Current Date

Search
Close this search box.
Search
Close this search box.

ഖറദാവി ഗ്രന്ഥങ്ങളും സമകാലിക യാഥാര്‍ത്ഥ്യങ്ങളും

book.jpg

ശൈഖ് ഖറദാവിയുടെ എണ്‍പതോ അതില്‍ കൂടുതലോ ഉള്ള ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ അതിലെ കേന്ദ്രവിഷയങ്ങള്‍ ആധുനിക മുസ്‌ലിംകളുടെ പ്രയാസങ്ങളും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അതിനുള്ള ശര്‍ഈ പ്രതിവിധികളുമാണെന്ന് കാണാന്‍ കഴിയും. ശരീഅത്തിന്റെ പൊതു താല്‍പര്യങ്ങളും (മഖാസിദ്) നിദാനശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളും ഉപയോഗിച്ച് മുസ്‌ലിം സമുദായത്തിന്റെ ആരാധനകളും (ഇബാദത്ത്) ഇടപാടുകളും (മുആമലാത്ത്) അദ്ദേഹം കാലഘട്ടത്തിന്റെ മാറിയ പരിതസ്ഥിതിയില്‍ അനായാസകരമാക്കി.

ആ അര്‍ത്ഥത്തില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഗ്രന്ഥങ്ങള്‍ ഇവയാണ്.
അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം– മുസ്‌ലിം സമുദായത്തിന് ഏറെ വഴിവിളക്കായി വര്‍ത്തിച്ച ഗ്രന്ഥമാണ്. ജീവിതത്തിന്റെ വ്യത്യസ്ത മേഘലകളില്‍ (പ്രത്യേകിച്ച് ഇടപാടുകള്‍, സ്വഭാവരീതികള്‍, ആരാധനകള്‍) കൃത്യമായ പാത നിര്‍ണ്ണയിക്കുകയും അതിലെ ചതിക്കുഴികളും വെല്ലുവിളികളും വ്യക്തമാക്കുകയും  ചെയ്ത ഗ്രന്ഥമാണത്. മാത്രവുമല്ല ഈ ഗ്രന്ഥത്തിന്റെ പിറവിയിലൂടെയാണ് യൂസുഫുല്‍ ഖറദാവിയിലേക്ക് ലോകം ശ്രദ്ധതിരിച്ചത്. അതോടൊപ്പം ഹജ്ജ്, ഉംറ, ഉളുഹിയ്യത്ത് തുടങ്ങിയ ആരാധനാകാര്യങ്ങളില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ടുള്ള ആ സ്വഭാവത്തിലുള്ള വേറെയും ചില ഗ്രന്ഥങ്ങള്‍ ഉണ്ട്.

വികസിക്കുകയും പുരോഗമിക്കുകയും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്ത് ആധുനികകാലഘട്ടത്തിലും, പൗരാണിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെ അപ്രമാദിത്വത്തോടെ അവലംബിക്കുകയും അന്ധമായി തഖ്‌ലീദ് ചെയ്യുകയും ചെയ്തതിന്റെ ഫലമായി മതവിധികള്‍ അനുഷ്ടിക്കല്‍ സങ്കീര്‍ണ്ണമായ മുസ്‌ലിം സമൂഹത്തില്‍ ആശ്വാസവും അനായാസവും നല്‍കിക്കൊണ്ട് വേറെ ചില  ഗ്രന്ഥങ്ങള്‍ അദ്ദേഹത്തന്റേതായി പുറത്ത് വരികയുണ്ടായി. തയ്‌സീറുല്‍ ഫിഖ്ഹ് ലില്‍ മുസ്‌ലിമില്‍ മുആസ്വിര്‍, ഫിഖ്ഹുല്ലവി വത്തര്‍വീഹ്, അവാമിലുസ്സഅത്തി വല്‍ മുറൂന ഫിശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ, അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി ബൈനല്‍ അസ്വാലത്തി വത്തജ്ദീദ്, അല്‍ ഇജ്തിഹാദുല്‍ മുആസ്വിര്‍ ബൈനല്‍ ഇന്‍ളിബാത്തി വല്‍ ഇന്‍ഫിറാത്ത്. ഇത്തരം ഗ്രന്ഥങ്ങള്‍ ആധുനിക മുസ്‌ലിംകള്‍ അഭിമുഖീകരിച്ച പുതിയ പ്രശ്‌നങ്ങളും അതിന്റെ ശര്‍ഈ നിലപാടുകളുമാണ് കൈകാകാര്യം ചെയ്ത്. ഉദാഹരണത്തിന് ആധുനിക കാലഘട്ടത്തില്‍ കര്‍മ്മശാസ്ത്രത്തെ അനായാസകരമാക്കി അവതരിപ്പിക്കല്‍. വിനോദങ്ങളിലെ സാധ്യതയും സാധുതയും. ഇസ് ലാമിക ശരീഅത്തിന്റെ വികാസക്ഷമത. ആധുനിക കാലഘട്ടത്തിലെ ഇജ്തിഹാദിന്റെ പ്രാധാന്യവും പ്രസക്തിയും. ഇങ്ങനെ തുടങ്ങിയ കാര്യങ്ങള്‍.

