Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും കുടുംബജീവിതത്തിന്റെ പ്രാധാന്യവും

family.jpg

ഇസ്‌ലാം സമാധാനപൂര്‍ണ്ണമായ ഒരു സാമൂഹിക ജീവിതത്തെയാണ് വിഭാവനം ചെയ്യുന്നത്. അങ്ങനെ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം സാധ്യമാക്കാന്‍ ഇസ്‌ലാം മുന്നോട്ട് വെച്ച ഒരു മാര്‍ഗ്ഗമാണ് വിവാഹം എന്ന് പറയുന്നത്. കാരണം വിവാഹമാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിന് രൂപം നല്‍കുന്നത്. ഇസ്‌ലാമിലെ വിവാഹം എന്ന ഈ സങ്കല്‍പ്പത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെക്കുറിച്ച് സയ്യിദ് ഖുതുബ് തന്റെ ഫീളിലാലില്‍ ഖുര്‍ആനില്‍ വളരെ വിശദമായി എഴുതുന്നുണ്ട്. വളരെ ഉദാരമായി സാമൂഹ്യജീവിതത്തെ സമീപിക്കുകയും തുറന്ന ലൈംഗിക ജീവിതത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉയരുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ വിവാഹജീവിതത്തെ കുറിച്ചുള്ള ഖുതുബിന്റെ പരാമര്‍ശങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അത്തരത്തിലുള്ള ലിബറലായ ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ സ്ത്രീകള്‍ പൊതുസ്വത്തും കുട്ടികള്‍ അനാഥരുമായിരിക്കും. വളരെ രൂക്ഷമായ ഭാഷയിലാണ് സയ്യിദ് ഖുതുബ് ലിബറലായ സാമൂഹ്യാന്തരീക്ഷത്തെ കൈകാര്യം ചെയ്യുന്നത്.

അസ്ഥിരമായ സാമൂഹ്യജീവിതത്തിന് കാരണമാകുന്ന ഉദാരമായ ലൈംലികാന്തരീക്ഷത്തിന്റെ വിപത്തുകളെക്കുറിച്ച് സമകാലിക ഖുര്‍ആന്‍ വ്യാഖ്യാതാവായ ശൈഖ് മുഹമ്മദ് മുതവല്ലി അല്‍ശഅറാവി നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ‘ആരോഗ്യകരവും ആത്മീയവുമായ ഇസ്‌ലാമിന്റെ വൈവാഹിക സങ്കല്‍പ്പത്തെ ധിക്കരിച്ച് സ്വതന്ത്രമായ ലൈംഗിക ജീവിതത്തെ ആഘോഷിച്ചതിന്റെ ഫലമായാണ് അസമാധാനപൂര്‍ണ്ണമായ സാമൂഹ്യാന്തരീക്ഷത്തിന് നാം സാക്ഷ്യം വഹിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങളെ ജനങ്ങള്‍ മുറുകെപ്പിടിച്ചിരുന്നെങ്കില്‍ ജീവിതം ഏറെ സമാധാനപൂര്‍ണ്ണമായിത്തീര്‍ന്നേനെ.’ വളരെ അര്‍ത്ഥവത്തായ വാക്കുകളാണിത്. കാരണം സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ന് നിലനില്‍ക്കുന്ന വളരെ ഉദാരമായ വ്യവഹാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന് നല്‍കുന്നത് സ്വാതന്ത്ര്യമല്ല. മറിച്ച് അടിമത്വമാണ്. പാശ്ചാത്യ മൂല്യങ്ങള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുകയാണ് സ്വാതന്ത്ര്യത്തിന്റെ പേരില്‍ മനുഷ്യര്‍ ചെയ്യുന്നത്.

സുരക്ഷിതമായ സാമൂഹ്യജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന മറ്റൊരു പ്രധാന പ്രതിസന്ധി നാം നേരിടുന്നത് ഫെമിനിസ്റ്റുകളില്‍ നിന്നാണ്. പാശ്ചാത്യമൂല്യങ്ങളെ സാര്‍വ്വലൗകിക മൂല്യങ്ങളായി അവതരിപ്പിച്ച് കൊണ്ടാണ് അവര്‍ ഫെമിനിസ്റ്റ് അജണ്ടകള്‍ സമൂഹത്തില്‍ നടപ്പിലാക്കുന്നത്. സമൂഹത്തിലാകട്ടെ, തെറ്റായ സന്ദേശമാണ് അത് നല്‍കുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍ അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വളരെ ഉദാരമായ ലൈംഗികാവിഷ്‌കാരങ്ങളാണ് എന്നതാണ് ഏറെ അപകടകരം. ചില മുസ്‌ലിം സ്ത്രീകളും അതേറ്റുപിടിക്കുന്നുണ്ട്. ഇസ്‌ലാം സ്ത്രീകള്‍ക്ക് ഉന്നതമായ പദവികളാണ് നല്‍കുന്നത് എന്ന വസ്തുത അവര്‍ മറച്ച് വെക്കുന്നു. ഇസ്‌ലാമിനോളം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സമത്വവും നല്‍കുന്ന വേറൊരു മതമോ പ്രത്യയശാസ്ത്രമോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ പിന്നെ ആരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും, എന്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് ഫെമിനിസ്റ്റുകള്‍ സംസാരിക്കുന്നത്? ഈ ചോദ്യം വളരെ പ്രസക്തമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ജാഹിലിയ്യ കാലഘട്ടത്തില്‍ സ്ത്രീകള്‍ സമൂഹത്തില്‍ നേരിട്ടിരുന്നത് തികഞ്ഞ അവഗണനയും പീഢനവുമായിരുന്നു. ജനിക്കുന്ന കുട്ടി പെണ്‍കുഞ്ഞായയിരുന്നെങ്കില്‍ ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്തിരുന്നത്. ഇസ്‌ലാമിന്റെ ആഗനമത്തിന് ശേഷമാണ് മകള്‍, ഭാര്യ, ഉമ്മ എന്നിങ്ങനെയുള്ള പദവികള്‍ക്ക് ആത്മീയമായ ഉള്ളടക്കം ലഭിക്കുന്നത്. അത് വരെ സ്ത്രീകള്‍ക്ക് പതിച്ച് നല്‍കിയിരുന്ന സാമൂഹ്യസ്ഥാനത്തെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിക്കൊണ്ടാണ് ഇസ്‌ലാം സ്ത്രീകള്‍ക്ക് വിശിഷ്ടമായ പദവികള്‍ നല്‍കിയത്. അങ്ങനെയാണ് ചരിത്രത്തില്‍ ഇസ്‌ലാമിന് മാതൃകാവനിതകളുണ്ടാകുന്നത്. വേറൊരു മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പില്‍ക്കാല സമൂഹങ്ങള്‍ക്ക് മാതൃകയായിക്കൊണ്ട് ഇത്രത്തോളം സ്ത്രീകള്‍ക്ക് ജന്‍മം നല്‍കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച സ്ത്രീകളെയാണ് ഇസ്‌ലാം വളര്‍ത്തിക്കൊണ്ട് വന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

വൈവാഹിക ജീവിതം എന്ന വ്യവസ്ഥയിലൂടെ ഇസ്‌ലാം ലക്ഷ്യം വെക്കുന്നത് സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ഒരു സാമൂഹ്യജീവിതവും കുടുംബജീവിതവുമാണ്. അതിനാല്‍ തന്നെ വിവാഹം എന്നത് ഒരാത്മീയ പ്രവര്‍ത്തനമാണ്. കാരണം തന്റെ ഇച്ഛയെയും പിശാചിന്റെ പ്രേരണയെയും തടഞ്ഞ് നിര്‍ത്തി ദൈവഭക്തിയിലധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ വിവാഹം ഒരു വിശ്വാസിയെ പ്രാപ്തനാക്കുകയാണ് ചെയ്യുന്നത്. സയ്യിദ് ഖുതുബ് പറയുന്നത് ഇസ്‌ലാം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകളിലൊന്ന് ലൈംഗിക ജീവിതത്തെക്കുറിച്ച ഇസ്‌ലാമിന്റെ വളരെ മൂല്യവത്തായ കാഴ്ചപ്പാടാണ് എന്നാണ്. അദ്ദേഹം പറയുന്നത് ഒട്ടുമിക്ക സംസ്‌കാരങ്ങളുടെയും തകര്‍ച്ചക്ക് കാരണം ലൈംഗികമായ മൂല്യച്യുതിയാണ് എന്നാണ്. ഗ്രീക്ക് സംസ്‌കാരം, റോമന്‍ സംസ്‌കാരം, പേര്‍ഷ്യന്‍ സംസ്‌കാരം തുടങ്ങിയവയുടെയെല്ലാം തകര്‍ച്ചക്ക് കാരണമായി ഖുതുബ് ചൂണ്ടിക്കാണിക്കുന്നത് അവിടങ്ങളില്‍ നിലനിന്നിരുന്ന ഉദാരമായ ലൈംഗിക ജീവിതമാണ്. ഈ ‘സ്വാതന്ത്ര്യത്തിന്’ മേല്‍ കൈവെച്ചു എന്നതിനാല്‍ തന്നെയാണ് നൂറ്റാണ്ടുകളോളം ലോകത്തിന്റെ നെറുകയിലെത്താന്‍ ഇസ്‌ലാമിക ലോകത്തിന് കഴിഞ്ഞത്.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ – 2

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ – 4

Related Articles