Current Date

Search
Close this search box.
Search
Close this search box.

സാലിം ബിന്‍ അബ്ദുല്ല ബിന്‍ ഉമര്‍

ഹസ്‌റത്ത് ഉമര്‍(റ)വിന്റെ പേരക്കുട്ടിയായ സാലിം സ്വഭാവത്തിലും പെരുമാറ്റത്തിലും മതനിഷ്ഠയിലും, എന്തിനേറെ, ശരീരഘടനയില്‍ പോലും വല്യുപ്പയോട് സദൃശനായിരുന്നു.  മദീനയുടെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യം നിറഞ്ഞ ഘട്ടത്തില്‍, സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു സാലിമിന്റെ ജനനം. പക്ഷെ മറ്റുള്ളവരെപ്പോലെ ഭൗതിക സുഖത്തില്‍ മുഖം പൂഴ്ത്താന്‍ അദ്ദേഹം തുനിഞ്ഞില്ല.ജീവിതം ആഘോഷമാക്കാതെ, ദൈവപ്രീതി കാംക്ഷിച്ച തികഞ്ഞ ഭക്തനും ഭൗതിക വിരക്തനുമായിരുന്നു സാലിം.  ഉമവീ ഖലീഫമാര്‍ അദ്ദേഹത്തെ സമ്പന്നതയിലേക്ക് മാടിവിളിച്ചെങ്കിലും വിനയപൂര്‍വ്വം സാലിം അത് നിരസിക്കുകയായിരുന്നു.

ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ഹജ്ജിനായി മക്കയില്‍ വന്ന സന്ദര്‍ഭത്തില്‍ സാലിം പ്രാര്‍ത്ഥനയില്‍ മുഴുകിയതായി ശ്രദ്ധയില്‍പ്പെട്ടു. കരഞ്ഞുകലങ്ങിയ കണ്ണുമായി ആരാധനയിലേര്‍പ്പെട്ട അദ്ദേഹത്തിനടുത്ത് സുലൈമാന്‍ വന്നിരുന്നു, ഞാനെന്താവശ്യമാണ് താങ്കള്‍ക്ക് നിവര്‍ത്തിച്ചു തരേണ്ടത് എന്ന് രണ്ടു മൂന്നുവട്ടം ചോദിച്ചെങ്കിലും സാലിം അത് ശ്രദ്ധിച്ചതേയില്ല. നമസ്‌ക്കാരത്തില്‍ നിന്ന് വിരമിച്ചെഴുന്നേറ്റ സാലിമിന് ചുറ്റും ജനങ്ങള്‍ സംശയനിവാരണത്തിനും മറ്റുമായി തടിച്ചുകൂടി. ഈ കൂട്ടത്തിലേക്ക് ഖലീഫ സുലൈമാന്‍ കടന്നു വന്നപ്പോള്‍ ജനങ്ങള്‍ വഴിമാറിക്കൊടുത്തു. ഖലീഫ തന്റെ ചോദ്യം സാലിമിനോട് ആവര്‍ത്തിച്ചു. അപ്പോള്‍ സാലിം പറഞ്ഞു. എന്റെ പരലോക ആവശ്യം താങ്കള്‍ക്ക് ഏതായാലും നിവര്‍ത്തിച്ചുതരാന്‍ കഴിയില്ല. പിന്നെ ഈ ദുനിയാവിലെക്കാര്യം. ഞാന്‍ സമ്പത്തുള്ളവരോട് വരെ ചോദിക്കാറില്ല. പിന്നെയല്ലെ സമ്പത്തില്ലാത്ത താങ്കളോട്. ഇതു കേട്ട് ഇളിഭ്യനായ ഖലീഫ പറഞ്ഞു. ‘ഖത്താബിന്റെ കുടുംബം ഭൗതിക വിരക്തിയിലും ഭക്തിയിലും എത്ര ഉന്നതര്‍’.

മറ്റൊരിക്കല്‍ ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലിക് ഹജ്ജ് വേളയില്‍ സാലിമിനെ കാണാനിടയായി. സാലിമിന്റെ ദൃഢവും ആരോഗ്യമുള്ള ശരീരം കണ്ട ഖലീഫ ചോദിച്ചു. ‘ശരീരം ഇത്ര ദൃഢമാവാന്‍ താങ്കളെന്താണ് കഴിക്കാറ്’. റൊട്ടിയും നെയ്യുമാണെന്ന ഉത്തരം കേട്ട ഖലീഫ, അതെങ്ങനെ താങ്കള്‍ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചു. അപ്പോള്‍ സാലിം പറഞ്ഞു. ‘വിശക്കുമ്പോള്‍ മാത്രം കഴിക്കുന്നതിനാല്‍ അതെനിക്ക് ഭയങ്കര ഇഷ്ടമാണ’്.

ഭൗതിക വിരക്തിയിലെന്ന പോലെ സത്യം തുറന്നുപറയുന്നതിലും സാലിം തന്റെ വല്യുപ്പയെപ്പോലെയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് മുസലിംകളുടെ ഒരാവശ്യവുമായി ബന്ധപ്പെട്ട് ഹജ്ജാജിന്റെയടുക്കല്‍ പോകേണ്ടി വന്നു. അപ്പോള്‍ ബന്ധനസ്ഥരായ ചില തടവുകാരെ അങ്ങോട്ട് കൊണ്ടുവന്നു. അവര്‍ കുഴപ്പക്കാരാണെന്നും, അതിലൊരാളെച്ചൂണ്ടി  അയാളുടെ തല വെട്ടണമെന്നും പറഞ്ഞ്  ഹജ്ജാജ് ഒരു വാള്‍ സാലിമിന് കൈമാറി. മരണം മുന്നില്‍ക്കണ്ടു നില്ക്കുന്ന അയാളെ വധിക്കും മുമ്പ് സാലിം ചോദിച്ചു. ‘താങ്കള്‍ മുസലിമാണോ?, ഇന്ന് സുബ്ഹി നമസ്‌ക്കരിച്ചിട്ടുണ്ടോ’.അതെയെന്ന മറുപടി കേട്ടതും സാലിം, വാള്‍ ഹജ്ജാജിന്റെ മുമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടു പറഞ്ഞു. ‘സുബഹി നമസ്‌ക്കരിച്ചവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണെന്ന’് നബി(സ) പറഞ്ഞിട്ടുണ്ട്. ‘ദൈവസംരക്ഷണത്തിലുള്ളയാളെ ഞാനെങ്ങനെ വധിക്കും’. ഇതുകേട്ട് കോപാകുലനായ ഹജ്ജാജ് പറഞ്ഞു. ‘സുബ്ഹി നമസ്‌ക്കരിക്കാത്തതിന്റെ പേരിലല്ല, ഖലീഫ ഉസ്മാന്റെ വധത്തില്‍ സഹായിച്ചതിനാണ് ഇക്കൂട്ടരെ വധിക്കാന്‍ പറഞ്ഞത’്. അപ്പോള്‍ സാലിം പറഞ്ഞു. ‘ഉസ്മാന്‍(റ) വിന്റെ വധത്തിന് പ്രതികാരം ചെയ്യാന്‍ എന്നെക്കാളും താങ്കളെക്കാളും അര്‍ഹരായവരുണ്ട്. അവരത് ചെയ്‌തോളും’. ഈ സംഭവം നേരില്‍ക്കണ്ട ഒരാള്‍ ഈ വാര്‍ത്ത മദീനയിലുള്ള സാലിമിന്റെ പിതാവ് അബ്ദില്ലാഹ് ബിന്‍ ഉമറിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ബുദ്ധിമാന്‍. അവന്‍ ചെയ്തതാണ് ശരി’.

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഖലീഫയായി സ്ഥാനമേറ്റ സന്ദര്‍ഭത്തില്‍ സാലിമിന് എഴുതി. ‘എന്നോട് ആലോചിക്കുക പോലും ചെയ്യാതെ മുസ്‌ലിംകള്‍ എന്നെ ഖലീഫ സ്ഥാനത്തിരുത്തിയിരിക്കുന്നു. ആയതിനാല്‍ എന്റെ ഈ കത്ത് ലഭിച്ചയുടന്‍ താങ്കളുടെ വല്യുപ്പ ഉമര്‍(റ) വിന്റെ ജീവചരിത്രവും ഭരണരീതിയും വിശദീകരിച്ചു കൊണ്ടൊരു കത്തെഴുതുക. അദ്ദേഹത്തിന്റെ പാത എനിക്ക് ഭരണത്തില്‍ പിന്‍പറ്റാമല്ലോ’. കത്ത് കിട്ടിയ ഉടന്‍ സാലിം മറുപടി അയച്ചു. ‘താങ്കളുടെയും ഉമറിന്റെയും കാലഘട്ടം വ്യത്യസ്തമാണ്. താങ്കളുടെ സഹപ്രവര്‍ത്തകരും ഉമറിന്റെ സഹപ്രവര്‍ത്തകരും വ്യത്യസ്തരാണ്. അതിനാല്‍, ഉദ്ദേശശുദ്ധിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ദൈവസഹായത്താല്‍ മികച്ച സഹപ്രവര്‍ത്തകരെ നല്‍കി അവന്‍ നിങ്ങളെ സഹായിക്കും. ഏതെങ്കിലും കാരണത്താല്‍ ദൈവപ്രീതിക്ക് നിരക്കാത്ത കാര്യം താങ്കളെ ആകര്‍ഷിച്ചാല്‍, താങ്കള്‍ക്ക് മുമ്പുണ്ടായിരുന്ന ഭരണാധികാരികള്‍ എവ്വിധമാണ് ഭൗതിക നേട്ടങ്ങളില്‍ മതിമറന്ന് ജീവിച്ചതെന്നും പിന്നീട് ദുര്‍ഗന്ധം വമിക്കുന്ന ശവങ്ങള്‍ക്ക് സമമായിത്തീര്‍ന്നതെന്നും ആലോചിക്കുക. ദൈവം അനുഗ്രഹിക്കട്ടെ’.

എല്ലാ വിധ ഭൗതികാനുഗ്രഹങ്ങളുണ്ടായിട്ടും, ദൈവപ്രീതി ആഗ്രഹിച്ച് ലളിതജീവിതം നയിച്ച സാലിം, ഹിജ്‌റ അറുപതില്‍ അന്തരിക്കുമ്പോള്‍ മദീന അക്ഷരാര്‍ത്ഥത്തില്‍ തേങ്ങുകയായിരുന്നു. എങ്ങും ദുഖം തളം കെട്ടിയ കണ്ണുകളും മനസ്സകളും. മയ്യിത്ത് നമസ്‌ക്കാരത്തിനെത്തിയ ജനപ്രവാഹം കണ്ട് ഖലീഫ ഹിഷാം ബിന്‍ അബ്ദുല്‍ മലിക്ക്, ‘ഒരു ഖലീഫ മരിച്ചാല്‍ ഇത്രയും ആളുകള്‍ മയ്യിത്ത് നമസ്‌ക്കരിക്കാന്‍ ഉണ്ടാവുമോ’ എന്ന് പറഞ്ഞു പോയത്രെ.

വിവ : ഇസ്മഈല്‍ അഫാഫ്

Related Articles