Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തില്‍ ഇടപെടുന്ന ഈമാന്‍

butterfly.jpg

ഈമാനെക്കുറിച്ചാണ് ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. ഫീളിലാലുല്‍ ഖുര്‍ആനില്‍ സയ്യിദ് ഖുതുബ് വിശദമായി ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഖുതുബ് പറയുന്നത് ഇസ്‌ലാമിന്റെ ആണിക്കല്ലാണ് ഈമാന്‍ എന്നാണ്. സൃഷ്ടാവിന് സമ്പൂര്‍ണ്ണമായി കീഴ്‌പ്പെടുന്നതിലേക്കുള്ള വാതിലാണത്. അതിന് ചുറ്റുമാണ് ഇസ്‌ലാമിന്റെ അടിത്തറ നിര്‍മ്മിച്ചിരിക്കുന്നത്. അത്‌കൊണ്ടാണ് ഇസ്‌ലാമിക പണ്ഡിതരെല്ലാം തന്നെ ഈ വിഷയത്തെക്കുറിച്ച് ധാരാളമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്. സയ്യിദ് ഖുതുബ് പറയുന്നത് ഇസ്‌ലാമിനോളം പഴക്കമുള്ളതാണ് ഈമാന്‍ എന്നാണ്. രണ്ടും പരസ്പരം ഇഴചേര്‍ന്നാണ് നിലനില്‍ക്കുന്നത്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല. ഇസ്‌ലാമിലേക്ക് പ്രവേശനം സാധ്യമാകുന്നത് തന്നെ ഈമാനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ചുരുക്കം. ഫീളിലാലുല്‍ ഖുര്‍ആനിലെ ഒരുപാട് പേജുകള്‍ ഈ വിഷയം മാത്രം ചര്‍ച്ച ചെയ്യാന്‍ നീക്കിവെച്ചിട്ടുണ്ട്. എത്ര ഗൗരവത്തോടെയാണ് ഖുതുബ് ഈമാനെ സമീപിക്കുന്നത് എന്നത് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.

ശൈഖ് ഇബ്രാഹിം അല്‍-ലിഖാനിയെപ്പോലുള്ള ദൈവശാസ്ത്ര പണ്ഡിതര്‍ ഈമാനെ അഞ്ചാക്കി തരംതിരിക്കുന്നുണ്ട്. അവ ചുവടെ ചേര്‍ക്കാം:
1) തഖ്‌ലീദിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈമാന്‍. ഒട്ടുമിക്ക സാധാരണ വിശ്വാസികളുടെയെല്ലാം ഈമാന്‍ ഈ ഗണത്തില്‍ പെടുന്നവയാണ്.
2) പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈമാന്‍. പണ്ഡിതന്‍മാരുടെയെല്ലാം ഈമാന്‍ ഈ വിഭാഗത്തില്‍ പെടുന്നവയായിരിക്കും.
3) സദാസമയവും അല്ലാഹുവെ സ്മരിക്കുന്നവരുടെ ഈമാന്‍. പണ്ഡിതരായാലും പാമരനായാലും വളരെ കുറച്ച് വിഭാഗം ആളുകള്‍ക്ക് മാത്രമേ ഈ ഗണത്തില്‍ പെടാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളൂ.
4) മുകളില്‍ പറഞ്ഞതിനേക്കാളും തീവ്രമായി ജീവിതം മുഴുവന്‍ അല്ലാഹുവെ സ്മരിച്ച് കഴിയുന്നവരുടെ ഈമാന്‍.
5) അഖീദയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈമാന്‍. വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണിത്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു വിശ്വാസിയുടെ ഈമാന്‍ പ്രകാശിതമാകണമെങ്കില്‍ എന്താണ് ഈമാന്‍ എന്നതിനെക്കുറിച്ച് അവന് ശരിയായ ജ്ഞാനം ലഭിക്കേണ്ടതുണ്ട് എന്നാണ് ഖുതുബ് പറയുന്നത്. നമുക്കറിയുന്നതിനേക്കാള്‍ ധാരാളം ശാഖകള്‍ ഈമാനിനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം ഈമാന്‍ എന്നത് ഒരു ധാര്‍മ്മിക സ്ഥാപനവും ഒരു യഥാര്‍ത്ഥ മുസ്‌ലിമാക്കി മനുഷ്യനെ പരിവര്‍ത്തിപ്പിക്കുന്ന പരിശീലനക്കളരിയുമാണ്. സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കുകയും ആത്മപരിശോധനക്ക് അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആയുധമാണത് എന്നാണ് ഖുതുബ് പറയുന്നത്. അതിനാല്‍ തന്നെ ഒരു വിശ്വാസി ഒരിക്കലും ധാര്‍മ്മിക തകര്‍ച്ചയിലേക്ക് ആ പതിക്കുകയില്ല. ജീവിതനൈതികതയെ കുറിച്ച പാഠങ്ങള്‍ എപ്പോഴും അവന് ലഭിച്ച് കൊണ്ടിരിക്കുകയും ചെയ്യും. മാത്രമല്ല, ഉന്നതമായ ഒരു ജീവിതലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള അവന്റെ യാത്ര ഒരിക്കലും വഴിമാറിപ്പോകുകയും ചെയ്യില്ല.

സമൂഹത്തില്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച ബോധം ഈമാന്‍ മനുഷ്യന് നല്‍കും എന്നാണ് ഖുതുബ് പറയുന്നത്. പ്രവാചക സമൂഹത്തിന്റെ ചരിത്രം ഉദാഹരണമാക്കി വിവരിച്ച് കൊണ്ടാണ് അദ്ദേഹം അതിനെക്കുറിച്ച് സംസാരിക്കുന്നത്. ഈമാനെ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതം എങ്ങനെയാണ് ഒരു ഉപഭൂഖണ്ഡത്തെ മുഴുവന്‍ ലോകത്തിന്റെ നെറുകയിലെത്തിച്ചത് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഖുതുബിനെ സംബന്ധിച്ചിടത്തോളം ഈമാന്‍ എന്നത് ചുണ്ടുകൊണ്ട് ഉരുവിടേണ്ട കേവല മന്ത്രങ്ങളല്ല. മറിച്ച് ജീവിതത്തിലുടനീളം പ്രതിഫലിക്കേണ്ട പ്രകാശമാണത്. അതിലൂടെ അല്ലാഹുവല്ലാത്ത എല്ലാ അധികാര രൂപങ്ങളെയും നിഷേധിക്കാന്‍ അവന് കഴിയുന്നു. പിന്നെ അവനാരെയും ഭയക്കേണ്ടി വരില്ല. അല്ലാഹുവെ മുന്‍നിര്‍ത്തിയുള്ള ജീവിതമായിരിക്കും അവന്റേത്. ഖുതുബ് പറയുന്നത് തൗഹീദ് പൂര്‍ണ്ണമാകുന്നത് ഈമാന്‍ പൂര്‍ണ്ണമാകുമ്പോള്‍ മാത്രമാണ് എന്നാണ്. മനുഷ്യന്റെ ജീവിതത്തിലുടനീളം അവ പ്രതിഫലിക്കുകയും ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം നാടുകളുടെയും രാഷ്ട്രങ്ങളുടെയും സമകാലിക അവസ്ഥകളെ ഈമാന്റെയും തൗഹീദിന്റെയും മാനദണ്ഡം വെച്ചാണ് സയ്യിദ് ഖുതുബ് മനസ്സിലാക്കുന്നത്. ശരിയായ രീതിയിലുള്ള ഇസ്‌ലാമിക ഭരണം സാധ്യമാവുക ഭരണാധികാരികളുടെയും ജനങ്ങളുടെയും ഈമാന്‍ പൂര്‍ണ്ണമാകുമ്പോഴാണ് എന്നാണദ്ദേഹം പറയുന്നത്. ഖുതുബിനെ സംബന്ധിച്ചിടത്തോളം സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും ഈമാനിന്റെ പ്രകാശം പ്രതിഫലിക്കേണ്ടതുണ്ട്. ഈമാനെക്കുറിച്ച ഖുതുബിന്റെ സംസാരങ്ങളിലെല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹം രാഷ്ട്രീയ രംഗത്തെ ഈമാനിന്റെ പ്രതിഫലനത്തെക്കുറിച്ച് സുദീര്‍ഘമായി സൂചിപ്പിക്കുന്നുണ്ട് എന്നതാണ്. ശരീഅത്തിലധിഷ്ടിതമായ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ ഈമാനുമായും തൗഹീദുമായും വളരേയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്നദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല, പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഈമാന്റെ പ്രകാശനം സാധ്യമാകുക ശരീഅത്തിലധിഷ്ഠിതമായ ഒരു ഭരണസംവിധാനത്തിന് കീഴില്‍ മാത്രമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ – 2

Related Articles