Current Date

Search
Close this search box.
Search
Close this search box.

ഹസന്‍ ബസ്വരി -2

ഹജ്ജാജ് ബിന്‍ യൂസുഫ് ഇറാഖിന്റെ അധികാരം ഏറ്റെടുക്കുകയും അവിടെ അതിക്രമം പ്രവര്‍ത്തിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്ത കാലം. അദ്ദേഹത്തിന്റെ സ്വേഛാധിപത്യത്തെ ചെറുത്ത് നിന്ന വിരലിണ്ണാവുന്ന ആളുകളില്‍ ഹസനുല്‍ ബസ്വരിയുമുണ്ടായിരുന്നു.. അവര്‍ ഹജ്ജാജിന്റെ ദുഷ്പ്രവണതകള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുകയും, അദ്ദേഹത്തിന്റെ മുന്നില്‍ സത്യവചനം പ്രഖ്യാപിക്കുകയും ചെയ്തു.
അവയില്‍പെട്ട ഒരു സംഭവം ഇപ്രകാരമാണ്. കൂഫക്കും ബസ്വറക്കുമിടയില്‍ വാസിത്വ എന്ന പട്ടണത്തില്‍ ഹജ്ജാജ് ഒരു കൊട്ടാരം നിര്‍മിച്ചു. പണിപൂര്‍ത്തിയായപ്പോള്‍ അത് സന്ദര്‍ശിക്കുന്നതിനും, അദ്ദേഹത്തിന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. ഹജ്ജാജിന്റെ കൊട്ടാരമുറ്റത്ത് ജനങ്ങള്‍  ഒരുമിച്ച് കൂടുന്ന അവസരം പാഴാക്കാന്‍ ഹസന്‍ ബസ്വരി ഉദ്ദേശിച്ചില്ല. ഐഹിക ആഢംബരങ്ങളില്‍ വിരക്തി കാണിക്കാനും ദൈവപ്രീതി കാംക്ഷിക്കാനും ജനങ്ങളെ ഉപദേശിക്കാന്‍ പറ്റിയ സന്ദര്‍ഭമായി അദ്ദേഹമതിനെ കണ്ടു.

അംബരചുംബിയായ മനോഹരമായ കൊട്ടാരത്തിന് ചുറ്റും ആകാംക്ഷയോടെ വലം വെക്കുന്ന സന്ദര്‍ശകരെയാണ് അദ്ദേഹമവിടെ കണ്ടത്. വിശാലമായ ഇടമുള്ള, ഉന്നതമായ രൂപത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ട സൗധമായിരുന്നു അത്. അദ്ദേഹം അവര്‍ക്കിടയില്‍ എഴുന്നേറ്റ് നിന്നു പ്രഭാഷണമാരംഭിച്ചു.
-‘ഹീനരില്‍ ഏറ്റവും ഹീനനായ ഒരാള്‍ പടുത്തുയര്‍ത്തിയ കൊട്ടാരമാണ് നമുക്ക് മുന്നിലുള്ളത്. ഇതിനേക്കാള്‍ വലിയ കൊട്ടാരം ഫറോവ കെട്ടിയുണ്ടാക്കിയിരുന്നു. എന്നിട്ടും അല്ലാഹു ഫറോവയെ നശിപ്പിച്ചു. അദ്ദേഹം പടുത്തുയര്‍ത്തിയതെല്ലാം തകര്‍ത്തു കളയുകയും ചെയ്തു. ആകാശത്തുള്ളവര്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ വഞ്ചിക്കുന്നുവെന്നും ഹജ്ജാജ് അറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!

അദ്ദേഹം ഇതേ ശൈലിയില്‍ തന്റെ പ്രഭാഷണം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒടുവില്‍ ഹജ്ജാജ് അദ്ദേഹത്തോട് പ്രതികാരം ചെയ്യുമെന്ന് ആശങ്ക തോന്നിയ ഒരു ശ്രോതാവ് അദ്ദേഹത്തോട് പറഞ്ഞു.
-‘അബൂ സഈദ്, താങ്കള്‍ നിര്‍ത്തുക… ഇത്ര മതി..’
-‘വിജ്ഞാനം ജനങ്ങള്‍ക്കെത്തിക്കുമെന്നും, മറച്ച് വെക്കുകയില്ലെന്നും അല്ലാഹു വിജ്ഞാന വാഹകരില്‍ നിന്നും കരാറെടുത്തിരിക്കുന്നു.’ എന്നായിരുന്ന ഹസന്‍ ബസ്വരിയുടെ മറുപടി.

അടുത്ത ദിവസം ഹജ്ജാജ് ഹസന്‍ ബസ്വരിയുടെ മജ്‌ലിസിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ മുഖത്ത് കോപവും അമര്‍ഷവും പ്രകടമായിരുന്നു. അവിടെയുണ്ടായിരുന്ന പഠിതാക്കളോട് അയാള്‍ പറഞ്ഞു.
-നിങ്ങള്‍ക്ക് നാശം…. ബസ്വറയിലെ ഒരു അടിമ എഴുന്നേറ്റ് നിന്ന് നമ്മെക്കുറിച്ച് വായില്‍ തോന്നിയത് വിളിച്ച് പറയുക… നിങ്ങളിലാരും അതിന് മറുപടി പറയുകയോ, എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്യാതിരിക്കുക….!
ഭീരുക്കളുടെ സംഘമേ, അല്ലാഹുവാണ, അയാളുടെ രക്തം ഞാന്‍ നിങ്ങളെ കുടിപ്പിക്കുക തന്നെ ചെയ്യും… ‘

തുടര്‍ന്നയാള്‍ വാളും വിരിപ്പും (തലവെട്ടുന്നവനെ ഇരുത്താനുപയോഗിക്കുന്നത്) കൊണ്ട് വരാന്‍ കല്‍പിച്ചു. അവ രണ്ടും ഹാജരാക്കപ്പെട്ടു. ആരാച്ചാരെയും വിളിച്ച് വരുത്തി. ഏതാനും പോലീസുകാരെ അയച്ചു ഹസന്‍ ബസ്വരിയെ പിടിച്ച്‌കെട്ടി കൊണ്ട് വരാന്‍ കല്‍പിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം ഹാജരാക്കപ്പെട്ടു. കണ്ണുകളെല്ലാം അദ്ദേഹത്തെ ഉറ്റുനോക്കക്കുന്ന, ഹൃദയങ്ങളെല്ലാം ഭയത്തോടെ തുടിക്കുന്ന നിമിഷം…

തന്റെ മുന്നില്‍ വാളും വിരിപ്പും ആരാച്ചാരുമുണ്ടെന്ന് കണ്ട ഹസന്‍ തന്റെ ചുണ്ടുകള്‍ മെല്ലെ ചലിപ്പിച്ചു. വിശ്വാസിയുടെ പ്രതാപത്തോടും, പ്രബോധകന്റെ വിനയത്തോടുമായി അദ്ദേഹം ഹജ്ജാജിന്റെ മുന്നിലേക്ക് നടക്കാന്‍ തുടങ്ങി. ഇതു കണ്ട ഹജ്ജാജ് വിറച്ച് തുടങ്ങി. അദ്ദേഹത്തെ അജ്ഞാതമായ ഭയം പിടികൂടി. അയാള്‍ പറഞ്ഞു.
-അബൂ സഈദ്, താങ്കളിവിടെ ഇരുന്നാലും…. ഇവിടെ ഇരിക്കൂ…
ഹജ്ജാജ് അദ്ദേഹത്തെ തന്റെ വിരിപ്പില്‍ ആനയിച്ചിരുത്തുന്നത് ജനങ്ങള്‍ അല്‍ഭുതത്തോടെയും അന്ധാളിപ്പോടും കൂടി വീക്ഷിക്കുകയായിരുന്നു. ശേഷം ഹജ്ജാജ് അദ്ദേഹത്തോട് ഏതാനും മതപരമായ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വളരെ വ്യക്തമായി, ദൃഢമായി ഹസന്‍ ബസ്വരി ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു. വളരെ മാസ്മരികമായ ശൈലിയില്‍, വിജ്ഞാനം തുളുമ്പുന്ന വാചകങ്ങളില്‍ അദ്ദേഹം വിശദീകരിച്ചു. എല്ലാം കേട്ടതിന് ശേഷം ഹജ്ജാജ് പറഞ്ഞു.
-‘അബൂ സഈദ്, താങ്കള്‍ പണ്ഡിതരുടെ നേതാവാണ്.’
ശേഷം ഏറ്റവും വിലപിടിപ്പുള്ള ഒരു സുഗന്ധദ്രവ്യം അദ്ദേഹത്തിന്റെ താടിയില്‍ തേച്ച് കൊടുത്തു യാത്രയാക്കി.
കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട ഹസന്‍ ബസ്വരിയെ പിന്തുടര്‍ന്ന പാറാവുകാരന്‍ ചോദിച്ചു.
-‘അബൂ സഈദ്, ഹജ്ജാജ് താങ്കളെ വിളിച്ചിരുന്നത് ഇതുപോലെ ആദരിക്കാനായിരുന്നില്ല. വാളും വിരിപ്പും കണ്ടപ്പോള്‍ താങ്കള്‍ ചുണ്ടുകളനക്കുന്നതായി ഞാന്‍ കണ്ടു. താങ്കള്‍ എന്തായിരുന്നു പറഞ്ഞിരുന്നത്?
ഹസന്‍ ബസ്വരി പറഞ്ഞു.
-‘ഞാന്‍ പറഞ്ഞു. അനുഗ്രഹങ്ങളുടെ നാഥാ, പ്രതിസന്ധികളിടെ അഭയ കേന്ദ്രമേ, ഇയാളുടെ പ്രതികാരം കുളിരും സമാധാനവുമാക്കേണമേ.. ഇബ്രാഹീമിന് അഗ്നികുണ്ഠം കുളിരും സമാധാനവുമാക്കിയത് പോലെ…. ‘

ഭരണാധികാരികളോടും നേതാക്കളോടുമുള്ള ഹസന്‍ ബസ്വരിയുടെ നിലപാടുകള്‍ ഒട്ടേറെയാണ്. അവയിലെല്ലാം അന്തസ്സോടും, പ്രതാപത്തോടും കൂടി അല്ലാഹുവിന് പ്രിയപ്പെട്ടവനായാണ് അദ്ദേഹം മടങ്ങിയത്.

മഹാനായ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന് ശേഷം ഖിലാഫത്ത് യസീദ് ബിന്‍ അബ്ദില്‍ മലികിലേക്കാണ് നീങ്ങിയത്. അദ്ദേഹം ഇറാഖിന്റെ ചുമതല ഉമര്‍ ബിന്‍ ഹുബൈറ ഫസാറിയെ ഏല്‍പിക്കുകയുണ്ടായി. പിന്നീട് ഖുറാസാന്‍ കൂടി നല്‍കി അദ്ദേഹത്തിന്റെ അധികാരമേഖല വിശാലമാക്കുകയുണ്ടായി.
തന്റെ മുന്‍ഗാമിയുടെ മഹത്തായ പാതയിലല്ലായിരുന്നു യസീദ് ഭരണം നടത്തിയിരുന്നത്. ഉമര്‍ ബിന്‍ ഹുബൈറയുടെ അടുത്തേക്ക് നിരന്തരമായി കത്തെഴുതുകയെന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു പാട് കല്‍പനകള്‍ -അവ സത്യത്തിന് വിരുദ്ധമാണെങ്കില്‍ പോലും- നടപ്പാക്കുന്നതിന് വേണ്ടിയായിരുന്നു അത്.
കാര്യം മനസ്സിലാക്കിയ ഉമര്‍ ബിന്‍ ഹുബൈറ ഹസന്‍ ബസ്വരിയെയും ശഅ്ബിയെയും വിളിച്ച് വരുത്തി പറഞ്ഞു.
-അമീറുല്‍ മുഅ്മിനീന്‍ യസീദിനെ അല്ലാഹു ജനങ്ങള്‍ക്ക് മേല്‍ ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുകയും, അദ്ദേഹത്തിനുള്ള അനുസരണ ജനത്തിന് നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ എന്നെ ആദ്യം ഇറാഖിന്റെ ചുമതലയേല്‍പിച്ചു. പിന്നീട് ഇപ്പോള്‍ പേര്‍ഷ്യയുടെയും. അദ്ദേഹം പല കല്‍പനകളുമായി എനിക്ക് നിരന്തരം കത്തെഴുതുകയാണ്. പക്ഷെ അവ നടപ്പിലാക്കുന്നത് നീതിപൂര്‍വകമല്ല എന്നാണ് എന്റെ അഭിപ്രായം. ഈ വിഷയത്തില്‍ എനിക്ക് എന്തെങ്കിലും പരിഹാരം സമര്‍പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഖലീഫയോട് അനുനയം സ്വീകരിച്ച്, ഹുബൈറയെ മുറിവേല്‍പിക്കാതെയുള്ള ഒരു അഭിപ്രായം ശഅ്ബി നല്‍കി. ഹസന്‍ ബസ്വരി ഇവയെല്ലാം കേട്ട് മറുവശത്ത് ഇരിക്കുകയായിരുന്നു. ഉമര്‍ ബിന്‍ ഹുഹൈറ അദ്ദേഹത്തിന് നേരെ തിരിഞ്ഞു ചോദിച്ചു.
-അബൂ സഈദ്, താങ്കളുടെ അഭിപ്രായമെന്താണ്?
അദ്ദേഹം പറഞ്ഞു.
-‘ഇബ്‌നു ഹുബൈറ, യസീദിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടരുത്. കാരണം യസീദില്‍ നിന്നും അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്. എന്നാല്‍ അല്ലാഹുവില്‍ നിന്ന് യസീദ് താങ്കളെ രക്ഷിക്കുകയില്ല.
ഇബ്‌നു ഹുബൈറ, അല്ലാഹുവിനെ ധിക്കരിക്കാത്ത പരുഷനായ മാലാഖ താങ്കളുടെ അടുത്ത് വരിക തന്നെ ചെയ്യും. താങ്കളെ ഈ കട്ടിലില്‍ നിന്ന് ഇറക്കി, വിശാലമായ കൊട്ടാരത്തില്‍ നിന്നും കുടുസ്സായ ഖബ്‌റിലേക്ക് നീക്കിയേക്കാം. അവിടെ താങ്കള്‍ക്ക് യസീദിനെ കാണാനാവില്ല. മറിച്ച്, യസീദിന്റെ റബ്ബിനെ ധിക്കരിച്ച് താങ്കള്‍ ചെയ്ത കര്‍മങ്ങളേ ഉണ്ടാവൂ.
താങ്കള്‍ അല്ലാഹുവിനെ അനുസരിച്ച് നിലകൊള്ളുന്നുവെങ്കില്‍ യസീദിന്റെ ഉപദ്രവത്തില്‍ നിന്നും ഇഹ-പരലോകങ്ങളില്‍ താങ്കളെ പ്രതിരോധിക്കാന്‍ അത് മാത്രം മതി. അതല്ല, അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍ താങ്കള്‍ യസീദിന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ അല്ലാഹു താങ്കളെ അദ്ദേഹത്തിലേക്ക് ഉപേക്ഷിക്കും.
അല്ലാഹുവിനെ ധിക്കരിച്ച് ഒരു സൃഷ്ടിക്കും അനുസരണമില്ല. അവന്‍ എത്ര തന്നെ അത്യുന്നതനാണെങ്കിലും.

ഇത് കേട്ട് ഉമര്‍ ബിന്‍ ഹുബൈറ പൊട്ടികരഞ്ഞു. താടിയിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ശഅ്ബിയെ മാറ്റി നിര്‍ത്തി ഹസന്‍ ബസ്വരിയുടെ അടുത്തിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ഗവര്‍ണറുടെ അടുത്ത് നിന്ന് ഇറങ്ങിയ ശേഷം ഇരുവരും നേരെ പള്ളിയിലേക്ക് പോയി. ഗവര്‍ണറുമായുള്ള സംഭാഷണത്തിന്റെ വിശേഷമറിയാന്‍ ജനങ്ങള്‍ അവരുടെ കൂടെ കൂടി. ശഅ്ബി അവരോട് പറഞ്ഞു.
-ജനങ്ങളേ, സൃഷ്ടികള്‍ക്ക് മേല്‍ അല്ലാഹുവിന് മുന്‍ഗണന നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യുക. അല്ലാഹുവാണ, ഉമര്‍ ബിന്‍ ഹുബൈറയോട് ഹസന്‍ ബസ്വരി പറഞ്ഞ വാക്കുകള്‍ എനിക്ക് അറിയാത്തതായിരുന്നു. ഇബ്‌നു ഹുബൈറയുടെ പ്രീതി കാംക്ഷിച്ചാണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹമാവട്ടെ അല്ലാഹുവിന്റെ പ്രീതിയും. അപ്പോള്‍ അല്ലാഹു എന്നെ ഇബ്‌നു ഹുബൈറയില്‍ നിന്ന് അകറ്റുകയും അദ്ദേഹത്തെ അടുപ്പിക്കുകയും ചെയ്തു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles