Studies

നീതിയും പരസ്പരവിശ്വാസവും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മുഖമുദ്ര

ഇസ്‌ലാമിക സമൂഹത്തിന്റെ പ്രധാന മൂല്യങ്ങളിലൊന്നാണ് ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള പരസ്പര വിശ്വാസം. ഒരു ഭരണാധികാരി തന്റെ ഭരണത്തെ അമാനത്തായാണ് (സൂക്ഷിപ്പുമുതല്‍) മനസ്സിലാക്കേണ്ടത്. ഭരണീയരും അങ്ങനെയാണ് മനസ്സിലാക്കേണ്ടതുണ്ട്. അതിലൂടെ പരസ്പര വിശ്വാസത്തോടും സഹകരണത്തോടും കൂടിയുള്ള ഒരു സാമൂഹികാന്തരീക്ഷം രാജ്യത്ത് സംജാതമാകുന്നു. മാത്രമല്ല, ഒരു രാജ്യത്തെ പൗരന്‍മാര്‍ തമ്മിലുണ്ടാവേണ്ട പരസ്പര ബന്ധത്തെക്കുറിച്ച് സയ്യിദ് ഖുതുബ് പലയിടങ്ങളിലും ഊന്നിപ്പറയുന്നുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങളെന്ന പോലെയാകണം അവര്‍ ജീവിക്കേണ്ടത്. ഖുതുബ് എഴുതുന്നു: ‘ജനങ്ങളുടെ ഇടയിലുള്ള ബന്ധങ്ങള്‍ നന്നാവേണ്ടതുണ്ട്. പരസ്പര വിശ്വാസത്തോടൈയായിരിക്കണം അവര്‍ ദൈനംദിന വ്യവഹാരങ്ങളില്‍ ഏര്‍പ്പെടേണ്ടത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ അത് സാധ്യമാകൂ’. വലിയ പ്രാധാന്യത്തോടെയാണ് സയ്യിദ് ഖുതുബ് പൗരന്‍മാര്‍ക്കിടയിലെ പരസ്പര വിശ്വാസത്തെ കാണുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

എല്ലാ സമൂഹങ്ങളിലും കുറ്റകൃത്യങ്ങളും കുറ്റവാളികളും ഉണ്ടാകും എന്നതൊരു വസ്തുതയാണ്. എന്നാല്‍ പൗരന്‍മാര്‍ക്കിടയില്‍ പരസ്പര വിശ്വാസം സൃഷ്ടിക്കാനായാല്‍ കുറ്റകൃത്യങ്ങളുടെ അളവ് ക്രമാതീതമായി കുറയും. പിന്നെ അവിടെ ജനജീവിതത്തെ നിയന്ത്രിക്കാന്‍ നിയമം വേണ്ടി വരില്ല. പോലീസിന്റെയോ പട്ടാളത്തിന്റെയോ സഹായമില്ലാതെ തന്നെ സമാധാനത്തോടു കൂടിയുള്ള ഒരു സാമൂഹ്യജീവിതം അവിടെ സാധ്യമാണ്. സയ്യിദ് ഖുതുബ് ഊന്നിപ്പറയുന്ന മറ്റൊരു മൂല്യം എന്നത് നീതിയാണ്. അനീതിയുടെ മേല്‍ കെട്ടിപ്പടുക്കപ്പെട്ട ലോകത്തില്‍ ഒരു സമൂഹത്തിനും അതിജീവനം സാധ്യമാകില്ലെന്നാണ് ഖുതുബ് പറയുന്നത്. അതിനാല്‍ തന്നെ വിശ്വാസികള്‍ തങ്ങളോടും അവിശ്വാസികളോടും നീതി പുലര്‍ത്തണമെന്നാണ് ഖുതുബ് ആവശ്യപ്പെടുന്നത്. ഇസ്‌ലാം ഒരിക്കലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഒന്നും അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് അവിശ്വാസികളോടും നീതിപുലര്‍ത്തണമെന്ന ഇസ്‌ലാമിക അധ്യാപനത്തെ ഖുതുബ് ഇവിടെ ഊന്നിപ്പറയുന്നത്.

നീതിയെക്കുറിച്ച ഇസ്‌ലാമിന്റെ സങ്കല്‍പ്പം സാര്‍വ്വലൗകികമാണെന്നാണ് ഖുതുബ് പറയുന്നത്. വര്‍ഗം, വംശം, കുടുംബം, ഗോത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ നീതിയെ മനസ്സിലാക്കുന്നതും നിര്‍വ്വചിക്കുന്നതും ഇസ്‌ലാമിന് അന്യമാണ്. മാത്രമല്ല, ജനങ്ങളോട് നീതിപൂര്‍വ്വം വര്‍ത്തിക്കാത്ത ഭരണാധികാരികളെ ഇസ്‌ലാം ശക്തമായ ഭാഷയിലാണ് താക്കീത് ചെയ്യുന്നത്. നീതിപൂര്‍വ്വകമായ ഒരു ബന്ധം വിശ്വാസികള്‍ക്കിടയില്‍ നിലനിര്‍ത്താന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് സയ്യിദ് ഖുതുബ് മുന്നോട്ട് വെക്കുന്നത്. സഹിഷ്ണുതയും ദൈവഭക്തിയുമാണവ. സഹിഷ്ണുതയോട് കൂടി ഒരാള്‍ക്ക് പെരുമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരിക്കലും അയാള്‍ക്ക് അപരരോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നാണ് ഖുതുബ് പറയുന്നത്. അത് പോലെ തന്നെ അല്ലാഹുവിലുള്ള ഭയം ഒരു ഭരണാധികാരിയെ സദാസമയവും ഉത്തരവാദിത്വബോധമുള്ളവനാക്കുമെന്നും ഒരിക്കല്‍ പോലും ഭരണീയരോട് അനീതിയോടെ വര്‍ത്തിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും ഖുതുബ് സൂചിപ്പിക്കുന്നുണ്ട്.

അതിനാല്‍ തന്നെ നീതിബന്ധിതമായ ഒരു സാമൂഹ്യ സാഹചര്യത്തിന്റെ സൃഷ്ടിപ്പ് വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നതെന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്. വിശ്വാസത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്ത സമൂഹങ്ങളിലാണ് അനീതിയും അക്രമവും അസഹിഷ്ണുതയും വളരുക എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹുവുമായുള്ള ബന്ധം ദൃഢമായി കാത്തുസൂക്ഷിക്കുന്ന ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അയാളുടെ ഓരോ ചുവടും സൂക്ഷമതയോടെയായിരിക്കും. മരണശേഷം താന്‍ ദൈവത്തിന് മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരുമല്ലോ എന്ന ബോധം അയാളെ സ്ഥിരമായി വേട്ടയാടുകയും ചെയ്യും. ഖുലഫാഉറാശിദുകളുടെ ചരിത്രം അതാണ് നമുക്ക് കാട്ടിത്തരുന്നത്. ഈയൊരു ബോധം വേട്ടയാടിയത് കൊണ്ടാണ് രാത്രികാലങ്ങളില്‍ വേഷം മാറി ജനക്ഷേമമന്വേഷിച്ച് നടക്കാന്‍ ഉമര്‍(റ)ന് പ്രേരണയായത്. ദൈവഭക്തരായ ഭരണാധികാരികള്‍ ജനങ്ങള്‍ നീതി ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അത് നിര്‍വ്വഹിച്ച് കൊടുക്കാന്‍ തയ്യാറായിരിക്കും എന്നതിന്റെ ചെറിയൊരുദാഹരണം മാത്രമാണ് ഉമറിന്റെ ചരിത്രം.

സയ്യിദ് ഖുതുബ് ഇസ്‌ലാമിലെ നീതിയെക്കുറിച്ച സങ്കല്‍പ്പം വിവരിക്കുന്നതോടൊപ്പം തന്നെ ചരിത്രത്തില്‍ നിന്ന് പല ഉദാഹരണങ്ങളും കാണിച്ച് തരുന്നുണ്ട്. വെറുപ്പും വിദ്വേഷവും വെച്ച്പുലര്‍ത്തിക്കൊണ്ട് ഭരണാധികാരികള്‍ ഒരിക്കലും ഭരണീയരോട് പെരുമാറരുതെന്ന് ഖുതുബ് പറയുന്നുണ്ട്. പ്രവാചകന്റെ കാലത്ത് മക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും തടഞ്ഞ ഖുറൈശികളോട് ഒരിക്കലും അനീതിയോടെ വര്‍ത്തിക്കരുതെന്ന വിശ്വാസികളോടുള്ള ഖുര്‍ആന്റെ ആജ്ഞയെ മുന്‍നിര്‍ത്തിയാണ് ഖുതുബ് ഇവിടെ സംസാരിക്കുന്നത്. അദ്ദേഹം എഴുതുന്നു: ‘ആത്മനിയന്ത്രണവും സഹിഷ്ണുതയും അല്ലാഹുവിലുള്ള വിശ്വാസത്തിലൂടെയാണ് വിശ്വാസികള്‍ക്ക് കൈവരിക്കാന്‍ സാധിക്കുക. ഒരു ജനവിഭാഗത്തോടുള്ള  വിദ്വേഷം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ ഇടയാകരുതെന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിനാല്‍ ഒരിക്കല്‍ പോലും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയും ഭരണീയരും പരസ്പരം അനീതിയോടെ വര്‍ത്തിക്കാന്‍ പാടുള്ളതല്ല.’

സാര്‍വ്വലൗകിക ദര്‍ശനമാണ് ഇസ്‌ലാം എന്നത് കൊണ്ട് തന്നെ നീതിയെക്കുറിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളും സാര്‍വ്വലൗകികമാണ്. അതിനാല്‍ തന്നെ നീതിയെക്കുറിച്ച അധ്യാപനങ്ങള്‍ വെറും സൈദ്ധാന്തിക തലങ്ങളില്‍ മാത്രം ഒതുങ്ങിയാല്‍ പോരെന്നും മറിച്ച് പ്രായോഗിക തലങ്ങളിലേക്ക് വികസിപ്പിക്കേണ്ടതുണ്ടെന്നും ഖുതുബ് ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം തന്നെ മുസ്‌ലിംകള്‍ക്കിടയിലും വേദക്കാര്‍ക്കിടയിലും മാത്രം സ്ഥാപിക്കപ്പെടേണ്ട ഒന്നല്ല നീതി എന്നത്. മറിച്ച, അമുസ്‌ലിംകള്‍ക്കിടയിലും നീതി സംസ്ഥാപിക്കാന്‍ വിശ്വാസികള്‍ തയ്യാറാകേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ഇസ്‌ലാമിക ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. കറുത്തവന്‍, വെളുത്തവന്‍, വിശ്വാസി, അവിശ്വാസി, അറബി, അനറബി എന്നിങ്ങനെയുള്ള വിവേചനങ്ങളൊന്നുമില്ലാതെയാണ് നീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഇസ്‌ലാം എക്കാലത്തും അഭിമുഖീകരിച്ചിട്ടുള്ളതെന്ന് സയ്യിദ് ഖുതുബ് ചൂണ്ടിക്കാണിക്കുന്നു.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ – 1

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ – 3

Facebook Comments
Related Articles

ഡോ. ബദ്മാസ് ലാന്റെ യൂസുഫ്

നൈജീരിയയിലെ ഹോറിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനത്തില്‍ സീനിയര്‍ ലക്ച്ചറും നൈജീരിയയിലെ ഹിലാല്‍ ജുമുഅത്ത് പള്ളിയില്‍ ഇമാമുമാണ് ഡോ.ബദ്മാസ് ലാന്റെ യൂസുഫ്. ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ദാറുല്‍ കലാം സയന്‍സ് അക്കാദമി എന്ന ഒരു സ്ഥാപനവും നടത്തുന്നുണ്ട്. സയ്യിദ് ഖുതുബിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ ഫീ ളിലാലില്‍ ഖുര്‍ആനിനെ സംബന്ധിച്ച് അദ്ദേഹം രചിച്ച പുസ്തകമാണ് Sayyid Qutb: A Study of His Tafsir

Close
Close