ഒരു ഇബാദത്ത് അനുഷ്ഠിക്കുന്നു എന്ന വിശ്വാസത്തോടെയാണ് നദ്‌വി തന്റെ ആത്മകഥ തയ്യാറാക്കുന്നത്. ‘ദുര്‍ബലനായ അടിമയെ കൊണ്ട് അല്ലാഹു ചെയ്ത കാര്യങ്ങളെ കുറിച്ച ആലോചന’യിലൂടെയാണത്. അദ്ദേഹത്തിന്റെ ജീവിതം ദീനിനും അതിന്റെ ആദര്‍ശത്തിനും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആത്മകഥയില്‍ അദ്ദേഹം വരച്ചുവെക്കുന്ന സ്വന്തം ജീവിതം. അതിലെ ഓരോ പ്രവര്‍ത്തനവും ലോക രക്ഷിതാവിന്റെയും പ്രവാചകന്‍(സ)യുടെ തൃപ്തി കാംക്ഷിച്ചു കൊണ്ടുള്ളതായിരുന്നു. ദീനിനെ സേവിക്കുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിത്തം വഹിച്ചിട്ടുണ്ട്. അതിന് പുറമെ ഇസ്‌ലാമിനെ പ്രതിരോധിച്ചും മുസ്‌ലിംകളെ നവോത്താനത്തിനും ഐക്യത്തിനും പ്രേരിപ്പിച്ചും നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു.
സയ്യിദ് അഹ്മദ് ശഹീദിനെയും മുഹമ്മദ് ഇല്‍യാസ് കാന്ദഹ്‌ലവിയെയും പോലുള്ള പ്രമുഖ ഇസ്‌ലാമിക പ്രബോധകരെ അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കാന്ദഹ്‌ലവിയുടെ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും അതിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. ശൈഖ് ജലീല്‍ താനവിയുടെ സദസ്സുകളെ കുറിച്ച് അദ്ദേഹം എഴുതി. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമക്ക് വേണ്ടി പാഠഭാഗങ്ങള്‍ അദ്ദേഹം സമര്‍പിച്ചു. അറബി ഭാഷയിലും അതിന്റെ സാഹിത്യത്തിലും ഭാഷാനിയമങ്ങളിലും പുതിയ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പിന്നീട് അറബി ഭാഷയില്‍ പ്രബോധനം ലക്ഷ്യമാക്കി പുസ്തക പരമ്പര തന്നെ രചിച്ചു. ദമസ്‌കസ്, കാശ്മീര്‍, ഓക്‌സ്‌ഫോഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ അദ്ദേഹം ക്ലാസ്സുകളെടുത്തു. മദീനയില്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ പങ്കാളിയായി. ‘നിദാ-എ-മില്ലത്ത്’ എന്ന പേരില്‍ പത്രം പ്രസിദ്ധീകരിച്ചു. തുടങ്ങിയ നിരവധി സേവനങ്ങള്‍ അദ്ദേഹം ഇസ്‌ലാമിന് വേണ്ടി ചെയ്തിട്ടുണ്ട്. അതേസമയം അല്ലാഹുവിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ക്ക് സല്‍കര്‍മങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കുന്നതിന്റെ മികച്ച മാതൃകയായിരുന്നു അദ്ദേഹം.
ചരിത്ര ഗ്രന്ഥങ്ങളിലോ ചരിത്ര ഗവേഷണങ്ങളിലോ കണ്ടെത്താനാവാത്ത പല വിവരങ്ങളും തന്റെ ആത്മകഥ പകര്‍ന്നു നല്‍കുന്നുണ്ടെന്നാണ് നദ്‌വി വിശ്വസിക്കുന്നത്. അതിനെ കുറിച്ച് അദ്ദേഹം പറയുന്നു: നിരവധി സംഭവങ്ങളും സന്ദര്‍ഭങ്ങളും പ്രസ്ഥാനങ്ങളും വ്യക്തിത്വങ്ങളും കൂട്ടായ്മകളും ചുറ്റുപാടിനെയും ആചാരങ്ങളെയും കുറിച്ച വിവരണങ്ങളും വീടുകളില്‍ നിലനിന്നിരുന്ന വ്യവസ്ഥയും അതിലുണ്ട്. എന്റെ ജീവിതത്തെയും അതിലെ ഓര്‍മകുറിപ്പുകളും വിവരിക്കുന്ന ഏടുകള്‍ക്കിടയിലല്ലാതെ അത് വിവരിക്കുന്നത് പ്രയാസകരമായിരിക്കും. അവ ഓരോന്നും നാം വേറിട്ടെടുത്ത് വിശകലനം ചെയ്യുകയാണെങ്കില്‍ അവ ഓരോന്നിനും വെവ്വേറെ വാള്യങ്ങള്‍ തന്നെ വേണ്ടി വരും.
ചരിത്രകാരനും ഗ്രന്ഥകാരനുമായ അദ്ദേഹം, പരമ്പരാഗത ചരിത്രഗ്രന്ഥങ്ങളില്‍ കാണാനാവാത്ത, പ്രയോജനപ്രദമായ കാര്യങ്ങള്‍ മാത്രമാണ് വിവരിക്കുന്നത്. പ്രതിഭകളുടെ ജീവിതം ധീരമായ കാല്‍വെപ്പുകളാല്‍ നിറഞ്ഞതായിരിക്കുമല്ലോ.
ആത്മകഥ രചിക്കുന്നതിലൂടെ താന്‍ സമയം പാഴാക്കുകയാണെന്ന് ധരിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സമുദായത്തിനും നാടിനും നിശ്ചയദാര്‍ഢ്യം പകരുന്നതില്‍ പ്രസ്തുത സംഭവങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം വെളിപ്പെടുത്തുന്നു. സദ്‌വൃത്തരായ പൂര്‍വികരുടെയും അല്ലാഹുവിന്റെ നല്ല ദാസന്‍മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും ജീവിതത്തെ കുറിച്ചെഴുതാനും അവരുടെ മഹത്വവും പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്താനും മുമ്പ് ചെലവഴിച്ചിരുന്ന സമയം ആത്മകഥക്ക് മാറ്റിവെച്ചതില്‍ ‘രചനാപരമായ ബിദ്അത്ത്’ ചെയ്യുന്നു എന്ന ചിന്ത ഒരുപക്ഷേ അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരിക്കാം.
വിവ: നസീഫ്
ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 4