Current Date

Search
Close this search box.
Search
Close this search box.

അപവാദം: ഇഹത്തിലും പരത്തിലും വിശ്വാസിക്ക് നേട്ടം

അപവാദങ്ങള്‍, യഥാര്‍ത്ഥത്തില്‍, വിശ്വാസിക്ക് പ്രയോജനകരമാകുന്നതെങ്ങനെ എന്നതിന്റെ ഒരുത്തമ ഉദാഹരണമാണ് യൂസുഫ് നബിയുടെ കഥ. ഗവര്‍ണറുടെ പത്‌നിയുടെ അപവാദം കാരണം അദ്ദേഹം കുറെ കാലം ജയിലിലടക്കപ്പെടുന്നു. തദ്വാരാ, ജയില്‍ പുള്ളികള്‍ക്ക് ദൈവാസ്തിക്യവും ദൈവിക മതവും പഠിപ്പിക്കാന്‍ അദ്ദേഹത്തിന്നു സാഹചര്യം ലഭിക്കുന്നു. ജയില്‍ മുക്തനായ ഒരു തടവുകാരന്‍ മുഖേന, തന്റെ സത്യസന്ധതയും സ്വപ്ന വ്യാഖ്യാന കഴിവും രാജാവിന്റെ ചെവിയിലെത്താനിടവരുന്നു. തന്റെ സ്വപ്നം വ്യാഖ്യാനിക്കാനായി രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നു. പക്ഷെ, അതിന്നു മുമ്പായി, തന്റെ ദുഷ്‌പേര്‍ നീക്കം ചെയ്യപ്പെടണമെന്ന് അദ്ദേഹം വ്യവസ്ഥ വെക്കുന്നു. അങ്ങനെ, അപവദിച്ച സ്ത്രീയും സ്‌നേഹിതകളും കൊട്ടാരത്തില്‍ ഹാജറാക്കപ്പെടുകയും സത്യം തുറന്നു പറയുകയും ചെയ്യുന്നു. ഇത് വഴി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു:

“രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം (യൂസുഫ്) പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. (ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്) അദ്ദേഹം (രാജാവ്) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു.” (12: 50 – 52)

അങ്ങനെ, പരീക്ഷണ വേളയില്‍ അദ്ദേഹം പ്രകടിപ്പിച്ച ക്ഷമക്കും സദ്‌സ്വഭാവത്തിന്നും, ഇഹത്തിലും പരത്തിലും അദ്ദേഹം പ്രതിഫലാര്‍ഹനായി തീരുകയായിരുന്നു. ഖുര്‍ആന്‍ പറയുന്നു:

“രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ട് വരൂ. ഞാന്‍ അദ്ദേഹത്തെ എന്റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം.” (12: 54 – 57)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles