Current Date

Search
Close this search box.
Search
Close this search box.

നേതൃത്വത്തെ അനുസരിക്കുന്ന സമൂഹം

ഇസ്‌ലാമിക ശരീഅത്ത് വലിയ പ്രാധാന്യത്തോടെ കാണുന്നതാണ് നേതൃത്വത്തെ അനുസരിക്കുക എന്നത്. നേതൃത്വത്തിന് വകവെച്ചുകൊടുക്കേണ്ട വിധേയത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കെതിരെ വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹുവും അവന്റെ ദൂതനും കഴിഞ്ഞാല്‍ കൈകാര്യത്താക്കളെ അനുസരിക്കണമെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുളള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക(അന്നിസാഅ്: 59). ഇമാം നവവി പറയുന്നു: ‘ഉലുല്‍ അംറ്’ (കൈകാര്യകര്‍ത്താക്കള്‍)-അല്ലാഹു നിര്‍ബന്ധമായി അനുസരിക്കാന്‍ പറഞ്ഞ ഭരണാധികാരികളും നേതൃത്വങ്ങളുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൗരാണികരും ആധുനികരുമായ ഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതക്കളും ഈ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

സമൂഹത്തെ നയിക്കാനുള്ള നായകനെ ബുദ്ധിയുളള ഏതൊരു സമൂഹവും തെരഞ്ഞെടുക്കുന്നതാണ്. എല്ലാ സമൂഹവും ഇത് അംഗീകരിക്കുന്നു. കാരണം, ജന്തുജാലങ്ങളുടെ ലോകത്ത് പോലും കാര്യങ്ങള്‍ ഇപ്രകാരത്തിലാണ് നടന്നുപോകുന്നത്. നയിക്കുന്ന ഒന്നിന് കീഴിലായി അനേകായിരങ്ങള്‍ നയിക്കപ്പെടുകയാണ് ചെയ്യുക. ഇത് പ്രകൃതിപരമായി നിലനില്‍ക്കുന്ന വ്യവസ്ഥയാണ്. നേതൃത്വങ്ങളെ അനുസരിക്കുക എന്നത് മതപരമായും ഭൗതികമായും നിറവേറ്റണ്ട അനിവാര്യതയായി ഇവിടെ മനസ്സിലാക്കപ്പെടുകയാണ്. വശ്വാസികള്‍ക്കിത് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതുകൂടിയാണ്. ഒരു വിശ്വാസവും ഒരു സമൂഹമില്ലാതെ നിലനില്‍ക്കുകയില്ല. ഒരു സമൂഹവും അതിന് ശക്തമായ നേതൃത്വമില്ലാതെയും ആ നേതൃത്വത്തിന് അനുസരണ അംഗീകരിച്ച് കൊടുക്കാതെയും നിലനില്ക്കാന് കഴിയില്ല.

പൂര്‍വികരായ മഹത്തുക്കള്‍ ഇക്കാര്യം വളരെ പ്രാധാന്യത്തോടെ മനസ്സിലാക്കിയവരാണ്. അവര്ക്കിടയില് ദേശസുരക്ഷയും ജനക്ഷേമവും സാധ്യമായതും ഇതുകൊണ്ട് തന്നെയാണ്. അല്ലാഹുവിന്റെ പ്രവാചകന്‍ വസ്വിയ്യത്ത് ചെയ്ത കാര്യമാണ് കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക എന്നത്. പ്രവാചകന്‍ പറയുന്നു: തിന്മ കല്‍പിക്കാത്ത കാലത്തോളം മുസ്‌ലിമായ വ്യക്തി അവന് ഇഷ്ടപ്പെടുന്നതിലും വെറുക്കുന്നതിലും നേതൃത്വത്തെ വിധേയപ്പെടല്‍ അനിവാര്യമാണ്. നേതൃത്വത്തെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു. പ്രവാചകന്‍ പറയുന്നു: പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നേതൃത്വത്തിന് അനുസരണവും വിധേയത്വവും കാണിക്കല്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. സമുദായത്തിലെ പൂര്‍വികരായ മഹത്തുക്കള്‍ ഇത് മനസ്സിലാക്കി ജീവിതത്തില്‍ പ്രവര്‍ത്തിച്ചവരായിരുന്നു. നേതൃത്വങ്ങളെ അംഗീകരിക്കുമ്പോഴുണ്ടാകുന്ന പൊതുനന്മയും, തൃണവല്‍ഗണിക്കുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവര്‍ ബോധവാന്മാരായിരുന്നു.

ഇമാം അഹമദ്ബ്‌നു ഹമ്പല്‍ ബിദ്അത്തുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ജയിലിലടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ആ സമയം അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരു വിഭാഗം അധികാരികള്‍ വന്ന് പറഞ്ഞു; നീ നേതൃത്വങ്ങള്‍ക്ക് നല്‍കുന്ന വിധേയത്വം അവസാനിപ്പിക്കുക. അദ്ദേഹം അവരോട് പറഞ്ഞു; നിങ്ങള്‍ നേതൃത്വത്തോട് അനുസരണക്കേട് കാണിക്കരുത്, വിശ്വാസികളെ ഭിന്നപ്പിക്കരുത്, രക്തം ചിന്തരുത്, രക്തംകൊണ്ട് കളിക്കരുത്, ധൃതികാണിക്കാതെ അവധാനത ദീക്ഷിക്കുക, ഇതനുസരിക്കാതെ നീങ്ങിയാല്‍ തുടര്‍ന്ന് സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍  ദൂരവ്യാപകമായിരിക്കും.

ഇസ്‌ലാമിക വശ്വാസത്തില്‍ നിലകൊണ്ട് പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ ഒരുപാട് പീഡനങ്ങള്‍ക്ക് ഇരയാവുകയും, ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അപ്പോള്‍ അദ്ദേഹത്തിന് നേതൃത്വങ്ങള്ക്കെതിരെ തിരിയാനുളള ആഹ്വാനം പലഭാഗത്തുനിന്നുമുണ്ടായി. ആ താക്കീതുകളെല്ലാം അവഗണിച്ച് നേതൃത്വത്തിന് വിധേയപ്പെടുകയായിരുന്നു ഇമാം ഇബ്‌നു തൈമിയ ചെയ്തത്. അദ്ദേഹം പറയുമായിരുന്നു: ‘അഹ്‌ലുല്‍ സുന്നത്തിന്റെ പ്രസിദ്ധമായ വീക്ഷണം നേതൃത്വങ്ങള്‍ക്കെതിരെ തിരിയാന്‍ പാടില്ല എന്നതാണ്’.

നേതൃത്വത്തിന് കീഴിലുളള സമൂഹം സുശക്തമായി നിലകൊള്ളുകയും, ഭിന്നതയും ഛിദ്രതയുമില്ലാതെ മുന്നോട്ട് പോകുന്നതുമാണ്. ‘നിങ്ങള്‍ ഭിന്നച്ച് പോവരുത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ പരാജയപ്പെടുകയും നിങ്ങള്‍ നശിച്ചുപോവുകയും ചെയ്യുന്നതാണ്’ (അല്‍അന്‍ഫാല്‍: 46). നേതൃത്വങ്ങള്‍ നന്മയിലധിഷ്ഠിതമായി മുന്നോട്ട് ഗമിക്കാന്‍ നാം പ്രാര്‍ഥിക്കേണ്ടതുണ്ട്. ഫുളൈല്‍ബ്‌നു ഇയാദ് പറയുന്നു: ‘എനിക്ക് അല്ലാഹുവിന്റെ അടുത്ത് ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയുണ്ടായിരുന്നുവെങ്കില്‍, അത് ഭരണാധികാരികള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു’. നേതൃത്വങ്ങള്‍ക്കൊപ്പം എല്ലാ നല്ലകാര്യങ്ങളിലും സഹകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.

അവലംബം: www.al-forqan.net
വിവ: അര്‍ശദ് കാരക്കാട്‌

Related Articles