അത് പോലെ തന്നെ ശൈഖ് ഖറദാവിയുടെ സാമ്പത്തികം, ദാരിദ്ര്യം തുടങ്ങിയവ കൈകാര്യം ചെയ്ത ഗ്രന്ഥങ്ങളും വളരെ പ്രതീക്ഷയോടെയാണ് ലോകം ഏറ്റു വാങ്ങിയത്. മുതലാളിത്തം പോലെയുള്ള ആധുനിക സാമ്പത്തിക വ്യവസ്ഥകള്‍  സമ്പത്തിനെ ഒരു ന്യൂനപക്ഷത്തില്‍ മാത്രം പരിമിതപ്പെടുത്തുകയും ബഹുഭൂരിപക്ഷം വരുന്ന ജനകോടികളെ പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും മദ്ധ്യേ ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനങ്ങള്‍ എങ്ങനെയാണ് സമ്പത്തിക കേന്ദ്രീകരണവും അതിന്റെ പേരിലുള്ള ധ്രുവീകരണവും പട്ടിണിയും മാറ്റുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അത് പോലെ ആധുനിക ലോകത്തിന്റെ സാമ്പത്തിക അപചയങ്ങള്‍ക്ക് പലിശമുക്ത ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുന്നു. ആ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഇവയാണ്. മുഷ്‌കിലത്തുല്‍ ഫഖ്ര്‍ വ കൈഫ ആലജഹല്‍ ഇസ്‌ലാം, ബൈഉല്‍ മുറാബഹ ലില്‍ ആമുരി ബിശിറാഅ്, ഫവാഇദുല്‍ ബുനൂക് ഹിയ അരിബാ അല്‍ ഹറാം, ദൗറുസ്സകാത്തി ഫീ ഇലാജില്‍ മുഷ്‌കിലാത്തില്‍ ഇഖ്തിസാദിയ്യ. അതുപോലെ ആധുനിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ദിശാ ബോധം നല്‍കിക്കൊണ്ട് അതിനുള്ള മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിച്ച് കൊണ്ടുള്ള അനവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. പ്രത്യേകിച്ച് ആധുനിക കാലഘട്ടത്തില്‍ പല പ്രസ്ഥാനങ്ങളും തീവ്ര നിലപാടുകളിലേക്കും തെറ്റായ നയസമീപനത്തിലേക്കും വ്യതിചലിച്ച സാഹചര്യത്തില്‍. ലോകത്ത് നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളോടും രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രങ്ങളോടും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും അവയിലെ ആന്തരിക വൈരുദ്ധ്യങ്ങളെ കുറിച്ചും അവ ചര്‍ച്ച ചെയ്തു. അതിലൂടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പ്രമാണബദ്ധവും വ്യക്തിപരമായ മാര്‍ഗ്ഗദര്‍ശനവും വീക്ഷണവും ലഭിച്ചു. ഈ മേഘലയില്‍ ഖറദാവി ഏകദേശം ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചു. അതില്‍ ചിലത് മാത്രം സൂചിപ്പിക്കാം. അസ്വഹ്‌വ അല്‍ ഇസ്‌ലാമിയ വഹുമുല്‍ വത്വനുല്‍ അറബി വല്‍ ഇസ്‌ലാമി, ഔലവിയ്യാത്തുല്‍ ഹറക അല്‍ ഇസ്‌ലാമിയ ഫില്‍ മര്‍ഹലത്തില്‍ ഖാദിമ, അല്‍ ഇസ്‌ലാമു വല്‍ അല്‍മാനിയ്യ വജ്ഹന്‍ ലി വജ്ഹ്, അത്തതര്‍റുഫുല്‍ അല്‍മാനി ഫീ മുവാജഹത്തുല്‍ ഇസ്‌ലാം, അല്‍ ഇസ്‌ലാമു വല്‍ ഉന്‍ഫ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ അതില്‍ ചിലത് മാത്രമാണ്.

ഇങ്ങനെ ആധുനിക കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതോടൊപ്പം തന്നെ വേറെയും ചില മേഘലയിലും അദ്ദേഹം ഗ്രന്ഥരചന നിര്‍വ്വഹിക്കുകയുണ്ടായി. തഫ്‌സീര്‍, ഹദീസ് വിജ്ഞാനം, പൗരാണിക ഗ്രന്ഥങ്ങളുടെ സംശോധന, തര്‍ബിയ്യത്ത്, അഖീദ, സ്വഭാവ സംസ്‌കരണം, വിവര്‍ത്തനം ഇങ്ങനെ തുടങ്ങി പല മേഘലകളിലും അദ്ദേഹത്തിന്റെ രചനകള്‍ കാണാന്‍ കഴിയും. അത് പോലെ ശൈഖ് ഖറദാവി ദോഹയിലെ പള്ളിയില്‍ നടത്തിയിട്ടുള്ള ഖുതുബകളും ക്രോഡീകരിച്ച് ഗ്രന്ഥങ്ങളാക്കിയിട്ടുണ്ട്.

ഇതിനെല്ലാം പുറമെ ശൈഖ് ഖര്‍ദാവി നല്ലൊരു കവി കൂടിയാണ്. ചില കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. കാലത്തിനും ലോകത്തിനും ജനങ്ങള്‍ക്കും സംഭവങ്ങള്‍ക്കും നേരെയുള്ള ഒരു ദര്‍പ്പണമായിരുന്നു ആ കവിതകള്‍. അതുപോലെ സ്വന്തം ജീവിതത്തിലെ ചില ഏടുകള്‍ അദ്ദേഹം ഗ്രന്ഥങ്ങളില്‍ കോറിയട്ടിട്ടുണ്ട്. ഈജിപ്തിലെ ജീവിതം . ഇഖ്‌വാനുല്‍ മുസ്‌ലിമൂനിലേക്കുള്ള പ്രവേശനവും പ്രവര്‍ത്തനവും തുടങ്ങി ധാരാളം മുഹൂര്‍ത്തങ്ങള്‍ അതില്‍ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസംഗങ്ങളും ഖുത്വുബകളും കവിതകളും അഭിമുഖങ്ങളും എല്ലാം എടുത്ത് പരിശോധിച്ചാല്‍ അദ്ദേഹം വീടിന്നു പുറത്ത് ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്ന് തോന്നിപ്പോകും. കാരണം ഒരു മനുഷ്യന്റെ മുഴുവന്‍ സമയവും കവരാന്‍ പോന്നതാണിതെല്ലാം. എന്നാല്‍ കാര്യങ്ങള്‍ മറിച്ചാണ്. അദ്ദേഹം കര്‍മ്മനിരതനായ ഗ്രന്ഥകാരനാണ്. ഇത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ അപാരമായ അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല.
(തുടരും)

വിവ. സൈനുല്‍ ആബിദീന്‍ ദാരിമി

Related Articles