Current Date

Search
Close this search box.
Search
Close this search box.

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 4

karwan-e-zindagi.jpg

അബുല്‍ ഹസന്‍ നദ്‌വി ആത്മകഥാ രചനക്ക് സ്വീകരിച്ച ശൈലി ആത്മകഥാ നിരൂപകരും പഠിതാക്കളും അതിനായി നിഷ്‌കര്‍ശിച്ചിട്ടുള്ള രീതിയോട് ഏറെക്കുറെ ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് നമുക്ക് പറയാം. വിവരണത്തിനിടെ അനുയോജ്യമായ കവിതാശകലങ്ങള്‍ കൊണ്ട് ആസ്വാദ്യകരമാക്കി അദ്ദേഹം അതിനെ മാറ്റിയിട്ടുണ്ട്. ജനനം മുതല്‍ ആത്മകഥ രചിക്കുന്നത് വരെയുള്ള സംഭവങ്ങളെ കാലക്രമമനുസരിച്ച് കോര്‍ത്തുവെക്കാന്‍ അതിലദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടെന്ന് കാണാം. ജീവിതത്തിലെ മിക്ക സംഭവങ്ങള്‍ക്കും, പ്രത്യേകിച്ചും ഗുണപാഠമുള്ളവക്കെല്ലാം അതിന്റെ പേജുകളില്‍ ഇടം നല്‍കിയിട്ടുണ്ട്. അപ്രകാരം ആത്മകഥയാണതെന്ന് വ്യക്തമായി അദ്ദേഹം പറയുന്നുമുണ്ട്. പ്രതീക്ഷയും സഹനവും നിറഞ്ഞു നില്‍ക്കുന്ന മനുഷ്യജീവിതമാണ് അതിന്റെ വരികള്‍ പ്രതിഫലിപ്പിക്കുന്നത്.

നദ്‌വി അദ്ദേഹത്തിന്റെ ആത്മകഥയില്‍ കൊണ്ടുവരാത്ത ഒരു ഘടകം ഭാവന മാത്രമാണെന്ന് പറയാം. ഒരു നോവലിസ്റ്റിന്റെ ശൈലിയല്ല അദ്ദേഹം സ്വീകരിച്ചതെന്നതാണ് അതിന്റെ കാരണം. വസ്തുതകള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ വായിക്കാനുള്ള താല്‍പര്യം ജനിപ്പിക്കുന്നതാണത്. എത്രത്തോളമെന്നാല്‍ കൂട്ടിക്കാഴ്ച്ചകളെയും സമ്മേളനങ്ങളെയും കുറിച്ച് വിവരിക്കുന്ന അതിന്റെ മൂന്നാം ഭാഗം വരെ വായനക്കാരന് മടുപ്പനുഭവപ്പെടാത്ത രീതിയിലാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.

സൂക്ഷ്മതയും ലജ്ജയും
നല്ല ബോധത്തിനും ജീവസ്സുറ്റ മനസ്സിനും ഉടമയായ ഒരാള്‍ തന്റെ ജീവിത കഥയും അതിന്റെ സാഹചര്യങ്ങളും അതിലെ സംഭവങ്ങളും വിവരിക്കുമ്പോള്‍ അശ്രദ്ധ കാണിക്കുമെന്ന് നാം ഒരിക്കലും കരുതുന്നില്ല. പ്രത്യേകിച്ചും ശാശ്വതമായ ഒരു ദീനും അതിനെ പ്രതിനിധീകരിക്കുന്ന സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളില്‍ നിന്നും അത്തരം ഒരശ്രദ്ധ ഉണ്ടാവില്ലെന്ന് തന്നെയാണ് നാം വിശ്വസിക്കുന്നത്. അങ്ങനെയുള്ള ഒരു എഴുത്തുകാരന്‍ വികാരങ്ങള്‍ക്ക് പുറത്ത് എന്തെങ്കിലും കുറിക്കുകയില്ല. അതുകൊണ്ട് തന്നെ അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയും ലജ്ജയോടെയുമാണ് അദ്ദേഹം തന്റെ ജീവിതം വിവരിക്കുക.

തന്റെ ജീവിതവുമായി ബന്ധപ്പെട്ടതോ താന്‍ സാക്ഷ്യം വഹിച്ചതോ താന്‍ കക്ഷിയായിട്ടുള്ളതോ ആയ നിരവധി സംഭവങ്ങളെയും വ്യക്തികളെയും കുറിച്ചദ്ദേഹം ഇസ്‌ലാമിക വീക്ഷണത്തില്‍ ആത്മകഥയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തന്റെ കുടുംബത്തെയും നാടിനെയും ചുറ്റുപാടിനെയും കുട്ടിക്കാലത്തെയും പുസ്തക ലോകത്തെയും കുറിച്ചദ്ദേഹം എഴുതി. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം, പിതാവിന്റെയും ഉസ്താദുമാരുടെയും മരണങ്ങള്‍, അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കിയത്, ഇന്ത്യക്കകത്തും പുറത്തും നടത്തിയ യാത്രകള്‍, അധ്യാപനം, ഗ്രന്ഥ രചന തുടങ്ങിയ വിഷയങ്ങളെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സമ്മേളനങ്ങള്‍, വ്യക്തിനിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ അനുഭവിക്കുന്ന പരീക്ഷണങ്ങള്‍, മീററ്റിലെ ഭീകരമായ വര്‍ഗീയ കലാപം, ശിയാക്കളിലെ ഇഥ്‌നാ അശരിയ വിഭാഗത്തോടുള്ള തന്റെ നിലപാട്, പാകിസ്താന്‍ പ്രസിഡന്റ് സിയാഉല്‍ ഹഖിന്റെ കൊലപാതകം, വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനത്തിലുണ്ടായ വര്‍ധനവ്, ബാബരി മസ്ജിദ് പ്രശ്‌നം, മസ്ജിദുല്‍ അഖ്‌സ ഇമാമിന് ലഖ്‌നൗ ദാറുല്‍ ഉലൂമില്‍ നല്‍കിയ സ്വീകരണം, ബോംബെ കലാപം തുടങ്ങിയ ഒട്ടേറെ സംഭവങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. (തുടരും)

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 3

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 5

Related Articles