Current Date

Search
Close this search box.
Search
Close this search box.

ഖറദാവി വ്യതിരിക്തനാകുന്നത്

qaradawi.jpg

ഡോ. യൂസുഫുല്‍ ഖറദാവിയുടെ എണ്‍പതിലേറെ ഗ്രന്ഥങ്ങള്‍ എങ്ങനെയാണ് ആധുനിക മുസ്‌ലിംകളുടെ മനോവ്യഥകളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്തതെന്നും അതിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചെതെന്നും അന്വേഷിക്കുകയാണ് ഡോ. ഹില്‍മി അല്‍ ഖാഊദ്. ഒപ്പം മുസ്‌ലിംകളുടെ ഇബാദത്തും സാമൂഹ്യ ഇടപാടുകളും അനായാസകരമാക്കിയതെങ്ങിനെ എന്നും വിശകലനം ചെയ്യുന്ന പഠന പരമ്പരയാണിത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളിലാണ് ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ചിന്തകള്‍ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പ്രത്യേകിച്ച് ‘അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥം പുറത്തിറങ്ങിയതിന് ശേഷം. ഞാന്‍ അന്ന് ‘ദാറുല്‍ അതിസ്വര’ എന്ന പ്രസാധനാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെ വീണ്ടും ഞങ്ങള്‍ പ്രസ്തുത ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു. ആ സമയത്ത് തന്നെ വായനക്കാരെ സ്വാധീനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചില ഗവേഷണപഠനങ്ങളും പുറത്തു വരികയുണ്ടായി. അന്ന് ഖറദാവി മജല്ലതുല്‍ ഉമ്മ, മജല്ലതുദ്ദൗഹ തുടങ്ങിയ അറബി മാഗസിനുകളില്‍ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളെ ഞാന്‍ പിന്തുടര്‍ന്നു വായിക്കാറുണ്ടായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ഈ രണ്ട് പ്രസിദ്ധീകരണങ്ങള്‍ക്ക് വായനക്കാര്‍ക്കിടയില്‍ വലിയ പ്രസിദ്ധിയുണ്ടായിരുന്നു. ഇസ്‌ലാമിക നവോഥാന പ്രസ്ഥനാങ്ങളില്‍ വ്യാപൃതരായിരുന്ന യുവാക്കള്‍ക്കിടയില്‍ അന്ന് ഖറദാവി എഴുതിയ ലേഖനങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളേയും രചനകളെയും പ്രായോഗിക രംഗത്ത് പ്രാവര്‍ത്തികമാക്കാന്‍ ഉതകുന്ന രീതിയിലും വൈജ്ഞാനിക മണ്ഡലം വികസിപ്പിക്കാനുതകുന്ന തരത്തിലുമാണ് ഉപയോഗിച്ചത്. 

അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളിലാണ് ഖറദാവിയുടെ ചിന്തകള്‍ ഇസ്‌ലാമിക സംഘടന രംഗത്തും ഫത്‌വ രംഗത്തും ഏറ്റവും കൂടുതല്‍ പ്രോജ്വലിച്ചത്. ഇസ്‌ലാമുമായും മുസ്‌ലിംകളുമായും ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങളില്‍ അദ്ദേഹം നല്‍കിയ ഫതവകള്‍ ഏറെ ശ്രദ്ദേയമായിരുന്നു. അതേസമയം ഭരണകൂടത്തിന്റെ പണ്ഡിതനോ പേനയുന്തിയോ ആയി അദ്ദേഹം മാറിയതുമില്ല. ഏതെങ്കിലും രാഷ്ട്രീയ ശക്തികളോട് ഓരം ചാരി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ശൈഖ് ഖറദാവിക്ക് ആശയ പ്രകാശനത്തിന് അസാമാന്യമായ കഴിവാണുള്ളത്. പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ വൈവിധ്യമാര്‍ന്ന നിലവാരത്തില്‍ നിന്ന് കൊണ്ട് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ ഈ കാലഘട്ടത്തില്‍ അവലംബിക്കാന്‍ കഴിയുന്ന വ്യക്തിത്വമായി അദ്ദേഹം മാറി. ശൈഖ് സയ്യിദ് സാബിഖ്, ശൈഖ് അല്‍ ഗസാലി, ശഅറാവി, അത്വിയ്യ സഖര്‍ പോലുള്ള മഹാപണ്ഡിതന്മാരുടെ വിയോഗത്തിന്റെ വിടവ് നികത്തിയത് ശൈഖ് ഖറദാവിയായിരുന്നു.

ഇസ്‌ലാമിക ലോകത്തെ കര്‍മ്മശാസത്രത്തെ അതിന്റെ വ്യത്യസ്തകോണുകളിലൂടെ നോക്കിക്കാണാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ചിന്താപരമായ മികവ്. അതിലൂടെ ആധുനിക കാലഘട്ടത്തിന് ദിശാബോധവും ഒരു നവീന കര്‍മശാസ്ത്രവും അദ്ദേഹം സംഭാവന ചെയ്തു. പൗരാണിക പണ്ഡിതന്മാരുടെ വരികളില്‍ സ്തംഭിച്ച് നില്‍ക്കുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് കാലഘട്ടത്തിന്റെ പുതിയ പ്രശ്‌നങ്ങളില്‍ ഇടപെടുകയായിരുന്നു.

കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളും ഖറദാവിയും
ആധുനിക അറബ് ഇസ്‌ലാമിക ലോകം പ്രശ്‌നങ്ങളെ കൊണ്ടും വെല്ലുവിളികളെ കൊണ്ടും കലുഷിതമായപ്പോള്‍ അതിനെ നിരൂപണം ചെയ്യാനും അപഗ്രഥിക്കാനും ആഴം വിശകലനം ചെയ്യാനും അതിന് നിദാന കര്‍മശാസ്ത്രത്തില്‍ ഊന്നി നിന്ന് കൊണ്ട് പ്രതിവിധികള്‍ നിര്‍ദ്ദാരണം ചെയ്‌തെടുക്കാനും ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചത്തില്‍ അത് ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ലോകത്ത് സംഭവിച്ച സംഭവ വികാസങ്ങള്‍ കൃത്യമായ മതവിധികളും കര്‍മശാസ്ത്ര വീക്ഷണങ്ങളും തേടിപ്പോവാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കി. കാരണം അവരുടെ നിലപാടുകള്‍ സത്യത്തില്‍ അധിഷ്ടിതമായിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധി അവര്‍ക്കുണ്ടായിരുന്നു. ഇറാന്‍ വിപ്ലവം, സോവിയേറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശം , അന്‍വര്‍ സാദാത്തുമായി ബന്ധപ്പെട്ട വടംവലികള്‍, രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ക്ക് വഴിവെച്ച യഹൂദ സൈന്യത്തിന്റെ ലബനാന്‍ ആക്രമണം, ഫലസ്തീന്‍ പ്രതിരോധ ശ്രമങ്ങളെ ചോരയില്‍ മുക്കിക്കൊന്നത്, ഇറാന്‍ -ഇറാഖ് യുദ്ധം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ചില ഭരണകൂടങ്ങളിലും ഇസ്‌ലാമിക ഗ്രൂപ്പുകളിലും പടര്‍ന്ന് കയറിയ തീവ്രനിലപാടുകള്‍, അതിനെ തുടര്‍ന്നുണ്ടായ രക്ത കലുഷിതമായ അഭ്യന്തര കലഹങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, അമേരിക്കയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശം, അവസാനം അറബ് ലോകത്ത് നടന്ന മുല്ലപ്പൂ വിപ്ലവം , അതിനു ശേഷമുള്ള സംഭവ വികാസങ്ങള്‍…ഇതിലെല്ലാം ശൈഖ് ഖറദാവി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി.

തീവ്രവാദം, ഭീകരത, ബാങ്ക് പലിശ, ഇന്‍വെസ്റ്റ്‌മെന്റ്, അമുസ്‌ലിം നാടുകളിലെ മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, അവിടത്തെ മതാചാരണം, അന്യസമൂഹവുമായിട്ടുള്ള ബന്ധങ്ങള്‍, ചിലരാഷ്ട്രങ്ങളിലെ കാലഗണനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍(പകല്‍ ദൈര്‍ഘ്യം കൂടുക, രാത്രി കുറയുക). കാലത്തിന്റെയും സ്ഥലത്തിന്റെയും വൈവിധ്യത്തിനനുസരിച്ച് ഉണ്ടാകുന്ന കാര്യങ്ങള്‍.. ആധുനിക ലോകത്ത് ഉയര്‍ന്ന് വന്നിട്ടുള്ള സാമ്പത്തികവും സാമൂഹികവുമായ പൊതുജീവിതത്തില്‍ സംഭവിച്ച ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഡോ. യൂസുഫുല്‍ ഖറദാവി തന്റെ അഗാധമായ വൈജ്ഞാനിക അടിത്തറയില്‍ നിന്ന് കൊണ്ട് പരിഹാരവും മതവിധിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ ആധുനിക കര്‍മശാസ്ത്രത്തിന് അദ്ദേഹം ആഴവും വിസ്തൃതിയും കരുത്തും നല്‍കി. തന്റെ ഫതവകള്‍ക്കും നിലപാടുകള്‍ക്കും അറബ്- ഇസ്‌ലാമിക സമൂഹങ്ങളില്‍ വന്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു. സേഛ്വാധിപത്യഭരണങ്ങള്‍ക്ക് മുമ്പിലോ പശ്ചാത്യ രാഷ്ട്രങ്ങളോട് കൂറ് പുലര്‍ത്തുന്ന രാഷ്ട്രങ്ങള്‍ക്ക് മുമ്പിലോ അദ്ദേഹം തലകുനിച്ചിട്ടുമില്ല.

വിവ. സൈനുല്‍ ആബിദീന്‍ ദാരിമി

Related Articles