Studies

മൂസാ നബി നേരിട്ട അപവാദങ്ങള്‍

ഇസ്രായേലികളില്‍ നിയുക്തനായ ഒരു പ്രവാചകനായിരുന്നു മൂസാ(അ). അദ്ദേഹത്തിന്റെ ജന്മ കാലത്ത്, ജനസംഖ്യയില്‍ ഭൂരിഭാഗവും ഫിര്‍ഔനാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, ഒരു തലമുറയെ മുഴുവന്‍ നാശത്തിലേക്ക് നയിക്കുന്നതായിരുന്നു, അയാളുടെ ക്രൂരത. ആ മര്‍ദ്ദനഭരണത്തെ ഖുര്‍ആന്‍  ഇങ്ങനെ വിവരിക്കുന്നു: ‘തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.’ (28: 4)

തന്റെ കുഞ്ഞിനെയും അയാളുടെ പട്ടാളക്കാര്‍ കൊന്നുകളയുമോ എന്ന് ഭയപ്പെട്ട മൂസായുടെ മാതാവിനോട്, കുഞ്ഞിനെ നൈല്‍ നദിക്ക് ഏല്പിക്കാനായിരുന്നു ദൈവിക കല്പന. അല്ലാഹുവിന്റെ നിയതി പ്രകാരം, മൂസാ കണ്ടെടുക്കപ്പെടുകയും അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് എത്തിക്കപ്പെടുകയുമായിരുന്നു. അങ്ങനെ കൊട്ടാരത്തിലാണ് ആ കുഞ്ഞ് വളര്‍ന്നത്. പക്ഷെ, പ്രവാചകനായി നിയുക്തനായതോടെ, ഫിര്‍ഔന്റെ ശത്രുതക്കും അക്രമാസക്ത സമീപനത്തിന്നും അദ്ദേഹം വിധേയനായി തീരുകയായിരുന്നു.

ഫിര്‍ഔന്റെ ശത്രുത
ദൈവിക കല്പന പ്രകാരം, ഫറവൊന്റെ കൊട്ടാരത്തിലെത്തിയ മൂസാ, അയാളൊട് ദൈവാസ്ത്യക്യവും യഥാര്‍ത്ഥ മതവും പ്രസംഗിച്ചു. പക്ഷെ, നിഷേധവും അക്രമവുമായിരുന്നു പ്രതികരണം. മൂസായോടും അനുയായികളോടൂം, പീഡനത്തിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു അയാള്‍. തന്നിമിത്തം, മൂസായുടെ സന്ദേശം സ്വീകരിക്കാന്‍ ഈജിപ്തുകാര്‍ ഭയപ്പെട്ടു. മൂസായുടെ പക്ഷം ചേരാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. ചെറിയൊരു സംഘം മാത്രമായിരുന്നു ഇതിന്നപവാദം. ഖുര്‍ആന്‍  പറയുന്നു: ‘എന്നാല്‍ മൂസായെ തന്റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. ( അത് തന്നെ ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദ്ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു.’ (10: 83)
വിശ്വാസികള്‍ പരാജയപ്പെടുകയില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. ‘വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.(4: 141)എന്നാണല്ലോ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, പരീക്ഷണങ്ങള്‍, നിഷേധം, അപവാദം എന്നിവയിലൂടെ വിശ്വാസികളുടെ വിശ്വാസവും ദൈവാശ്രയത്വവും പരീക്ഷിക്കപ്പെടുക എന്നത് ദൈവിക വിധിയാണ്.  ഇത് തന്നെയാണ് മൂസായും അനുയായികളും അനുഭവിച്ചതും.
താന്‍ ദൈവവും ജനങ്ങളുടെ കര്‍ത്താവുമാണെന്നായിരുന്നു ഫിര്‍ഔന്റെ അവകാശ വാദം. അല്ലാഹുവാണ് തങ്ങളുടെ യഥാര്‍ത്ഥ ദൈവമെന്ന് ജനങ്ങള്‍ മനസ്സിലാക്കിയാല്‍, തന്റെ ആധിപത്യം അവര്‍ക്കു മേല്‍ അടിച്ചേല്പിക്കാനാവില്ലെന്നു അയാള്‍ക്കറിയാമായിരുന്നു. അതിനാല്‍, അവര്‍ മൂസായില്‍ വിശ്വസിക്കുന്നതില്‍ നിന്ന് തടയിടാന്‍, അയാള്‍ പരമാവധി ശ്രമിച്ചു. മൂസായെ ആളുകളുടെ മുമ്പില്‍ തരം താഴ്ത്താനായി അദ്ദേഹത്തിനെതിരെ അപവാദം പറയുക, വധഭീഷണി മുഴക്കുക എന്നിവയാണ്, തദാവശ്യാര്‍ത്ഥം അയാള്‍ സ്വീകരിച്ച രീതികള്‍.  അപവാദങ്ങള്‍ ഇവയായിരുന്നു.

