Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ ഉന്മൂലനത്തിന്റെ ഇസ്രയേല്‍ തന്ത്രങ്ങള്‍

ഇസ്രയേലിലെ പ്രമുഖ ന്യൂനപക്ഷ വിഭാഗങ്ങളാണ് ദറൂസ്, സിര്‍ക്കാസിയാന്‍ സമൂഹങ്ങള്‍. ന്യൂനപക്ഷ വിഭാഗങ്ങളായ ഇവര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കി തുടങ്ങിയത് 1958 മുതലാണ്. രാജ്യത്തെ മറ്റൊരു പ്രധാന ന്യൂനപക്ഷ വിഭാഗമായ അറബ് ക്രിസ്ത്യാനികള്‍ക്കും നിര്‍ബന്ധിത സൈനിക സേവനം ബാധകമാക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെയാണ് പുതിയ പദ്ധതിയില്‍ പ്രധാനമായും ഉന്നം വെക്കുന്നത്. സൈനിക സേവനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെ എതിര്‍ത്ത് ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ അറബ് ക്രിസ്ത്യാനികളുടെ പൊതു സമൂഹവുമായുള്ള സങ്കലനം സാധ്യമാക്കുന്നതിനും അവരെ ഇസ്രയേല്‍ സൈന്യത്തിലേക്കും മറ്റു സാമൂഹ്യ സേവന സ്ഥാപനങ്ങളിലേക്കും ആകര്‍ഷിക്കാനും വേണ്ടി നെതന്യാഹുവിന്റെ ഓഫീസ് മുന്‍കൈയെടുത്ത് സര്‍ക്കാര്‍-അറബ് ക്രിസ്ത്യന്‍ സംയുക്ത കമ്മിറ്റിക്കും രൂപം നല്‍കി കഴിഞ്ഞു. സൈനിക സേവനത്തിന് അറബ് ക്രിസ്ത്യന്‍ സമൂഹങ്ങളെ സജ്ജമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിക്കുന്ന അറബ് ക്രിസ്ത്യന്‍ ജനതക്കെതിരെയുണ്ടാകുന്ന അക്രമണങ്ങളെയും കൈയ്യേറ്റങ്ങളെയും ചെറുക്കാനും ഈ സംയുക്ത സമിതി ഊന്നല്‍ നല്‍കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇസ്രയേലില്‍ ജീവിക്കുന്ന അറബ് ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ വിഘടനവാദവും ഭിന്നതയും വളര്‍ത്തി അറബ് ക്രിസ്ത്യന്‍ ജനതയെ രാജ്യത്ത് നിന്നും പതുക്കെപതുക്കെ തുടച്ചു നീക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ രംഗത്തുവന്നവരെ നേരിടുന്നതിന്റെ ഭാഗമായി നിരവധി അറബ് ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ക്ക് ഇസ്രയേല്‍ സുരക്ഷാ വിഭാഗമായ ഷബാക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗം ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹജരാകണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സമന്‍സ് ഓര്‍ത്തഡോക്‌സ് കമ്യൂണിറ്റി കൗണ്‍സിലിന്റെ തലവന്‍ അസ്മി ഹാകിമടക്കമുള്ള ഉന്നത നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിര്‍ബന്ധിത സൈനിക സേവനത്തെ എതിര്‍ത്ത് രംഗത്തു വരുന്നവര്‍ക്കുള്ള സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ആദ്യത്തെ മുന്നറിയിപ്പായിട്ടാണ് ഉന്നത നേതാക്കള്‍ക്കടക്കം സമന്‍സ് അയച്ചത്. 1948 മുതലുള്ള എല്ലാ ഇസ്രയേല്‍ സര്‍ക്കാറുകളും ഇസ്രയേലിനകത്ത് ജീവിക്കുന്ന അറബ് സമൂഹങ്ങളെ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടാണ് കണ്ടത്. നിരന്തരമായ വംശീയ അധിക്ഷേപവും വിവേചനവും സഹിക്കാനാവാതെ നിരവധി ഫലസ്തീനികള്‍ ഇസ്രയേലിലെ തങ്ങളുടെ സ്വന്തം ഭൂമി വിട്ടേച്ചു പോകാന്‍ നിര്‍ബന്ധിതരായി. ഇസ്രയേലിലെ ഫലസ്തീന്‍ പൈതൃകങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന ഗൂഢപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും. ‘നിശബ്ദ നാടുകടത്തല്‍’ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. തീവ്ര സയണിസ്റ്റ് വിഭാഗങ്ങളുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ റാമല്ല, ബിലാദ് ശൈഖ്, ഖാബിയ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരുന്ന കൂട്ടക്കൊലകള്‍ക്കു പുറമെയാണ് സര്‍ക്കാറിന്റെ ഒത്താശയോടു കൂടിയുള്ള ഈ ‘നിശബ്ദ നാടകടത്തലും’ അരങ്ങേറിയിരുന്നത്. ന്യൂനപക്ഷ വംശീയ ഉന്മൂലനത്തിന്റെ ഇസ്രയേല്‍ മാതൃകകളാണിതെല്ലാം.
