയമാണ്.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ – 1

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ – 3

 

Related Articles