‘മൂസാ സ്വാര്‍ത്ഥനും അധികാര മോഹിയും’
വിശ്വാസികള്‍ക്കെതിരെ അപവാദം ആസൂത്രണം ചെയ്യുമ്പോഴെല്ലാം, സ്വന്തം ദുസ്വഭാവങ്ങളും ദര്‍ശങ്ങളുമായിരിക്കും, അവിശ്വാസികളുടെ പ്രാരംഭഘടകം. ഉദാഹരണമായി, മതമൂല്യങ്ങള്‍ വെച്ചു പുലര്‍ത്താത്തവര്‍ ഭൌതിക ഭ്രമമുള്ളവരായിരിക്കും. അത്തരക്കാരുടെ ഒരു മാതൃകയായിരുന്നു ഫിര്‍ഔന്‍. ഈജിപ്തിന്റെയും ഈജിപ്തുകാരുടെയും മുഴു ദൈവമാകുകയായിരുന്നു അയാളുടെ ലക്ഷ്യം. തദാവശ്യാര്‍ത്ഥം, അയാള്‍ നിരപരാധികളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. തന്റെ ഈ തെറ്റായ വിശ്വാസവും അധികാര മോഹവും കാരണം, മറ്റുള്ളവരെയും അതേ രീതിയിലാണയാള്‍ കണ്ടത്. അതിനാല്‍ തന്നെ, മൂസാക്കും ഹാറൂനിന്നും ദൈവിക സന്നിധിയിലുള്ള സ്ഥാനവും, കൊട്ടാരത്തിലേക്കുള്ള അവരുടെ ആഗമനോദ്ദേശ്യവും എന്തെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. മൂസാ തന്റെ വാക്ക് ചെവി കൊള്ളാന്‍ ജനത്തോട് ആഹ്വാനം ചെയ്യുമ്പോള്‍, ദൈവാസ്തിക്യവും, ദൈവത്തിന്റെ അപാ!രശക്തിയും അവര്‍ക്ക് പരിചയപ്പെടുത്തുകയും മതമൂല്യങ്ങള്‍ പഠിപ്പിക്കുകയും, വെളിച്ചവും യഥാര്‍ത്ഥമാര്‍ഗ ദര്‍ശനവും കണ്ടെത്താന്‍ സഹായിക്കുകയുമായിരുന്നു, അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. മറുവശത്ത്, മൂസായെ അധികാരമോഹിയായി വിശ്വസിച്ച ഫിര്‍ഔനും കിങ്കരന്മാരും, അദ്ദേഹത്തെ രാഷ്ട്രീയ പ്രതിയോഗിയായി കാണുകയായിരുന്നു. മൂസാക്കും അനുയായികള്‍ക്കുമെതിരെ അവര്‍ നടത്തിയ ആരോപണങ്ങള്‍ ഖുര്‍ആന്‍  ഉദ്ദരിക്കുന്നു: ‘അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്‍മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും, ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല.’ (10: 78)
യഥാര്‍ത്ഥത്തില്‍, ഇതര പ്രവാചകന്മാരെയും വിശ്വാസികളെയും പോലെ, ഭൗതിക നേട്ടങ്ങളോ പദവികളോ, മൂസായും ഹാറൂനും ലക്ഷ്യം വെച്ചിരുന്നില്ല. ഒരു പ്രതിഫലവും അവര്‍ ആവശ്യപ്പെട്ടിരുന്നുമില്ല. ജനങ്ങളെ സന്മാര്‍ഗത്തിലേക്കു ക്ഷണിക്കുകയും, പരലോകത്തെ അനുസ്മരിപ്പിക്കുകയും ചെയ്യുക വഴി, ദൈവപ്രീതിയും അനുകമ്പയും സ്വര്‍ഗവും മാത്രമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. അല്ലാഹു പറയുന്നു: ‘വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.’ (19: 51)
ദൈവപ്രീതിയാര്‍ജ്ജിച്ച ദാസന്മാരായിരുന്നു അവരെന്ന് മറ്റൊരിടത്ത്  പറയുന്നു: ‘തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.   അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.  അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.  അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. മൂസായ്ക്കും ഹാറൂന്നും സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.’ (37: 114-122)

‘സുരക്ഷയും സമാധാനവും അപകടപ്പെടുത്തുന്നു’
ഓരോ സന്ദര്‍ഭവും, മൂസയും ഹാറൂനും, നാട്ടിന്നും നാട്ടാര്‍ക്കും വലിയൊരു അപകടമാണെന്നു ചിത്രീകരിക്കുകയായിരുന്നു ഫറവോന്റെ മറ്റൊരു തന്ത്രം. ഇത് വഴി, ഈജിപ്തുകാരെ, അവര്‍ക്കെതിരെ പ്രകോപിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ‘നിങ്ങളെ നാട്ടില്‍ നിന്നു പുറന്തള്ളുകയാണിയാളുടെ ലക്ഷ്യമെ’ന്നു വരെ അയാള്‍ ആരോപിച്ചു. ഖുര്‍ആന്‍ പറയുന്നു; ‘തന്റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ് തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ !നിങ്ങള്‍ എന്ത് നിര്‍ദേശിക്കുന്നു? (26: 34, 35)
മറ്റൊരിടത്ത് പറയുന്നു: ‘ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.’ (7: 123)
മൂസയും അനുയായികളും രാജ്യദ്രോഹികളാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നു ചുരുക്കം. പക്ഷെ, വിശ്വാസികള്‍ക്കെതിരെ നടത്തപ്പെടുന്ന മറ്റെല്ലാ ഗൂഡാലൊചനയെപ്പോലെ ത്തന്നെ, ഇതും ഫലം കാണാതെ പോവുകയായിരുന്നു. ഖുര്‍ആന്‍  പറയുന്നു; ‘അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.’ (40: 45)