ഇസ്രയേല്‍-അറബ് ജനതകള്‍ക്കിടയിലും മറ്റു സമീപ അറബു രാജ്യങ്ങളുമായും സഹകരണവും സങ്കലനവും സാധ്യമാക്കാന്‍ പിന്നീട് ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നിട്ടറങ്ങുകയുണ്ടായെങ്കിലും രാജ്യത്തെ അറബ് ജനതയെ അരികുവല്‍ക്കരിക്കുന്ന നിലപാട് തന്നെയായിരുന്നു സര്‍ക്കാര്‍ തുടര്‍ന്നു പോന്നതെന്ന് നിരവധി സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറബ് ജനതയെ ഇസ്രയേല്‍ സര്‍ക്കാര്‍ എങ്ങനെയൊക്കെയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നതിന്റെ വ്യക്തമായ വിവരണങ്ങള്‍ അറബ് ബുദ്ധജീവിയായ ആസിം ബിശാറ തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ അറബ് പൈതൃകം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമായി ദറൂസ്, സിര്‍ക്കാസിയാന്‍ വിഭാഗങ്ങളെ ആദ്യം വംശീയമായി വേര്‍തിരിക്കുകയും അതോടൊപ്പം മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്യുകയുണ്ടായി. 1950 മുതല്‍ തന്നെ ക്രിസ്ത്യാനികളെ കിഴക്കന്‍-പടിഞ്ഞാറന്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുമുണ്ട്. 1.4 മില്യണ്‍ അറബ്/ഫലസ്തീനികളാണ് ഇസ്രയേലിലുള്ളത്. ഇതില്‍ 9% ആണ് ക്രിസ്ത്യാനികള്‍. 70% അറബ് ക്രിസ്ത്യാനികളും താമസിക്കുന്നത് ജാഫ നഗരമുള്‍ക്കൊള്ളുന്ന വടക്കന്‍ ഫലസ്തീനിലാണ്. ഗലീലി സ്റ്റേറ്റിന്റെ തലസ്ഥാനമായ നസ്‌റത്തിലാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്നത്. ഇവിടെ ഏകദേശം 140,000 അറബ് ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. അറബ് ക്രിസ്ത്യാനികള്‍ ഇസ്രയേലിലെ രാഷ്ട്രീയ പാര്‍ട്ടികളിലും വളരെ സജീവ സാന്നിധ്യമായി നിലനില്‍ക്കുന്നുണ്ട്. നേരത്തെ പരാമര്‍ശിക്കപ്പെട്ട ആസിം ബിശാറയെ കൂടാതെ എമില തോമ, എമില ഹബീബി തുടങ്ങിയവര്‍ അറബ് ക്രിസ്ത്യാനികളില്‍ നിന്നും ഉയര്‍ന്ന് വന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉന്നത സ്ഥാനങ്ങളിലെത്തിയവരാണ്. കാല്‍സിഡോണിയന്‍ ഓര്‍ത്തഡോക്‌സുകളും അല്ലാത്തവരുമായ പലവിധ ക്രിസ്ത്യന്‍ അവാന്തര വിഭാഗങ്ങളും ഇവര്‍ക്കിടയില്‍ സജീവമാണ്. മധ്യവര്‍ഗ്ഗത്തിന് ആധിപത്യമുള്ള അറബ് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭൂരിപക്ഷവും ജീവിക്കുന്നത് നഗരങ്ങളിലാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. 3.4 ലാണ് ഇവര്‍ക്കിടയിലെ ഏറ്റവും പുതിയ ജനന നിരക്ക്. സാമൂഹിക, സാമ്പത്തിക ആചാരങ്ങളിലും സമ്പ്രദായങ്ങളിലും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.
വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും നിരപരാധികളായ ജനങ്ങളെ അടിച്ചമര്‍ത്താന്‍ ദറൂസ്, സിര്‍ക്കാസിയന്‍സ്, അറബ് ജനതകള്‍ക്കിടയിലെ യുവജനങ്ങളെ ഉപയോഗിക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തു കൊണ്ട് പലഘട്ടങ്ങളിലായി നിരവധി ചെറുപ്പക്കാര്‍ രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പരസ്യമായി ധിക്കരിച്ചതിന്റെ പേരില്‍ ഇവരില്‍ പലരെയും വര്‍ഷങ്ങളുടെ തടവിനു ശിക്ഷിച്ചു. എങ്കിലും സൈനിക സേവനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പരസ്യമായി എതിര്‍പ്പ് അറബ് ക്രിസ്ത്യന്‍ ജനതക്കിടയില്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്നുണ്ട്. രാജ്യത്തെ അറബ് ന്യൂനപക്ഷത്തെ വിഘടിപ്പിച്ച് അവരുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും നശിപ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് നെതന്യാഹുവിന്റെ പുതിയ നീക്കമെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും അതിനെതിരെ ശക്തമായ പ്രതികരണത്തിന് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു.

വിവ : ജലീസ് കോഡൂര്‍

 

Related Articles