മലക്കുകളില്‍ വിശ്വസിക്കുക എന്നത് ഈമാനിന്റെ ഭാഗമാണ്. ഖുര്‍ആനും നബിചര്യയും നിപവധി സന്ദര്‍ഭങ്ങളില്‍ മലക്കുകകളിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സയ്യിദ് ഖുതുബ് അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് മനുഷ്യന് നേരിട്ട് കാണാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ അവന്‍ വിശ്വസിക്കുന്നു എന്നതാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്നാണ്. കാരണം തന്റെ യുക്തിക്കപ്പുറമുള്ള കാര്യങ്ങള്‍ വിശ്വസിക്കുന്നു എന്നതാണ് മനുഷ്യനെ സവിശേഷതയുള്ള ഒരു സൃഷ്ടിയാക്കുന്നത്. സയ്യിദ് ഖുതുബ് പറയുന്നത് മലക്കുകളിലുള്ള വിശ്വാസം മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു എന്നാണ്. അദ്ദേഹം പറയുന്നത് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഭൂഷണമല്ല എന്നാണ്. കാരണം മനുഷ്യയുക്തിക്കപ്പുറമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നത് അപ്രാപ്യമാണ്. അതിനാല്‍ തന്നെ തന്റെ പരിമിതികളെക്കുറിച്ച് മനുഷ്യന്‍ ബോധവാനാകണമെന്നും ദൈവിക ജ്ഞാനം ആര്‍ജിക്കണമെന്നുമാണ് സയ്യിദ് ഖുതുബ് ഉദ്‌ഘോഷിക്കുന്നത്. അപ്പോള്‍ മാത്രമേ ഒരു യഥാര്‍ത്ഥ മുസ്‌ലിമായി ജീവിക്കാന്‍ മനുഷ്യന് സാധിക്കുകയുള്ളൂ.
അദ്ദേഹം പറയുന്നു: ‘മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവന്റെ ബുദ്ധി മാത്രമല്ല. മറിച്ച് അദൃശ്യമായ കാര്യങ്ങളിലുള്ള വിശ്വാസം കൂടിയാണ്. എന്നാല്‍ ഭൗതികവാദികള്‍ മൃഗങ്ങളുടെ ലോകത്തേക്കാണ് മനുഷ്യരെ നയിക്കുന്നത്. അവിടെയാകട്ടെ, ദൃശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. അവരിതിനെ പുരോഗമനം എന്നാണ് വിളിക്കുന്നത്. എന്നാലിത് അധപതനമാണ്. അല്ലാഹു വിശ്വാസികളെ അതില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്.’ അപ്പോള്‍ ആരാണ് മലക്കുകള്‍? എങ്ങനെയാണവര്‍ സൃഷ്ടിക്കപ്പെട്ടത്? അവരുടെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം തന്നെ സയ്യിദ് ഖുതുബ് ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. ഖുര്‍ആനെയും ഹദീസിനെയും അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മലക്കുകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു ഹദീസ് സ്ഥിരമായി ഉദ്ധരിക്കാറുണ്ട്. അതിതാണ്: ‘പ്രകാശത്തില്‍ നിന്നാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത്. അതേസമയം ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തീയില്‍ നിന്നുമാണ്. ആദമിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.’
മലക്കുകളുടെ കൃത്യമായ എണ്ണത്തെക്കുറിച്ച ചോദ്യത്തിന് അത് അല്ലാഹുവിന് മാത്രമാണറിയുക എന്നാണ് ഖുതുബ് ഉത്തരം നല്‍കുന്നത്. മലക്കുകള്‍ ഒരപാടുണ്ടെങ്കിലും അവരുടെ എണ്ണത്തെക്കുറിച്ച ജ്ഞാനം മനുഷ്യര്‍ക്ക് അറിയിച്ച് തന്നിട്ടില്ല എന്നാണദ്ദേഹം പറയുന്നത്. അറബികള്‍ക്ക് ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ മലക്കുകളെക്കുറിച്ച ജ്ഞാനം ഉണ്ടായിരുന്നു എന്ന് ഖുതുബ് സൂചിപ്പിച്ചുണ്ട്. ഒന്നുകില്‍ അവര്‍ക്കിത് വേദങ്ങളില്‍ നിന്നോ അല്ലെങ്കില്‍ പേര്‍ഷ്യന്‍ സംസ്‌കാരവുമായുള്ള ബന്ധത്തില്‍ നിന്നോ ആണ് ലഭിച്ചിട്ടുള്ളത്. അതേസമയം അവര്‍ക്ക് കൃത്യമായ ജ്ഞാനം അതേക്കുറിച്ച് ഉണ്ടായിരുന്നില്ല. സയ്യിദ് ഖുതുബ് എഴുതുന്നു: ‘അറബികള്‍ക്ക് മലക്കുകളെക്കുറിച്ച് അറിയാമായിരുന്നു. പ്രവാചകനോടൊപ്പം ഒരു മലക്കിനെയും അയക്കണമെന്ന് അവര്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എങ്കില്‍ മാത്രമേ തങ്ങള്‍ വിശ്വസിക്കുകയുള്ളൂ എന്നാണവര്‍ പറഞ്ഞത്. എന്നലവര്‍ക്ക് അതേക്കുറിച്ച ശരിയായ ജ്ഞാനം ഉണ്ടായിരുന്നില്ല.’ ചില അറബികള്‍ മലക്കുകളെ അല്ലാഹുവിന്റെ മക്കളായാണ് കണക്കാക്കിയിരുന്നതെന്ന് ഖുതുബ് സൂചിപ്പിക്കുന്നുണ്ട്.
ജാഹിലിയ്യ അറബികള്‍ക്ക് വേണ്ടത് മലക്കുകളെ നേരിട്ട് കാണുക എന്നതായിരുന്നു. അവര്‍ പ്രവാചകനോട് ആവശ്യപ്പെട്ടത് അതായിരുന്നു. അതുപോലെ ജൂതസമുദായം മലക്കുകളെക്കുറിച്ച്, പ്രത്യേകിച്ച് ജിബ്‌രീല്‍, മിഖായീല്‍ എന്നീ മലക്കുകളെക്കുറിച്ച് നിരവധി മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു. അവര്‍ മനസ്സിലാക്കിയിരുന്നത് ജിബ്‌രീല്‍ നാശത്തിന്റെ മലക്കും മിഖായീല്‍ സമൃദ്ധിയുടെ മലക്കുമാണെന്നായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ തെറ്റിദ്ധാരണകളെ തിരുത്തുകയാണുണ്ടായത്. തെറ്റായ ധാരണകളെയെല്ലാം തിരുത്തിക്കൊണ്ട് മലക്കുകളെക്കുറിച്ച ശരിയായ ഒരു ചിത്രം അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. മലക്കുകളുടെ ഒരു പ്രധാന ധര്‍മ്മമായി ഖുര്‍ആന്‍ പറയുന്നത് അവര്‍ സൃഷ്ടാവായ അല്ലാഹുവിനെ സദാസമയവും അനുസരിക്കുന്നു എന്നതാണ്. അനുസരിക്കുന്നതിലൂടെയാണ് അവര്‍ അല്ലാഹുവിനുള്ള ആരാധന നിര്‍വ്വഹിക്കുന്നത്. മലക്കുകള്‍ നിര്‍വ്വഹിക്കുന്ന മറ്റൊരു പ്രധാന ധര്‍മ്മം ദൈവത്തിന്റെ സന്ദേശ വാഹകര്‍ എന്നതാണ്. അവരാണ് പ്രവാചകന്‍മാര്‍ക്കുള്ള ദൈവിക സന്ദേശം എത്തിച്ച് കൊടുക്കുന്ന മാധ്യമമായി പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവാചകന്‍മാര്‍ക്ക് ദൈവിക സന്ദേശം എത്തിച്ച് കൊടുക്കുന്നത് മലക്കുകളാണ് എന്ന് ചുരുക്കം.
അത്‌പോലെ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം മനുഷ്യരുടെ ജീവനെടുക്കുക എന്ന ധര്‍മ്മവും മലക്കുകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. അതേസമയം, അതേക്കുറിച്ച വിശദമായ ഒരു ചര്‍ച്ച സയ്യിദ് ഖുതുബ് നടത്തുന്നില്ല. അദ്ദേഹം പറയുന്നു: ‘ആരാണ് മരണത്തിന്റെ മലക്ക്? എങ്ങനെയാണ് ആ മലക്ക് ജീവനെടുക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക സാധ്യമല്ല. കാരണം മനുഷ്യന്റെ യുക്തിക്കപ്പുറമുള്ള ലോകത്തിലാണ് അത് സംഭവിക്കുന്നത്.’ അല്ലാഹുവിന്റെ സിംഹാസനത്തിന് സമീപം നിലകൊള്ളുന്ന മലക്കുകളെക്കുറിച്ച ഖുതുബിന്റെ വിശദീകരണവും സമാനമാണ്. എന്താണ് സിംഹാസനം? അല്ലാഹു സിംഹാസനത്തിലിരിക്കുമോ? എന്തിനാണ് അല്ലാഹുവിന് സിംഹാസനം? തുടങ്ങിയ ചോദ്യങ്ങളെല്ലാം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ് എന്നാണ് ഖുതുബ് പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് മനുഷ്യന്റെ അഹങ്കാരത്തെ ഇല്ലാതാക്കുന്ന കാര്യം കൂടിയാണ്. കാരണം തന്റെ അനുഭവത്തിനും കാഴ്ചകള്‍ക്കും പരിമിതിയുണ്ടെന്നും അതിനപ്പുറം വേറൊരു ലോകമുണ്ടെന്നുമുള്ള ബോധം അവനെ അഹങ്കാരത്തില്‍ നിന്ന് രക്ഷിക്കുകയും അല്ലാഹുവിന്റെ താഴ്മയുള്ള അടിമയായി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വിവ: സഅദ് സല്‍മി
ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ – 2
ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ – 4