Studies

മാറുന്ന ലോകക്രമവും ഇസ്‌ലാമിക പ്രസ്ഥാനവും

ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കുകയാണിപ്പോള്‍ എന്നതില്‍ സംശയമില്ല. ഏതാനും ചില ചെറിയ മേഖലകളൊഴികെ മുസ്‌ലിം ലോകം മുഴുവന്‍ അടിമത്തത്തിലായിരുന്ന ഒരു ഘട്ടം തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ഇന്ന് നാമമാത്രമായ സ്വാതന്ത്ര്യത്തോടൊപ്പം മുസ്‌ലിം ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നത് നിന്ദ്യതയും ദൈന്യതയുമാണ്. ഓരോ പ്രഭാതവും ഏതെല്ലാം നിരാലംബതയുടെയും ഹൃദയഭേദകമായ സംഭവങ്ങളുടെയും വാര്‍ത്തകളുമായാണ് ഉദയം ചെയ്യുന്നതെന്നാലോചിച്ചാല്‍ ഒരുപക്ഷേ, ഇസ്‌ലാമിക ചരിത്രത്തില്‍ അതിന് തുല്യത കാണുകയില്ല. മുസ്‌ലിം ലോകം മുഴുവന്‍ വന്‍ ശക്തികളുടെ വൃത്തികെട്ട കളികളുടെ കേളീരംഗമായിരിക്കുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ മനുഷ്യരക്തം വെള്ളം പോലെ ഒഴുകുകയാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവയുടെ ചരിത്രത്തിലെ വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. മീഡിയകളും ഇന്റര്‍നെറ്റും പഠനഗവേഷണ സ്ഥാപനങ്ങളും മുസ്‌ലിംകളെ അപകീര്‍ത്തിപെടുത്താനും സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമികവ്യവസ്ഥയും എന്തിനേറെ ഇസ്‌ലാമിന്റെ അടിസ്ഥാനമൂല്യങ്ങളും വിശ്വാസാദര്‍ശങ്ങളും വരെ നിഷേധാത്മകമായ ഈ പ്രോപഗണ്ടക്ക് പാത്രമാകുന്നു.

ലോകശക്തികളെ സംബന്ധിച്ചിടത്തോളം അസാധാരണമായ പ്രാധാന്യമുള്ള മേഖലകളാണ് മുസ്‌ലിം ലോകം എന്നത് എല്ലാവര്‍ക്കും അറിയാം. ഇതിന് നാല് കാരണങ്ങളുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ, ഇസ്രായേലിന്റെ അസ്ഥിത്വവും സുരക്ഷയും, ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം, ഈ പ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ കേന്ദ്രങ്ങളാണ് എന്നത്. ഈ നാലു വസ്തുതകളുമായി ലോകരാഷ്ട്രങ്ങളുമായി വിശിഷ്യാ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സുപ്രധാന താല്‍പര്യങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു.

യൂറോപ്പ് അതിവേഗം വാര്‍ധക്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ യൂറോപ്പില്‍ അഞ്ചിലൊരാള്‍ 65 വയസ്സ് കഴിഞ്ഞവരാണ്. യൂറോപ്പിന്റെ സാമ്പത്തിക നിലനില്‍പിന് യുവരക്തം ആവശ്യമാണ്. ഈ യുവരക്തം അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് ഇസ്‌ലാമിക ലോകത്ത് നിന്നാണ്. ഈ യുവത അവരോടൊപ്പം ഇസ്‌ലാമിനെ കൂടി കൊണ്ടുവരുമോ എന്ന ആശങ്കയുണ്ട്. ഈ പലായനം തടയാന്‍ യൂറോപ്പിന് ധൈര്യമില്ല, സാധ്യവുമല്ല. അതിനാല്‍ അവര്‍ സ്വീകരിച്ച നയം, ഒരു വശത്ത് ഈ പലായനം തുടരാന്‍ അനുവദിക്കുകയും മറുവശത്ത് അത് മുഖേന ഇസ്‌ലാമിന്റെ സ്വാധീനം സമൂഹത്തില്‍ പ്രകടമാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്.

അമേരിക്കയുടെ സാമ്പത്തിക നില ചൈനയുടെ കടങ്ങളെ ആസ്പദിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ സാമ്പത്തികാടിമത്തത്തെ അതിജീവിക്കാന്‍ ചൈനയുടെ സാമ്പത്തികവ്യവസ്ഥ അമേരിക്കയെയും ആശ്രയിച്ചു കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. അതിന് അനിവാര്യമെന്ന് അവര്‍ കരുതുന്നത്, എണ്ണയുടെ ഉറവിടങ്ങളും അതിന്റെ ഗതാഗത പാതകളും അമേരിക്കയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതും ചൈനീസ് ഉല്‍പന്നങ്ങളുടെ കയറ്റുമതി മിക്കതും പശ്ചിമേഷ്യയിലൂടെ കടന്നുപോവുന്നതിനാല്‍ പ്രസ്തുത രാജവീഥികളും അമേരിക്കന്‍ നിയന്ത്രണത്തിലാക്കുക എന്നതാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ മേധാവിത്വം ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും ആവശ്യമാണ്.

ഇത്തരം നിരവധി കാരണങ്ങളാല്‍ അമേരിക്ക ആഗ്രഹിക്കുന്നത്, മുസ്‌ലിം രാജ്യങ്ങളില്‍ ഡോളര്‍ കൊടുത്ത് വിലക്ക് വാങ്ങാന്‍ കഴിയാത്ത ശക്തികള്‍ അധികാരകേന്ദ്രങ്ങളുടെ സമീപത്ത് പോലും എത്തരുതെന്നാണ്. ഈ മേഖലയുടെ നിയന്ത്രണം പ്രത്യേകിച്ചും പശ്ചിമേഷ്യയിലെ വലിയ വലിയെ രാജ്യങ്ങളിന്മേലുള്ള നിയന്ത്രണം മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പ്രയാസകരമായി വരികയാണ്. അതിനാല്‍, ഒന്നാം ലോകമഹായുദ്ധാനന്തരം സാമ്രാജ്യശക്തികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രസ്തുത പ്രദേശങ്ങളെയാകെ ഭൂമിശാസ്ത്രപരമായി വെട്ടിച്ചെറുതാക്കിയ പോലെ ഇപ്പോള്‍ വീണ്ടും വെട്ടിമുറിക്കേണ്ടത് അനിവാര്യമായി കരുതുന്നു. ഇത് സാധ്യമാകുന്നതിന് ഈ മേഖലയില്‍ കനത്ത തോതില്‍ അരാജകത്വവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കണമെന്നവര്‍ കരുതുന്നു. ഇതിനെയവര്‍ നിര്‍മാണാത്മകമായ അരാജക്ത്വം എന്ന് വിളിക്കുന്നു.

സാമ്പത്തികവും രാഷ്ട്രീയവുമായ ഈ കാരണങ്ങളെല്ലാം പ്രധാനമാണെങ്കിലും പശ്ചിമേഷ്യയില്‍ വിദേശ ഇടപെടലുകളുടെ അടിസ്ഥാന കാരണം ഇസ്‌ലാമാണ്. മുഴുവന്‍ പൈശാചിക ശക്തികളും ഏറ്റവും വലിയ അപകടമായി ധരിക്കുന്നത് അതിനെയാണ്. ഇസ്‌ലാമിനെ ഏറ്റവും വലിയ അപകടമായി കരുതാനുള്ള കാരണം നിലവിലുള്ള സാഹചര്യങ്ങളില്‍ പോലും ലോകത്തെങ്ങും വിശിഷ്യാ പാശ്ചാത്യലോകത്തും ഇസ്‌ലാമിന് അസാധാരണമായ ആകര്‍ഷകത്വം ഉണ്ട് എന്നതാണ്. പാശ്ചാത്യലോകത്തെ സംഹാരാത്മകമായ മുതലാളിത്ത വ്യവസ്ഥിതിക്ക് പകരമായി നില്‍ക്കാന്‍ ഇസ്‌ലാമിന് കഴിയും എന്നവര്‍ ആശങ്കിക്കുന്നു.

പാശ്ചാത്യന്‍ മുതലാളിത്ത സംസ്‌കാരത്തിന് ഭാവിയില്ലെന്നത് ഇന്ന് ഏകദേശം വ്യക്തമായിരിക്കുന്നു. മുതലാളിത്ത സാമ്രാജ്യത്വം അതിന്റെ പ്രത്യയശാസ്ത്രവും ഘടനാപരവുമായ വൈകല്യവും കാരണം അസ്തമയത്തോടടുത്തിരിക്കുന്നു. ഇന്നത്തെ പാശ്ചാത്യലോകത്ത് ഭൗതികതയോടുള്ള വിരക്തി ഉച്ചതിയിലെത്തിയിരിക്കുന്നു. മതം, ആത്മീയത, ധാര്‍മികതയിലേക്കുള്ള മടക്കം എന്നിവയുടെ വേലിയേറ്റമാണു കാണുന്നത്. പാശ്ചാത്യന്‍ ഗ്രന്ഥകാരന്മാര്‍ De-Secularization എന്നാണതിനെ വിളിക്കുന്നത്. കടിഞ്ഞാണില്ലാത്ത ഭൗതികത, അനിയന്ത്രിതമായ സാമ്പത്തിക വ്യയങ്ങള്‍, പലിശയുടെയും പലിശാധിഷ്ഠിതമായ ഇടപാടുകളുടെയും വിനാശങ്ങള്‍ എന്നിവ അമേരിക്കയിലെ ഓരോ പൗരനും കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ശക്തിയായി മനസ്സിലാക്കിയിരിക്കുന്നു. പകരമായി മറ്റൊരു സാമ്പത്തികവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിലാണവര്‍. പാശ്ചാത്യലോകത്തെ വലിയ വലിയ സാമ്പത്തിക വിദഗ്ധര്‍ പുതിയ മുതലാളിത്ത വ്യവസ്ഥയുടെ നിരവധി ഘടകങ്ങള്‍ വിനാശകരമാണെന്ന് മനസ്സിലായിരിക്കുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ പോലെ പകരം വെക്കാന്‍ പറ്റുന്ന ഒരു പുതിയ ലോക സാമ്പത്തികവ്യവസ്ഥയെ ശക്തിയായി അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

