Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യ നാടുകളിലെ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അനിവാര്യത

കര്‍മ്മ ശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും അഗധമായ ജ്ഞാനം ഉള്ളടതൊടൊപ്പം തന്നെ ആനുകാലിക വിഷയങ്ങളിലും അറിവുള്ളവര്‍ക്കാണ് മതവിധികള്‍ നിര്‍ദ്ദേശിക്കാനുള്ള യോഗ്യതയുള്ളത്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ജീവിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ക്ക് അവരുടെ ചുറ്റുപാടുകളെ കുറിച്ച് ബോധം കുറവാണ് എന്ന് പറയാം. അവിടുത്തെ നിയമാവലികളെക്കുറിച്ചും രാഷ്ട്രസംവിധാനങ്ങളെ കുറിച്ചും അവര്‍ അജ്ഞരാണ്. ഈ സാഹചര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലേയും മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുന്നത് അനുവദനീയമാണോ അതോ അനിവാര്യമാണോ എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ആദ്യമായി ചില ആനുകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് മുസ്‌ലിംകളുടെ ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ മുസ്‌ലിം ജനസംഖ്യയും അവരുടെ രാഷ്ട്രീയ പ്രാതിനിധ്യവുമാണ് ഉദ്ദേശിക്കുന്നത്. ജര്‍മനിയില്‍ മില്യണില്‍ കൂടുതല്‍ മുസ്‌ലിംകളുണ്ട്. പക്ഷെ, പാര്‍ലമെന്റില്‍ ഒരൊറ്റ മുസ്‌ലിം പോലുമില്ല. അതേ സമയം ജര്‍മനിയിലെ ജൂത ജനസംഖ്യ എട്ട് ലക്ഷത്തില്‍ കൂടുതല്‍ വരില്ല. എന്നാല്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒമ്പത് പ്രതിനിധികളുണ്ട്. ബ്രിട്ടനില്‍ മൂന്ന് മില്ല്യനോടടുത്ത് മുസ്‌ലിംകളുണ്ട്. മൊത്തം ജനസംഖ്യുടെ അഞ്ച് ശതമാനം. എന്നാല്‍ 659 അംഗ നിയമസഭയില്‍ മുസ്‌ലിംകള്‍ക്ക് 2 പ്രതിനിധികള്‍ മാത്രമാണുള്ളത്. അതേ സമയം അര മില്ല്യണ്‍ പോലുമില്ലാത്ത ജൂതര്‍ക്ക് ഇരുപതിലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. ഡിയര്‍ ബോണ്‍ നഗരത്തില്‍ 75% ത്തിലേറെ മുസ്‌ലിംകളാണ്. എന്നിട്ടും മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിമായ അബ്ദ് ഹമൂദിന് വിജയിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളാവുന്നില്ല എന്ന കാരണത്താലാണ് അങ്ങനെ സംഭവിച്ചത്. അമേരിക്കയില്‍ മുസ്‌ലിം ജനസംഖ്യ ജൂതരേക്കാള്‍ വളരെ അധികമാണ്. എന്നിട്ടും അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഒറ്റ സീറ്റ് പോലും മുസ്‌ലിംകള്‍ക്കില്ല. അതേസമയം ജൂതതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധാരാളം സീറ്റുകള്‍ അവിടെയുണ്ട്.

ആഭ്യന്തരവും വൈദേശികവുമായ രാഷ്ട്രീയ വൃത്തത്തില്‍ നിന്ന് അകന്ന് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധ്യമാണോ? സാധ്യമല്ല എന്ന് മാത്രമല്ല. അവര്‍ക്ക് അതില്‍ ഇടപെടാനുള്ള ബാധ്യതയുണ്ട്. കാരണം നാം ഒരു പരിഷ്‌കരണ രീതി ശാസ്ത്രത്തിന്റെ വാഹകരാണ്. മറ്റേതൊരു രാഷ്ട്രത്തേയും പോലെ അമേരിക്കക്കും അത്തരമൊരു പരിഷ്‌കരണം ആവശ്യമുണ്ട്. അതോടൊപ്പം തന്നെ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ സംരക്ഷിക്കാനും, മറ്റേതൊരു മത വിശ്വാസികളെയും പോലെ മത സ്വാതന്ത്ര്യം വീണ്ടെടുക്കാനും ഒരു നാഗരിക സമൂഹമെന്ന നിലയില്‍ രാഷ്ട്രത്തിന്റെ നിയമങ്ങളുടെയും നയനിലപാടുകളുടെയും രൂപീകരണത്തില്‍ പങ്കാളിത്തം വഹിക്കുവാനും ഭരണഘടനാനുസൃതമായി മറ്റ് ഇടപെടലുകള്‍ നടത്തുവാനും മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്. ഇത്തരം അടിസ്ഥാന പരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണങ്ങള്‍ മുന്നോട്ട് വെക്കാനാണ് ആഗ്രഹിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുന്നത് ശര്‍ഇയ്യായ ബാധ്യതയാണെന്ന് സൂചിപ്പിക്കുന്ന ചില അടിസ്ഥാനങ്ങളുണ്ട്. അതൊരു ശര്‍ഈ ബാധ്യതയായിട്ടാണ് ഞാന്‍ പരിഗണിക്കുന്നത്. പ്രസ്തുത ശര്‍ഈ അടിസ്ഥാനങ്ങളാണ് ചുവടെ പറയുന്നത്:
1. വാജിബിനെ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായതും വാജിബാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്കും മുനിസിപ്പാലിറ്റിയിലേക്കും സെനറ്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ട് നിന്നുലുളള നഷ്ടങ്ങള്‍ താഴെ പറയുന്നതാണ്.

1. രാഷ്ട്രത്തിന്റെ ദേശീയവും പ്രാദേശികവുമായ നയരൂപീകരണത്തില്‍ നിന്ന് മുസ്‌ലികള്‍ വിട്ട് നില്‍ക്കുകയും മറ്റുള്ളവരെ അതേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ മുസ് ലിംകളുടെ കാര്യത്തില്‍ അവര്‍ എടുക്കുന്ന തീരുമാനം അവരുടെ താല്‍പര്യങ്ങളെയും വികാരങ്ങളെയും പരിഗണിക്കാത്തതായിരിക്കും.
2. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ രൂപം രാഷ്ട്രത്തിലെ ജനതകളിലേക്ക് എത്തിക്കാന്‍ കഴിയില്ല. എട്ട് മില്ല്യണ്‍ വരുന്ന അമേരിക്കന്‍ മുസ്‌ലിംകള്‍ രാഷ്ട്രത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന നാഗരിക സമൂഹമാണെന്നും അമേരിക്കന്‍ സമൂഹത്തെ ബോധ്യപ്പെടുത്താനും ഇസ്‌ലാമിക രാഷ്ട്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും നടക്കുന്ന മുസ്‌ലിംകളുടെ പ്രശ്‌നങ്ങളുടെ സത്യാവസ്ഥ അറിയിക്കാനും കഴിയില്ല. അവരില്‍ പലര്‍ക്കും ഇസ്‌ലാമിനെ കുറിച്ച് നല്ല മതിപ്പില്ല ഉള്ളത്. പോള്‍ ഫ്രെഡിലിയുടെ വാക്കുകള്‍ അതിന് തെളിവാണ്. അദ്ദേഹം പറയുന്നു : ‘അമേരിക്കയിലെ 95% വരുന്ന ആളുകള്‍ക്ക് ഇസ്‌ലാമിന്റെ യാഥാര്‍ത്ഥ്യമറിയില്ല’. മുന്‍ പ്രസിഡന്റ് നിക്‌സണ്‍ പറയുന്നതും അതുതന്നെ. ‘ഇസ് ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് വളരെ തെറ്റായ ധാരണയാണ് അമേരിക്കന്‍ ജനതക്കുള്ളത്. ഈ പ്രവണത തുടര്‍ന്നാല്‍ അത് മുസ്‌ലിംകളുടെ അവകാശങ്ങളെയും താല്‍പര്യങ്ങളെയും മാത്രമല്ല ഹനിക്കുക, മറിച്ച് അവരുടെ നിയമപരവും സാമൂഹികവുമായ അവകാശങ്ങളെ കൂടിയായിരിക്കും. അതോടൊപ്പം രാജ്യത്തിന് അകത്തും പുറത്തും അവര്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യും.

3. ഭരണകൂടത്തിന്റെ ചാരിറ്റി ട്രസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടം നഷ്ടമാകും. ശക്തമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാത്രമേ അത് ലഭ്യമാകൂ.
4. സെപ്തംബര്‍ 11 ന് ശേഷം നഷ്ടമായിക്കൊണ്ടിരിക്കുന്ന മുസ് ലിം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്രത്തെയും മറ്റ് താല്‍പര്യങ്ങളെയും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കഴിയില്ല. ഇതെല്ലാം മനുഷ്യനെ സംബന്ധിച്ചിടത്തോളം മൗലിക അവകാശങ്ങളാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടില്ലെങ്കില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മഹത്തായ നന്മകള്‍ നഷ്ടമാകും. അതിനെല്ലാം ഉപരി ഇസ്‌ലാമിക പ്രബോധനം അസാധ്യമാകും. മുസ്‌ലിംകള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്നത് മൂലം ഇസ്‌ലാമും അന്യവല്‍ക്കരിക്കപ്പെടും. ഇസ്‌ലാമിക പ്രബോധനം, മുസ്‌ലിം താല്‍പര്യ സംരക്ഷണം, അവകാശങ്ങള്‍ നേടിയെടുക്കല്‍ തുടങ്ങിയ വളരെ അനിവാര്യമായ കാര്യങ്ങള്‍ക്ക് തെരെഞ്ഞെടുപ്പിലെ പങ്കാളിത്തം കാരണമാകുമെങ്കില്‍ പ്രസ്തുത പങ്കാളിത്തവും ശരീഅത്തിന്റെ വീക്ഷണത്തില്‍ അനിവാര്യമാണ്.
(തുടരും)
വിവ : സൈനുല്‍ ആബിദീന്‍ ദാരിമി

Related Articles