Current Date

Search
Close this search box.
Search
Close this search box.

ഒട്ടോമന്‍ ഭരണപാരമ്പര്യവും ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളും

Ottoman-uthmani.jpg

ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പതനത്തോടെ എങ്ങനെയാണ് യൂറോപ്പ് ഫലസ്തീനടക്കം മുസ്‌ലിം ലോകത്തുടനീളം പിടിമുറുക്കിയത് എന്നാണ് ഈ അധ്യായത്തില്‍ ഞാന്‍ പരിശോധിക്കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫലസ്തീന്‍ അധിനിവേശം 1948ലോ 1917ലോ തുടങ്ങിയതല്ല.  മറിച്ച്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഉപഭൂഖണ്ഡങ്ങളില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പ് ആസൂത്രണം ചെയ്ത കൊളോണിയല്‍ പദ്ധതിയാണിത്. അറബ് നാടുകളിലെ എണ്ണ സമ്പത്ത് കൈക്കലാക്കുക എന്ന ഉദ്ദേശ്യവും അതിന് മുമ്പിലുണ്ട്. അഥവാ, യൂറോപ്യന്‍ കൊളോണിയലിസമാണ് ഫലസ്തീന്‍ അധിനിവേശത്തിന് സയണിസ്റ്റുകള്‍ക്ക് സിദ്ധാന്തപരമായ പിന്തുണ നല്‍കിയത്. അതിനാല്‍ തന്നെ യൂറോപ്യന്‍ കൊളോണിയലിസവും സയണിസ്റ്റ് അധിനിവേശവും പരസ്പരം ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ 85 ശതമാനവും യൂറോപ്പിന്റെ കീഴിലായിക്കഴിഞ്ഞിരുന്നു. അതില്‍ തന്നെ ആഫ്രിക്കയും ഏഷ്യയുമാണ് കൊളോണിയലിസത്തിന്റെ തീവ്രത ഏറെയും അനുഭവിക്കേണ്ടി വന്നത്. അതേസമയം മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ സംരക്ഷണം തുടക്കത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അതിന്റെ തകര്‍ച്ചയോട് കൂടി കൊളോണിയലിസം അറബ്, ആഫ്രിക്കന്‍ നാടുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഇന്ന് മുസ്‌ലിം ലോകത്തുടനീളം കണ്ടുകൊണ്ടിരിക്കുന്ന അനൈക്യത്തിന്റെയും ഛിദ്രതയുടെയും വംശാവലി അവിടെയാണ് കിടക്കുന്നത്. കാരണം, മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന ദൈവശാസ്ത്രപരമായ ഭിന്നതകളെ സംഘര്‍ഷത്തിലേക്ക് വഴിതിരിച്ച് വിട്ടാണ് ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പതനം യൂറോപ്പ് ഉറപ്പ് വരുത്തിയത്.

ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പതനം ഉറപ്പ് വരുത്താതെ ഫലസ്തീന്‍ അധിനിവേശം സാധ്യമാകുമായിരുന്നില്ല. അഥവാ, ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പതനവും മുസ്‌ലിം നാടുകളിലേക്കുള്ള യൂറോപ്യന്‍ അധിനിവേശവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എന്നാല്‍ കൊളോണിയല്‍ വ്യവഹാരങ്ങളെ വിമര്‍ശിക്കുന്നതോടൊപ്പം തന്നെ ഒട്ടോമന്‍ ഭരണകാലത്ത് നിലനിന്നിരുന്ന നൈതിക വിരുദ്ധമായ ഭരണസമീപനങ്ങളെയും നാം വിമര്‍ശനാത്മകമായി സമീപിക്കേണ്ടതുണ്ട്. മാത്രമല്ല, യൂറോപ്യന്‍ കൊളോണിയലിസത്തിനെതിരെ ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി രംഗപ്രവേശനം ചെയ്ത അറബ് ദേശീയത യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍ ജ്ഞാനശാസ്ത്രവ്യവഹാരങ്ങളെ തന്നെയാണ് പുനരുല്‍പ്പാദിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ അധ്യായത്തില്‍ ഞാന്‍ പരിശോധിക്കുന്ന വിഷയം യഥാര്‍ത്ഥത്തില്‍ ഏറെ സങ്കീര്‍ണ്ണമാണ്. കാരണം ഫലസ്തീനെക്കുറിച്ച് ഇതുവരെ പുറത്തിറങ്ങിയ ആഖ്യാനങ്ങളെയാണ് ഞാന്‍ വെല്ലുവിളിക്കുന്നത്. അവയെല്ലാം ഒട്ടോമന്‍ ചരിത്രത്തെ മാറ്റിനിര്‍ത്തിയാണ് ഫലസ്തീന്‍ പ്രശ്‌നത്തെ സമീപിക്കുന്നത്. ഞാന്‍ വാദിക്കുന്നത് ഒട്ടോമന്‍ ചരിത്രത്തെ മാറ്റി നിര്‍ത്തി ലോകചരിത്രത്തെ തന്നെ വിശകലനം ചെയ്യാന്‍ സാധിക്കില്ല എന്നാണ്. മാത്രമല്ല, സമ്പന്നമായ അറബ് മുസ്‌ലിം ചരിത്രത്തിന്റെ അപരവല്‍ക്കരണമാണ് ഒട്ടോമന്‍ പാരമ്പര്യത്തെ അവഗണിക്കുന്നതിലൂടെ സംഭവിക്കുന്നത്. മുസ്‌ലിംകളുടെ സമ്പന്നമായ ഭരണചരിത്രത്തെ അന്യവല്‍ക്കരിക്കുന്ന ഓറിയന്റലിസ്റ്റ് ചരിത്ര രചനയുടെ ഭാഗമാവുകയാണ് അതിലൂടെ നാം ചെയ്യുന്നത്.

ഒട്ടോമന്‍ പാരമ്പര്യത്തെ കൊളോണിയല്‍ വ്യവഹാരങ്ങളുപയോഗിച്ചാണ് അറബ് ദേശീയവാദികള്‍ വിമര്‍ശിക്കുന്നത്. അഥവാ, ആധുനിക വിരുദ്ധം, ജനാധിപത്യ വിരുദ്ധം, അപരിഷ്‌കൃതര്‍ തുടങ്ങിയ ഓറിയന്റലിസ്റ്റ് വാര്‍പ്പുമാതൃകകള്‍ തന്നെയാണ് പോസ്റ്റ്-കൊളോണിയല്‍ ദേശീയ വാദികളും ഒട്ടോമന്‍ പാരമ്പര്യത്തിന് ചാര്‍ത്തിക്കൊടുക്കുന്നത്. ചുരുക്കത്തില്‍ കൊളോണിയല്‍ വിരുദ്ധം എന്ന അവകാശവാദവുമായി രംഗപ്രവേശനം ചെയ്ത അറബ് ദേശീയതക്ക് മുസ്‌ലിം ചരിത്ര പാരമ്പര്യത്തെ വിശദീകരിക്കുമ്പോള്‍ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങള്‍ക്ക് പുറത്ത് പുതിയൊരു ഭാഷ സാധ്യമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. (തുടരും)

വിവ: സഅദ് സല്‍മി

ഫലസ്തീന്‍ പ്രശ്‌നവും അപകോളനീകരണ വായനയും

മുസ്‌ലിം ഭരണത്തകര്‍ച്ചയുടെ കാരണങ്ങള്‍

Related Articles