Current Date

Search
Close this search box.
Search
Close this search box.

എല്ലാം അറിയുന്നവന്‍ അല്ലാഹു

അവിശ്വാസികളെപ്പോഴും വിശ്വാസികളെ അപവദിച്ചിരുന്നു. അപവദിക്കുകയും ചെയ്യും. അത് പോലെ, അപവാദപരവും ഉപദ്രവജനകവുമായ അവരുടെ വാക്കുകളൊന്നും ഒരിക്കലും വിശ്വാസികളെ ഉപദ്രവിച്ചിട്ടില്ല. അതുണ്ടാവുകയുമില്ല. ‘അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അവന്‍ ഇച്ഛിക്കാതെ ആര്‍ക്കും ഒരു ഉപദ്രവും വരുത്താനാവുകയില്ല’ എന്ന സുപ്രധാന വസ്തുതയെ കുറിച്ച് വിശ്വാസികള്‍ ബോധവന്മാരാണെന്നതാണ് കാരണം.
എല്ലാ അപവാദ വാക്യങ്ങള്‍ ഉച്ചരിക്കുന്നതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രം. അവര്‍ ഗൂഢാലോചന നടത്തുമ്പോള്‍, ഗൂഢ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, വാക്കുകള്‍ക്ക് രൂപം നല്‍കുമ്പോള്‍, അല്ലാഹു അത് കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം മതത്തെ വഞ്ചിക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ, അവര്‍ അപവദിക്കുമ്പോഴും അവരുടെ മനസ്സിലിരിപ്പ് അവനറിയുന്നു. ഖുര്‍ആന്‍ പറയുന്നു: ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു  നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു  ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെ ഴുന്നേല്‍പിന്റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു. (58: 7)
‘അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്. (43: 80)

അതെ, ഒരു അപവാദവും അവഗണിക്കപ്പെടുന്നില്ല. അത് രണ്ടു പേര്‍ക്കിടയില്‍ പറയപ്പെട്ടതായാല്‍ പോലും കേള്‍ക്കാതെ പോകുന്നില്ല. അപവാദകര്‍ ഒരു പക്ഷെ, അത് മറന്നേക്കാം, എന്നാല്‍, എല്ലാം കേള്‍ക്കുകയും കാണുകയും സൃഷ്ടിക്കുകയും ചെയ്ത അല്ലാഹു മറക്കുകയില്ല. അവരുടെ അടിസ്ഥാന രഹിത വാക്കുകളും വഴക്കുകളും ദുശ്ചിന്തയും ദുര്‍പ്രവര്‍ത്തികളുമെല്ലാം, വിധി നാളില്‍ അവര്‍ കാണുക തന്നെ ചെയ്യും.

അല്ലാഹു സര്‍വ ചരാചരങ്ങളുടെയും ഭരണാധികാരിയാണ്; ഉടമസ്ഥനാണ്; വിശ്വാസികളുടെ മിത്രവും രക്ഷിതാവുമാണ്; തങ്ങളോട് അനുകമ്പയും കാരുണ്യവും ഉള്ളവനാണവന്‍ എന്നവര്‍ മനസ്സിലാക്കുന്നു; അവന്റെ സൃഷ്ടി കര്‍മ്മം, അവന്റെ അറിവോടും, ഏറ്റവും മെച്ചപ്പെട്ട നിലക്കുമാണെന്നും അവര്‍ക്കറിയാം; അവര്‍ വിശ്വാസമര്‍പ്പിക്കുന്നതും ആശ്രയിക്കുന്നതും ഭയപ്പെടുന്നതുമെല്ലാം അവനെ മാത്രം; അപവാദം, അക്രമം, ഭീഷണി, പരിഹാസം എന്നിവക്കൊന്നും അവരുടെ വിശ്വാസത്തെ ഉപേക്ഷിക്കാനോ, അവരില്‍ വ്യതിചലനം സൃഷ്ടിക്കാനോ സാധിക്കുകയില്ല. വിശ്വാസിയുടെ അഭിനിവേശത്തെയും തദ്ഫലമായി ലഭിക്കുന്ന പ്രതിഫലത്തെയും കുറിച്ച് അല്ലാഹു പറയുന്നതിങ്ങനെ:
‘സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (33 : 23-25)
(അവസാനിച്ചു)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles