Current Date

Search
Close this search box.
Search
Close this search box.

അധിനിവേശം; ഒരു ബ്രിട്ടീഷ് മാതൃക

brittish-ru.jpg

ഫലസ്തീനിന്റെ ചരിത്രത്തില്‍ ബ്രിട്ടീഷ് അധിനിവേശവും സയണിസ്റ്റ് പ്രൊജക്ടും ഒരു പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് സംഭവിക്കുന്നത്. ആഗോള മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം എന്ന് പേരിലെങ്കിലും പറയാവുന്ന ഓട്ടോമന്‍ ഖിലാഫത്തിന്റെ തകര്‍ച്ചയായിരുന്നു അത്. അതോട് കൂടി ബ്രിട്ടനും സയണിസ്റ്റുകള്‍ക്കും അറബ് ലോകത്തേക്കുള്ള നേരിട്ടുള്ള കവാടം തുറക്കപ്പെടുകയായിരുന്നു. ഈജിപ്തിലെ മുഹമ്മദ് അലിയുടെ കുറഞ്ഞ കാലത്തെ ഭരണമൊഴിച്ച് നിര്‍ത്തിയാല്‍ നാന്നൂറ് വര്‍ഷത്തോളം ഫലസ്തീന്‍ ഭരിച്ചിരുന്നത് ഓട്ടോമന്‍ സാമ്രാജ്യമായിരുന്നു. എന്നാല്‍ ഒന്നാം ലോകയുദ്ധത്തിന് ശേഷം മറ്റൊരു രാഷ്ട്രവും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധികളാണ് ഫലസ്തീന് നേരിടേണ്ടി വന്നത്. കാരണം ബ്രിട്ടീഷ് സൈന്യവും സയണിസ്റ്റുകളും ഒത്തുചേര്‍ന്ന ഒരു കൂട്ട്പദ്ധതിയെയായിരുന്നു ഫലസ്തീനികള്‍ക്ക് നേരിടേണ്ടിയിരുന്നത്.

ബ്രിട്ടീഷ്-സയണിസ്റ്റ് അധിനിവേശത്തിന് മുമ്പ് ഫലസ്തീന് ഒരു കേന്ദ്രീകൃത ഭരണ സംവിധാനമുണ്ടായിരുന്നില്ല. പ്രാദേശിക ഭരണകൂടങ്ങളായിരുന്നു ഫലസ്തീനില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ അധിനിവേശത്തെ ഫലപ്രദമായി നേരിടാന്‍ ഫലസ്തീന് സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം സയണിസ്റ്റുകള്‍ ഭരണനിര്‍വ്വഹണത്തിന്റെയും അധികാരത്തിന്റെയും കാര്യത്തില്‍ ലോകരാഷ്ട്രങ്ങളെ പ്പോലും വെല്ലുന്ന തരത്തില്‍ ഒരുപാട് മുമ്പിലായിരുന്നു. മാത്രമല്ല, ബ്രിട്ടന്‍ അവര്‍ക്ക് ഭരണനിര്‍വ്വഹണത്തില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. വളരെയധികം ആധുനികവല്‍ക്കരിക്കപ്പെടുകയും വ്യവസായവല്‍ക്കരിക്കപ്പെടുകയും ചെയ്ത സമൂഹമായിരുന്നു അവര്‍.

ഫലസ്തീനികള്‍ക്ക് നേരിടേണ്ടി വന്നത് ജീവിതനിലവാരം ഉയര്‍ന്നതും വ്യാവസായിക പുരോഗതി കൈവരിച്ചതുമായ ജൂതസമൂഹങ്ങളെയായിരുന്നു. മാത്രമല്ല, ലോകത്ത് അന്ന് ആധിപത്യം ചെലുത്തിയിരുന്ന രാഷ്ട്രങ്ങളുടെയെല്ലാം പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ഫലസ്തീന്‍ അധിനിവേശം സവിശേഷമായ ഒരു പ്രതിഭാസമാണ് എന്ന് ഞാന്‍ പറയാനുള്ള കാരണം അതാണ്. അതേസമയം, ഫലസ്തീനികളുടെ ജീവിത നിലവാരം വളരെ താഴ്ന്നതായിരുന്നു. ഭൂരിഭാഗവും കര്‍ഷകരായിരുന്നു. അങ്ങനെയുള്ള ഒരു രാഷ്ട്രത്തെയും സമൂഹത്തെയുമാണ് യൂറോപ്പിന്റെ പാപഭാരം കഴുകിക്കളയാന്‍ തെരെഞ്ഞെടുത്തത് എന്നതാണ് ഏറെ രസകരം.

ഫലസ്തീനിലെ സയണിസ്റ്റ് വിജയത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഫലസ്തീനികള്‍ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നിട്ടും സയണിസ്റ്റ് പ്രൊജക്ട് എങ്ങനെ വന്‍ വിജയമായി എന്നത് പരിശോധിക്കേണ്ടത് തന്നെയാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു കേന്ദ്രീകൃത യെമന്‍ ഭരണസംവിധാനമില്ലാത്തത് ഫലപ്രദമായ രീതിയില്‍ ചെറുത്ത്‌നില്‍പ്പ് രൂപപ്പെടുത്തുന്നതില്‍ നിന്നും ഫലസ്തീനെ തടഞ്ഞിട്ടുണ്ട്. അത്‌പോലെ ഇതര അറബ് രാഷ്ട്രങ്ങളും പ്രതിസന്ധികളിലൂടെ കടന്ന് പോയിക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. അതിനാല്‍ തന്നെ കൂട്ടമായ ചെറുത്ത്‌നില്‍പ്പ് എന്ന ചോദ്യവും അസ്ഥാനത്തായിരുന്നു. സമീപരാഷ്ട്രങ്ങളായിരുന്ന ഈജിപ്ത്, സുഡാന്‍, ലിബിയ, അള്‍ജീരിയ, യമന്‍ തുടങ്ങിയവയും കോളനീകരണത്തിന്റെ പിടിയിലായിരുന്നു. ചുരുക്കത്തില്‍, ചെറുത്ത് നില്‍പ്പിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു രാഷ്ട്രീയ സന്ദര്‍ഭമായിരുന്നു അന്ന് നിലനിന്നിരുന്നത്.

1917ല്‍ ബ്രിട്ടീഷ് സൈന്യം ഫലസ്തീനിലെത്തിയപ്പോള്‍ ജൂത ജനസംഖ്യ വെറും മൂന്ന് ശതമാനമായിരുന്നു. എന്നാല്‍ 1947 ആയപ്പോഴേക്കും അത് 37 ശതമാനമായി ഉയരുകയുണ്ടായി. ജൂത ജനസംഖ്യ ക്രമേണ ഉയര്‍ത്തുക എന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടന്റെ ഒരു ദീര്‍ഘകാല പദ്ധതി തന്നെയായിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലായിരുന്നു ആ പ്രക്രിയക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. അങ്ങനെയാണ് ഫലസ്തീനിലേക്ക് ചേക്കേറാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ജൂതരെ പോലും നിര്‍ബന്ധപൂര്‍വ്വം ബ്രിട്ടന്‍ കുടിയേറ്റത്തിന് വിധേയമാക്കിയത്. സമാധാനപൂര്‍വ്വം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുകയായിരുന്ന ജൂതരെ നിര്‍ബന്ധപൂര്‍വ്വം കുടിയേറ്റത്തിന് വിധേയമാക്കിയത് അതിശയകരമൊന്നുമല്ല. ബ്രിട്ടന്റെ കൊളോണിയല്‍ പ്രൊജക്ടിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ട ആസൂത്രണ പദ്ധതിയായിരുന്നു അത്.

സയണിസ്റ്റ് പ്രൊജക്ടിന് വ്യാപകമായ തോതില്‍ സാമ്പത്തിക സഹായങ്ങള്‍ ഉറപ്പ് വരുത്താന്‍ ബ്രിട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലോകത്ത് അന്ന് നിലനിന്നിരുന്ന അന്താരാഷ്ട സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച പാഠം സയണിസ്റ്റുകള്‍ക്ക് പഠിപ്പിച്ച് കൊടുത്തത് ബ്രിട്ടനായിരുന്നു. മാത്രമല്ല, മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുമായി തുറന്ന ബന്ധമാണ് ബ്രിട്ടന്‍ സയണിസ്റ്റുകള്‍ക്ക് ഉണ്ടാക്കിക്കൊടുത്തത്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സാമ്പത്തിക കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെടാനും അവരുമായി തുറന്ന വ്യാപാരം സാധ്യമാക്കാനും സയണിസ്റ്റുകള്‍ക്ക് സാധ്യമായത് ബ്രിട്ടന്റെ സഹായം മൂലമാണ്. ചുരുക്കത്തില്‍, ഫലസ്തീനിലെ സയണിസ്റ്റ് പ്രൊജക്ട് വിജയകരമാക്കാന്‍ ദീര്‍ഘദൂര പദ്ധതികളായിരുന്നു ബ്രിട്ടനുണ്ടായിരുന്നത്. (തുടരും)

അധിനിവേശത്തിന് മണ്ണൊരുക്കിയ കരാറുകള്‍

സയണിസം ഒരു ജൂതവിരുദ്ധ പ്രത്യയശാസ്ത്രം

Related Articles