Studies

അപവാദം തുടരുന്നു

കടുത്ത വിദ്വോഷത്തോടും വെറുപ്പോടും കൂടിയായിരുന്നു അവിശ്വാസികള്‍ പ്രവാചകന്മാരെ സ്വാഗതം ചെയ്തിരുന്നതെന്നു നാം കണ്ടു കഴിഞ്ഞു. പ്രവാചകന്മാര്‍ക്കു പുറമെ, അര്‍പ്പണം, ആത്മാര്‍ത്ഥത, വിശ്വസ്തത എന്നിവയുടെ പേരില്‍ അറിയപ്പെട്ട മറ്റു വിശ്വാസികളുടെയും സ്ഥിതി മറിച്ചായിരുന്നില്ല. അവിശ്വാസികളുടെ വാചികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് അവരും വിധേയരായിരുന്നു. ഖുര്‍ആന്‍ പറയുന്നു:

‘അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്റെ് രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്.’ (17: 46)

യഥാര്‍ത്ഥത്തില്‍, അവര്‍ പ്രതിനിധാനം ചെയ്തിരുന്ന വിശ്വാസമായിരുന്നു ഈ വെറുപ്പിന്റെ ഹേതുവെന്ന് ഈ സൂക്തം വെളിപ്പെടുത്തുന്നു. തങ്ങളെയും തങ്ങളുടെ ഉടമസ്ഥതയിലുള്ളവയുടെയും സ്രഷ്ടാവായ നാഥനോട് ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടെന്ന വസ്തുത അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അവന്റെ നാമം സ്മരിക്കപ്പെടുന്നത് പോലും അവര്‍ക്ക് സഹിക്കാനാവുകയില്ല. അതിനാല്‍, അല്ലാഹുവാണ് സമ്പൂര്‍ണ ദൈവമെന്ന് അംഗീകരിക്കാനും സത്യമതം സ്വീകരിക്കാനും തങ്ങളെ ക്ഷണിക്കുന്നവര്‍ക്കെതിരെ അവര്‍ ആക്രമാസക്തമായ നിലപാട് സ്വീകരിക്കുന്നു. ഇക്കാരണത്താല്‍ തന്നെ, സത്യമതവും സത്യവിശ്വാസികളും നിലനില്‍ക്കുന്ന കാലത്തോളം, ഈ അപവാദങ്ങളും ഉപദ്രവകരമായ വാക്കുകളും അവശേഷിക്കുക തന്നെ ചെയ്യും.

‘ഈ വസ്തുത മനസ്സിലാക്കിയ വിശ്വാസികളാകട്ടെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഷമിക്കുകയൊ നിരാശപ്പെടുകയൊ ചെയ്യുന്നില്ല. തങ്ങളോടുള്ള ദൈവിക വാഗ്ദാനത്തെ കുറിച്ച് അവര്‍ ബോധവരാണ്:
യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെല നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചനയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.’ (22: 40)

ഇത്തരം സംഭവങ്ങളോ, അവിശ്വാസികളോ, അപവദിക്കപ്പെടുന്ന വിശ്വാസികളോ ഇനിയുണ്ടാവുകയെല്ലെന്നു കരുതുന്നത് തെറ്റാണ്. കാരണം, ഇത്തരം സംഘങ്ങള്‍ എന്നെന്നും നിലനില്‍ക്കുമെന്നു അല്ലാഹു വെളിപ്പെടുത്തിയതാണ്.

ഇത്തരം പീഡനങ്ങളുടെ ഇരകളില്‍ ആധുനിക യുഗത്തിലെ ഒരു ഉദാഹരണമാണ് ബദീഉസ്സമാന്‍ സഈദ് നൂര്‍സി. ഖുര്‍ആനിക നിയമമനുസരിച്ച് ജീവിക്കാനും വിശ്വാസത്തിന്റെ അടയാളങ്ങള്‍ പ്രകടിപ്പിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം, ദൈവാസ്തിക്യത്തെയും അവന്റെ പരമാധികാരത്തെയും വിലമതിക്കാന്‍ അവരെ ക്ഷണിക്കുകയായിരുന്നു. പക്ഷെ, ഒരപവാദത്തിന്ന് വിധേയനായി തുടര്‍ച്ചയായ ജയില്‍ വാസത്തിന്നും നാടുകടത്തലിന്നും വിധേയനാവുകയാണുണ്ടായത്. എന്നാല്‍, വിശ്വാസത്തോടും സഹനത്തൊടും, ശത്രുക്കളുടെ ആക്രമണത്തെ നേരിടുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അനുഭവങ്ങളും അവക്കുള്ള പ്രതികരണങ്ങളുമാണ്, അടുത്ത ലക്കത്തില്‍ നമ്മുടെ ചര്‍ച്ചാ വിഷയം.

വിവ : കെ.എ. ഖാദര്‍ ഫൈസി

Facebook Comments
Related Articles

ഹാറൂന്‍ യഹ്‌യ

1956-ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ ജനിച്ചു. പ്രൈമറി, സെക്കന്ററി വാദ്യഭ്യാസം അങ്കാറയില്‍ നിന്നു നേടിയ ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കി. 1980 മുതല്‍ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി. പരിണാമ വാദികളുടെ ഏറ്റവും ശക്തനായ എതിരാളിയായാണ് ഹാറൂണ്‍ യഹ്‌യ ശാസ്ത്രലോകത്ത് ശ്രദ്ധേയനായത്.

കൂടുതല്‍ വായിക്കാന്‍..

Close
Close