Current Date

Search
Close this search box.
Search
Close this search box.

സൈനബ് ബിന്‍ത് ജഹ്ശിന്റെ ഇഅ്തികാഫ്

മഹതിയായ സഹാബി വനിതയാണ് സൈനബ് ബിന്‍ത് ജഹ്ശ്. സര്‍വോപരി, വിശ്വാസികളുടെ മാതാവ്. വാരിക്കൂട്ടിയെടുത്തതും വന്നുചേര്‍ന്നതുമായി ഒട്ടനവധി മഹത്വവും ഗുണഗണങ്ങളും അവര്‍ക്ക് സ്വന്തം. സൈനബിന്റെ മാതൃസഹോദരീ പുത്രനാണ് റസൂല്‍(സ). അല്ലാഹുവിന്റെ സിഹം, രക്തസാക്ഷികളുടെ നേതാവ് എന്നൊക്കെ അറിയപ്പെടുന്ന ഹംസ ബിന്‍ അബ്ദില്‍ മുത്വലിബ് സൈനബിന്റെ മാതൃസഹോദരനാണ്. സൈനബിന്റെ സഹോദരനാണ് ഇസ്‌ലാമിലെ ആദ്യപതാകവാഹകനും, ഖലീഫയെ ആദ്യമായി അമീറുല്‍ മുഅ്മിനീന്‍ എന്ന് വിളിക്കുകയും ചെയ്ത ഷഹീദ് അബ്ദുല്ലാഹ് ബിന്‍ ജഹ്ശ്(റ). പ്രവാചക തിരുമേനിയുടെ പിതൃസഹോദരിയായ ഉമൈമ ബിന്‍ത് അബ്ദില്‍ മുത്വലിബാണ് അവരുടെ മാതാവ്.

പ്രവാചക ദൗത്യ നിയോഗത്തിന്റെ മൂന്നു വര്‍ഷം മുന്‍പ് മക്കയിലെ കുലമഹിമയുള്ള, ആഢ്യകുടുംബത്തില്‍ ജനിച്ചു. ഒരിക്കല്‍ സൈനബ് തന്നെ പറഞ്ഞു: ‘അബ്ദുശ്ശംസിന്റെ മക്കളുടെ നായികയാണ് ഞാന്‍’.

ഇസ്‌ലാമിക ദര്‍ശനത്തിന്റെ പൂക്കള്‍ വിരിഞ്ഞ നറുമണം പവിത്ര മക്കാപുരിയില്‍ അടിച്ചുവീശിത്തുടങ്ങുന്ന കാലം. ചിന്താശേഷിയുള്ളവര്‍ തെളിഞ്ഞ മനസ്സോടെ ഈ പ്രബോധനത്തെ പുല്‍കാന്‍ തുടങ്ങിയിട്ടേയുള്ളു, സൈനബ് ബിന്‍ത് ജഹ്ശ് വളരെ വേഗം അല്ലാഹുവില്‍ വിശ്വസിച്ചു. സ്ഫുടമായ ഒരു മനസ്സ് സൈനബിനുണ്ടായിരുന്നു.  നാശഹേതുവും വഴികെട്ടതുമായ അജ്ഞാനകാലത്തിന്റെ പതിവു രീതികളില്‍ നിന്നും വിട്ടൊഴിയാന്‍ അവര്‍ കൊതിച്ചിരിക്കുകയായിരുന്നു. സൈനബ് തന്റെ മനസ്സ് അല്ലാഹുവിലേക്ക് തിരിച്ചു. തികച്ചും നിഷ്‌കളങ്കമായ വിശ്വാസത്തിലൂടെ സ്ത്രീ ജനങ്ങളുടെ നായികമാരില്‍ ഒരാളായി. സൂക്ഷമത, ദൈവഭയം, ഉദാരത, നന്മ എന്നീ ഗുണങ്ങളില്‍ മുമ്പേ നടന്നവരായി.

നബി തിരുമേനിയുടെ വിമോചിത അടിമയായ സൈദ് ബിന്‍ ഹാരിസയുമായുള്ള വിവാഹം, പ്രവാചക നിര്‍ദേശാനുസരണം സൈനബിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടു. അദ്ധേഹം വിമോചിത അടിമയും സൈനബ് ഉന്നത കുലജാതയും പദവി തികഞ്ഞ പ്രൗഢയുമാണ് എന്നതിനാല്‍  സൈദുമായുള്ള വിവാഹത്തിന് സൈനബിന് താത്പര്യമില്ലായിരുന്നു.

‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.’ [സൂറ അല്‍അഹ്‌സാബ്: 36] എന്ന ദൈവിക വചനം അങ്ങിനെയാണ് അവതരിച്ചത്.

അല്ലാഹുവിന്റെയും ദൂതരുടെയും കല്‍പനകള്‍ക്ക് എതിരാകാന്‍ കഴിയാതെ സൈദ് ബിന്‍ ഹാരിസയുമായുള്ള വിവാഹത്തിന് സൈനബ് വഴങ്ങിക്കൊടുത്തു. തഖ്‌വ കൊണ്ടല്ലാതെ മഹത്വം ലഭിക്കില്ല എന്ന തത്വത്തില്‍ സൈനബ് മുറുകെപ്പിടിച്ചു. സൈനബിന്റെയും സൈദിന്റെയും വൈവാഹിക ജീവിതം ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്നു. പിന്നീട് രണ്ടാള്‍ക്കും ഇടയില്‍ അഭിപ്രായ അനൈക്യം വേര് പിടിച്ചു തുടങ്ങിയപ്പോള്‍ സൈദ് അവരെ മൊഴിചൊല്ലി. അങ്ങിനെ വലിയ്യ് (വിവാഹ രക്ഷാധികാരി)യും സാക്ഷിയും ഇല്ലാതെ, അല്ലാഹു സൈനബിനെ തന്റെ ദൂതര്‍ക്ക് കല്യാണം കഴിച്ചു കൊടുത്തു. ഖുര്‍ആന്‍ ആ പ്രമാണം വിശദീകരിക്കുന്നത് കാണുക.
നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ

‘അല്ലാഹുവും നീയും ഔദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം: ”നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക; അല്ലാഹുവെ സൂക്ഷിക്കുക.” അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു. ജനങ്ങളെ പേടിക്കുകയും. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളില്‍ നിന്ന് തന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നുള്ള ആവശ്യം നിറവേററിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാവാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുക തന്നെ ചെയ്യും.’ (സൂറ അല്‍അഹ്‌സാബ്: 37)

അല്ലാഹു സൈനബിനെ വിശ്വാസികളുടെ മാതാക്കളില്‍ ഉള്‍പ്പെടുത്തി, അങ്ങിനെ തിരുനബിയുടെ പരിശുദ്ധ പത്‌നിമാരില്‍ ഒരുവളായി മാറുക വഴി അതിമഹത്തായ സ്ഥാനം അവര്‍ നേടിയെടുത്തു. വിശ്വാസികളുടെ മാതാക്കള്‍ക്കിടയില്‍ സൈനബ് ഇതൊരു മഹിമയായി എടുത്തു പറയാറുണ്ടായിരുന്നു. ‘നിങ്ങളുടെ വിവാഹം നടത്തിയത് നിങ്ങളുടെ കുടുംബക്കാരാണ്. ഏഴാം ആകാശത്തിനും മീതെ നിന്നും അല്ലാഹുവാണ് എന്റെ വിവാഹം നടത്തിയത്.’

റമദാനിന്റെ രാവുകളില്‍ ഇഅ്തികാഫിലായി കഴിഞ്ഞു കൂടുന്നതിന്റെ മഹത്വം തിരുദൂതര്‍ വിവരിക്കുന്നത് പ്രവാചക പത്‌നിമാരും ശ്രവിക്കാറുണ്ടായിരുന്നു. ഹഫ്‌സയും ആഇശയും മസ്ജിദില്‍ ഭജനമിരിക്കാനായി നബിതിരുമേനിയോട് അനുവാദം ചോദിച്ചു. അനുവാദത്തോടെ അവര്‍ രണ്ടാളും ഇഅ്തികാഫിനായി മസ്ജിദില്‍ മറ കെട്ടിയുണ്ടാക്കി. ഇത് കണ്ട സൈനബ്(റ) നബിയുടെ അനുമതി കാക്കാതെ മറകെട്ടി. ചെറിയ മസ്ജിദില്‍ എല്ലാവര്‍ക്കും ഇഅ്തികാഫ് ഇരിക്കാനുള്ള സ്ഥല പരിമിതി മനസ്സിലാക്കിയ നബി(സ) ആ വര്‍ഷം റമദാനില്‍ ഇഅ്തികാഫ് ഇരുന്നില്ല. പകരം ശവ്വാലില്‍ ഇരുന്നതായി തിരുവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സൈനബിന്റെ ദൈവഭക്തിയും സല്‍സ്വഭാവവും പ്രസിദ്ധമായിരുന്നു. ആഇശ(റ) പറയുന്നു: ‘ആരാണ് കേമന്‍ എന്നതില്‍ സൈനബ് ബിന്‍ത് ജഹ്ശ് എന്നോട് മല്‍സരിക്കാറുണ്ടായിരുന്നു. സൈനബിനേക്കാള്‍ മതബോധമുള്ള വനിതയെ ഞാന്‍ കണ്ടിട്ടേയില്ല. അല്ലാഹുവിനെ ഏറ്റവും ഭയക്കുന്നവള്‍, ഏറെ സത്യം പറയുന്നവള്‍, നല്ല നിലയില്‍ കുടുംബ ബന്ധം പുലര്‍ത്തുന്നവള്‍, ഒത്തിരി ധര്‍മം ചെയ്യുന്നവള്‍. അല്ലാഹു അവരില്‍ തൃപ്തിപ്പെടട്ടെ.’

ആഇശ(റ) പറയുന്നു: ‘അല്ലാഹു സൈനബിന് കരുണ ചെയ്യട്ടെ. ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത മഹത്വം അവര്‍ നേടിയെടുത്തു. അല്ലാഹു അവരുടെ വിവാഹം നടത്തിക്കൊടുത്തു. ഖുര്‍ആന്‍ അത് പ്രഖ്യാപിച്ചു. തിരുദൂതര്‍ ഞങ്ങളോട് പറഞ്ഞു: നിങ്ങളില്‍ ആദ്യം എന്നോട് ചേരുന്നത് കൈ നീളം കൂടിയവളാണ്. അങ്ങിനെ അവിടുന്നിന്റെ വിയോഗത്തിനു ശേഷം ഏറ്റവും വേഗത്തില്‍ സൈനബ് തിരുദൂതരോട് ചേരുന്നതാണെന്ന് സന്തോഷ വാര്‍ത്ത അറിയിച്ചു. തിരുനബിയുടെ സ്വര്‍ഗത്തിലെ ഇണയാണവര്‍.’

ആഇശ(റ) പറയുന്നു: ‘നബി(സ) പത്‌നിമാരോട് പറഞ്ഞു: നിങ്ങളുടെ കൂട്ടത്തില്‍ കൈ നീളം കൂടിയ വ്യക്തി മരണത്തില്‍ എന്നെ തുടരും’ അതിനു ശേഷം ഞങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ ചുവരില്‍ കൈ അളന്ന് നോക്കാറുണ്ടായിരുന്നു. സൈനബ് ദിവംഗദയാകുന്നത് വരെ ഞങ്ങള്‍ അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. സൈനബ് കുറിയവളായിരുന്നു. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ ഉയരം കുറഞ്ഞവളായിരുന്നു. ദാനധര്‍മത്തെയാണ് നബിതിരുമേനി ഉദ്ദേശിച്ചതെന്ന് അങ്ങിനെയാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്.’

സൈനബ് കൈവേല ചെയ്യും, തോല്‍ ഊറക്കിടും, വസ്ത്രത്തില്‍ അലങ്കാര പ്രവൃത്തികളെടുക്കും, കിട്ടുന്ന വരുമാനം ദൈവിക മാര്‍ഗത്തില്‍ വിതരണം ചെയ്യും.
സിയറു അഅ്‌ലാമി ന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ ഇമാം ദഹബി പ്രഖ്യാപിക്കുന്നു: നബി തിരുമേനി(സ) സൈനബിനെ വിവാഹം ചെയ്തത് ഹിജ്‌റ 5 ദുല്‍ഖഅദയിലായിരുന്നു. 25 വയസ്സാണ് അന്ന് സൈനബിനുണ്ടായിരുന്നത്. അവര്‍ സച്ചരിതയും, ധാരാളം നോമ്പെടുക്കുന്നവളും, അധികമായി നിസ്‌കരിക്കുന്നവളും സല്‍ഗുണ സമ്പന്നയുമായിരുന്നു. അഗതികളുടെ ഉമ്മ എന്ന് അവര്‍ വിളിക്കപ്പെട്ടിരുന്നു.

ബര്‍സ ബിന്‍ത് റാഫിഅ് പറയുന്നു: ‘ഖജനാവില്‍ നിന്നും സൈനബിനുള്ള വിഹിതം ഉമര്‍(റ) അയച്ചു കൊടുത്തു. അപ്പോള്‍ സൈനബ് പറഞ്ഞു: അല്ലാഹു ഉമറിന് പൊറുത്തു കൊടുക്കട്ടെ. ഈ ഓഹരിക്ക് എന്നേക്കാള്‍ അര്‍ഹതയുള്ളവരുണ്ട്. അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു ഇതെല്ലാം താങ്കള്‍ക്കുള്ളതാണ്. സുബ്ഹാനല്ലാഹ് എന്ന് ആശ്ചര്യം പ്രകടിപ്പിച്ച സൈനബ്,  അത് ഒരു തുണി കൊണ്ട് മൂടിയിട്ടു. ശേഷം അതിനെ രക്തബന്ധുക്കള്‍ക്കും അനാഥകള്‍ക്കുമായി വീതംവെച്ചു തുടങ്ങി. ബാക്കി ഉണ്ടായിരുന്നത് എനിക്ക് നല്‍കി അത് 85 ദിര്‍ഹം ഉണ്ടായിരുന്നു. എല്ലാം വിതരണം ചെയ്ത് കഴിഞ്ഞപ്പോള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി പറഞ്ഞു: അല്ലാഹുവേ, വരും വര്‍ഷം ഉമറിന്റെ സംഭാവന എനിക്ക് ലഭ്യമാക്കല്ലേ!

ഹിജ്‌റ 20ല്‍ സൈനബ് ബിന്‍ത് ജഹ്ശ്(റ) മരണപ്പെട്ടു. മരണ സമയം ആയപ്പോള്‍ ആ പുണ്യവതി പറഞ്ഞു: എന്റെ കഫന്‍ പുടവ ഞാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഉമര്‍ ചിലപ്പോള്‍ കഫന്‍ പുടവ കൊടുത്തയച്ചേക്കാം. അങ്ങിനെ എങ്കില്‍ രണ്ടിലൊന്ന് ധര്‍മം ചെയ്‌തേക്കൂ. എന്റേത് ധര്‍മം ചെയ്യാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ചെയ്യണം.
വിശ്വാസികളുടെ മാതാവായ സൈനബ് ബിന്‍ത് ജഹ്ശില്‍ അല്ലാഹു തൃപ്തനാകട്ടെ.

Related Articles