Current Date

Search
Close this search box.
Search
Close this search box.

മൂസാനബിയും മാതാവും

ഏറ്റവും ഉയര്‍ന്ന രീതിയില്‍ അല്ലാഹുവില്‍ ഭരമേല്പിക്കുന്നതിന്റെ ഒരുത്തമ പാഠം! ഒരു സ്ത്രീയാണത് നമുക്ക് പഠിപ്പിച്ചു തരുന്നത്. മാതൃത്വത്തിന്റെ സകലമാന വികാരങ്ങളുടെയും ഉടമയായ ഒരു സ്ത്രീ. സ്വന്തം കരളിന്റെ കഷ്ണത്തിന്റെ പേരില്‍, സ്‌നേഹം, കരുണ, ഭയം എന്നിവയാല്‍, ഹൃദയം കവിഞ്ഞൊഴുകുന്ന ഒരു സ്ത്രീ. മറ്റെല്ലാ സ്ത്രീകളെയും പോലെ, ഒരു സ്ത്രീ. അല്ലാഹുവിലുള്ള തന്റെ ദൃഡ ബോധം, സകല വികാരങ്ങളെയും അതിജയിച്ചിരിക്കുന്നുവെന്ന് മാത്രം. മഹോന്നതമായ ദൈവാശ്രയത്തിന്റെ ഉടമയായ സ്ത്രീ.

ഒരു മാതാവ് കുഞ്ഞിനെ ഗര്‍ഭം ധരിക്കുക, സമീപത്ത് നടക്കുന്ന കൂട്ട കശാപ്പുകളാലുള്ള കുഞ്ഞുങ്ങളുടെ കൂട്ട നിലവിളികള്‍ കേട്ട്, ആ കുഞ്ഞു തിരിഞ്ഞും മറിഞ്ഞും കഴിയുക, ആ കുഞ്ഞുങ്ങളുടെ ആദ്യ കരച്ചില്‍ കേട്ടുകൊണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുക, അവര്‍ നിഷ്‌കരുണം ജീവനോടെ കുഴിച്ചു മൂടപ്പെടുക, അങ്ങനെ, അവരുടെ ജീവിതത്തോടൊപ്പം തന്റെ ജീവനും മറവ് ചെയ്യപ്പെടുക, ഇതൊന്നും തന്നെ അത്ര നിസ്സാര കാര്യങ്ങളല്ല.

ഈ കുഞ്ഞുങ്ങളുടെ കുറ്റമല്ല, ഇതിനൊന്നും കാരണം. പ്രത്യുത, സമകാലീനനായൊരു അക്രമിയുടെ, അക്കാലത്തെ ഫിര്‍ഔന്റെ, ഒരു സ്വപ്ന വ്യാഖ്യാനമായിരുന്നു. ഇസ്രായേല്‍ സന്തതികളില്‍ ജനിക്കാന്‍ പോകുന്ന ഒരു കുട്ടി കാരണം തന്റെയും തന്റെ അധികാരത്തിന്റെയും അന്ത്യം കുറിക്കപ്പെടുമെന്നായിരുന്നു, അതിന്റെ പൊരുള്‍.
ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ പേരില്‍ പേടിച്ചു കഴിയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കുട്ടി എവിടെയാണെന്നോ, ആരാണെന്നോ, അയാള്‍ക്കറിയുകയില്ല. നിമിഷം പ്രതി, ഓരോ കുഞ്ഞു ജനിച്ചു വീഴുമ്പോഴും, അത് കാരണം, തന്റെ സിംഹാസനത്തിന്റെ തൂണുകള്‍ നീങ്ങി പോയേക്കുമോ എന്ന് പേടിച്ച് അയാള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലം ജീവിക്കാനാഗ്രഹിച്ചതാണ്. പക്ഷെ, ഈ കുട്ടിയെ ജീവിക്കാന്‍ അനുവദിക്കപ്പെടുന്ന പക്ഷം, അത് വലുതാകും. അപ്പോള്‍, ജേതിഷികളുടെയും പുരോഹിതരുടെയും വാക്കുകളനുസരിച്ച്, ആ സ്വപ്നം പുലരും. ഇതാണയാളുടെ പേടി. ഇതായിരുന്നു ഫിര്‍ഔന്റെ സ്ഥിതി.

ഇനി, കഥാ നായികയായ മൂസയുടെ മാതാവിന്റെ കാര്യം. പേര്‍ ‘അയാര്‍ഖാ’. ഇസ്രായേല്യരില്‍ ജനിക്കുന്ന സകല ആണ്‍കുട്ടികളെയും അറുത്തു കളയാന്‍ ഫിര്‍ഔന്‍ ഉത്തരവിട്ട കാലത്താണ് ഇവര്‍ മൂസയെ ഗര്‍ഭം ധരിക്കുന്നത്. ഖുര്‍ആന്‍ പറയട്ടെ: ‘തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.’ (28: 4)

ജ്യോതിഷികളും പുരോഹിതരും അയാളൊട് പറഞ്ഞു: ഇസ്രായേല്യരില്‍ ജനിക്കാനിരിക്കുന്ന ഒരു കുട്ടി മുഖേന, അങ്ങയുടെ അധികാരം നഷ്ടപ്പെടും.’
ഖുര്‍ആന്‍ വ്യാഖ്യാതാവ് സുജാജ് പറയുന്നു:
‘ഇയാളുടെ വിഡ്ഡിത്തം അത്ഭുതാവഹം തന്നെ. പുരോഹിതര്‍ പറയുന്നത് സത്യമാണെങ്കില്‍, ഈ കൊല കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും, നുണയാണെങ്കില്‍, കൊലക്ക് യാതൊരര്‍ത്ഥവുമില്ലെന്നും, ഇയാള്‍ മനസ്സിലാക്കിയില്ലല്ലൊ.’

മൂസയുടെ മാതാവില്‍ ഗര്‍ഭം വ്യക്തമായി. വളരെ പ്രയാസത്തൊടെയാണ് നിമിഷങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ക്ഷീണവും ബലക്ഷയവും അവരെ ബാധിച്ചു കൊണ്ടിരിക്കുന്നു. ‘തനിക്കൊരു ആണ്‍കുട്ടി ജനിക്കരുതേ’ എന്നായിരിക്കും ഇത്തരമൊരു അവസ്ഥയില്‍, ഏതൊരു സ്ത്രീയും ആഗ്രഹിച്ചു പോവുക. എങ്കില്‍, കുട്ടി നഷ്ടപ്പെടുന്നത് പേടിക്കേണ്ടതില്ലല്ലോ. ഈ കുട്ടി തന്റെ ഗര്‍ഭാശയത്തില്‍ തന്നെ, നിര്‍ഭയനായി കഴിയുകയായിരുന്നെങ്കില്‍, എന്നവര്‍ കൊതിച്ചു പോകും.
അവര്‍ ആളുകളില്‍ നിന്നും തന്റെ വയര്‍ മറച്ചു വെക്കാന്‍ ശ്രമിക്കുകയാണോ? അവരുടെ ദൃഷ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ കൊതിക്കുകയാണൊ? കശാപ്പുകാര്‍ക്ക് വിവരം ലഭിക്കുകയും, തദ്വാരാ, പ്രസവ ശേഷം, തന്റെ കരളിന്റെ കഷ്ണം, എന്നെന്നേക്കുമായി തനിക്കു നഷ്ടപ്പെടുകയും ചെയ്‌തേക്കുമൊ എന്നതായിരുന്നു അവരുടെ ഭയം.