‘മൂസ മാന്ത്രികന്‍’!
അഹന്ത കാരണം, ഫറവൊന്‍ സത്യമതത്തെ നിരാകരിക്കുകയായിരുന്നു. അല്ലാഹുവിന്റെ ആസ്തിക്യവും തന്റെ പ്രവാചകത്വവും തെളിയിക്കുന്ന നിരവധി അത്ഭുത കൃത്യങ്ങള്‍, ദൈവേച്ഛയാല്‍, അദ്ദേഹം അയാള്‍ക്ക് കാണിച്ചു കൊടുത്തുവെങ്കിലും, അതെല്ലാം അവഗണിച്ചു കൊണ്ട്, അദ്ദേഹത്തെ അവിശ്വസിക്കുക മാത്രമല്ല, മാന്ത്രികനും ആഭിചാരകനുമായി അപവദിച്ചു കൊണ്ട്, ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദൌത്യം പരാജയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. മൂസയുടെ വാദം തെറ്റാണെന്നും, ആളുകളെ കയ്യിലെടുക്കാന്‍ അദ്ദേഹം ആസൂത്രണം ചെയ്ത ആഭിചാരമാണ് അദ്ദേഹം കാണിക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തനിക്കു കഴിയുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. ഖുര്‍ആന്‍  പറയുന്നു: ‘തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി ഫിര്‍ഔന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്.’ (40: 23, 24)
മൂസയുടെ പ്രതികരണമെങ്ങനെയായിരുന്നുവെന്നു ഖുര്‍ആന്‍  ഉദ്ദരിക്കുന്നു: മൂസാപറഞ്ഞു: ‘സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി ( ജാലവിദ്യയെന്ന് ) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്?( യഥാര്‍ത്ഥത്തില്‍ ) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.’ (10: 77)

‘മൂസ നുണയന്‍!’
‘അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല. മൂസാ പറഞ്ഞു: തന്റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്നും എന്റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.’ (28: 36-38)
ജനങ്ങള്‍ മൂസയില്‍ വിശ്വസിക്കുന്നത് തടയുന്നതിന്ന് ഫറവോന്‍ സ്വീകരിച്ച മറ്റൊരു ആരോപണമായിരുന്നു, അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്ന വാദം. പക്ഷെ, സത്യപ്രവാചകന്മാര്‍ക്കെതിരെ ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചവരുടെ പരിണാമമെന്തായിരുന്നുവെന്നു നോക്കാന്‍ ഖുര്‍ആന്‍  ആഹ്വാനം നടത്തുകയാണ്: ‘തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് ( പ്രബോധനം ചെയ്യുന്നതിന് വേണ്ടി. ) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.’ (16: 36)
അതെ, അല്ലാഹുവിനെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ദൈവദാസന്മാര്‍ക്കെതിരെ ചെയ്യുന്ന ഏത് അനീതിയും, ഇഹലോകത്തും പരലോകത്തും ശിക്ഷക്ക് ഹേതുവായി തീരും. ഫറവോന്റെയും കിങ്കരന്മാരുടെയും അന്ത്യം ഈ പറഞ്ഞതിന്റെ ഉദാഹരണമാണ്. ഇതെല്ലാം തന്നെ ഗുണപാഠമായിരിക്കണമെന്നു ഖുര്‍ആന്‍  ഉപദേശിക്കുന്നു; ‘അവനും അവന്റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ വിചാരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.’ (28: 39 40)
എന്നാല്‍, പരലോകത്ത് ഇവര്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷയെ സംബന്ധിച്ചിടത്തോളം, ഈ കഴിഞ്ഞു പോയത് ഒന്നുമല്ല തന്നെ. അത് വളരെ ക്രൂരമായിരിക്കുമെന്നാണ് ഖുര്‍ആന്‍  ഓര്‍മ്മപ്പെടുത്തുന്നത്: ‘അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല. ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.’ (28: 41, 42)

വിവ: കെ.എ. ഖാദര്‍ ഫൈസി

Facebook Comments
Related Articles

ഹാറൂന്‍ യഹ്‌യ

1956-ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ ജനിച്ചു. പ്രൈമറി, സെക്കന്ററി വാദ്യഭ്യാസം അങ്കാറയില്‍ നിന്നു നേടിയ ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കി. 1980 മുതല്‍ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി. പരിണാമ വാദികളുടെ ഏറ്റവും ശക്തനായ എതിരാളിയായാണ് ഹാറൂണ്‍ യഹ്‌യ ശാസ്ത്രലോകത്ത് ശ്രദ്ധേയനായത്.

കൂടുതല്‍ വായിക്കാന്‍..

Close
Close