യഹ്‌യ അബ്ദുദ്ദായിം ആത്മകഥയെ നിര്‍വചിക്കുന്നിടത്ത് അത് കലാ നിര്‍മിതിയായിരിക്കണമെന്ന് ഉപാധി വെക്കുന്നുണ്ട്. ആത്മകഥ രചിക്കുന്ന വ്യക്തിയുടെ ജീവിതം പൂര്‍ണമായി വായനക്കാരനിലേക്ക് എത്തും വിധം സാഹിത്യശൈലിയില്‍ ക്രോഡീകരിച്ചതായിരിക്കണം അതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വളരെ നല്ല രീതിയില്‍ വേര്‍തിരിച്ച് സൗന്ദര്യമുള്ളതായിരിക്കണം അതിന്റെ അവതരണ ശൈലിയെന്നും അദ്ദേഹം പറയുന്നു. അതിന് കെട്ടുറപ്പ് നല്‍കുന്നതിന് ഭാവനാ ശകലങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ‘തര്‍ജുമത്തുല്‍ ദാതിയ ഫില്‍ അദബില്‍ അറബി അല്‍ഹദീഥ്’ എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
അബുല്‍ ഹസന്‍ നദ്‌വിയുടെ ആത്മകഥയില്‍ ഭാവനക്ക് ഇടം നല്‍കിയിട്ടില്ല. കാരണം നോവല്‍ രചനാ രീതിയല്ല അദ്ദേഹം അതില്‍ സ്വീകരിച്ചിരിക്കുന്നത്. ജീവിതത്തിലെ സംഭവങ്ങള്‍ അവയുടെ കാലക്രമമനുസരിച്ച് വിവരിക്കുന്ന ആഖ്യാന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അബ്ദുദായിം പറയുന്ന ഭാവനയുടെ അംശം വേണ്ടി വരുന്നത് നോവലിന്റെ രീതിയില്‍ ആത്മകഥാ രചന നടത്തുന്നവര്‍ക്കാണ്. അത്തരത്തില്‍ തങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളെ നോവലിന്റെ രീതിയില്‍ വിവരിച്ച സാഹിത്യകാരന്‍മാരെ നമുക്ക് കാണാം. എന്നാല്‍ നദ്‌വിക്ക് അദ്ദേഹത്തിന്റെ ജീവിതം നേരിട്ട് വിവരിക്കുന്നതിന് തടസ്സമൊന്നും ഉണ്ടായിരുന്നില്ല.
അറബികളുടെ അടുക്കല്‍ ആത്മകഥാ രചനക്കുള്ള പ്രാധാന്യം കുറയാനുള്ള കാരണം തേടുമ്പോള്‍ അവര്‍ പ്രവാചക ചരിത്രത്തിന് നല്‍കിയ പ്രാധാന്യമാണ് അതിന് പിന്നിലെന്ന് കാണാം. എന്നാല്‍ അതൊരു തെറ്റായി അവര്‍ പരിഗണിച്ചിരുന്നുമില്ല. ഒരുപക്ഷേ അറബിയിലെ ആദ്യത്തെ ആത്മകഥ ‘രിഹ്‌ലത്തുല്‍ ഇമാം ശാഫി’ ആയിരിക്കാം. പൗരാണിക അറബ് ത്വത്വചിന്തകരും പണ്ഡിതന്‍മാരും തങ്ങളുടെ ത്വത്വചിന്താ, വൈജ്ഞാനിക ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും അവ രചനകളാക്കുകയോ ഗ്രന്ഥങ്ങളില്‍ വിട്ടേച്ചു പോവുകയോ ചെയ്തിട്ടില്ല. അത്യപൂര്‍വമായി മാത്രമേ ഒരാള്‍ തന്റെ കുട്ടികാലത്തെയും വളര്‍ച്ചാ ഘട്ടങ്ങളെയും തന്നെ സ്വാധീനിച്ച ഘടകങ്ങളെയും കുറിച്ച് വിവരിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വളരെ ശോഷിച്ചവയായിരുന്നു അവരുടെ ജീവചരിത്രങ്ങള്‍. ആളുകളെ തങ്ങളുടെ പാതയിലേക്ക് ആകര്‍ഷിക്കാനെന്നോണം സൂഫികളും തങ്ങളുടെ അനുഭവങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചിരുന്നു.
അബുല്‍ ഹസന്‍ നദ്‌വിയുടെ ആത്മകഥയിലൂടെ കടന്നു പോകുമ്പോള്‍ തന്റെ ജീവിതത്തിലെ ജീവസ്സുറ്റ അനുഭവങ്ങളാണ് അദ്ദേഹം അതില്‍ ക്രോഡീകരിച്ചിരിക്കുന്നതെന്ന് കാണാം. ആകര്‍ഷണീയമായ രീതിയില്‍ വളരെ രസകരമായിട്ടാണദ്ദേഹം അവ വിവരിച്ചിട്ടുള്ളത്. അതിന്റെ മൂന്നാം ഭാഗത്തിന്റെ അവസാനത്തിലുള്ള സമ്മേളനങ്ങളെയും പ്രഭാഷണങ്ങളെയും കൂടിക്കാഴ്ച്ചകളെയും കുറിച്ചുള്ള റിപോര്‍ട്ടുകള്‍ വരെ വായിക്കാന്‍ വായനക്കാരന് പ്രചോദനം നല്‍കും വിധമാണ് അതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രചനാ പാടവം വെളിപ്പെടുത്തുന്ന ഒന്നാണ് അതെന്ന് പറയാം.
‘കാര്‍വാനെ സിന്ദഗി’ എന്ന പേരില്‍ മൂന്ന് ഭാഗങ്ങളിലായിട്ടാണ് അബുല്‍ ഹസന്‍ നദ്‌വി തന്റെ ആത്മകഥ രചിച്ചിരിക്കുന്നത്. ‘ഫി മസീറത്തില്‍ ഹയാത്ത്’ (ജീവിത യാത്രയില്‍) എന്ന പേരിലാണ് അറബിയിലേക്കത് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ വിവര്‍ത്തനത്തിന്റെ സൂക്ഷ്മപരിശോധന നടത്തിയ നദ്‌വി ചിലതെല്ലാം വെട്ടിയും കൂട്ടിചേര്‍ത്തും ചില്ലറ ഭേദഗതികളും വരുത്തിയിട്ടുണ്ട്. ദമസ്‌കസിലെ ദാറുല്‍ ഖലം 1987ല്‍ അതിന്റെ ഒന്നാം ഭാഗവും 1990ല്‍ രണ്ടാം ഭാഗവും 1998ല്‍ മൂന്നാം ഭാഗവും ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. (തുടരും)
ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 1
ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 3