ജീവനോടെയുള്ള ഒരു കുഴിച്ചു മൂടലാണിത്. കശാപ്പു കത്തി മുഖേനയാണെന്നു മാത്രം. ദുഖകരമെന്നു പറയട്ടെ, സാങ്കേതിക ശാസ്ത്രങ്ങളുടേതായ ഈ കാലത്ത്, ഇണങ്ങാത്ത അത്യാഗ്രഹിയായ ഈ യുഗത്തില്‍, നേരിടുന്ന എന്തിനെയും നശിപ്പിച്ചു കളയുന്ന ഈ കാലത്ത്, നാം കണ്ടു കൊണ്ടിരിക്കുന്ന ഒരായുധമാണിത്. മുമ്പ്, ജാഹിലിയ്യത്തിന്റെയും അന്ധകാരത്തിന്റെയും കാലത്തെന്ന പൊലെ, ഭരിക്കുകയാണ് ലക്ഷ്യം. ജനങ്ങള്‍ ദുര്‍ബലരാകുമ്പോള്‍ ആവര്‍ത്തിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്ന ഒരു പ്രവണത. മാനുഷിക സ്വതന്ത്ര്യം ആഗ്രഹിക്കപ്പെടുമ്പോള്‍, നീതിക്ക് വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ആദരവ് തേടുമ്പോള്‍, അതിന്റെ പരിശീലനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏത് അക്രമിയായ ഫിര്‍ഔന്റെ കൈയാലും അത് നവീകരിക്കപ്പെടുന്നു! ശക്തിയാര്‍ജ്ജിക്കുന്നു! മാതാക്കളുടെ ഗര്‍ഭാശയങ്ങളിലായിരിക്കെ, കുട്ടികള്‍ അറുകൊല നടത്തപ്പെടുമ്പോള്‍, വെളിച്ചം കാണും മുമ്പെ, ജീവനോടെ അവര്‍ കുഴിച്ചു മൂടപ്പെടുമ്പോള്‍, അവര്‍ അറുകൊല ചെയ്യപ്പെടുകയാണ്! കത്തികളുടെ രൂപങ്ങള്‍ക്ക് വ്യത്യാസമുണ്ടായിരിക്കാം. ചിലപ്പോഴത് യന്ത്രത്തോക്കുകളായിരിക്കും; മറ്റു ചിലപ്പോള്‍ മിസ്സൈലുകളായിരിക്കും, ഇനിയും മറ്റു ചിലപ്പോള്‍ ടാങ്കുകളായിരിക്കും; അല്ലെങ്കില്‍, കെമിക്കല്‍ ആയുധങ്ങളായിരിക്കും; അതുമല്ലെങ്കില്‍, പെട്ടെന്ന് വയറു കീറി കുട്ടിയെ പുറത്തെടുത്തു കൊണ്ടായിരിക്കും; ഇതൊന്നുമല്ലെങ്കില്‍, ആശുപത്രിയിലോ, സ്‌കൂളിലോ വെച്ച് കുഞ്ഞുങ്ങളെ കൊന്നുകളയുക വഴിയായിരിക്കും. നിഷ്‌കളങ്കമായ അവരുടെ ചിരി മോഷ്ടിച്ചു പകരം, നിലവിളിയും വിലാപവും പകരം നല്‍കിക്കൊണ്ടായിരിക്കും.

മുമ്പ്, അത്രയൊന്നും വിദൂരമല്ലാത്ത കാലത്ത്, ഈജിപ്ത് ഗവര്‍ണര്‍ അംറു ബ്‌നുല്‍ ആസ്വിനോട്, ഉമര്‍ ബ്‌നുല്‍ ഖത്വാബ് ഒരു ചോദ്യം ഉന്നയിച്ചു. മനുഷ്യാവകാശ ഭരണഘടനക്ക് അലങ്കാരമായ വാക്കുകള്‍! ‘എവിടം മുതല്‍ക്കാണ്, മനുഷ്യരെ നിങ്ങള്‍ അടിമകളാക്കാന്‍ തുടങ്ങിയത്? അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരായിട്ടായിരുന്നുവല്ലോ?’
അംറു ബ്‌നുല്‍ ആസ്വിന്റെ പുത്രന്‍, ഒരിക്കല്‍, ഒരു ഈജിപ്ഷ്യന്‍ കോപ്റ്റിക്കിനെ പ്രഹരിച്ചു. അയാളുടെ കുതിര, അമീര്‍ പുത്രന്റെ കുതിരയെ മുന്‍ കടന്നുവെന്നതായിരുന്നു കാരണം. പക്ഷെ, ഭരണം അംറിന്നു രക്ഷയായില്ല. അല്ലെങ്കില്‍, അദ്ദേഹത്തെയും പുത്രനെയും മോചിപ്പിച്ചില്ല. പ്രത്യുത, മനുഷ്യര്‍ക്കിടയില്‍ വിവേചനം കല്പിക്കാത്ത വിചാരണക്കും, നീതി പൂര്‍വകായ പ്രതിക്രിയക്കും വിളിക്കപ്പെടുകയായിരുന്നു.

ജനനവും ഭീതിയും! എല്ലാം അല്ലാഹുവിന്റെ അലംഘനീയ വിധി! രക്ഷപ്പെടാന്‍ യാതൊരു പഴുതുമില്ല. ‘അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല. (12: 21)

മൂസയുടെ മാതാവ് ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കി. അവര്‍ ഭയന്നത് തന്നെ സംഭവിച്ചു. കാര്യങ്ങള്‍ അവരുടെ കഴിവിന്ന് അതീതമായി തീര്‍ന്നു. കുട്ടിയെ കുറിച്ച് അവര്‍ അങ്ങേയറ്റം ഭയന്നിരുന്നു. അവര്‍ അദ്ദേഹത്തെ അമിതമായി സ്‌നേഹിച്ചിരുന്നു. മൂസയെ ആരു കണ്ടാലും സ്‌നേഹിക്കാതിരിക്കയില്ല. ‘എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊ. നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്.’ (20: 39) എന്ന് അല്ലാഹു പറയുന്നു:
‘അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു.)’ (28 : 7)

പ്രവാചകന്മാര്‍ക്ക് നല്‍കപ്പെടുന്ന ബോധനമായിരുന്നില്ല ഇത്, പ്രത്യുത, അവരുടെ ഹൃദയത്തില്‍, അല്ലാഹു നിക്ഷേപിച്ച സന്ദേശമായിരുന്നു.
നൈല്‍ നദിയുടെ കരയിലായിരുന്നു അവരുടെ വീട്. അവര്‍ ഒരു പെട്ടിയുണ്ടാക്കി, അതിലൊരു തൊട്ടിലുമൊരുക്കി. അതില്‍ കുട്ടിക്ക് മുലയൂട്ടുകയും ചെയ്തു. താന്‍ ഭയപ്പെടുന്ന ആരെങ്കിലും വന്നാല്‍, അവര്‍ അവിടെ നിന്നു പോയി, കുട്ടിയെ പെട്ടിയിലാക്കും. താന്‍ വശമുള്ള ഒരു കയറില്‍ കെട്ടി, അതിനെ നദിയിലിടും. ഇതായിരുന്നു പതിവ്. ഒരു ദിവസം താന്‍ ഭയപ്പെട്ടിരുന്ന ഒരാള്‍ എത്തി. അപ്പോള്‍, സാധാരണ പൊലെ, അവര്‍ കുട്ടിയെ പെട്ടിയിലാക്കി, വെള്ളത്തിലയച്ചു. ദൗര്‍ഭാഗ്യവശാല്‍, കയര്‍ മറന്നു പോയി. അങ്ങനെയാണ് ഫിര്‍ഔന്റെ വീടിന്നടുത്ത് പെട്ടിയടഞ്ഞത്. അടിമ സ്ത്രീകള്‍ പെട്ടിയുമായി, ഫിര്‍ഔന്റെ സഹധര്‍മ്മിണിയുടെ അടുത്തെത്തി. പെട്ടിയിലെന്താണെന്ന് അവര്‍ക്കറിയുമായിരുന്നില്ല.

തുറന്നപ്പോള്‍, അതി സുന്ദരനായൊരു കുട്ടി! ഫിര്‍ഔന്റെ സഹധര്‍മ്മിണിക്ക് കുട്ടിയെ കണ്ട മാത്രയില്‍ അതിനോട്, അതിരറ്റ സ്‌നേഹമാണുണ്ടായത്. ആ സ്ത്രീയുടെ സൌഭാഗ്യത്തിന്നും ബഹുമാനത്തിന്നുമായി അല്ലാഹു നടപ്പാക്കിയതായിരുന്നു അത്. ആശ്വാസം!
മൂസായുടെ മാതാവിന്റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്.)’ (28: 10)
കുഞ്ഞു നദിയില്‍ പോയതോടെ, മൂസയല്ലാത്ത മറ്റൊന്നും മാതാവിന്റെ മനസ്സിലുണ്ടായിരുന്നില്ല. തന്റെ തീവ്ര ദുഖവും വേദനയും കാരണം, തനിക്കൊരു കുട്ടിയുണ്ടായിരുന്ന കാര്യം അവര്‍ പരസ്യപ്പെടുത്തുകയും സ്ഥിതിഗതികളെല്ലാം ആളുകള്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യേണ്ടതായിരുന്നു, അല്ലാഹു സ്ഥിര ചിത്തതയും ക്ഷമയും അവര്‍ക്ക് നല്‍കിയിരുന്നില്ലെങ്കില്‍.
‘അവള്‍ അവന്റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല.’ (28: 11)

ഫിര്‍ഔന്റെ വീട്ടില്‍ സ്ഥിരവാസക്കാരനായി തീര്‍ന്ന മൂസയെ അയാളുടെ ഭാര്യ അതിരറ്റ് സ്‌നേഹിച്ചു; മുലയൂട്ടാന്‍ പല സ്ത്രീകളെയും കൊണ്ടു വന്നുവെങ്കിലും, ആരെയും മൂസ സ്വീകരിച്ചില്ല. അങ്ങനെയാണ് കുട്ടിയെയും കൊണ്ട് അങ്ങാടിയില്‍ പോയത്. മുലയൂട്ടാന്‍ പറ്റിയ ഏതെങ്കിലും സ്ത്രീയെ ലഭിച്ചെങ്കിലോ. അവരുടെ കൈയിലുള്ള കുട്ടിയെ, മൂസയുടെ സഹോദരി കാണുകയും തിരിച്ചറിയുകയും ചെയ്തു. പക്ഷെ, അവള്‍ രഹസ്യം വെളിപ്പെടുത്തിയില്ല. അവര്‍ അവളെ തിരിച്ചറിഞ്ഞതുമില്ല.
അല്ലാഹു പറയുകയാണ്:
അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക്ി വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.
അങ്ങനെ അവന്റെയ മാതാവിന്റെ കണ്ണ് കുളിര്ക്കുയവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്റെയ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്ക്ക്  തിരിച്ചേല്പി!ച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.’ (28: 12, 13)

അങ്ങനെ, സംതൃപ്തിയോടെ, മാതാവ് മൂസയെയും കൊണ്ട് മടങ്ങി. അല്ലാഹു അവരുടെ ഭീതി മാറ്റി നിര്‍ഭയത്വം നല്‍കുകയായിരുന്നു.
അവര്‍, വീട്ടില്‍ വെച്ചു കുട്ടിയെ മുലയൂട്ടാന്‍ തുടങ്ങി. ഫിര്‍ഔന്റെ ഭാര്യയുടെ ഭാഗത്തു നിന്ന്, അതിന്റെ പ്രതിഫലവും ഔദാര്യങ്ങളും കിട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. ഒരു തിരു വചനത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു: ‘നന്മയാഗ്രഹിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നവന്‍, മൂസയുടെ മാതാവിനെ പോലെയാണ്. സ്വന്തം മകനെ മുലയൂട്ടുകയും അതിന്ന് പ്രതിഫലം നേടുകയുമായിരുന്നു അവര്‍.’ ഈ ദുഖത്തിന്നും സന്തോഷത്തിന്നുമിടയില്‍, വെറും ഒരു ദിവസത്തില്‍ താഴെയുള്ള സമയമേ ഉള്ളുവത്രെ.
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഉദ്ദേശിച്ചത് നടക്കുന്ന്; ഉദ്ദേശിക്കാത്തത് നടക്കുന്നുമില്ല. അവനെ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്, ദുഖത്തിന്നു ശേഷം സന്തോഷം ലഭിക്കുന്നു. സര്‍വജ്ഞനായ അല്ലാഹുവാണ്, മൂസയുടെ കഥ നമുക്ക് വിവരിച്ചു തരുന്നത്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍, ഈ കഥയുടെ പര്യവസാനം നമുക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല.

അല്ലാഹു മൂസക്ക് ഔദാര്യമായി നല്‍കിയതായിരുന്നു ആ ജീവിതം. കശാപ്പില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി; മുങ്ങിമരിക്കുന്നതില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി; വിശപ്പില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി; വധത്തില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി; എല്ലാറ്റിന്നും മുമ്പ്, നൈതികമായ സൌഭാഗ്യം അല്ലാഹു അദ്ദേഹത്തിന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവിശ്വാസത്തില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി; അദ്ദേഹത്തെ റസൂലും നബിയുമാക്കി; എല്ലാം ഒരു ദൈവിക വാക്യത്തിന്റെ പുലര്‍ച്ചയായിരുന്നു: ‘പിന്നീട് നമ്മുടെ ദൂതന്മാനരെയും വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു.’ (10: 103)

അക്രമത്തിന്റെ ആയുധങ്ങളാല്‍ അക്രമിക്കപ്പെടുന്ന, കശാപ്പു കത്തി തേടിക്കൊണ്ടിരിക്കുന്ന, മര്‍ദ്ദിതനും സംഭീതനുമായ മനുഷ്യാ, നിനക്ക് സുവിശേഷം!
‘നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്  പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്  പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക്  അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്  അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക്  നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.’ (24: 55)

കൊച്ചു കുഞ്ഞുങ്ങളുടെ പിരടിയില്‍, കത്തിവെച്ച് അറുക്കുന്ന അക്രമിയായ കൊലയാളിയായിരുന്നു ഫിര്‍ഔന്‍. അയാളുടെ അന്ത്യം വളരെ ദയനീയമായിരുന്നു. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ മൂസയെ എറിഞ്ഞത് നദിയിലേക്കായിരുന്നു. അല്ലാഹു അദ്ദേഹത്തെ സുരക്ഷിതനായി പുറത്തെടുത്തു. എന്നാല്‍, ഇയാളുടെ സ്ഥിതിയോ? നദിയിലിറങ്ങിയ ഇയാള്‍, ജീവനോടെ പിന്നെ, പുറത്ത് വന്നിട്ടില്ല. പ്രത്യുത, നിശ്ചല ശവമായിരുന്നു പുറത്തു വന്നത്. അല്ലാഹു പറഞ്ഞു:
‘എന്നാല്‍ നിന്റെന പുറകെ വരുന്നവര്ക്ക്  നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിേെന്റ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.’ (10: 92)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles