Current Date

Search
Close this search box.
Search
Close this search box.

ഖിലാഫത്തിന്റെ രണ്ടാം ജന്മം സ്വപ്‌നം കണ്ട സുല്‍ത്താന്‍

sultan-abdul-hameed.jpg

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോഴേക്കും ഒട്ടോമന്‍ ഭരണപ്രദേശങ്ങളിലെ ജൂതസാന്നിധ്യവും യൂറോപ്പിന്റെ സാമ്പത്തിക യൂണിറ്റുകളും കൂടി വന്നു. ഒട്ടോമന്‍ ഭരണകൂടത്തിന് അവയുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം മിക്ക സാമ്പത്തിക യൂണിറ്റുകളും കൈകാര്യം ചെയ്തിരുന്നത് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളായിരുന്നു. മാത്രമല്ല, ഇസ്തംബൂളിലെ വിദേശ പ്രതിനിധികള്‍ക്കായിരുന്നു അവ മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വമുണ്ടായിരുന്നത്. ഒട്ടോമന്‍ ഭരണപ്രദേശങ്ങള്‍ കീഴടക്കാനുള്ള സയണിസ്റ്റ് നീക്കങ്ങള്‍ക്ക് എല്ലാ വിധ ഒത്താശയും ചെയ്ത് കൊടുത്തിരുന്നത് ഈ വിദേശപ്രതിനിധികളായിരുന്നു.

അങ്ങേയറ്റം കലുഷിതമായ ഈ രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഒട്ടോമന്‍ ഭരണം ഏറ്റെടുക്കുന്നത്. അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുക്കുന്ന സമയത്ത് ഒട്ടോമന്‍ സാമ്രാജ്യം ഏറെക്കുറെ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. മാത്രമല്ല, സയണിസ്റ്റുകള്‍ മിക്ക മേഖലകളിലും പിടിമുറുക്കുകയും ചെയ്തിരുന്നു. ഉസ്മാനിയ ഖിലാഫത്തിനെ നാശത്തിന്റെ വക്കില്‍ നിന്ന് രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടാണ് യൂറോപ്യന്‍ ശക്തികളും സയണിസ്റ്റുകളും ഫലസ്തീന്‍ അധിനിവേശത്തിന് തുടക്കം കുറിച്ചത് എന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്.

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ഭരണത്തെ വിശകലനം ചെയ്യണമെങ്കില്‍ അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുക്കുമ്പോഴുള്ള ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ പരിസരം പരിശോധിക്കേണ്ടതുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളായിരുന്നു അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത്. ഒരു ഭാഗത്ത് യൂറോപ്യന്‍ ശക്തികളും മറുഭാഗത്ത് പരസ്പരം പോരടിക്കുന്ന പ്രാദേശിക മുസ്‌ലിം ഭരണാധികാരികളും. അത്യധികം പ്രതിസന്ധി നിറഞ്ഞ ഈ രാഷ്ട്രീയ കാലാവസ്ഥയോട് മല്ലിട്ട് കൊണ്ടാണ് ഉസ്മാനിയ ഖിലാഫത്തിനെ കോളനീകരണത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.

1876 ല്‍ ആരംഭിച്ച അബ്ദുല്‍ ഹമീദിന്റെ ഭരണം 1908 വരെ നീണ്ടു നില്‍ക്കുകയുണ്ടായി. 1908 ല്‍ യുവതുര്‍ക്കികളുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തിന്റെ ഭരണം അട്ടിമറിച്ച് നാടുകടത്തിയത്. ഉസ്മാനിയ ഖിലാഫത്തിന്റെ അവസാന ഭരണാധികാരിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. പേരിനെങ്കിലും ലോകത്തുടനീളമുള്ള സുന്നി മുസ്‌ലിംകളുടെ അംഗീകൃത ഭരണാധികാരിയായിരുന്നു അദ്ദേഹം. തന്റെ ഭരണത്തിന് കീഴിലുള്ള മുസ്‌ലിം, ജൂത, ക്രൈസ്തവ സമൂഹങ്ങളുടെ മേല്‍ അദ്ദേഹത്തിനായിരുന്നു പരമാധികാരം. യൂറോപ്യന്‍ ശക്തികളെ അവരുടെ വിഷയങ്ങളില്‍ ഇടപെടാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ബാഹ്യവും ആഭ്യന്തരവുമായ കോളനീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം അധികാര കേന്ദ്രീകരണം നടപ്പിലാക്കുകയുണ്ടായി.