കുടുംബവും കുടുംബ സംബന്ധമായ മൂല്യങ്ങളും അവഗണിക്കുക മൂലം ഉടലെടുത്ത രോഗങ്ങള്‍ പാശ്ചാത്യരില്‍ നിന്ന് പൗരസ്ത്യ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. ഇനിയിപ്പോള്‍ കുടുംബത്തിന്റെ അവസാനത്തെ അഭയസങ്കേതം ഇസ്‌ലാമാണ്. ഭദ്രമായ കുടുംബ സംവിധാനമില്ലാതെ ശക്തമായ സമൂഹം സാധ്യമല്ലെന്ന ബോധം ഇന്ന് ശക്തിപ്പെട്ടിരിക്കുന്നു. സമാധാനപൂര്‍വമായ വ്യക്തിജീവിതവും അതുപോലെ തന്നെ. അതിനാല്‍ കുടുംബ മൂല്യങ്ങളുടെ സംരക്ഷണം അമേരിക്കയും ആസ്‌ത്രേലിയയുമടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പൊതു തിരഞ്ഞെടുപ്പുകളില്‍ പോലും സജീവ വിഷയമാണ്. എത്രത്തോളമെന്നാല്‍ ആസ്‌ത്രേലിയയില്‍ Family First Party എന്ന പേരില്‍ ഒരു പാര്‍ട്ടി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ആത്മീയദാഹം തീര്‍ക്കാനും മെച്ചപ്പെട്ട സാമ്പത്തികാടിസ്ഥാനങ്ങള്‍ അന്വേഷിച്ചും ഭദ്രമായ കുടുംബത്തേയും കുടുംബമൂല്യങ്ങളേയും തേടിക്കൊണ്ടും ലോകം പൗരസ്ത്യ മതങ്ങളിലേക്കും വിശിഷ്യാ ഇസ്‌ലാമിലേക്കും കുതിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ സാഹചര്യത്തില്‍ ഇസ്‌ലാം അതിന്റെ ഭദ്രമായ ആദര്‍ശത്തിന്റെ ധാര്‍മിക സദാചാര സിദ്ധാന്തങ്ങളുടെയും സനാതന മൂല്യങ്ങളുടെയും മേന്മ കാരണം മുഴുവന്‍ പൗരസ്ത്യ ദര്‍ശനങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും അതിജയിക്കുമെന്ന് പാശ്ചാത്യന്‍ പോളിസി നിര്‍മാതാക്കള്‍ മനസ്സിലാക്കുന്നു.

ഇതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, പാശ്ചാത്യലോകം അവരുടെ ചിന്താരീതിയെക്കുറിച്ചു തന്നെ അസ്വസ്ഥമാണെന്നതത്രെ. തോമസ് മേന്‍ പോലുള്ള അമേരിക്കന്‍ വ്യവസ്ഥയുടെ ഏജന്റുമാര്‍ പോലും ഉരുവിട്ടുകൊണ്ടിരിക്കുന്നത്, അമേരിക്കയുടെ ദേശീയ ഗാനങ്ങളാക്കാന്‍ പറ്റുന്ന ഈ വരികളാണ്:

പോകരുതാത്തടത്തേക്കാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്
കാണാന്‍ പാടില്ലാത്തതാണ് കണ്ടുകൊണ്ടിരിക്കുന്നത്
ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുകൊണ്ടിരിക്കുന്നത്.
ആകാന്‍ പാടില്ലാത്തതാണ് ആയിക്കൊണ്ടിരിക്കുന്നത്.
ഞാന്‍ ശക്തനായിരുന്നുവെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്.
എന്നാല്‍ അവസാനമായി ഞാന്‍ സമരത്തില്‍ പരാജയപ്പെട്ടിരിക്കയാണ്.

മറുവശത്ത് മുസ്‌ലിം ലോകത്ത് ഉയരുന്ന മുദ്രവാക്യങ്ങളോ?

പട്ടാളം ഭരണം വേണ്ട                  
ഏകാധിപത്യം വേണ്ട
സെക്കുലറിസം വേണ്ട                  
തിയോക്രസി വേണ്ട
അഭിമാനവും അന്തസ്സും മാനവികതയും
ഈജിപ്തിന്റെ ഇസ്‌ലാമിക നാഗരികതയുമാണ് വേണ്ടത്.

ഇതിന്റെ ധ്വനികള്‍ മൊറോക്കോവിലെയും ടുണീഷ്യയിലെയും പ്രശാന്തമായ തെരുവുകളിലും കാപ്പിക്കടകളിലും മാത്രമല്ല കേള്‍ക്കുന്നത് ഈജിപ്തിലെ ജയിലുകളിലും സിറിയയിലെ പീഢനകേന്ദ്രങ്ങളിലും പ്രതീക്ഷയോടെയും മനോധൈര്യത്തോടെയും ഇതേ ഈരടികളാണ് അനുരണനം ചെയ്യുന്നത്. അവ തമ്മിലുള്ള അന്തരം വളരെ വ്യക്തമാണ്. ഒരു ഭാഗത്ത് തോമസ് ഫ്രോയ്ഡ് മേന്റെ വിലാപകാവ്യങ്ങളാണെങ്കില്‍ മറുവശത്ത് വസന്തഗീതമാണ്. ഒരു വശത്ത് വൃദ്ധനായ രോഗിയുടെ നിരാശയുടെയും വേദനയുടെയും രോദനമാണെങ്കില്‍ മറുവശത്ത് പ്രതീക്ഷാനിര്‍ഭരമായ യുവതയുടെ ഉണര്‍ത്തുപാട്ടുകളാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പാശ്ചാത്യ സംസ്‌കാരത്തിന്റെയും അന്തരം. പാശ്ചാത്യര്‍ സ്വന്തം വ്യവസ്ഥയിലും മൂല്യങ്ങളിലും നിരാശരും അസംതൃപ്തരുമാണെങ്കില്‍ മുസ്‌ലിം ലോകം ഇസ്‌ലാമില്‍ അചഞ്ചലമായ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്. ഇസ്‌ലാമിനോടും ഇസ്‌ലാമിക വ്യവസ്ഥയോടും ഇസ്‌ലാമിക മൂല്യങ്ങളോടുമുള്ള മുസ്‌ലിംകളുടെ സംതൃപ്തി ലോകമെങ്ങും പ്രകടമാണ്. ഇതു സംബന്ധമായി നിരവധി സര്‍വെ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്.

