Current Date

Search
Close this search box.
Search
Close this search box.

പ്രണയകാമനകളുടെ ഖുര്‍ആനിക ഭാഷ്യം

I-love-You.jpg

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി ബോധവാന്മാരായിരിക്കണം. ഒരേ സ്വത്വത്തില്‍ നിന്ന് നിങ്ങള്‍ക്കുയിരു തന്നതവനാകുന്നു. അതില്‍ നിന്ന് തന്നെയാണ് നിങ്ങളുടെ ഇണയ്ക്കും അസ്തിത്വം ലഭിച്ചത്. എന്നിട്ടാ യുഗ്മത്തില്‍ നിന്നത്രേ ലോകത്തെമ്പാടും സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിച്ചത് (ഖുര്‍ആന്‍ അന്നിസാഅ്: 1).

എല്ലാ ഗോത്ര, വംശ വൈവിധ്യങ്ങളെയും മനുഷ്യന്‍ എന്ന ഏകസ്വത്വത്തിലേക്ക് ചുരുക്കുന്ന പ്രസ്താവമാണ് ഇത്. അതിനെക്കാള്‍ പ്രധാനം ഇണ, പ്രണയം, രതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിലേക്ക് വികസിക്കുന്ന ദര്‍ശനമാണ് ഇത് എന്നതാണ്.

മനുഷ്യനിലേക്കുണര്‍ന്ന ഹോമോ സേപ്പിയന്‍സിനെ ഖുര്‍ആന്‍ ആദം എന്ന് വിളിക്കുന്നു. എബ്രായ ഭാഷയിലെ (ഹീബ്രു) ആദാം എന്ന പദത്തിന് to be red എന്നാണ് അര്‍ത്ഥം. മനുഷ്യ ചര്‍മത്തിന്റെ ruddy colour നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറയാം. ചര്‍മത്തിന്റെ നിറം എന്നതിലുപരി ചുവക്കുക എന്നത് മനുഷ്യന്റെ വൈകാരിക പ്രകൃതത്തെ സൂചിപ്പിക്കുന്നു. ആദ്യത്തെ സെമിറ്റിക് ഭാഷാ ജനത മെസൊപൊട്ടേമിയയിലെ അക്കേദിയന്മാരാണല്ലോ. അക്കേദിയന്‍ ഭാഷയില്‍ നിന്നാണ് എബ്രായയില്‍ ആ പദം വന്നത്. അക്കേദിയനിലാകട്ടെ, അദമു (adamu) എന്ന ഒരു പ്രയോഗമുണ്ട്. to make എന്നാണ് അതിനര്‍ത്ഥം. ആയിത്തീരുക എന്ന് മലയാളം, സൃഷ്ടിക്കുക എന്നും. ആയിത്തീരുന്നവനാണ് മനുഷ്യന്‍ എന്നാണ് തനാക്കിന്റെ (യൂദ വേദം, പഴയ നിയമം എന്നറിയപ്പെടുന്നു) തത്വം. അദമാ എന്ന മറ്റൊരു എബ്രായ പദത്തെയും ആദാമിന്റെ നിഷ്പത്തിയായി ചൂണ്ടിക്കാണിക്കാറുണ്ട്. മണ്ണ് അഥവാ ഭൂമി എന്നര്‍ത്ഥം.

ഇതില്‍ നിന്നൊക്കെ രൂപം കൊണ്ട ആദാം എന്ന വാക്കിന് ശരിക്കും പറയാവുന്ന അര്‍ത്ഥം മനുഷ്യന്‍ എന്ന് തന്നെയാകുന്നു. ആയിത്തീരുക എന്ന അര്‍ത്ഥത്തില്‍ ഹോമോ സേപ്പിയന്‍സ് എന്ന ജീവജാതി മനുഷ്യന്‍ ആയിത്തീരുകയാണ് ചെയ്യുന്നത് എന്ന് പറയാം.

ആദമിനെയും അവന്റെ ഇണയെയും ചേര്‍ത്ത ഒരാഖ്യാനമാണ് ഖുര്‍ആന്‍ നടത്തുന്നത്. ഇണയോടൊപ്പം ഈ തോട്ടത്തിലെ, ഉലകത്തിലെ, ജീവിതത്തിലെ മധുരഫലങ്ങള്‍ ആസ്വദിക്കുവിന്‍ എന്നാണ് ദൈവത്തിന്റെ പ്രഥമ കല്‍പന. പ്രണയത്തെയും ജീവിതത്തെയും സംബന്ധിച്ച ഏറ്റവും പ്രകാശമാനവും ഉജ്വലവുമായ കാഴ്ചപ്പാടാണ് ഇവിടെ വേദഗ്രന്ഥം മുന്നോട്ടു വെക്കുന്നത് എന്ന് കാണാം. പെണ്ണ് പാപമാണെന്നും വിലക്കപ്പെട്ട കനി രതിയാണെന്നും ഒക്കെയുള്ള വൈരാഗ്യ കാഴ്ചപ്പാടിനെ നിരാകരിക്കുകയാണ് അത് ചെയ്യുന്നത്.

മനുഷ്യനും ഇണയും എന്ന ദൈ്വതത്തിലെ മനുഷ്യന്റെ ലിംഗവിഭാഗമേത് എന്ന അന്വേഷണം പ്രസക്തമല്ല. അതിന് ശാസ്ത്രീയമോ തത്വശാസ്ത്രപരമോ ആയ ഉത്തരം സാധ്യവുമല്ല. അതുകൊണ്ടായിരിക്കാം, ആദമിന്റെ ഇണയുടെ പേര് ഖുര്‍ആന്‍ പറയുന്നില്ല. ആധികാരികമായ നബിവചനങ്ങളിലും അതില്ലെന്നാണ് ഇതെഴുതുന്നയാളിന്റെ അറിവ്.

അതേസമയം ഹീബ്രു പാരമ്പര്യത്തില്‍ ഹവ്വ എന്ന ഒരു പേര് പറയുന്നുണ്ട്. ഇത് മുസ്‌ലിം പാരമ്പര്യത്തിലും സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇണ എന്ന നിലക്ക് ഈ പദത്തിനുമുണ്ട് തത്വചിന്താപരമായ ഒരു സൗന്ദര്യം.

ചവ്വാഹ് എന്നതാണത്രേ ഇതിന്റെ ഹീബ്രു ഒറിജിന്‍. to breath എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിനോട് ബന്ധമുള്ള ഹയാ എന്നതില്‍ നിന്നാണ് ഹവ്വ (Eve) വന്നത് എന്നും പറയപ്പെടാറുണ്ട്. to live എന്നാണ് ഇതിന്റെ അര്‍ത്ഥം. അറബിയില്‍ ഈ പദം ഹയാ, ഹയ്യ് എന്നീ പ്രയോഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ജീവിതം (life) ആണ് ഹയാ (ഹയാത്) എങ്കില്‍ ഹയ്യ് എന്നാല്‍ ജീവത്തായത് (living) എന്നര്‍ത്ഥം.

ഈ വിശകലനങ്ങള്‍ പ്രകാരം ഹവ്വാ എന്നതിന് living one എന്നോ source of life (or giver of life) എന്നോ അര്‍ത്ഥം പറയാം.

ചുരുക്കിപ്പറഞ്ഞാല്‍ ആദം എന്നാല്‍ മനുഷ്യന്‍. മനുഷ്യന് ഉയിര് നല്‍കുന്നതെന്തോ അത് ഹവ്വ, അഥവാ അതാണ് പ്രണയം. എത്ര മനോഹരമായാണ് മനുഷ്യന്റെ സ്വത്വത്തെയും സത്തയെയും വേദപുസ്തകം പ്രണയത്തിലേക്കും രതിയിലേക്കും ചേര്‍ത്തു വെക്കുന്നതെന്ന് നോക്കൂ. ഇത്തരം ഉല്‍പ്രേക്ഷകളുടെ മിത്തുവല്‍ക്കരണത്തില്‍ നിന്നാണ് സ്വയം പാപവും പാപപ്രേരണയുമായ പെണ്ണ് ജനിക്കുന്നത്. തല്‍മൂദിന്റെ ബാബിലോണിയന്‍ വെര്‍ഷനില്‍ (തല്‍മൂദ് ബാബിലി എന്നും തല്‍മൂദ് യരുശാല്‍മി എന്നും രണ്ട് വെര്‍ഷനുണ്ട.് തനാക്ക് കഴിഞ്ഞാല്‍ യൂദരുടെ ഏറ്റവും പ്രധാന മതഗ്രന്ഥമായ തല്‍മൂദിന്) സമത്വം വാദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ലിലിത്ത് ആണ് ആദ്യത്തെ സ്ത്രീ എന്നും പിന്നീട് അത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ആദാമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചതെന്നും ഒരു കഥ കയറിക്കൂടിയിട്ടുണ്ട്.

പ്രണയച്ചരടില്‍ ഇണകളെ കോര്‍ത്തുവെക്കുമ്പോഴും ഓരോരുത്തരുടെയും വ്യക്തിത്വം പ്രധാനമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഈ ജീവിതത്തോപ്പില്‍ നിന്ന് നിങ്ങള്‍ സ്വച്ഛന്ദം ആഹരിക്കുക എന്ന് പറയുന്നേടത്ത് ഹയ്ഥു ശിഅ്തുമാ എന്നാണ് പ്രയോഗം. ഇരുവര്‍ക്കും ഇഷ്ടമുള്ളത് എന്നര്‍ത്ഥം. എന്നുവെച്ചാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം പ്രധാനമാണ്.

ഈ ഇരുവരുടെ ഇഷ്ടം എന്നതിനെ തന്റെ ഇഷ്ടം എന്നതാക്കി പരിവര്‍ത്തിപ്പിക്കുന്നേടത്താണ് പുരുഷാധിപത്യപരമായ ചട്ടക്കൂട് മാത്രമായി കുടുംബം തരം താഴുന്നത്. സ്വച്ഛന്ദതയാണ് പ്രണയത്തിന്റെ കാതല്‍, അതില്‍ അധികാരപ്രയോഗങ്ങളില്ല. ഇഷ്ടം, ശീലം, സൗഹൃദങ്ങള്‍ എന്നിവ ഓരോ വ്യക്തിക്കും പ്രധാനമാണ്. അതിന് കിട്ടുന്ന പിന്തുണയാണ് പങ്കാളിയോടുള്ള അഭിനിവേശത്തെ ത്വരിപ്പിക്കുക.

മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത്, നിങ്ങളില്‍ നിന്ന് തന്നെ നിങ്ങളുടെ ഇണയെയും സൃഷ്ടിച്ചത് അല്ലാഹുവിന്റെ അടയാളങ്ങളില്‍പ്പെട്ടതാകുന്നു എന്നാണ്. ഇണയുടെ സാന്നിധ്യത്തില്‍ നിങ്ങളില്‍ ശാന്തി നിറയാന്‍ എന്ന് തുടരുന്നു. ഒപ്പം നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രണയവും കാരുണ്യവും നിക്ഷേപിച്ചു എന്നും (അര്‍റൂം: 21). ഓരോ വ്യക്തിയുടെയും സ്വത്വത്തിന്റെ പൂര്‍ണതയുമായി ബന്ധപ്പെട്ടതാണ് ഇണയുടെ സാന്നിധ്യം. വ്യക്തിത്വത്തിന്റെ പൂര്‍ണതയാണല്ലോ വ്യക്തിയുടെ ശാന്തിയുടെ ആധാരം. ഈ ശാന്തി കരസ്ഥമാക്കുന്നതിനുള്ള കരുക്കള്‍ പ്രണയ കാരുണ്യങ്ങള്‍ തന്നെ.

ചാര്‍ലി ചാപ്ലിന്റെ മൊസ്യൂ വെര്‍ദൂ (Monsieur Verdoux) എന്ന സിനിമയില്‍ ഒരു പെണ്‍കുട്ടിയോട് വെര്‍ദു വാട്ട് ഇസ് ലൗ എന്ന് ചോദിക്കുന്നുണ്ട്. അതിന് ആ പെണ്‍കുട്ടി പറയുന്ന മറുപടി ഇതാണ്: Giving, Sacrificing. The same way a mother feels for her child. പ്രണയത്തെ ആത്മീയതയിലേക്കുയര്‍ത്തുന്ന നിര്‍വചനമാണിത്. പ്രണയം സ്വാര്‍ത്ഥമാണ്, എന്നാല്‍ ആ സ്വാര്‍ത്ഥത പരാര്‍ത്ഥൈകമാണ്. സ്വാഭിനിവേശങ്ങള്‍ പ്രധാനമായിരിക്കെത്തന്നെ ഒരുതരം self devotion തന്നെയാണത്.

വിഖ്യാതമായ റൂമിക്കഥയുടെ ആഴവും ഇതു തന്നെ. പുറത്താരാണ് എന്ന കാമിനിയുടെ ചോദ്യത്തിന് പുറത്ത് ഞാനാണെന്ന് കാമുകന്റെ മറുപടി. രണ്ടു പേര്‍ക്കിരിക്കാനുള്ള ഇടമില്ലിവിടെ, പോവുക എന്ന് അകത്തു നിന്ന് ശബ്ദം. പിറ്റേന്നും ഇതു തന്നെ ആവര്‍ത്തിച്ചു. മൂന്നാം നാള്‍ പുറത്താരാണ് എന്ന ചോദ്യത്തിന് കാമുകന്‍ പുറത്ത് നീയാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു എന്നാണ്.

ഇപ്രകാരം ഞാന്‍ നീയായിത്തീരുമ്പോഴും ഇരുവര്‍ക്കുമിടയില്‍ ഹയ്ഥു ശിഅ്തുമാ എന്ന, മേല്‍പ്പറഞ്ഞ തത്വം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഖുര്‍ആന്‍ പ്രഘോഷിക്കുന്ന മധ്യമദര്‍ശനത്തിന്റെ സ്വഭാവവുമാണ്.

മൊസ്യു വെര്‍ദു എന്ന സിനിമയില്‍ത്തന്നെ കരുണയെയും നിര്‍വചിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ പ്രതീകമാണ് ഇതിലെ വെര്‍ദു എന്ന കഥാപാത്രം. തന്നിലെ മനുഷ്യത്വം പ്രവര്‍ത്തനക്ഷമമാകാതിരിക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ദയാരഹിതമായ ഒരു വ്യവഹാരമാണ് വ്യാപാരം (Business is a ruthless business) എന്നതാണ് അയാളുടെ സിദ്ധാന്തം. അങ്ങനെയുള്ള എല്ലാവരെയും പോലെ അയാള്‍ എപ്പോഴും ലോകത്തെ കുറ്റപ്പെടുത്തുന്നു. ലോകം തന്നെ ദയാരഹിതവും ക്രൂരവുമാണ് എന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ വളരെ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്ന അതേ പെണ്‍കുട്ടി തന്നെ അതിന് ഇങ്ങനെ മറുപടി പറയുന്നു: It’s a blundering world and a very sad one, yet a little kindness can make it beautiful. വെര്‍ദുവിലെ മനുഷ്യന്‍ ഉണര്‍ന്നെങ്കിലും അയാളിലെ മൂലധനോപാസകന്‍ ഉടന്‍ ജാഗ്രത്തായി. നിന്റെ തത്വശാസ്ത്രം എന്നെ ചീത്തയാക്കുന്നതിന് മുന്നേ നീ ഇവിടെ നിന്ന് പോകുന്നതാണ് നല്ലത്, അയാള്‍ പറഞ്ഞു.

ചാപ്ലിന്‍ സിനിമയിലെ ഈ രണ്ട് വാക്യങ്ങളിലുണ്ട് പ്രണയത്തെയും കാരുണ്യത്തെയും കുറിച്ച ശരിയായ വര്‍ത്തമാനങ്ങള്‍.

ശേഷം ഇണകളുടെ പാരസ്പര്യത്തെ ഖുര്‍ആന്‍ ഇങ്ങനെ ഉപമിക്കുന്നു, നിങ്ങളുടെ ഇണകള്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെയും.

ഈ വസ്ത്രം, ഈ ആവരണമാണ് ശരിയായ സാന്ത്വനം. ഖദീജയോട് നബി ‘സമ്മിലൂനീ’ എന്ന് പറഞ്ഞേടത്ത് ഇതുണ്ട്. വിറ പൂണ്ടു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പ്രേയസിയുടെ ശരീരത്തിന്റെയും പ്രണയത്തിന്റെയും ഊഷ്മളതയാണ് പ്രവാചകന്‍ കൊതിച്ചത് എന്ന് പറയാം. പുതപ്പ് എന്ന ഉപകരണം അവിടെ അപ്രധാനമാണ്. ഖദീജ പ്രണയത്തിന്റെ ആകാരമാണ്, സാന്ത്വനത്തിന്റെ മാലാഖയാണ്, ഇണയുടെ അന്തസ്സും കരുത്തുമാണ്. നിങ്ങളും ഇണകളും പരസ്പരം വസ്ത്രമാണ് എന്ന വചനത്തില്‍ ഇതെല്ലാം അടങ്ങുന്നുണ്ട്. അതേസമയം സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിയുടെ അന്തസ്സായി വര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തത്വത്തിനും മാതൃകയാണ് അവരുടെ ജീവിതം.

ഉയിരില്‍ തുടങ്ങി സാന്ത്വനത്തിലൂടെയും പ്രണയ കാരുണ്യങ്ങളിലൂടെയും വികസിച്ച് അന്തസ്സുള്ള, അനിവാര്യമായ ആവരണം എന്ന സങ്കല്‍പത്തില്‍ നില്‍ക്കുന്നതാണ് കാമനകളെക്കുറിച്ച ഖുര്‍ആനിക വിചാരം എന്നര്‍ത്ഥം.

 

Related Articles