Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിനിലെ അമീര്‍

വിശ്വാസികളുടെ നായകനും അഞ്ചാം ഖലീഫയുമായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, തന്റെ മുന്‍ഗാമിയായ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിനെ ഖബറക്കി കൈയ്യിലെ മണ്ണ് കുടഞ്ഞുകളഞ്ഞ് ആദ്യം ചെയ്തത് പ്രവിശ്യകളിലെ ഗവര്‍ണര്‍മാരുടെ നിയമനം പുനഃപരിശോധിച്ച്, നീക്കേണ്ടവരെ നീക്കുകയും നിയമിക്കേണ്ടവരെ നിയമിക്കലുമായിരുന്നു. ഉത്തരവാദിത്വം കൊടുത്ത് ആദ്യം നിയോഗിച്ചത് സംഹ് ബിന്‍ മാലിക് ഖൗലാനിയെയാണ്. സ്‌പെയിനിന്റെയും ഫ്രാന്‍സില്‍ നിന്നും ജയിച്ചടക്കിയ അതിന്റെ അയല്‍നാടുകളുടെയും ഭരണമാണ് അദ്ദേഹത്തിന് ഏല്‍പ്പിച്ചുകൊടുത്തത്.

പുതിയ ഗവര്‍ണര്‍ സ്‌പെയിനിലെത്തി യാത്രാസാമഗ്രികള്‍ ഇറക്കിവെച്ച്, സത്യത്തിന്റെയും നന്മയുടെയും സഹായികളെ തിരക്കിനടന്നു. ചുറ്റിലുമുള്ളവരോട് അദ്ദേഹം ചോദിച്ചു: താബിഇകളില്‍ ആരെങ്കിലും ഇവിടെ ശേഷിക്കുന്നുണ്ടോ?
അവര്‍ പറഞ്ഞു: അതേ, അമീറേ. ഞങ്ങളുടെ കൂട്ടത്തില്‍ വിഖ്യാതനായ താബിഈ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ലാ ഗാഫിഖി ഉണ്ട്.
അല്ലാഹുവിന്റെ ഗ്രന്ഥത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനത്തെയും അല്ലാഹുവിന്റെ ദൂതരുടെ ഹദീസിലുള്ള ഗ്രാഹ്യതയേയും ജിഹാദി രംഗങ്ങളിലുള്ള വ്യുല്‍പത്തിയേയും രക്തസാക്ഷിത്വം വരിക്കാനുള്ള ഉല്‍ക്കടമായ മോഹത്തേയും ഇഹലോകത്തിന്റെ ചരക്കുകളിലുള്ള വലിയ വിരക്തിയേയും പറ്റി അവര്‍ ഗവര്‍ണറോട് പറഞ്ഞു.

പിന്നെയും അവര്‍ പറഞ്ഞു: അദ്ദേഹം ഉന്നതനായ സഹാബി അബ്ദുല്ലാ ബിന്‍ ഉമര്‍(റ)വിനെയും അദ്ദേഹത്തിന്റെ പിതാവ് ഉമര്‍ ബിന്‍ ഖത്ത്വാബ്(റ)വിനെയും കണ്ടുമുട്ടുകയും അല്ലാഹു ഉദ്ദേശിച്ചിടത്തോളം അവരില്‍ നിന്നും പഠിക്കുകയും അവരെ വേണ്ടുംവണ്ണം അനുധാവനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയെ  ഗവര്‍ണര്‍ സംഹ് ബിന്‍ മാലിക് ഖൗലാനി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അദ്ദേഹം അവിടെ വന്നപ്പോള്‍ സംഹ് അദ്ദേഹത്തെ ആദരപൂര്‍വം സ്വീകരിച്ച് അടുത്തിരുത്തി. പിന്നെ, തന്റെ മനസ്സില്‍ തോന്നിയതെല്ലാം അദ്ദേഹത്തോട് ചോദിച്ചു കൊണ്ടും, ആശയക്കുഴപ്പത്തിലായ പലതിനെയും സംബന്ധിച്ച് കൂടിയാലോചിച്ചും, താനെടുത്ത നിലപാടുകളില്‍ തന്നെ നിലകൊള്ളാനായി അദ്ദേഹത്തെ പുനരാലോചനക്ക് പ്രേരിപ്പിച്ചും ഗവര്‍ണര്‍ പകലില്‍ കുറേ നേരം ഇരുന്നു.
ഏതായാലും അറിഞ്ഞതിനേക്കാളും മേലെയാണ് അദ്ദേഹം. പറയപ്പെട്ടതിനേക്കാളും മഹാനാണ് അദ്ദേഹം. അങ്ങിനെ സ്‌പെയിനിലെ ബൃഹത്തായ ജോലികളില്‍ ഒന്ന് അദ്ദേഹത്തെ ഏല്‍പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി പറഞ്ഞു: അമീറേ, ഞാനൊരു സാധാരണക്കാരനാണ്. മുസ്‌ലികളും ശത്രുക്കളും താമസിക്കുന്ന അതിര്‍ത്തി പ്രദേശത്ത് കഴിയാനാണ് ഞാന്‍ ഇവിടേക്ക് വന്നിട്ടുള്ളത്. അല്ലാഹുവിന്റെ തൃപ്തിക്കായി എന്നെ ഞാന്‍ നേര്‍ച്ചയാക്കിയിരിയ്ക്കുകയാണ്. അല്ലാഹുവിന്റെ നാമം പുകളുറ്റതാക്കാന്‍ ഞാന്‍ വാളെടുത്തിരിക്കുകയാണ്. താങ്കള്‍ സത്യത്തിന്റെ കൂടെ നില്‍ക്കുവോളം ഇന്‍ശാ അല്ലാഹ് ഞാന്‍ താങ്കളുടെ നിഴലായുണ്ടാകും. താങ്കള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവോളം താങ്കളുടെ വിരലനക്കങ്ങള്‍ സമ്പൂര്‍ണമായി ഞാനും അനുസരിക്കും.

അധികം കഴിഞ്ഞില്ല ഫ്രാന്‍സിലേയ്ക്ക് സേനയെ അയച്ച്, വിശാല ഇസ്‌ലാമിക സാമ്രാജ്യത്തിലേയ്ക്ക് അതിനെയും കൂട്ടിച്ചേര്‍ക്കാനും, അതിന്റെ വിശാലമായ ഭൂമികയെ തെക്കന്‍ യൂറോപ്പിലെ ഉപദ്വീപായ ബാല്‍ക്കന്‍ ദേശത്തേക്കുള്ള മാര്‍ഗമാക്കാനും, അങ്ങിനെ ആദരവായ പ്രവാചക പുംഗവര്‍(സ)യുടെ സുപ്രവചനം യാഥാര്‍ത്ഥ്യമാക്കാനായി, ബാല്‍ക്കന്‍ ദേശത്ത്കൂടി അലക്‌സാന്‍ഡ്രിയയിലേയ്ക്ക് വിട്ടുകടക്കാനും സംഹ് ബിന്‍ മാലിക് ഖൗലാനി തീരുമാനിച്ചു. നബി(സ) പറഞ്ഞിരുന്നു: ‘അലക്‌സാന്‍ഡ്രിയ നിങ്ങള്‍ക്ക് കീഴടങ്ങും, അതാണ് ഉത്തമ സൈന്യം, ഉത്തമനായ നേതാവ് അതിന്റെ നേതാവാണ്.’ ഇന്ന് റൊമാനിയ, അല്‍ബേനിയ, യൂഗോസ്ലേവിയ, ബള്‍ഗേറിയ, തുര്‍കി, ഗ്രീസ് എന്നീ രാജ്യങ്ങളാണ് ബാള്‍ക്കണ്‍ മേഖലയില്‍ സ്ഥിതിചെയ്യുന്നത്.

ഈ വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനായിരുന്നു ആദ്യനീക്കം. തെക്കന്‍ ഫ്രാന്‍സില്‍ ലാന്‍ഗോഡൊക് (languedoc) സമതലത്തിന്റെ മധ്യ ഭാഗത്തോടടുത്ത് നാര്‍ബോണ്‍ (narbonne) പട്ടണം ഇതിന് വേണ്ടി കീഴടങ്ങേണ്ടതുണ്ടായിരുന്നു. കാരണം, സ്‌പെയിന്‍ മേഖലയുടെ അടുത്ത് സ്ഥിതിചെയ്തിരുന്ന ഫ്രാന്‍സിലെ വന്‍നഗരങ്ങളില്‍ ഒന്നായിരുന്നു നാര്‍ബോണ്‍. ഫ്രാന്‍സിന്റെയും സ്‌പെയിനിന്റെയും ഇടയിലായി, അറ്റ്‌ലാന്റികിലെ ഗാസ്‌കോനീ കടലിടുക്ക് (gulf of gascony) മുതല്‍ മെഡിറ്ററേനിയനിലെ ലിയുന്‍ കടലിടുക്ക് (gulf of lyon) വരെ 430 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പിരണീസ് (pyrenees) മലനിരകള്‍ക്ക് മുസ്‌ലിംകള്‍ പറയുന്ന പേര് ബരാണിസ് എന്നാണ്. മുസ്‌ലികള്‍ പിരണീസ് മലകള്‍ താണ്ടിക്കടക്കാന്‍ ഒരുങ്ങുമ്പോളെല്ലാം, ഏകച്ഛത്രാധിപതിയായ സമ്രാട്ട് നിലകൊള്ളുന്നത് പോലെ, പിരണീസ് മലകള്‍ അവര്‍ക്ക് മുമ്പില്‍ പ്രതിബന്ധം തീര്‍ത്ത് നിലകൊണ്ടു. അതിനുമപ്പുറം ഫ്രാന്‍സിലേക്കുള്ള താക്കോലും പ്രവേശനവഴിയുമാണ് അവിടം.

സംഹ് ബിന്‍ മാലിക് ഖൗലാനി നാര്‍ബോണ്‍ നഗരം ഉപരോധിച്ചു. ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക അല്ലെങ്കില്‍ ജിസ്‌യ നല്‍കുക എന്ന നിര്‍ദേശം അദ്ദേഹം അവര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചു. അവരുടെ അഭിമാനബോധം ഉണര്‍ന്നു. അവര്‍ അത് നിരസിച്ചു. അതോടെ അദ്ദേഹം തുടര്‍ച്ചയായി അവരെ ആക്രമിയ്ക്കാനും തെറ്റുവില്ലുകള്‍ കൊണ്ട് എറിയാനും തുടങ്ങി. അങ്ങിനെ അത്രയും കാലം യൂറോപ്പ് കണ്ടിട്ടില്ലാത്ത തരം ആവേശോജ്വലമായ നാലാഴ്ചത്തെ പോരാട്ടത്തിലൂടെ അപ്രതിരോധ്യവും പൗരാണികവുമായ ആ പട്ടണം മുസ്‌ലികളുടെ നിയന്ത്രണത്തിലായി. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 2

Related Articles