ഇസ്ലാം നീതിയുടെ ദര്‍ശനമാണ്. അതുകൊണ്ടു തന്നെ ദീനില്‍ അവഗാഹമുള്ളവര്‍ ഒരു വിഷയത്തില്‍ നിലപാടെടുക്കേണ്ടത് ഇസ്‌ലാമിന്റെ ഈ സവിശേഷത പരിഗണിച്ചായിരിക്കണം. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ”സൃഷ്ടികളുടെ ഇഹപര നന്മയും യുക്തിയുമാണ് ശരീഅത്തിന്റെ കാമ്പും അടിസ്ഥാനവും. അത് പൂര്‍ണമായും നീതിയും കാരുണ്യവും പൊതുനന്മയും യുക്തിയുമാണ്. നീതിയില്‍ നിന്ന് അനീതിയിലേക്ക് കടക്കുന്ന, കാരുണ്യത്തില്‍ നിന്ന് അതിന് വിരുദ്ധമായതിലേക്ക് കടക്കുന്ന, നന്മയില്‍ നിന്ന് ദ്രോഹത്തിലേക്ക് കടക്കുന്ന, യുക്തിയില്‍ നിന്ന് യുക്തിരാഹിത്യത്തിലേക്ക് കടക്കുന്ന കാര്യങ്ങളൊന്നും ശരീഅത്തല്ല; അതില്‍ വിശദീകരണങ്ങള്‍ കൂട്ടിചേര്‍ത്താലും. സൃഷ്ടികള്‍ക്കിടയിലെ അല്ലാഹുവിന്റെ നീതിയും കാരുണ്യവുമാണ് ശരീഅത്ത്. ഭൂമിയിലുള്ള അവന്റെ തണലാണത്. അവന്റെ യുക്തിയെയും അവന്റെ ദൂതന്റെ സത്യസന്ധതയെയുമാണത് കുറിക്കുന്നത്.” (ഇഅ്‌ലാമുല്‍ മുവഖിഈന്‍ 3/3)
നന്നെ ചുരുങ്ങിയത് സ്ത്രീകള്‍ സമൂഹത്തിന്റെ പാതിയാണെന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെ തെരെഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും അവരുടെ പങ്കാളിത്തത്തെ അവഗണിക്കാനോ മാറ്റിനിര്‍ത്താനോ ആവില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം സ്ത്രീക്ക് തെരെഞ്ഞെടുപ്പില്‍ പങ്കാളിത്തം നിഷേധിച്ചിട്ടില്ലെന്ന് പറയുന്നത്. അതിന്റെ വിശദാംശങ്ങളാണ് തുര്‍ന്ന് വിവരിക്കുന്നത്:
വോട്ടവകാശം: സ്ത്രീക്കും പുരുഷനും വോട്ടു ചെയ്യാനുള്ള അവകാശമുണ്ട്.
1. അല്ലാഹു പറയുന്നു: ”അവരുടെ കാര്യം അവര്‍ക്കിടയില്‍ കൂടിയാലോചിക്കപ്പെടുന്നതാണ്.” (ഖുര്‍ആന്‍ – 42: 38) സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമായ ആയത്താണിത്.
2. ഖലീഫയായിരുന്ന ഉമര്‍ ബിന്‍ ഖത്താബിന്റെ മരണ ശേഷം പുതിയ ഖലീഫയെ തെരെഞ്ഞെടുക്കുന്ന കാര്യത്തില്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് സ്ത്രീകളുടെ കൂടി അഭിപ്രായം തേടിയിരുന്നു. ഇബ്‌നു കഥീര്‍ വിവരിക്കുന്നു: ”… പിന്നീട് അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ആളുകളോട് കൂടിയാലോചിച്ചു. ഹിജാബ് കൊണ്ട് മറച്ചിരുന്ന സ്ത്രീകളോട് വരെ അദ്ദേഹം അഭിപ്രായം തേടി…” (അല്‍ബിദായഃ വന്നിഹായഃ)
സ്ത്രീകളുടെ അഭിപ്രായത്തിന് ഒരു വിലയും ഉണ്ടായിരുന്നില്ലെങ്കില്‍ ഖലീഫയെ തെരെഞ്ഞെടുക്കുന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ ബിന്‍ സ്ത്രീകളോട് അഭിപ്രായം തേടില്ലായിരുന്നു.
3. സാക്ഷ്യം പോലെയാണ് വോട്ടവകാശവും. തന്റെ കാഴ്ച്ചപാടനുസരിച്ച് ഏറ്റവും യോഗ്യനായ ആളെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വോട്ട് രേഖപ്പെടുത്തുന്നതിലൂടെ ചെയ്യുന്നത്. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും സാക്ഷി പറയാവുന്നതാണ്.
വിവ: നസീഫ്
മുസ്‌ലിം സ്ത്രീകളുടെ സ്ഥാനാര്‍ഥിത്വം