1876 ല്‍ ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തെ മുന്‍നിര്‍ത്തി ചില ഭരണപരിഷ്‌കാരങ്ങള്‍ സുല്‍ത്താന്‍ കൊണ്ടുവരികയുണ്ടായി. ഇസ്‌ലാമിക ശരീഅത്തിന്റെ സംസ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ധാരാളം ഇസ്‌ലാമിക കലാലയങ്ങള്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. മുന്‍ ഭരണാധികാരികളെല്ലാം അവഗണിച്ചിരുന്ന മേഖലയായിരുന്നു ഇത്. അതോടൊപ്പം അറബ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധം അദ്ദേഹം ശക്തിപ്പെടുത്തുകയും അറബ് ലോകത്തുള്ള ഇസ്‌ലാമിക പണ്ഡിതരെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഭരണപരമായ വിഷയങ്ങളിലെല്ലാം അദ്ദേഹം അവരോട് അഭിപ്രായം ചോദിക്കുക പതിവായിരുന്നു.

മക്കയിലേക്കുള്ള തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി സിറിയ-ഹിജാസ് റെയില്‍വെ ഗതാഗതത്തിന് സുല്‍ത്താന്‍ തുടക്കം കുറിക്കുകയുണ്ടായി. ഇത് വിശ്വാസികള്‍ക്കിടയില്‍ സുല്‍ത്താനുള്ള അംഗീകാരം വര്‍ധിപ്പിക്കാന്‍ ഇടയാവുകയും ചെയ്തു. ലോകത്തുടനീളമുള്ള മുസ്‌ലിംകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ടാണ് അദ്ദേഹം ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്. മുസ്‌ലിം ഉമ്മ എന്ന ആശയത്തെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സ്ഥിര സാന്നിധ്യമായി നിലനിര്‍ത്താന്‍ സുല്‍ത്താന് അതിലൂടെ സാധിക്കുകയുണ്ടായി. ആഭ്യന്തരമായ അനൈക്യ പ്രവണതകളെ കുറച്ചെങ്കിലും അവസാനിപ്പിക്കാന്‍ ഈ പദ്ധതി കാരണമാവുകയും ചെയ്തു.

എന്നാല്‍, വിശാലമായ അര്‍ത്ഥത്തിലുള്ള ഒരു ഭരണപരിഷ്‌കാരം സ്വപ്‌നം കണ്ട സുല്‍ത്താന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തരമായ അധികാര വടംവലികള്‍ രൂക്ഷമായത്. കൂടാതെ യൂറോപ്പിന്റെ ഇടപെടലുകളും സ്ഥിതി ഏറെ വഷളാക്കുകയാണുണ്ടായത്. മുസ്‌ലിം പ്രാദേശിക നേതാക്കന്‍മാരെ തന്നെ കൂട്ട് പിടിച്ചാണ് യൂറോപ്പ് കോളനീകരണത്തിനായുള്ള ആദ്യ ചുവടുകള്‍ മുന്നോട്ട് വെച്ചത്. അത് മുന്‍കൂട്ടി കാണാന്‍ അധികാര പ്രമത്തത ബാധിച്ച മുസ്‌ലിം നേതാക്കള്‍ക്ക് കഴിഞ്ഞില്ല. ചുരുക്കത്തില്‍, ഉസ്മാനിയ ഖിലാഫത്തിന്റെ രണ്ടാം ജന്മം സ്വപ്‌നം കണ്ട് സുല്‍ത്താന്‍ തുടങ്ങിവെച്ച ഭരണപരിഷ്‌കാരങ്ങള്‍ യൂറോപ്പിന്റെയും പ്രാദേശിക മുസ്‌ലിം നേതാക്കന്‍മാരുടെയും കൂട്ടായ ‘പ്രയത്‌നത്താല്‍’ പരാജയപ്പെടുകയാണുണ്ടായത്. (തുടരും)

വിവ: സഅദ് സല്‍മി

യൂറോപ്യന്‍ സെമിറ്റിക്ക് വിരുദ്ധതയുടെ ഭാരംപേറുന്ന ഫലസ്തീനികള്‍

ഇസ്രയേല്‍ അധിനിവേശവും ബൈബിളും

Related Articles