ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സയണിസ്റ്റ് പദ്ധതി ഒരു കുടിയേറ്റ അധിനിവേശമായിരുന്നു. ഫലസ്തീന് പ്രശ്നത്തെക്കുറിച്ച എഴുത്തുകളിലൊന്നും തന്നെ അതിനെക്കുറിച്ച പറയുന്നില്ല. ഇതര രാഷ്ട്രങ്ങളില്‍ നടന്ന അധിനിവേശങ്ങളെപ്പോലെത്തന്നെയാണ് ഫലസ്തീന് അധിനിവേശത്തെയും അവ കാണുന്നത്. നഖബാ സംഭവത്തിന് ശേഷം ഇസ്രയേല്‍ രൂപീകരിച്ച ഫലസ്തീന് നയം യഥാര്‍ത്ഥത്തില്‍ ഈ കുടിയേറ്റ അധിനിവേശത്തിന്റെ സാധ്യതകളെ വിപുലപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു. അഥവാ, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ജൂലാന്‍ കുന്നുകളിലെയും തദ്ദേശീയരായ ഫലസ്തീനികളുടെ ജനസംഖ്യ ക്രമാതീതമായി കുറച്ച് കൊണ്ട് ഇസ്രയേലികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയായിരുന്നു അവര്‍ തുടക്കത്തില്‍ നടപ്പിലാക്കിയത്. ഭൂമി പിടിച്ചടക്കിക്കൊണ്ട് തദ്ദേശിയരെ നാടുകടത്തുകയോ വംശീയ ഉന്മൂലനത്തിന് വിധേയമാക്കുകയോ ചെയ്യുക എന്നതാണ് കുടിയേറ്റ അധിനിവേശത്തിന്റെ പ്രത്യേകത.
ഇസ്രയേല്‍ ഒരു രാഷ്ട്രമായി രൂപീകൃതമായ ശേഷം ഓരോ വര്‍ഷവും ഫലസ്തീന് ജനസംഖ്യ കുറഞ്ഞ് കൊണ്ടിരിക്കുന്നതായി കാണാന്‍ സാധിക്കും. ഞാന്‍ നേരത്തെ സൂചിപ്പിച്ച കുടിയേറ്റ അധിനിവേശത്തിന്റെ പ്രതിഫലനമാണത്. ഈ കൊളോണിയല്‍ പദ്ധതിയുടെ ഒരു വിജയമെന്ന് പറയുന്നത് അതിന് പെട്ടെന്ന് തന്നെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു എന്നതാണ്. മാത്രമല്ല, തങ്ങളുടെ രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അവര്‍ ഈ മാതൃക നടപ്പിലാക്കുകയും ചെയ്തു. സയണിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ചരിത്രത്തിന് ലോക സീകാര്യത ലഭിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. അതിലൂടെ ഫലസ്തീനികളെ അപരരാക്കി നിലനിര്‍ത്തിക്കൊണ്ട് ഒരു സവിശേഷമായ ജൂത കര്‍തൃത്വം നിര്‍മ്മിക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിക്കുകയും ചെയ്തു. അതോട് കൂടി ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ഒരു ആത്മീയ പ്രവര്‍ത്തനമായി ആഘോഷിക്കപ്പെടുകയും കുടിയേറ്റത്തിന് വിസമ്മതിച്ചവരെ ജൂത വിരുദ്ധരായി മുദ്ര കുത്തുകയും ചെയ്തു.
ഭൂരിപക്ഷം വരുന്ന ഫലസ്തീനികളെ നഖബ സംഭവത്തോട് കൂടി ഉന്മൂലനം ചെയ്യാന്‍ സാധിച്ചെങ്കിലും അവശേഷിച്ച ഫലസ്തീനികള്‍ പുതുതായി രൂപീകരിക്കപ്പെട്ട ഇസ്രയേല്‍ രാഷ്ട്രത്തിന് വെല്ലുവിളിയുയര്‍ത്തുകയുണ്ടായി. കാരണം സയണിസത്തിന്റെ മുദ്രാവാക്യം തന്നെ ‘ജനങ്ങളില്ലാത്ത ഭൂമി എന്നാണ്. ആ ലക്ഷ്യത്തിനാണ് നഖബ സംഭവത്തിന് ശേഷം അവശേഷിച്ച ന്യൂനപക്ഷം വരുന്ന ഫലസ്തീനികള്‍ തടസ്സമായത്. അങ്ങനെ ഈ ഫലസ്തീനികളുടെ ന്യായമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും പൂര്‍ണ്ണമായും ഇല്ലാതാക്കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ഇസ്രയേല്‍ ചെയ്തത്. 1966 വരെ ഈ അടിയന്തരാവസ്ഥ നീണ്ടു നില്ക്കുകയുണ്ടായി. എന്നാല്‍ 1967 ല്‍ തുടങ്ങിയ അറബ്-ഇസ്രയേല്‍ യുദ്ധത്തോടെ വീണ്ടും അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷം ഫലസ്തീനില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, യുദ്ധത്തില്‍ ഇസ്രയേലിനാണ് നേട്ടമുണ്ടായത്. കാരണം യുദ്ധത്തോട് കൂടിയാണ് ലബനാനും സിറിയയുമടക്കമുള്ള രാഷ്ട്രങ്ങളുടെ ചെറിയൊരു ഭാഗം ഇസ്രയേലിന്റെ കൈയ്യിലായത്.
ഇസ്രയേലിന്റെ കുടിയേറ്റ അധിനിവേശ പദ്ധതിയുടെ പ്രത്യേകത എന്നത് അതൊരിക്കലും അവസാനിക്കാത്ത നീണ്ട ഒരു പ്രക്രിയയാണ് എന്നതാണ്. ഫലസ്തീന് മുഴുവനായും കീഴടക്കിയാലും അതവസാനിക്കുകയില്ല. ലബനാനും സിറിയയുമാണ് ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം. അത് പല തവണ സയണിസ്റ്റുകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ ലബനാനിന്റെ ചില ഭാഗങ്ങളില്‍ ജൂത കുടിയേറ്റം നടക്കുന്നുണ്ട്. ഈ ജൂത കുടിയേറ്റത്തിന്റെ പ്രത്യേകത എന്നത് അത് പെട്ടെന്ന് സ്വീകാര്യമാകുന്നു എന്നതാണ്. മാത്രമല്ല, കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ജൂത കുടിയേറ്റത്തിന്റെ വിഷയത്തില്‍ മൗനത്തിലാണ്. ഏറ്റവും രസകരം എന്നത് ജൂത കുടിയേറ്റത്തിന് ലഭിക്കുന്ന ആത്മീയ പരിവേഷമാണ്. അത് കൊണ്ടാണ് ഫലസ്തീനിലേക്ക് പോകാന്‍ താല്പര്യമില്ലാത്ത ജൂതരെപ്പോലും നിര്‍ബന്ധിപ്പിച്ച് കൊണ്ട് കുടിയേറ്റത്തിന് വിധേയമാക്കുന്നത്. എന്നിട്ടും പോകാന്‍ താല്പര്യപ്പെടാത്തവരെ സെമിറ്റിക്ക് വിരുദ്ധരായി മുദ്രകുത്തുകയാണ് സയണിസ്റ്റുകള്‍ ചെയ്യുന്നത്.
ഫലസ്തീനില്‍ ദിനേനയെന്നോണം നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും പൗരാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുക എന്ന പ്രവര്‍ത്തനമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപാട് പുസ്തകങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. എനിക്കും വേണമെങ്കില്‍ ഒരു വലിയ പുസ്തകം തന്നെ ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എഴുതാന്‍ സാധിക്കും. എന്നാല്‍ ഈ പുസ്തകത്തില്‍ ഞാന്‍ ശ്രമിക്കുന്നത് ഇങ്ങനെ ദിനേനയെന്നോണം നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ റിപ്പോര്‍ട്ട് ചെയ്യുക എന്നതല്ല. മറിച്ച്, ഇതര അധിനിവേശങ്ങളില്‍ നിന്നെല്ലാം ഫലസ്തീന് അധിനിവേശത്തെ വ്യത്യസ്തമാക്കുന്ന കുടിയേറ്റ അധിനിവേശം എന്ന കൊളോണിയല്‍ പദ്ധതിയെക്കുറിച്ചാണ് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ മാത്രമേ ഫലസ്തീന് പ്രശ്നത്തിന്റെ സവിശേഷമായ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുക.ുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഫലസ്തീന് അധിനിവേശത്തെ ഒരു കുടിയേറ്റ അധിനിവേശ പദ്ധതി എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നതിനര്ത്ഥം ഫലസ്തീനിലെയും അറബ് രാഷ്ട്രങ്ങളിലെയും ഭരണാധികാരികളെ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വിമോചിപ്പിക്കുന്നു എന്നല്ല. തീര്‍ച്ചയായും അറബ് ദേശീയതയിലൂന്നിക്കൊണ്ടുള്ള അറബ് നേതാക്കന്മാരുടെ ചെറുത്ത്നില്‍പ്പ് ഇസ്രയേലിന് യാതൊരു തരത്തിലുള്ള വെല്ലുവിളിയുമുയര്ത്തിയിട്ടില്ല. അതേസമയം തീവ്രവാദികളെന്നും ഭീകരരെന്നും സയണിസ്റ്റുകളും അറബ് നേതാക്കന്മാരും ഒരുപോലെ മുദ്രകുത്തിയ ഹമാസ്, ഇസ്ലാമിക് ജിഹാദ് തുടങ്ങിയ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ് ഇസ്രയേലി അധിനിവേശത്തെ കൊളോണിയല്‍ അധിനിവേശമായി തിരിച്ചറിഞ്ഞ് കൊണ്ട് ചെറുത്ത്നില്‍പ്പുകള്‍ രൂപപ്പെടുത്തുന്നത്. ഒരു കുടിയേറ്റ അധിനിവേശമായി ജൂത കുടിയേറ്റത്തെ മനസ്സിലാക്കുന്നത് കൊണ്ടാണ് സയണിസത്തിനെതിരെ നിലകൊള്ളുന്ന ജൂത പ്രസ്ഥാനങ്ങളുമായെല്ലാം സംവാദത്തിന് അവര്‍ സന്നദ്ധമാകുന്നത്. അതിനാല്‍ തന്നെയാണ് ഫലപ്രദമായ രീതിയില്‍ ചെറുത്ത്നില്‍പ്പുകള്‍ രൂപപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നത്. (തുടരും)
വിവ: സഅദ് സല്‍മി
നഖ്ബ ദുരന്തത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍
അറബികളെ അധിനിവേശകരാക്കുന്ന സയണിസ്റ്റ് തന്ത്രം