Current Date

Search
Close this search box.
Search
Close this search box.

ഹജ്ജാജിന്റെ സ്വേച്ഛാധിപത്യത്തിന് മുന്നില്‍

സിറിയ, ഇറാഖ് ദേശത്തു കൂടി ഒഴുകുന്ന യൂഫ്രട്ടീസ് നദിക്കപ്പുറം ഖഥ്അം ഗോത്രത്തില്‍ നിന്നുള്ള നിഷ്പക്ഷ നിലപാടുകാരനായിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. മറ്റുള്ളവരോടൊപ്പം അയാളെയും ഹജ്ജാജിന്റെ മുമ്പിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഹജ്ജാജ് ആ വൃദ്ധന്റെ നിലപാടുകള്‍ തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു: ഈ തീജ്വാല ആളിക്കത്തിയപ്പോള്‍ മുതല്‍ അതിലുള്‍പ്പെടാതെ യുദ്ധം കഴിയുന്നതും കാത്ത് ഈ പുഴയ്ക്കപ്പുറം ഞാന്‍ താമസിക്കുന്നുണ്ടായിരുന്നു. താങ്കള്‍ അതിലിടപെട്ട് വിജയം വരിച്ചപ്പോള്‍ അനുസരണ പ്രതിജ്ഞ ചെയ്യാന്‍ വന്നുവെന്നേയുള്ളൂ. അപ്പോള്‍ ഹജ്ജാജ് അയാളോട് പറഞ്ഞു: കാത്തിരിക്കുകയായിരുന്നു പോലും….., അമീറിന്റെ കൂടെനിന്ന് യുദ്ധം ചെയ്യാതെ……… നിനക്ക് നാശം.
നീ കാഫിറാറെന്ന് സമ്മതിക്കുന്നുണ്ടോ? അധിക്ഷേപത്തോടെ ഹജ്ജാജ് ചോദിച്ചു.
വൃദ്ധന്‍: എണ്‍പത് വര്‍ഷം അല്ലാഹുവിനെ ആരാധിച്ചിട്ട് കാഫിറായിരുന്നുവെന്ന് സ്വയം സമ്മതിക്കുന്ന പക്ഷം ഞാന്‍ എത്ര വൃത്തികെട്ടവന്‍?
ഹജ്ജാജ്: കൊന്നുകളയും നിന്നെ.
വൃദ്ധന്‍: കൊല്ലുമെന്നോ…. അല്ലാഹുവാണ, കാലത്ത് ദാഹം തീര്‍ക്കാനുള്ള കഴുതയുടെ വ്യഗ്രതയിലേറെ ആയുസ്സ് എനിക്കില്ല….. വൈകിട്ട് അതിന് ചാകാനുള്ളതാണല്ലോ. കാലത്തും വൈകിട്ടും ഞാന്‍ മരണം കാത്ത് കഴിയുകയാണ്. അതിനാല്‍ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം.
ആരാച്ചാരോട് ഹജ്ജാജ് പറഞ്ഞു: അയാളുടെ കഴുത്ത് വെട്ടൂ. ആരാച്ചാര്‍ വൃദ്ധന്റെ പിരടി വെട്ടിമാറ്റി. ഹജ്ജാജിന്റെ വിഭാഗക്കാരനോ ശത്രുവോ ആയ ഒരാളും ഈ പടുവൃദ്ധന്റെ മഹത്വം അംഗീകരിക്കാതെ, അദ്ദേഹത്തിന് അനുശോചനം അറിയിക്കാതെ, അദ്ദേഹത്തിന് കരുണയ്ക്കായി പ്രാര്‍ത്ഥിക്കാതെ ആ സദസ്സില്‍ ഉണ്ടായില്ല.

പ്രമാണികനും അംഗീകൃതനും അലി(റ)ന് ഒപ്പം സ്വിഫ്ഫീന്‍ യുദ്ധത്തില്‍ പങ്കെടുത്ത താബിഇയ്യുമായ കമീല്‍ ബിന്‍ സിയാദ് നഖഇയ്യെ വിളിച്ചുകൊണ്ട് ഹജ്ജാജ് ചോദിച്ചു: ദൈവനിഷേധം സംഭവിച്ചുവെന്ന് സമ്മതിക്കുന്നുണ്ടോ?
കമീല്‍: അല്ലാഹുവാണ, സമ്മതിക്കുകയില്ല.
ഹജ്ജാജ്: നിന്നെ കൊന്നുകളയും.
കമീല്‍: നിന്റെ തീരുമാനം നടപ്പിലാക്കിക്കൊള്ളൂ. അല്ലാഹുവിന്റെ മുമ്പാകെ നമുക്ക് കണ്ടുമുട്ടേണ്ടി വരും, കൊലയെ സംബന്ധിച്ചുള്ള വിചാരണയുമുണ്ടാകും.
ഹജ്ജാജ്: തെളിവുകള്‍ നിനക്ക് എതിരായിരിക്കും, അനുകൂലമായിരിക്കില്ല.
കമീല്‍: അന്നും നീയാണ് വിധികര്‍ത്താവെങ്കില്‍ മാത്രം!
ഹജ്ജാജ്: അവനെ കൊന്നുകളയൂ. അങ്ങിനെ അദ്ദേഹവും കൊലചെയ്യപ്പെട്ടു.

പിന്നീട് മറ്റൊരാളെ കൊണ്ടുവന്നു. ഹജ്ജാജിന് അയാളെ ഇഷ്ടമില്ലായിരുന്നു, ഹജ്ജാജിനെ കളിയാക്കുന്നവനാണ് അയാളെന്ന് നേരത്തേ അറിഞ്ഞിരുന്നതുകൊണ്ട്, അയാളെ കൊന്ന് നേട്ടമുണ്ടാക്കാന്‍ ഹജ്ജാജ് ആഗ്രഹിച്ചിരുന്നു. ഒട്ടും വൈകാതെ ഹജ്ജാജ് പറഞ്ഞു: എന്റെ മുമ്പിലുള്ളവന്‍, ദൈവനിഷേധം സംഭവിച്ചുവെന്ന് സ്വയം സമ്മതിക്കാന്‍ തയ്യാറല്ലന്നാണ് എനിക്ക് തോന്നുന്നത്. അയാള്‍ പറഞ്ഞു: എന്നെ നാശത്തിലാക്കല്ലേ……. ചതിക്കല്ലേ…… ഭൂവാസികളിലെ ഏറ്റവും വലിയ നിഷേധിയാണ് ഞാന്‍, ഫിര്‍ഔനേക്കാള്‍ വലിയ കാഫിറാണ് ഞാന്‍. അയാളെ കൊല്ലാനുള്ള കലശലായ ദാഹം ഉണ്ടായിരുന്നിട്ടും ഹജ്ജാജ് അയാളെ വെറുതെവിട്ടു.

ദൃഢമാനസരായ ആയിരക്കണക്കിന് വിശ്വാസികള്‍ കൊല്ലപ്പെടുകയും, നിര്‍ബന്ധിതരായി സ്വയം ദൈവനിഷേധം ഏറ്റുപറഞ്ഞ് ആയിരക്കണക്കിനാളുകള്‍ രക്ഷപ്പെട്ടതുമായ ഈ ഭീകര നാശത്തിന്റെ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയപ്പോള്‍ സഈദ് ബിന്‍ ജുബൈര്‍ ഉറപ്പിച്ചു, ഹജ്ജാജിന്റെ മുമ്പിലെത്തിപ്പെട്ടാല്‍ ഈ രണ്ട് വഴിയല്ലാതെ മൂന്നാമതൊന്നില്ല, ഒന്നുകില്‍ തലപോകും അല്ലെങ്കില്‍ സ്വയം കുഫ്ര്‍ സമ്മതിക്കേണ്ടിവരും. രണ്ടും കൈപ്പുള്ളതാണ്. അങ്ങിനെ അദ്ദേഹം ആരും കാണാതെ ഇറാഖ് വിട്ടുപോകാന്‍ തീരുമാനിച്ചു. ഹജ്ജാജിന്റെയും ചാരന്മാരുടെയും കണ്ണില്‍ പെടാതെ അല്ലാഹുവിന്റെ വിശാലമായ ഭൂമിക താണ്ടിക്കടന്ന് അദ്ദേഹം മക്കാ മണ്ണിലെ ഒരു കൊച്ചു ഗ്രാമത്തില്‍ അഭയം പ്രാപിച്ചു. പത്തു വര്‍ഷം അങ്ങിനെ കഴിഞ്ഞുപോയി. ഹജ്ജാജിന്റെ മനസ്സില്‍ കത്തിക്കൊണ്ടിരുന്ന തീ അണയാനും ഉള്ളിലെ പക കെടാനും അത് മതിയെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍ അപ്രതീക്ഷിതമായി ചിലത് സംഭവിച്ചു, അതായത് ബനൂ ഉമയ്യ വംശക്കാരനായ ഖാലിദ് ബിന്‍ അബ്ദില്ല ഖസ്‌രി എന്ന പുതിയ ഒരു ഗവര്‍ണര്‍ മക്കയിലെത്തി. ഇയാളുടെ ദുസ്സഭാവം തിരിച്ചറിയാമായിരുന്ന സഈദ് ബിന്‍ ജുബൈറിന്റെ അനുയായികള്‍ക്ക് ഇയാളുടെ മുമ്പില്‍ പെട്ടുപോയാലുള്ള ദുരന്തമോര്‍ത്ത് പേടിയായി. സഈദിന്റെ അടുക്കലെത്തി ചില അനുയായികള്‍ പറഞ്ഞു: അയാള്‍ മക്കയിലെത്തിയിട്ടുണ്ട്. അല്ലാഹുവാണ, അയാളുടെ മുമ്പില്‍ താങ്കളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാല്‍ ഞങ്ങളുടെ അപേക്ഷ മാനിച്ച് ഈ നാട്ടില്‍ നിന്നും പോയാലും. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കാന്‍ നാണക്കേട് തോന്നുന്നു, ഒരു തവണ ഒളിച്ചോടിയതാണല്ലോ. ഇനി ഇവിടെത്തന്നെ നില്‍ക്കാനാണ് എന്റെ തീരുമാനം. അല്ലാഹു എന്നെ സംബന്ധിച്ച് ഉദ്ദേശിച്ചിട്ടുള്ളത് ചെയ്തുകൊള്ളട്ടെ. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സഈദ് ബിന്‍ ജുബൈര്‍ – 1
സഈദ് ബിന്‍ ജുബൈര്‍ – 2
സഈദ് ബിന്‍ ജുബൈര്‍ – 4

Related Articles