Stories

നബിയുടെ പോറ്റുമ്മ ഉമ്മു അയ്മന്‍

 

പ്രവാചക ജീവിതത്തില്‍ ആദ്യാവസാനം കൂടെയുണ്ടായിരുന്ന അനുഗ്രഹീതയായ സഹാബീ വനിതയായിരുന്നു ഉമ്മു അയ്മന്‍. ഇവരുടെ യഥാര്‍ത്ഥ നാമം ബറക ബിന്‍ത് ഥഅ്‌ലബ എന്നാണ്. തിരുനബി(സ)യുടെ വളര്‍ത്തുമ്മ, നബി (സ)യുടെ സ്‌നേഹഭാജനം സൈദ് ബിന്‍ ഹാരിഥയുടെ ജീവിത സഖി, അശ്വാഭ്യാസികളില്‍ ഒരാളും നബിയുടെ സ്‌നേഹ ഭാജനത്തിന്റെ അരുമയായ പുത്രന്‍ ഉസാമ ബിന്‍ സൈദിന്റെയും അയ്മന്‍ ബിന്‍ ഉബൈദ് ഖസ്‌റജി എന്ന രക്തസാക്ഷിയുടെയും മാതാവ് എന്നിങ്ങനെയൊക്കെ ചരിത്രത്തില്‍ ഉമ്മു അയ്മന്‍ നിറഞ്ഞു നില്‍ക്കുന്നു.

ചെറുപൈതലായ മുഹമ്മദിനെയും തിരുദൂതരായ മുഹമ്മദ്(സ)നെയും ഉമ്മു അയ്മന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഉമ്മു അയ്മനാണ് തിരുമേനി (സ)യുടെ ഉമ്മ ആമിന ബിന്‍ത് വഹബിന്റെ കൂടെ, പിതാമഹനായ അബ്ദുല്‍ മുത്വലിബിന്റെ മാതൃസഹോദരങ്ങളായ നജ്ജാര്‍ ഗോത്രക്കാരെ സന്ദര്‍ശിക്കാനായി മദീനയിലേക്ക് പോയത്. മക്കയിലേക്ക് തിരിച്ചു വരുന്ന വഴിയില്‍ രോഗഗ്രസ്തയായ ആമിന മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത് വെച്ച് ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് നബി തിരുമേനി (സ)യെയും കൂട്ടി തനിച്ച് മടങ്ങിയ ഉമ്മു അയ്മന്‍ തിരുമേനിയുടെ പോറ്റമ്മയായി, എന്ന് മാത്രമല്ല പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് തിരുമേനിയെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിച്ചത് പോലെ, നബിയെ പരിപാലിക്കാനും പരിലാളിക്കാനുമായി സ്വയം സമര്‍പ്പിച്ചു. അങ്ങിനെ ഉമ്മയുടെയും ഉപ്പയുടെയും സ്‌നേഹ പരിലാളനകള്‍ക്ക് പകരം പിതാമഹന്റെയും ഉമ്മു അയ്മന്റെയും സ്‌നേഹാനുകമ്പ അല്ലാഹു തിരുനബിക്ക് നല്‍കി. തിരുമേനിയോട് അബ്ദുല്‍ മുത്വലിബ് കാണിച്ച പ്രതിപത്തി സീമാതീതമായിരുന്നു. ‘ഉമ്മു അയ്മനേ, എന്റെ മോനെ ശ്രദ്ധിക്കാതിരിക്കരുതേ. കുട്ടികളുടെ കൂട്ടത്തില്‍ സിദ്‌റ മരത്തിനരികില്‍ അവനെ ഞാന്‍ കണ്ടിരുന്നു. അവന്‍ ഈ സമൂഹത്തിലേക്കുള്ള നബിയാണെന്ന് വേദക്കാര്‍ അവകാശപ്പെടുന്നുണ്ട്’ എന്ന് തിരുമേനിയുടെ പോറ്റുമ്മയായ ഉമ്മു അയ്മനോട്  അബ്ദുല്‍ മുത്വലിബ് പലപ്പോഴും പറയാറുണ്ടായിരുന്നു.’ അബ്ദുല്‍ മുത്വലിബിന്റെ മരണത്തില്‍ റസൂല്‍ (സ) ഖിന്നനായി. ഉമ്മു അയ്മന്‍ പറയുന്നു: അന്നേ ദിനം അബ്ദുല്‍ മുത്വലിബിന്റെ കട്ടിലിന്റെ പിന്നില്‍ നിന്ന് റസൂല്‍ (സ) കരയുന്നത് ഞാന്‍ കണ്ടിരുന്നു.

ഉമ്മു അയ്മന്‍(റ) തിരുമേനിയുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും വളരെ നല്ല നിലയില്‍ നോക്കി നടത്തുകയും ചെയ്തിരുന്നു. യുവാവായിരുന്ന നബി(സ) തന്നിമിത്തം അവരെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. റസൂല്‍(സ) ഖദീജ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഉമ്മു അയ്മനെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുകയും ഖസ്‌റജ് ഗോത്രത്തിലെ ഉബൈദ് ബിന്‍ സൈദിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ആ ബന്ധത്തിലാണ് അയ്മന്‍ ജനിച്ചത്. ഹിജ്‌റയിലും ജിഹാദിലും പങ്കെടുക്കാറുണ്ടായിരുന്ന അയ്മന്‍(റ) ഹുനൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ)വിന്റെ ഉടമസ്ഥതയിലായിരുന്ന സൈദ് ബിന്‍ ഹാരിഥയെ തനിക്ക് ലഭിച്ചാല്‍ കൊള്ളാമെന്ന് നബി തിരുമേനി(സ) ഖദീജയെ അറിയിച്ചു. അങ്ങിനെ ഖദീജ(റ) സൈദിനെ നബിക്ക് നല്‍കി. സൈദിനെ റസൂല്‍(സ)യ്ക്ക് പെരുത്ത് ഇഷ്ടമായിരുന്നു. തിരുമേനി സൈദിനെ മോചിപ്പിച്ച് ഉമ്മു അയ്മന് വിവാഹം ചെയ്തു കൊടുത്തു. ആ ബന്ധത്തിലാണ് ഉസാമ ജനിച്ചത്.

പ്രവാചകന്‍(സ)യോടൊപ്പം ധര്‍മ സമരത്തിനിറങ്ങാന്‍ ഉമ്മു അയ്മന് വാര്‍ധക്യം തടസ്സമായില്ല. ഉഹുദ് യുദ്ധത്തില്‍ ഉമ്മു അയ്മനും സ്ത്രീ സംഘത്തിലുണ്ടായിരുന്നു. മുറിവേറ്റ പോരാളികള്‍ക്ക് ചികിത്സ നര്‍കുക, വെള്ളം കൊടുക്കുക എന്നതൊക്കെയായിരുന്നു ഉമ്മു അയ്മന്‍ മുഖ്യമായി ഏറ്റെടുത്തത്.

ഖൈബര്‍ പോരാട്ടത്തില്‍ റസൂല്‍(സ)യുടെ കൂടെ പുറപ്പെട്ട ഇരുപത് സ്ത്രീകളില്‍ ഉമ്മു അയ്മന്‍(റ) ഉണ്ടായിരുന്നു. പുത്രന്‍ അയ്മന്‍ കുതിരക്ക് സുഖമില്ലാത്തത് നിമിത്തം ഈ യുദ്ധത്തില്‍ അല്‍പം പിന്നിലായിപ്പോയി. പുത്രന്‍ പേടിക്കൊടലനാണെന്ന് പോലും  ഉമ്മ പറഞ്ഞു. ഈ പുത്രന്റെ ധീരതയും ഉമ്മയുടെ മഹത്വവും ഹസ്സാന്‍ ബിന്‍ ഥാബിത്(റ) കവിതയില്‍ ഇങ്ങിനെ വരച്ചിടുന്നു:
അയ്മനോടുമ്മ പറഞ്ഞ നേരം
അധൈര്യവാന്‍ നീ കണ്ടതില്ല ഖൈബറിലെ അശ്വാരൂഢരെ
അയ്മന്‍ ഭീരുവല്ലവന്റെ കുതിര
ആഹരിച്ചധികം മുതിര
അശ്വത്തിനത് ഭവിച്ചിരുന്നില്ലെങ്കിലാ കേസരി
അങ്കം വെട്ടും കുതിരപ്പടയാളരോട് നിസ്സാരം
അകറ്റി നിറുത്തിയതവനെ അശ്വത്തിന്റെ ആതുര്യം
അവഗണിക്കാവതല്ല തീര്‍ത്തും നിസ്സാരം

മുഅ്ത യുദ്ധത്തില്‍ ഭര്‍ത്താവ് സൈദ് ബിന്‍ ഹാരിഥയുടെ രക്തസാക്ഷിത്വ വാര്‍ത്ത സമചിത്തതയോടെ ഉമ്മു അയ്മന്‍ ശ്രവിച്ചു. ഏറെ വൈകാതെ വന്നെത്തിയ ഹുനൈന്‍ യുദ്ധത്തില്‍ പുത്രന്‍ അയ്മന്‍ കൊല്ലപ്പെട്ടു. അല്ലാഹുവിന്റെയും റസൂലിന്റെയും പൊരുത്തം കിട്ടാനായി അവിടെയും ഉമ്മു അയ്മന്‍ സ്വയം നിയന്ത്രിച്ചു .
നബി(സ)യുടെ അടുക്കല്‍ ഉമ്മു അയ്മന് ഉണ്ടായിരുന്ന ഉന്നത സ്ഥാനം അവര്‍ക്ക് വിജ്ഞാനം പകരുന്നതിന് തിരുമേനിക്ക് തടസ്സമായില്ല. ചിലപ്പോള്‍ ഉമ്മു അയ്മന്‍(റ)വിന് നാവിടറാറുണ്ടായിരുന്നു. അതിനാല്‍ സംസാരത്തില്‍ മിതത്വം പാലിക്കാന്‍ തിരുമേനി അരുള്‍ ചെയ്തു. ഒരിക്കല്‍ നബി(സ)യുടെ സമീപത്ത് വന്ന അവര്‍ സലാമുന്‍ ലാ അലൈകും (രക്ഷയുണ്ടാകട്ടെ നിങ്ങള്‍ക്കല്ല) എന്ന് തെറ്റായി പറഞ്ഞപ്പോള്‍ നബി (സ) അവര്‍ക്ക് ലഘൂകരണം നല്‍കി കൊണ്ട് പറഞ്ഞു: ‘അസ്സലാം എന്ന് മാത്രം പറഞ്ഞാല്‍ മതി’. അബുല്‍ ഹുവൈരിഥ് നിവേദനം ചെയ്യുന്നു: ഹുനൈന്‍ യുദ്ധ ദിനം ഉമ്മു അയ്മന്‍ നാവ് വഴങ്ങാത്തതിനാല്‍ ‘സബ്ബതല്ലാഹു അഖ്ദാമകും’ (അല്ലാഹു നിങ്ങളുടെ പാദങ്ങളിലെ രോമം വടിക്കട്ടെ) എന്ന്  പറഞ്ഞു. ‘ഥബ്ബത’ (ഉറപ്പിച്ചു നിര്‍ത്തട്ടെ) എന്നാണ് അവര്‍ ഉദ്ദേശിച്ചത്. അപ്പോള്‍ നബി(സ) പറഞ്ഞു: മിണ്ടാതിരിക്കൂ, നിങ്ങളുടെ നാവ് വഴങ്ങുന്നില്ല.
കാലം വളരെ വേഗം കഴിഞ്ഞു പോയി. റസൂല്‍(സ) ഇഹലോകവാസം വെടിഞ്ഞു. മെല്ലെ മെല്ലെ ദുരന്ത വാര്‍ത്ത പരന്നു. മദീനയുടെ ആകാശവും അതിരുകളും ഇരുളടഞ്ഞതായി. മനുഷ്യ മനസ്സുകളില്‍ ദുഃഖം ഖനീഭവിച്ചു. റസൂല്‍ (സ)യുടെ വേര്‍പാടില്‍ മനസ്സ് നൊന്തു കരഞ്ഞ ഉമ്മു അയ്മന്‍ വിലാപകാവ്യം ആലപിച്ചു:
ശ്രേഷ്ഠമായ കണ്ണ്, ബാഷ്പം ശമനമാണെന്നതിനാല്‍ കൂടുതല്‍ കരയട്ടെ
നഷ്ടപ്പെട്ടു പോയി ദൂതര്‍ മരിച്ചു പോയി ദുരന്തം അവര്‍ ഉരുവിട്ടു
ഇഹലോകം വിട്ടുപോയവരിലും വാനലോക വഹ്‌യ് ലഭിച്ചവരിലും ഉത്തമന്‍ ഹോ എന്റെ വിലാപം
ഇറയോന്‍ സുകൃതം കണക്കാക്കാന്‍ കണ്ണേ ഒലിക്കുന്ന നിന്റെ അശ്രു നിമിത്തം
ഇരുളില്‍ തിളങ്ങുന്ന വെട്ടവും ദീപവും നിത്യം തിരുനബി
ഊദിന്റെ പരിമളം അന്ത്യനബി ഖനിജ സുഗന്ധം തമ്പിന്റെയുള്ളില്‍ നിറയുന്ന നറുമണം.

അനസ് (റ) നിവേദനം ചെയ്യുന്നു: റസൂല്‍ (സ)യുടെ വിയോഗാനന്തരം അബൂ ബക്ര്‍(റ) ഉമറിനോട് പറഞ്ഞു: റസൂല്‍(സ) ഉമ്മു അയ്മനെ സന്ദര്‍ശിക്കാറുണ്ടായിരുന്നത് പോലെ നമുക്കും അവരെ സന്ദര്‍ശിക്കാം. അങ്ങിനെ ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഉമ്മു അയ്മന്‍ കരഞ്ഞു. അവര്‍ രണ്ടാളും ഉമ്മു അയ്മനോട് ചോദിച്ചു: എന്തിന് കരയണം, റസൂലിന് ഉത്തമം അല്ലാഹുവിന്റെ സമക്ഷം അല്ലേ? ഉമ്മു അയ്മന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന് ഉത്തമം അതാണെന്ന് അറിയാതെയല്ല ഞാന്‍ കരഞ്ഞത്. അകാശത്തു നിന്നുമുള്ള വഹ്‌യ് നിലച്ചുവല്ലോ എന്നത് കൊണ്ടാണ് ഞാന്‍ കരഞ്ഞത്. അത് കേട്ട് അവരും കരഞ്ഞു പോയി.
റസൂല്‍(സ)യുടെ വിയോഗത്തിന്റെ അഞ്ചോ അറോ മാസം കഴിഞ്ഞപ്പോള്‍ ഉമ്മു അയ്മനും കാല യവനികക്കുള്ളില്‍ മറഞ്ഞു. അല്ലാഹു അവരില്‍ സംപ്രീതനാവട്ടെ.

Facebook Comments
Show More

Related Articles

Back to top button
Close
Close