ഇസ്‌ലാമുമായുള്ള ബന്ധം മുസ്‌ലിംകള്‍ക്ക് പുരോഗതിയുണ്ടാക്കുന്നു. ശാസ്ത്രീയരംഗത്തുള്ള ഇറാനിന്റെ വളര്‍ച്ച ലോകത്ത് ഒന്നാം സ്ഥാനത്താണ്. തുര്‍ക്കിയില്‍ AKP-യുടെ ഭരണത്തില്‍ അത്യുന്നതമായ ഗവേഷണ പഠനങ്ങളുടെ ആറിരട്ടി വര്‍ധിച്ചിരിക്കുന്നു. അവരുടെ സ്ത്രീകളില്‍ ശാസ്ത്രീയവും വൈജ്ഞാനികവുമായ വളര്‍ച്ച് യൂറോപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഭാവിയില്‍ സാമ്പത്തിക രംഗത്ത് മുഖ്യപങ്കാളിത്തമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന പതിനൊന്ന് രാജ്യങ്ങളില്‍ ഏഴും മുസ്‌ലിം രാഷ്ട്രങ്ങളാണ്.

‘ഇസ്‌ലാമോഫോബിയ’ എന്ന് വിളിക്കപ്പെടുന്ന സാഹചര്യങ്ങളിലേക്ക് നയിച്ച സ്ഥിതി വിശേഷങ്ങളാണിവ. ഇത് തന്നെയാണ് പശ്ചിമേഷ്യയില്‍ രക്തമൊഴുകുന്നതിലേക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് ശത്രുത പ്രകടമാക്കുന്നതിലേക്കും നയിച്ച കാരണങ്ങള്‍. ഇസ്‌ലാമോഫോബിയക്ക് കീഴ്‌പ്പെട്ടവരോ അതിന്റെ കൊടിവാഹകരോ ആയ രചയിതാക്കളുടെ കൃതികള്‍ നിങ്ങള്‍ വായിക്കുക. അവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനെയോ ചില തീവ്രവാദവാദികളുടെ ബോംബ് സ്‌ഫോടങ്ങളേയോ അല്ല ഭയപ്പെടുന്നത്. ഹൃദയങ്ങളെ കീഴ്‌പ്പെടുത്താനുള്ള ഇസ്‌ലാമിന്റെ ശക്തിയെയാണവര്‍ ഭയപ്പെടുന്നത്. അതിനെ പ്രതിരോധിച്ചില്ലെങ്കില്‍ പാശ്ചാത്യസമൂഹത്തില്‍ ഇസ്‌ലാം അതിവേഗതയില്‍ പ്രചാരം നേടും. ഡേവിഡ് സെല്‍ബോണ്‍ എഴുതിയ Losing Battle Of Islam എന്ന കൃതിയില്‍ അദ്ദേഹം പത്തു കാരണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. ഇസ്‌ലാമികമായുള്ള സമരത്തില്‍ പാശ്ചാത്യര്‍ക്ക് വിജയിക്കുക ഈ കാരണങ്ങളാല്‍ സാധ്യമല്ലെന്ന് അദ്ദേഹം എണ്ണിപ്പറയുന്നു. ഫ്രഞ്ച് ഗ്രന്ഥകാരനായ Michael Houllebecgon-ന്റെ Submission എന്ന കൃതിയില്‍ പറയുന്നത്, ഫ്രാന്‍സില്‍ അടുത്ത ഏഴു വര്‍ഷത്തിനകം ഇസ്‌ലാമിസ്‌ററുകളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നാണ്. ഈ ഗ്രന്ഥങ്ങള്‍ പുതിയ പാശ്ചാത്യ പോളിസി നിര്‍മാതാക്കളില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതോടൊപ്പം സെല്‍ബോണ്‍ തന്റെ ഒരു ലേഖനത്തില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറിയുമായി നടത്തിയ വിശദമായ സംഭാഷണം അനുസ്മരിക്കുന്നു. ഇതേ സ്ഥിതിവിശേഷങ്ങള്‍ തുടരുകയാണെങ്കില്‍ അതിവിദൂരഭാവിയില്‍ നമ്മുടെ കാലഘട്ടത്തിന്റെ ചരിത്രം ഇസ്‌ലാമിക ഖിലാഫത്തിന്റെ മേല്‍നോട്ടത്തിലാകും എഴുതപ്പെടുക എന്ന തന്റെ വീക്ഷണത്തോട് അദ്ദേഹം യോജിച്ചതായി ഗ്രന്ഥകാരന്‍ പറയുന്നു. വന്‍ശക്തികള്‍ സ്വന്തം പോളിസികള്‍ക്ക് രൂപകല്‍പന നല്‍കുന്നത് ഈ ഭയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇസ്‌ലാം എന്ന വിപത്തിനെ നേരിടാന്‍ പുതിയ പാശ്ചാത്യന്‍ പോളിസി നിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്ന നടപടികള്‍ ഇവയാണ്:

1. ഇസ്‌ലാം ലോകത്തിനു മുഴുവന്‍ വെറുക്കപ്പെടേണ്ട വസ്തുവാണെന്ന രീതിയില്‍ ഇസ്‌ലാമിനെതിരെ ശക്തമായ പ്രോപഗണ്ട നടത്തുക
2. ഈ പ്രശ്‌നങ്ങള്‍ക്ക് ശക്തി പകരുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളെ കൊണ്ട് ചെയ്യിക്കുക. അങ്ങനെ ഇസ്‌ലാമിക പ്രദേശങ്ങളിലെ സാഹചര്യം നരകതുല്യമാക്കുക. ജനങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വന്യജീവികളെ പോലെ ഭയപ്പെടുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുക.
3. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ജനങ്ങളുടെ ബന്ധം ദുര്‍ബലമാക്കുക. അവയിലേക്ക് ആകൃഷ്ടരാകുന്നവരെ നാശകരമായ വഴികളിലേക്ക് നയിക്കുകയും അതില്‍ അകപ്പടുത്തുകയും ചെയ്യുക.
4. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിജയശ്രീലാളിതമായി കാണാന്‍ ആഗ്രഹിക്കുന്നവരെ വ്യത്യസ്ത തുരുത്തുകളില്‍ ഭിന്നിപ്പിച്ചു നിര്‍ത്തുക.
5. ഇസ്‌ലാമുമായും പ്രത്യേകിച്ചും പ്രവാചകനുമായുള്ള അവരുടെ വൈകാരിക ബന്ധം ദുര്‍ബലമാക്കുക.
6. മുസ്‌ലിം രാജ്യങ്ങളിലെ ഗവണ്‍മെന്റ്, സൈന്യം, ഡീപ് സ്റ്റേറ്റ് എന്നിവയിലെ വൈതാളികരെ ശക്തിപ്പെടുത്തുകയും സ്വന്തം ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക.

അറബ് വസന്തത്തെ തുടര്‍ന്ന് ലോകശ്രദ്ധ മുഴുവന്‍ പശ്ചിമേഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍, ഇനി മിക്ക അറബ് രാജ്യങ്ങളിലും ഇസ്‌ലാം പ്രേമികളായ ശക്തികള്‍ അധികാരത്തില്‍ വരുമെന്ന് കരുതപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഐ.എസ് രംഗപ്രവേശനം ചെയ്യുന്നത്. ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ ഒരു ലേഖനത്തില്‍ ഇറാഖുകാരനായ ഒരു ഇഖ്‌വാനി നേതാവിനെ ഉദ്ധരിച്ചു കൊണ്ടു പറയുന്നു, ഐ.എസ് ഇറാഖില്‍ മുഖ്യമായും ലക്ഷ്യമിടുന്നത് ഇഖ്‌വാനികളെയാണ്. അതുപോലെ സിറിയയില്‍ ബശ്ശാറുല്‍ അസദിനും അദ്ദേഹത്തിന്റെ നരഭോജികളായ സൈന്യത്തിനും പകരം അവിടത്തെ ഇഖ്‌വാനികളാണ് ഐ.എസിന്റെ കൊലക്കിരയാകുന്നത്. ഫലസ്തീനില്‍ ഹമാസിന്റെ താവളങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുമ്പോഴും ഇസ്രാഈലിന് ഒരു പോറലും ഏല്‍ക്കുന്നുമില്ല.

ഇപ്രകാരം ഇസ്‌ലാമിന്റെ പേരില്‍ ഉഗ്രവാദികളും ആത്യന്തികരുമായ സായുധ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക, അവരുമായി സ്വന്തം ഏജന്‍സികള്‍ മുഖേന സമ്പൂര്‍ണമായി സഹകരിക്കുക എന്നിവയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നേരിടാന്‍ ശത്രുക്കള്‍ ഏറെയും ഫലപ്രദമായ സ്ട്രാറ്റജി ആയി അംഗീകരിച്ചിരിക്കുന്നത്. ഇത് കൊണ്ട് ഒരു സമയം നിരവധി ലക്ഷ്യങ്ങള്‍ നേടാനാകുന്നു. ഇതുപോലുള്ള സായുധ സംഘടനകളുടെ സാന്നിധ്യം സാമ്രാജ്യശക്തികള്‍ക്ക് ശക്തി പകരുന്നു. അതിനാല്‍ ഈ തന്ത്രം അവര്‍ നേരത്തെ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഈ തന്ത്രമനുസരിച്ചാണ് നെപ്പോളിയന്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ യഅ്ഖൂബുല്‍ മിസ്‌രിയുടെ പ്രസ്ഥാനം ആരംഭിച്ചത്. ഫ്രാന്‍സ് അള്‍ജീരിയയില്‍ ‘അല്‍ ഹറകിയ്യൂന്‍’ എന്ന സംഘടനയും അമേരിക്ക വിയറ്റ്‌നാമില്‍ Strategic Hamlets എന്ന സംഘടനയും രൂപീകരിച്ചത്. തീവ്രവാദ ഗ്രൂപ്പുകളെ കൊണ്ടുള്ള പ്രയോജനം, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനെതിരെ കാടത്തം ആരോപിക്കാന്‍ സഹായകമാവുകയും അത്തരത്തിലുള്ള പ്രോപഗണ്ടക്ക് ശക്തി ലഭിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. മൂന്നാമതായി ഇസ്‌ലാമിസ്റ്റുകള്‍ ഭിന്നിക്കുകയും അവരില്‍ ഒരു വിഭാഗം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പകരമായി ഇത്തരത്തിലുള്ള സംഘടനകളുമായി ബന്ധപ്പെട്ട് ആത്മാഹുതി ചെയ്യുന്നു. നാലാമതായി, ഈ തീവ്രവിഭാഗങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കാനും അവരെ ശാരീരികമായും ധാര്‍മികമായും നഷ്ടമേല്‍പിക്കാനും വിപുലമായ തോതില്‍ പ്രയോജനം ചെയ്യുന്നു. അഞ്ചാമതായി, അവര്‍ മുഖേന രക്തക്കളം സൃഷ്ടിച്ചുകൊണ്ട് ഇസ്‌ലാമിക രാജ്യങ്ങളെ നരകതുല്യമാക്കിത്തീര്‍ത്തു. ഇതെല്ലാം ഇന്ന് ഐ.എസ് പോലുള്ള സംഘങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നു.

അതേപോലെ, ഇസ്‌ലാമിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തന തന്ത്രത്തിന്റെ മറ്റൊരു രീതി, ഇസ്‌ലാമുമായുള്ള മുസ്‌ലിംകളുടെ ബന്ധം ദുര്‍ബലപ്പെടുത്തുക എന്നതാണ്. ഇതത്ര എളുപ്പമല്ല. അതിനാല്‍ അവലംബിക്കപ്പെടുന്ന തന്ത്രം, ഇസ്‌ലാമുമായുള്ള നാമമാത്രബന്ധം നിലനിര്‍ത്തുന്നതോടൊപ്പം പരിഷ്‌കരണങ്ങളുടെയും നവീകരണത്തിന്റെയും പേരില്‍ ഇസ്‌ലാമിന്റെ ആത്മാവ് നീക്കം ചെയ്യുക എന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ‘റിയാണ്ട് കോര്‍പറേഷ’ന്റെ റിപ്പോര്‍ട്ട് വളരെ പ്രസിദ്ധമായിരുന്നു. അതില്‍ മുസ്‌ലിംകളെ, സെക്കുലര്‍, പുരോഗമനവാദികള്‍, യാഥാസ്ഥിതികര്‍, ആത്യന്തിക വാദികള്‍ എന്നിങ്ങനെ തരംതിരിക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ പുരോഗമനവാദികള്‍ക്കും യാഥാസ്തിതികര്‍ക്കും പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അവരെയെല്ലാം ഒരുമിച്ചുകൂട്ടി മൗലികവാദികളെ നേടിണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ ഈ തന്ത്രം കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞു. അയാന്‍ ഹിര്‍സി അലിയുടെ Why Islam Needs a Reformation എന്ന പുസ്തകത്തില്‍ ഇസ്‌ലാമില്‍ അനിവാര്യമായ പരിഷ്‌കാരങ്ങള്‍ പറയുന്നുണ്ട്. മുസ്‌ലിംകളോട് അഞ്ച് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

1. മുസ്‌ലിംകള്‍ പരലോകജീവിതത്തിന് ഐഹികജീവിതത്തേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് ഉപേക്ഷിക്കുക.
2. ശരീഅത്ത് ഒഴിവാക്കി സെക്കുലര്‍ നിയമങ്ങള്‍ സ്വീകരിക്കുക.
3. മറ്റുള്ള മുസ്‌ലിംകളോടും അമുസ്‌ലിംകളോടും അവര്‍ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്ന് പറയാതിരിക്കുക.
4. ജിഹാദ് സങ്കല്‍പം ഒഴിവാക്കുക
5. മുഹമ്മദ് നബിയുടെ വാക്കുകള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ആവാമെന്നും അവ നിരൂപണം ചെയ്യപ്പെടാമെന്നും സമ്മതിക്കുക.

‘അല്ലാഹുവിന്റെയും പ്രവാചകന്മാരുടെയും ഇടയില്‍ വേര്‍പ്പെടുത്തുക’ എന്ന വിഷയത്തില്‍ ഇന്ന് ലോകമെങ്ങും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഹദീസിനെയും നബിചര്യയേയും തോന്നിയപോലെ വ്യാഖ്യാനിക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് പുതിയ തത്വശാസ്ത്രങ്ങളും അടിസ്ഥാനങ്ങളും നിര്‍മിക്കപ്പെടുന്നു. യുവാക്കള്‍ ഈ പുതിയതും പാശ്ചാത്യനിര്‍മിതവുമായ വ്യാഖ്യാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എന്ത് കര്‍മ്മപദ്ധതികളാണ് നാം അവലംബിക്കേണ്ടത് എന്നതാണ് അടുത്തവിഷയം. രണ്ട് മുഖ്യമായ കാര്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. ഒന്ന്, ഇസ്‌ലാമിന്റെ യാഥാര്‍ത്ഥ്യം അമുസ്‌ലിം ലോകത്തിന് പരിചയപ്പെടുത്താന്‍ പൂര്‍ണമായ ശക്തിയോടും സന്തുലനതയോടും കൂടി കര്‍മനിരതരാവുക. രണ്ടാമത്തെ, ദീനിനെ സംരക്ഷിക്കുന്നതിന് അറിഞ്ഞോ അറിയാതെയോ ഇസ്‌ലാം വിരുദ്ധശക്തികളുടെ ഉപകരണമാകാതിരിക്കാനും മുസ്‌ലിംകളെ ബോധവല്‍ക്കരിക്കുക.
ഇനി ‘യുവാക്കളില്‍ തീവ്രവാദം പ്രചരിപ്പിക്കുക’ എന്ന രണ്ടാമത്തെ വിഷയമെടുക്കാം. ഇന്ന് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും ശക്തമായ ആയുധമാണിത്. അടുത്ത കുറേ വര്‍ഷങ്ങളില്‍ കൂടി ഇതേ ആയുധം അവര്‍ പ്രയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് നമ്മുടെ മുഖ്യ അജണ്ടയായി മാറണം. തീവ്രത കൈവെടിയുകയെന്നതും സമാധാനപരമായ പ്രബോധനമെന്നതും തുടക്കം മുതല്‍ക്കേ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതിയാണ്. എങ്കിലും അക്രമങ്ങളും അനീതികളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, ഗൂഢാലോചനകളെ കുറിച്ച അതിശയോക്തിപരമായ വിവരണം നടത്തുക, ചെറുതും വലുതുമായ ദൗര്‍ബല്യങ്ങള്‍ക്കെല്ലാം മറ്റുളളവരുടെ ഗൂഢാലോചനയെ പഴി ചാരുക, അസത്യത്തിന്റെ ശക്തിയെ പര്‍വതീകരിച്ചു കാണുക, സ്വന്തത്തെ അങ്ങേയറ്റം ദുര്‍ബലരും നിരാലംബരുമായി വിലയിരുത്തുക, നിരന്തരമായ അനുശോചനം തുടര്‍ന്നു കൊണ്ടിരിക്കുക എന്നിവ പൊതുവെ യുവാക്കളില്‍ യാഥാര്‍ത്ഥ്യാധിഷ്ഠിതമല്ലാത്ത ഒരുതരം മര്‍ദ്ദിതബോധം വളര്‍ത്തിയിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ വഴികളെല്ലാം അടഞ്ഞതായി കാണപ്പെടുന്നു. പ്രതീക്ഷയുടെ ഒരു കിരണവും കാണപ്പെടുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ തീവ്രവാദ ചിന്തകള്‍ക്കും പ്രവണതകള്‍ക്കും വളക്കൂറുള്ള മണ്ണായി അവര്‍ മാറുന്നു.

ലോകത്ത് ഇസ്‌ലാമിന്റെ ഭാവി ശോഭനമാണെന്ന കാര്യം നാം നമുക്കിടയിലും മുസ്‌ലിം യുവാക്കള്‍ക്കിടയിടയിലും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ന് ഈ കാണുന്നതെല്ലാം പ്രസവവേദനയാണ്. എളുപ്പത്തിനു മുമ്പുള്ള ഞെരുക്കം. ഈ സ്ഥിതിവിശേഷത്തിനുള്ള അടിസ്ഥാനകാരണം അസത്യത്തിന്റെ ശക്തിക്ഷയവും ഇസ്‌ലാമിന്റെ വര്‍ധിച്ച വരുന്ന സ്വാധീനവുമാണ്. ഈ സ്ഥിതിഗതികള്‍ നമ്മെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ല. അല്ലാഹുവിന്റെ ദൂതന്‍ പ്രവചിച്ചിരിക്കുന്നു: അന്ത്യനാള്‍ സംഭവിക്കുന്നതിന് മുമ്പ് ഇങ്ങനെയുണ്ടാകും. ഒരാള്‍ മറ്റൊരാളുടെ ഖബറിനടുത്തു കൂടി നടക്കുമ്പോള്‍ പറഞ്ഞുപോകും: ഞാനയാളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. അക്കാലത്ത് കൊല്ലും കൊലയും വര്‍ധിക്കും. ദുഷിച്ച സാഹചര്യത്തില്‍ നിന്ന് നല്ല സാഹചര്യങ്ങള്‍ ഉടലെടുക്കും. അല്ലാഹു പറയുന്നു: ”ഒരു കാര്യം നിങ്ങള്‍കിഷ്ടകരമല്ലെങ്കിലും അതാകും നിങ്ങള്‍ക്കുത്തമം. മറ്റൊരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടകരമാണെങ്കിലും അതായിരിക്കും നിങ്ങള്‍ക്ക് ആപകല്‍ക്കരം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (അല്‍ ബഖറ). ”മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാത്ത രീതിയില്‍ എന്റെ നാഥന്‍ തന്റെ ഇച്ഛകള്‍ പൂര്‍ത്തീകരിക്കുന്നു. അവന്‍ സര്‍വജ്ഞനും യുക്തിജ്ഞനുമാണ്.” (യൂസുഫ്). കന്‍ആനിലെ ഇരുളടഞ്ഞ കിണര്‍ യൂസുഫ്(അ)ന് ഈജിപ്തിന്റെ സിംഹാസനത്തിലേക്ക് വഴിതുറന്നു. നാശത്തിന്റെ വഴികളില്‍ നിന്ന് ഉന്നതിയുടെ ഉത്തുംഗതിയിലേക്ക് ഏതെല്ലാം കവാടങ്ങളുണ്ടെന്ന് അല്ലാഹുവിനേ അറിയൂ. അല്ലാഹുവിനെക്കുറിച്ച് നമുക്ക് സദ്‌വിചാരം വെച്ചുപുലര്‍ത്താം. അടിമ അവനെകുറിച്ച് സദ്‌വിചാരം പുലര്‍ത്തുമ്പോള്‍ അല്ലാഹു അവനോടും നല്ല നിലയില്‍ വര്‍ത്തിക്കുന്നു.

ഇസ്‌ലാം വിരുദ്ധ ശക്തികള്‍ തീര്‍ച്ചയായും ഉപജാപങ്ങള്‍ നടത്തുന്നു. പക്ഷേ, ലോകത്ത് സംഭവിക്കുന്നതെല്ലാം അവരുടെ ഉപജാപങ്ങള്‍ കൊണ്ടല്ല. ഉപജാപങ്ങള്‍ വിജയിക്കുന്നതിനും പരിമിതികളുണ്ട്. അവ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. ഗൂഢാലോചന നടത്തുന്നവര്‍ സയണിസ്റ്റുകളാവട്ടെ, ഇതര ലോകശക്തികളാവട്ടെ. അല്ലാഹുവിന്റെ അപാരമായ കഴിവിനു മുന്നില്‍ നാം എത്ര നിസ്സാരരാണോ അവരും അങ്ങനെ തന്നെ. എന്നല്ല, അവരുടെ ശക്തിഹീനത നമ്മേക്കാള്‍ കൂടുതലാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് ”പിശാചിന്റെ കുതന്ത്രങ്ങള്‍ ദുര്‍ബലമാണെത്രെ. അവിശ്വാസികളുടെ കുതന്ത്രങ്ങളെ ശക്തിഹീനമാക്കുന്നവനാണ് അല്ലാഹു.” അല്ലാഹുവാണ് നന്നായി തന്ത്രം മെനയുന്നവന്‍.

ലോകത്ത് ഇസ്‌ലാമിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ യുവജനങ്ങളെ അറിയിക്കുകയും ഇസ്‌ലാമിന്റെ നേരെ വര്‍ധിച്ചു വരുന്ന താല്‍പര്യം വിശദമായവരെ ധരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. തീവ്രതയും തീവ്രതക്കും ആത്യന്തികതക്കുമൊപ്പം മിതവാദത്തിന്റെ പേരില്‍ നടക്കുന്ന അമിതവാദത്തില്‍ നിന്നും നമ്മുടെ യുവാക്കളെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. രിസാലത്തിനെ കുറിച്ച് ഇന്ന് ഇസ്‌ലാം വിരുദ്ധ ശക്തികള്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നു. പ്രവാചകചര്യയുടെ പ്രാമാണികതയെ കുറിച്ച അവഗാഹം നാമവര്‍ക്ക് പകര്‍ന്നു കൊടുക്കണം. പുതിയ സാഹചര്യത്തില്‍ ഗവേഷണചിന്തയുടെ മിതത്വവും സന്തുലിതത്വവും ഇസ്‌ലാമിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കി കൊടുക്കണം.

ഇന്ന് മുസ്‌ലിം ലോകം യുവതലമുറയുടേതാണ്. മുസ്‌ലിം രാഷ്ട്രങ്ങളിലെ ജനസംഖ്യയില്‍ 60% വും മുപ്പതു വയസ്സിനു താഴെയുള്ളവരാണ്. ലോകമാകെയുള്ള യുവജനങ്ങളുടെ 27% ആണ് മുസ്‌ലിം അനുപാതം. ഈ യുവാക്കളെ കയ്യിലെടുത്ത് അവരെ ശരിയും സന്തുലിതവും നിര്‍മാണാത്മകവുമായ വഴികളിലൂടെ സഞ്ചരിപ്പിക്കുകയും അവരുടെ കഴിവുകള്‍ ഇസ്‌ലാം വിരുദ്ധ ശക്തികളുടെ കൈകളിലേക്ക് പോകുന്നത് തടയുകയും നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടി അവ പ്രയോജനപ്പെടുത്തുകയും ചെയ്യുകയെന്നത് ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയില്‍ അഥവാ നാം വിജയികളായാല്‍ ഇന്‍ശാ അല്ലാഹ് നമ്മുടെ വഴി സുഗമമായിരിക്കും.

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മൊത്തം സ്ട്രാറ്റജിയെക്കുറിച്ച് പറഞ്ഞാല്‍, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ അവര്‍ വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയരാകേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങളില്‍ പുതിയ വഴികള്‍ വെട്ടിത്തെളിക്കണം. തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനം മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്. ഇപ്പോള്‍ ടുണീഷ്യയിലും ഈ മാതൃക ഇസ്‌ലാമികപ്രസ്ഥാനത്തെ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുകയുണ്ടായി. ഈ മാതൃകയുടെ ചില സവിശേഷതകള്‍ ചുവടെ:

1. സമ്പൂര്‍ണ്ണ വിപ്ലവമെന്ന മുദ്രാവാക്യത്തില്‍ ശഠിച്ചു നില്‍ക്കാതെ പടിപടിയായുള്ള പ്രവര്‍ത്തനം തെരെഞ്ഞെടുക്കുക. അന്തിമലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ടു തന്നെ നിലവിലുള്ള സാഹചര്യങ്ങളില്‍ എത്രത്തോളം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നുവോ അവയില്‍ ഫോക്കസ് ചെയ്യുക.
2. ഇസ്‌ലാമും ഇസ്‌ലാമിക മൂല്യങ്ങളുമായി എത്രകണ്ട് മുന്നോട്ടു പോകാന്‍ സാധിക്കുന്നുവോ അവ മുറുകെപിടിച്ചുകൊണ്ടു പോവുക. സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ പ്രതീക്ഷയില്‍ സാധ്യമാകുന്ന ഭാഗികമായ മാറ്റങ്ങള്‍ അവഗണിക്കരുത്. കാരണം മാറ്റം ക്രമപ്രവൃദ്ധമായും ഭാഗികമായുമാണ് ഉണ്ടായിത്തീരുന്നത്.
3. ഏറ്റുമുട്ടലിനു പകരം പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുക. ഇസ്‌ലാമിക വിരുദ്ധ ശക്തികളുമായുള്ള കൂട്ടുകെട്ട് മുഖേന ഭാഗികമായ നന്മകള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍  ആ സന്ദര്‍ഭവും പ്രയോജനപ്പെടുത്തുക.
4. മുഴുവന്‍ മുസ്‌ലിംകളും സ്വന്തം സഹോദരന്മാരാണെന്ന് മനസ്സിലാക്കുക. ചിന്താപരവും സംഘടനാപരവുമായ പക്ഷപാതങ്ങള്‍ വെടിഞ്ഞ് മുഴുവന്‍ മുസ്‌ലിം ഉമ്മത്തിന്റെയും നേതൃത്വമേറ്റെടുക്കുക.
5. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെങ്കില്‍ ഇസ്‌ലാമിക താല്‍പര്യങ്ങളെയും ശരീഅത്തിന്റെ വിശാലമായ പൊതു ലക്ഷ്യങ്ങളേയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുക. അപ്രകാരം ഇസ്‌ലാമിക രാഷ്ട്രീയത്തിലേക്കുള്ള പ്രയാണം സാധ്യമാക്കിത്തീര്‍ക്കുക.
6. ജനസേവനം, പൊതുപ്രശ്‌നങ്ങളുടെ പരിഹാരം എന്നിവയിലൂടെ ജനസ്വാധീനം നേടിയെടുക്കുകയും ഈ ജനശക്തി ക്രമേണ രാഷ്ട്രീയശക്തിയായി മാറ്റിയെടുക്കുകയും ചെയ്യുക.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker